Translate

Sunday, January 15, 2012

വത്തിക്കാനും അംബ്രോസിയാനോ ബാങ്കും - ചാക്കോ കളരിക്കല്‍


“I do not undervalue for a moment our material prosperity... but we must keep steadily in mind that no people were ever benefited by riches if their prosperity corrupted their virtue.”

- Theodore Roosevelt

ലോകമെമ്പാടുമുള്ള കത്തോലിക്കാ രൂപതകളിലെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമാണ്. വിശ്വാസികളുടെ മുമ്പില്‍ കണക്കുവയ്ക്കുന്ന ഒരു പാരമ്പര്യമോ സമ്പ്രദായമോ കത്തോലിക്കാ സഭയിലില്ല. രൂപതാതലസ്ഥാനത്തെത്തുന്ന സമ്പത്ത് രൂപതാധികാരികള്‍ എങ്ങനെ എന്തിനുവേണ്ടി വിനിയോഗിക്കുന്നു എന്ന് ഒരു സാധാരണ വിശ്വാസിക്ക് അറിയാന്‍ പാടില്ല. അക്കാരണത്താല്‍ സഭയുടെ സാമ്പത്തിക കാര്യങ്ങളെ വിശ്വാസികള്‍ എന്നും സംശയത്തോടെ വീക്ഷിക്കുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെ വത്തിക്കാനില്‍ നടന്ന ലജ്ജാവഹമായ സാമ്പത്തികക്കുഴച്ചിലും അതിന്റെ പരിണതഫലമായുണ്ടായ ധാര്‍മികാധഃപതനവും സാമ്പത്തിക പരാജയവും ഇവിടെ കുറിക്കട്ടെ.

സംഭവസ്ഥലം ഇറ്റലി, സംഭവവേദി വത്തിക്കാന്‍

1969-മുതല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് വത്തിക്കാന്റെ ധനനിക്ഷേപത്തില്‍നിന്നു ലഭിക്കുന്ന ലാഭവിഹിതത്തിന് പതിനഞ്ചു ശതമാനം നികുതി ഈടാക്കിത്തുടങ്ങി. ഇറ്റാലിയന്‍ ഗവണ്‍മെന്റ് യഥാര്‍ത്ഥത്തില്‍ 1929-ലെ കൊണ്‍കൊര്‍ദാത്ത് (Concordat) അസാധുവാക്കുകയാണ് ഇക്കാര്യത്തില്‍ ചെയ്തത്. പോള്‍ ആറാമന്‍ മാര്‍പാപ്പാ മാഫിയ ലീഡറായ മൈക്കിള്‍ സിന്‍ഡോനയിലേക്ക് (Michael Sindona) സഹായത്തിനായി തിരിഞ്ഞു. മാര്‍പാപ്പാ മിലാനിലായിരുന്ന കാലത്ത് സിന്‍ഡോനയെ പരിചയപ്പെട്ടിട്ടുള്ളതാണ്. സിന്‍ഡോന റോമന്‍ കാര്യാലയത്തിന്റെ പ്രധാന ബാങ്കര്‍ ആകാമെന്ന് മാര്‍പാപ്പായ്ക്ക് സമ്മതംമൂളി. 1922 ജനുവരി 22-ാം തീയതി ചിക്കാഗോയില്‍ ജനിച്ച് 1947-ല്‍ പട്ടമേറ്റ ആറടി നാലിഞ്ചു പൊക്കവും 120 കിലോ തൂക്കവുമുള്ള ആജാനുബാഹുവായ ഫാദര്‍ പോള്‍ മര്‍സിങ്കസ് (Fr. Paul Marcinkus) സിന്‍ഡോനയുടെ സഹായിയായി പ്രവര്‍ത്തിച്ചു. വത്തിക്കാനില്‍ മര്‍സിങ്കസ് 'ദ ഗോറില്ല' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫാദര്‍ മര്‍സിങ്കസ് പിന്നീട് വത്തിക്കാന്‍ ബാങ്കിന്റെ (Institute of Religious Works) തലവനായി. (ബാങ്കിന്റെ പേര് വളരെ ശ്രദ്ധേയമാണ്). ''നന്മനിറഞ്ഞ മറിയത്തില്‍ പള്ളിയെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കയില്ല'' എന്ന ചൊല്ലായിരുന്നു ഫാദര്‍ മര്‍സിങ്കസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പഴമൊഴി. മര്‍സിങ്കസ് ഒരിക്കല്‍ മിലാനില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പായെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചയാളെ തട്ടിവീഴ്ത്തി. മര്‍സിങ്കസിന്റെ കരബലംകൊണ്ട് മാര്‍പാപ്പാ അങ്ങനെ രക്ഷപ്പെട്ടു. 1970-ലാണ് ഈ സംഭവം. ഈ പുതിയ വത്തിക്കാന്‍ സംരക്ഷകനെ വത്തിക്കാന്‍ ബാങ്കിന്റെ ഉന്നതപദവി നല്കി മാര്‍പാപ്പാ ബഹുമാനിച്ചു.

സിന്‍ഡോനയ്ക്ക് മയക്കുമരുന്നു കച്ചവടവുമായി ബന്ധമുണ്ടായിരുന്നു. വത്തിക്കാനുമായുള്ള സാമ്പത്തിക സഹപ്രവര്‍ത്തനം തന്റെ മയക്കുമരുന്നു കച്ചവടത്തിന് വമ്പിച്ച തുകകള്‍ മറിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം കരുതി.

സഭ പലപ്രാവശ്യം നിന്ദിച്ചിട്ടുള്ള രഹസ്യസംഘടനയായ ഫ്രീ മെയ്‌സന്‍സിലെ (Free Masons) അംഗമായിരുന്നു സിന്‍ഡോന. 1918-ലെ കാനോന്‍ നിയമപ്രകാരം (കാനോന്‍ 2335) അദ്ദേഹം മഹറോന്‍ ശിക്ഷയില്‍ പെട്ടിട്ടുള്ള ആളാണ്. 1983-ലെ പുതുക്കിയ കാനോന്‍ നിയമത്തിലും (കാനോന്‍ 1374) ഈ നിയമം ആവര്‍ത്തിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍നിന്ന് അവരെ മുടക്കിയിട്ടുണ്ട്. അങ്ങനെ നല്ല കത്തോലിക്കനല്ലാത്ത സിന്‍ഡോനയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ തീരുമാനിച്ചു. കാരണം സമ്പത്തു വര്‍ധിപ്പിക്കാന്‍ അത്തരക്കാര്‍ക്ക് വളരെ കഴിവുണ്ടെന്ന് വത്തിക്കാനറിയാം. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുമെന്ന സിദ്ധാന്തം വത്തിക്കാന്‍ ഇതിനുമുമ്പും സ്വീകരിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങളും ഇന്‍ക്വിസിഷനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണല്ലോ.

വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിയായി വന്ന വേറൊരു വ്യക്തിയാണ് ലിച്ചിഒ ജെള്ളി (Licio Gelli). പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി സമ്പത്തു ശേഖരിച്ച ഒരു വ്യക്തിയായിരുന്നു ലിച്ചിഒ. സിന്‍ഡോനയെപ്പോലെ ലിച്ചിഒയും മെയ്‌സന്‍ സംഘടനയിലെ ഒരംഗമായിരുന്നു. പള്ളിനിയമത്തെ അവഗണിച്ചുകൊണ്ട് ഫാദര്‍ മര്‍സിങ്കസും മെയ്‌സന്‍ സംഘടനയിലെ അംഗമായി.

വത്തിക്കാന്റെ പ്രധാന ബാങ്കര്‍ എന്ന നിലയില്‍ ഫാദര്‍ മര്‍സിങ്കസ് വത്തിക്കാനുണ്ടായിരുന്ന ഇറ്റാലിയന്‍ കമ്പനികളുടെ ഓഹരികള്‍ സിന്‍ഡോനയ്ക്ക് വിറ്റു തുടങ്ങി. ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഈടാക്കുന്ന നികുതി ഒഴിവാക്കാനായിരുന്നു ഈ വില്പന. സിന്‍ഡോനയ്ക്ക് മാഫിയാ കുറ്റകൃത്യങ്ങള്‍കൊണ്ടും മയക്കുമരുന്നു കച്ചവടംകൊണ്ടും ഉണ്ടായ പണമാണ് ഈ ക്രയവിക്രയത്തിന് അദ്ദേഹം ഉപയോഗിച്ചത്. അങ്ങനെ വത്തിക്കാന്‍ ഇറ്റാലിയന്‍ കമ്പനികളില്‍നിന്ന് ഓഹരി മാറ്റി വമ്പിച്ച അമേരിക്കന്‍ കമ്പനികളില്‍ നിക്ഷേപിച്ചു. അതല്ലായിരുന്നെങ്കില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന് ലക്ഷക്കണക്കിന് ഡോളര്‍ നികുതിയായി കൊടുക്കേണ്ടിവരുമായിരുന്നു.

ഈ സാമ്പത്തിക കര്‍മപരിപാടിക്ക് ഫ്രീ മെയ്‌സനും ബാങ്കറുമായ റൊബേര്‍ട്ടൊ കാല്‍വിയുടെ (Roberto Calvi) സഹായം ആവശ്യമായിരുന്നു. അദ്ദേഹം ബാങ്കോ അംബ്രോസിയാനോയുടെ (Banco Ambrisiano) പ്രസിഡന്റായിരുന്നു. അങ്ങനെ ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ സഭയ്ക്ക് സാമ്പത്തികമായി ഗുണകരമായ ഈ മഹാകാര്യം ത്രിനായകത്വത്തില്‍ മുന്നേറി. യു.എസ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റിസ് (U.S. Department of Justice) ഈ ത്രിനായകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു.

ഈ ത്രിനായകന്മാര്‍ റോമന്‍ കാര്യാലയത്തിലെ യുജിന്‍ കാര്‍ഡിനല്‍ തിസ്സറാങ്ങിന്റെ (Eugine Cardinal Tisserant) സഹായത്തോടെ കള്ള സര്‍ട്ടിഫിക്കറ്റുകള്‍ (Counterfeit Securities) വിദേശകമ്പനികള്‍ക്ക് വിറ്റ് പണം സമ്പാദിക്കാന്‍ തുടങ്ങി. പള്ളിക്ക് പണമുണ്ടാക്കുന്ന പണിയായതിനാല്‍ വത്തിക്കാനിലെ നേതാക്കന്മാര്‍ കണ്ണടച്ചു. അമേരിക്കന്‍ ഗവണ്‍മെന്റ് വത്തിക്കാന്റെ പണമിടപാടിലെ വെട്ടിപ്പ് മനസ്സിലാക്കി, അന്വേഷണം ഊര്‍ജിതമാക്കി. ഫാദര്‍ മര്‍സിങ്കസിനും മറ്റു സഹകാരികള്‍ക്കുമെതിരായി കുറ്റപത്രം തയ്യാറാക്കാന്‍ ആരംഭിച്ചു. പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ (Richard Nixon) വത്തിക്കാന്‍ സ്വാധീനിച്ച് ആ നീക്കത്തിന് വിരാമമിട്ടു. നിക്‌സന് അമേരിക്കന്‍ കത്തോലിക്കരുടെ വോട്ടുകളായിരുന്നു പ്രധാനമായിരുന്നത്. അമേരിക്കന്‍ അന്വേഷണകാലത്ത് പലരും അന്വേഷണാധികൃതരോട് സഹകരിച്ചു. അവരില്‍ ചിലരെയൊക്കെ മാഫിയ വധിക്കുകയുണ്ടായി. അങ്ങനെ വധിക്കപ്പെട്ടവരിലൊരു പ്രമുഖനാണ് ളൂയിസ് മിലൊ (Louis Milo)

1978-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ അന്തരിച്ചു. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയായി. വത്തിക്കാനിലെ സാമ്പത്തികകാര്യങ്ങളിലുള്ള ധാര്‍മികത പുനഃസ്ഥാപിക്കണമെന്ന് പുതിയ പാപ്പാ തീരുമാനിച്ചു. ഫാദര്‍ മര്‍സിങ്കസിനെ പുതിയ മാര്‍പാപ്പാ വിശ്വസിച്ചിരുന്നില്ല. പുത്തന്‍ പൊന്റിഫ് വത്തിക്കാന്‍ പണമിടപാടിനെ സംബന്ധിച്ച് ഒരു പരിപൂര്‍ണ അന്വേഷണത്തിന് ഉത്തരവിട്ടു. മര്‍സിങ്കസിനും കൂട്ടുകാര്‍ക്കും അതൊരു തലവേദനയായി. ഇതിനിടെ ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഇതുസംബന്ധമായി കുറ്റാന്വേഷണം നടത്തിക്കൊണ്ടിരുന്നു. അന്വേഷണ ജഡ്ജിമാരിലൊരാളായ എമിലിയോ അലെസ്സാന്‍ഡ്രിനിയെ Judge Emilio Alessandrini) മാഫിയ കൊലപ്പെടുത്തി. ഇറ്റലിയിലെ ദിനപത്രങ്ങള്‍ അംബ്രോസിയാനോ ബാങ്കിന്റെ അപകീര്‍ത്തിപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതിത്തുടങ്ങി. അക്കൂട്ടത്തില്‍ വത്തിക്കാനിലെ ക്ലെറിക്കുകളില്‍ ആരെല്ലാം വിലക്കപ്പെട്ട മെയ്‌സന്‍ സംഘടനയിലെ അംഗങ്ങളാണെന്ന് മിനൊ പെക്കൊറേലി (Mino Pecorelli) പരസ്യപ്പെടുത്തി.

ല ഒസ്സര്‍വത്തോറെ പൊളിത്തിക്കൊയുടെ (L’ Osservatore Politico) എഡിറ്റര്‍, ഫാദര്‍ മര്‍സിങ്കസ് കൂടാതെ അന്നത്തെ വത്തിക്കാന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് (Secretary of State) ആയിരുന്ന കര്‍ദ്ദിനാള്‍ ജീന്‍ വില്ലോട്ട് (Cardinal Jean Villot) എന്നിവര്‍ മെയ്‌സന്‍ ലിസ്റ്റിലുണ്ടെന്ന് വെളിപ്പെടുത്തി. പൊടുന്നനെ ദുരൂഹസാഹചര്യത്തില്‍ മിനൊ കൊല്ലപ്പെട്ടു. ഫാദര്‍ മര്‍സിങ്കസിനെയും കര്‍ദ്ദിനാള്‍ വില്ലോട്ടിനെയും അവരുടെ ഔദ്യോഗികസ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പാ ദുരൂഹസാഹചര്യത്തില്‍ പെട്ടെന്ന് നിര്യാതനായി. മാര്‍പാപ്പാ സംശയാസ്പദമായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം മൃതദേഹപരിശോധനയ്ക്ക് വിധേയമാക്കിയില്ല. 'മാര്‍പാപ്പാ കൊല്ലപ്പെട്ടു' എന്നെല്ലാം മാധ്യമങ്ങളില്‍ വന്നെങ്കിലും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല.

വത്തിക്കാന്റെ സാമ്പത്തിക ക്രമക്കേട് അതിന്റെ ഉച്ചകോടിയിലെത്തിയിരുന്ന ഈ അവസരത്തിലാണ് പോളണ്ടുകാരന്‍ ജോണ്‍ പോള്‍ രണ്ടാമനെ മാര്‍പാപ്പയായി തെരഞ്ഞെടുത്തത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വത്തിക്കാന്റെ ഈ സാമ്പത്തിക ഇടപാടുകള്‍ 'സാധാരണ ഒരു കച്ച വടം' എന്നമട്ടില്‍ കണ്ട് കാര്യമായ നടപടികളൊന്നും കൈക്കൊണ്ടില്ല.

മര്‍സിങ്കസും കാല്‍വിയും കൂടി എട്ട് വ്യാജനിര്‍മിത കോര്‍പ്പറേഷനുകള്‍ (Dummy Corporations) സ്ഥാപിച്ചു. ഈ വ്യാജകമ്പനികളുടെ നിയന്ത്രണം വത്തിക്കാനായിരുന്നു. കാല്‍വി വമ്പിച്ച തുകകള്‍ (130 കോടി ഡോളര്‍) ഈ വ്യാജകമ്പനികളിലേക്ക് അംബ്രോസിയാനൊ ബാങ്കില്‍നിന്ന് നീക്കം ചെയ്തു. ഈ കൈമാറ്റത്തിന്റെ പ്രമാണരേഖകള്‍ ഇന്നുവരെയും കണ്ടുകിട്ടിയിട്ടില്ല. ഈ കള്ളത്തരത്തിന് ബഹുമാനം ചാര്‍ത്താന്‍ വത്തിക്കാന്‍ ബാങ്കുവഴിയാണ് തുക നീക്കം ചെയ്തത്. കാല്‍വിയെ ഒഴിവാക്കാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് വത്തിക്കാന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തി. എങ്കിലും മാര്‍പാപ്പാ അതിനു വഴങ്ങിയില്ല.

എട്ട് വ്യാജ കമ്പനികളും വത്തിക്കാന്റെ ഉടമസ്ഥതയിലാണെന്നു കാണിച്ച് വത്തിക്കാന്‍ ബാങ്കിന്റെ ഔദ്യോഗിക പ്രമാണരേഖ എഴുതിക്കൊടു ക്കണമെന്ന് കാല്‍വി മര്‍സിങ്കസിനോട് ആവശ്യപ്പെട്ടു. മര്‍സിങ്കസ് അ തിനു വഴങ്ങി. അംബ്രോസിയാനോ ബാങ്കിന് എന്തു നഷ്ടം സംഭവിച്ചാലും വത്തിക്കാന്‍ ബാങ്ക് അതിന് ഉത്തരവാദിയല്ലെന്ന് കാണിച്ച് കാല്‍വി ഫാദര്‍ മര്‍സിങ്കസിനും ഔദ്യോഗിക പ്രമാണരേഖ തിരിച്ച് എഴുതിക്കൊടുത്തു.

1981-ല്‍ മാര്‍പാപ്പാ ഫാദര്‍ മര്‍സിങ്കസിനെ മെത്രാപ്പോലീത്തായായി ഉയര്‍ത്തി, വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ പദവികൂടി നല്കി.

കാല്‍വിയെ എതിര്‍ത്ത രണ്ട് ബോര്‍ഡ് മെമ്പര്‍മാരെ മാഫിയ കൊലചെയ്തു. അവര്‍ റൊബേര്‍ട്ടൊ ഓര്‍സോനേ (Roberto Orsone) റൊബേര്‍ട്ടൊ റൊസോനേ (Roberto Rosone) എന്നിവരാണ്.

അംബ്രോസിയാനോ ബാങ്കിന്റെ പണമിടപാടുകളില്‍ സംശയം തോന്നിത്തുടങ്ങിയ നിക്ഷേപകര്‍ അവരുടെ പണം തിരിച്ചെടുക്കാന്‍ തുടങ്ങി. അംബ്രോസിയാനോ ബാങ്കിന് ആവശ്യത്തിന് പണമില്ലാതിരുന്നതിനാല്‍ വത്തിക്കാന്‍ ബാങ്ക് പണം കൊടുത്ത് സഹായിക്കണമെന്ന് കാല്‍വി മര്‍സിങ്കസിനോട് ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അതിന് വിസമ്മതിച്ചു. കാല്‍വി ഇറ്റലിയില്‍നിന്ന് ഒളിച്ചോടി. കാല്‍വിയുടെ സെക്രട്ടറി ഗ്രസിയല്ലെ കൊറോച്ചര്‍ (Graziella Corrocher) അംബ്രോസിയോനോ ബാങ്കിന്റെ അഞ്ചാം നിലയിലെ ജനാലയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തു. 1982 ജൂണില്‍ കാല്‍വിയുടെ മൃതദേഹം ലണ്ടനിലെ ഒരു പാലത്തില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ലണ്ടനിലെ പോലീസ് അന്വേഷണത്തിനുശേഷം കാല്‍വിയുടെ മരണം ഒരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധമായി 2002-ല്‍ ദൈവത്തിന്റെ ബാങ്കുകാര്‍ (God’s Bankers) എന്ന പേരില്‍ ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

വത്തിക്കാന്റെ ഈ പ്രമാദമായ സാമ്പത്തിക അഴിമതിയുടെ ദുഷ്‌പേര് ഉടനെയൊന്നും തേഞ്ഞുമാഞ്ഞുപോവുകയില്ല.

എട്ട് വ്യാജകമ്പനികളില്‍ക്കൂടി വത്തിക്കാന്‍ മാറ്റിയെടുത്ത 10 കോടിയോളം ഡോളര്‍ അര്‍ജന്റീനായിലെയും പെറുവിലെയും മിലിറ്ററി ജണ്‍ഡാകളെയും (Juntas) പോളണ്ടിലെ സൊളിഡാരിറ്റി (Solidarity) സംഘടനയെയും സഹായിക്കാനാണ് ഉപയോഗിച്ചത്.
അംബ്രോസിയാനൊ ബാങ്കിന് 25കോടി ഡോളര്‍ കൊടുത്തുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ബാങ്കില്‍നിന്നുണ്ടാകാവുന്ന കോടതിക്കേസില്‍നിന്ന് ഒഴിവായി. ബാങ്കിന് ഒരു ഡോളറിന് 25 സെന്റുവച്ച് വാങ്ങി തൃപ്തിപ്പെടേണ്ടിവന്നു. നഷ്ടം സംഭവിച്ചത് ആര്‍ക്ക്? ബാങ്കിന്റെ ഓഹരി വാങ്ങിയ സാധാരണക്കാര്‍ക്ക്.

വത്തിക്കാന്‍ 130 കോടി ഡോളറിന് ഉത്തരവാദിയാണെന്ന് വിധിച്ച് ഇറ്റാലിയന്‍ ഗവണ്‍മെന്റ് കുറ്റക്കാരനായ മര്‍സിങ്കസ് മെത്രാപ്പോലീത്തയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു. 1929-ലെ ലാറ്ററന്‍ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ക്ക് മര്‍സിങ്കസിനെ മാര്‍പാപ്പാ വിട്ടുകൊടുത്തില്ല. സുരക്ഷിതമായ വത്തിക്കാനില്‍നിന്ന് മര്‍സിങ്കസിനെ ഇറ്റാലിയന്‍ അധികൃതര്‍ക്ക് തടവുകാരനായി എടുക്കാന്‍ കഴിഞ്ഞില്ല. 1991 വരെ അദ്ദേഹം വത്തിക്കാനില്‍ കഴിഞ്ഞു. വത്തിക്കാനു പുറത്ത് അദ്ദേഹം അതുവരെ കാലുകുത്തിയിട്ടില്ല.

പുരോഹിതരെയും ക്ലര്‍ജികളെയും സിവില്‍ അധികാരികളില്‍നിന്നു സഭ രക്ഷിക്കുന്നു. ഇതുതന്നെ നാം നമ്മുടെ കേരളത്തിലും അറിഞ്ഞുകൊണ്ടും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നതാണ്. പ്രാഥമിക നീതിപോലും എതിര്‍കക്ഷിക്ക് ലഭിക്കാറില്ല. കത്തോലിക്കാ മനഃസാക്ഷിയുടെ മുമ്പില്‍ എന്നും ഇത്തരം പ്രവൃത്തികള്‍ ചോദ്യചിഹ്നമായി നില്ക്കും. മധ്യകാലയുഗങ്ങളില്‍ സഭയുടെ ഇത്തരം നടപടിക്രമം 'ക്ലേര്‍ജിയുടെ നന്മയ്ക്ക്' (Benefit of Clergy) എന്നാണ് അറിയപ്പെട്ടിരുന്നത്. സഭയുടെ ഇത്തരം നിലപാട് അനീതിയാണ്. മര്‍സിങ്കസിനെ അദ്ദേഹം ചെയ്ത കുറ്റത്തിന് സഭ ശിക്ഷിച്ചതായി കേട്ടിട്ടില്ല.

വത്തിക്കാന്‍ ഇന്ന് ക്രിമിനല്‍സിന്റെ അഭയസ്ഥാനമായി മാറിയിരിക്കുകയാണ്. ബോസ്റ്റന്‍ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന കാര്‍ഡിനല്‍ ബര്‍നാര്‍ഡ് ലോയും (Cardinal Bernard Law) നമ്മുടെ തട്ടുങ്കല്‍ മെത്രാനും വത്തിക്കാനിലാണല്ലോ ഇപ്പോള്‍ പാര്‍ക്കുന്നത്!

അമേരിക്ക മര്‍സിങ്കസിനെ ഇറ്റലിയ്ക്ക് വിട്ടുകൊടുക്കുകയില്ല എന്ന് ഉറപ്പുവരുത്തിയശേഷം മര്‍സിങ്കസ് റിട്ടയര്‍ ചെയ്ത് അമേരിക്കയിലെ അരിസോണ സ്റ്റേറ്റിലെ (State of Arizona) സണ്‍ സിറ്റിയിലേക്ക് (Sun City) 1991-ല്‍ താമസം മാറ്റി. ഗോള്‍ഫും കളിച്ച് സിഗാറും വലിച്ച് അദ്ദേഹം ജീവിച്ചു. 2008-ല്‍ അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു.

ബാങ്ക് വഞ്ചനയ്ക്കും കൊലപാതകത്തിനും വിധിച്ച് സിന്‍ഡോന അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഫഡറല്‍ ജയിലില്‍ കിടക്കേണ്ടിവന്നു. 1980-ല്‍ ആരോ അയാള്‍ക്ക് ജയിലില്‍ വച്ച് വിഷം കൊടുത്ത് കൊന്നു. ജെള്ളി കേസില്‍ കുടുങ്ങി ടസ്‌ക്കനിയില്‍ (ഠൗരെമി്യ) വീട്ടുതടങ്കലില്‍ കഴിഞ്ഞു.
സഭയുടെ അത്യുന്നത അധികാരംവരെ കുറ്റകൃത്യങ്ങളില്‍ ഇടപെട്ടു. അഭിമാനമില്ലിവിടെ; നഗ്നമായ അപകീര്‍ത്തിയും മാനക്കേടും  മാത്രം മിച്ചം.

അംബ്രോസിയാനോ ബാങ്കുമായുള്ള സഭയുടെ അവിഹിതബന്ധത്തിന്റെ ഫലമായി കൊലപാതകങ്ങള്‍, കൊലചെയ്യാന്‍ ശ്രമം, ആത്മഹത്യ, നിഗൂഢമരണം, ജയില്‍വാസം എല്ലാം നടന്നു. സഭയുടെ അംബ്രോസിയാനോ കച്ചവടത്തിന്റെ വിചിത്രരൂപങ്ങളാണിവ.

സാധാരണ കത്തോലിക്കന് വത്തിക്കാന്റെ ഇത്തരം അത്ഭുതകൃത്യങ്ങളെപ്പറ്റി അറിയില്ല. അവര്‍ പള്ളിയില്‍ പോകുന്നു; നേര്‍ച്ച ഇടുന്നു; സഭയ്ക്കുവേണ്ടി സന്നദ്ധസേവനം ചെയ്യുന്നു. അവരുടെ നേതാക്കള്‍ പള്ളിയുടെ ദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നവര്‍ അന്ധമായി വിശ്വസിക്കുന്നു. സഭാനേതാക്കള്‍ സാമ്പത്തിക അപകീര്‍ത്തി സഭയ്ക്കുവരുത്തിവയ്ക്കുന്നതും ഗുരുതരമായ അധാര്‍മിക പ്രവൃത്തികള്‍ചെയ്യുന്നതും കാണുന്ന ദൈവജനത്തിനു സഭയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നുള്ളതിന് സംശയമില്ല. സഭ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്മായരെയും ഉള്‍പ്പെടുത്തണമെന്ന് അവര്‍ ശഠിക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. പോപ്പും മെത്രാന്മാരും അല്മായരുമായി ആലോ ചിക്കാനും അധികാരം പങ്കുവയ്ക്കാനും തയ്യാറാകണം. ക്രിസ്തുവിന്റെ സഭ ജനാധിപത്യമല്ലെന്നവര്‍ വാദിക്കുന്നു. പക്ഷേ, ക്രിസ്തുവിന്റെ സഭ ഒരു കൂട്ടായ്മയല്ലേ? ആ കൂട്ടായ്മയെ എല്ലാവിധത്തിലും അനുകൂലിക്കുകയും അത്താണിയായി നില്ക്കുകയും ചെയ്യുന്ന അല്മായര്‍ക്ക് ചില അധികാരങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് യുക്തിരഹിതമോ?

ചാക്കോ കളരിക്കല്‍

(സ്‌കൈ ബുക്‌സ് പബ്ലീഷേഴ്‌സ്, മാവേലിക്കര പ്രസിദ്ധീകരിച്ച ''മതാധിപത്യം കത്തോലിക്കാ സഭയില്‍'' എന്ന ഗ്രന്ഥത്തില്‍നിന്നും.) 

പ്രതികരണം                ജോസഫ് പുലിക്കുന്നേല്‍

സഭയുടെ ഇന്നത്തെ ഘടന ക്രിസ്തു നിര്‍ദേശിതമാണോയെന്ന് ചിന്തിക്കേണ്ട കാലം കഴിഞ്ഞു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം അന്നുവരെ നിലനിന്നിരുന്ന സഭാഘടനാസമ്പ്രദായത്തിന്റെ അപാകതകളെപ്പറ്റി ദൈവശാസ്ത്രജ്ഞന്മാര്‍ ആഴമായി ചിന്തിക്കുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 23-ാം ജോണ്‍ മാര്‍പാപ്പായുടെ ലക്ഷ്യവും സഭയെ മനുഷ്യനിര്‍മിതമായ നിയമങ്ങളില്‍നിന്നും വിമോചിപ്പിച്ച് സുവിശേഷാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുക എന്നായിരുന്നു. എന്നാല്‍ ജോണ്‍ മാര്‍പാപ്പായ്ക്കു ശേഷം സ്ഥാനമേറ്റ എല്ലാ മാര്‍പാപ്പാമാരും എതിര്‍ദിശയിലേയ്ക്കാണ് സഭയെ നയിച്ചത്. കാനോന്‍ നിയമം പരിഷ്‌കരിക്കണമെന്ന ജോണ്‍ മാര്‍പാപ്പായുടെ ആഗ്രഹവും വിഫലമായി. കള്ളരേഖകളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത കാനോന്‍ നിയമത്തെ കൂടുതല്‍ അധികാരകേന്ദ്രീകൃതമാക്കുന്നതിനേ ഈ പരിഷ്‌കരണം സഹായകമായുള്ളൂ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കോര്‍പ്പറേഷനാണ് കത്തോലിക്കാ സഭ. ശ്രീ. ചാക്കോ കളരിക്കല്‍ ഈ ലേഖനത്തില്‍ വിവരിക്കുന്ന വത്തിക്കാന്‍ ബാങ്കിന്റെ വ്യാജസാമ്പത്തിക ഇടപാടുകള്‍ സഭയുടെ സ്വത്തു വര്‍ദ്ധിപ്പിക്കാനല്ല മറിച്ച് തകര്‍ക്കാനാണ് കാരണമായത്. പക്ഷേ കൊണ്ടിട്ടും പഠിക്കാത്ത ഒരു അന്തര്‍ദേശീയ മാഫിയാസംഘം ഇന്ന് വത്തിക്കാനെ കയ്യടക്കിവച്ചിരിക്കുകയാണ്.
യൂറോപ്പിലെ സഭ ഇറ്റലിയിലുള്‍പ്പെടെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. പക്ഷേ മൂന്നാം ലോകത്തില്‍ സഭാധികാരത്തിന്റെ വേരുകള്‍ കടന്നുകയറുന്നു. ഇതിന് സുവിശേഷവല്‍ക്കരണം എന്നാണ് ഓമനപ്പേരിട്ടിരിക്കുന്നത്. സുവിശേഷത്തില്‍ യേശു എന്തെല്ലാം ശിഷ്യരെ പഠിപ്പിച്ചുവോ അതിനു കടകവിരുദ്ധമായാണ് സഭ എന്ന ഘടനയുടെ നിലപാട്. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാപേരുടെയും ദാസനായിരിക്കണം എന്ന യേശുവിന്റെ പരമപ്രധാനമായ ഉപദേശം നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ സഭ ഉപേക്ഷിച്ചിരുന്നു

(The above article was published in 2012 January issue of Hosana)

3 comments:

  1. വത്തികാന്‍റെ വിവാദപരമായ സാമ്പത്തിക അഴിമതികള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക വിധത്തില്‍ നല്ലവണ്ണം അവതരിപ്പിച്ച ഈ ലേഖകകര്‍ത്താവ് ശ്രീ ചാക്കോയ്ക്ക് അഭിനന്ദനങ്ങള്‍. വത്തിക്കാന്‍പോലുള്ള വലിയ ഒരു ബിസിനസ് സാമ്രാജ്യത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എഴുതുകതന്നെ ബുദ്ധിമുട്ടാണ്.ഈ കൊച്ചുരാജ്യത്തിന്‍റെ
    നിധിശേഖരം,സ്വത്ത്,ഇതൊക്കെ നിര്‍ണ്ണയിക്കുവാന്‍ ആധുനിക കമ്പ്യൂട്ടറുകള്‍ക്ക്പോലും സാധിക്കുകയില്ല. അങ്ങനെ സാധാരണക്കാര്‍ക്ക് എത്തുവാന്‍ സാധിക്കാത്ത ഒരു സാമ്പത്തിക സാമ്രാജ്യമാണ്‌
    വത്തിക്കാന്‍. ബില്ല്യന്‍ഡോളര്‍ തുകപോലും വത്തിക്കാന് ഒന്നുമല്ല. അമേരിക്കന്‍ബാങ്കുകളില്‍ ഏറ്റവും വലിയനിക്ഷേപകന്‍ ലോകത്തിലെ
    എല്ലാ കോര്‍പ്പറെറ്റുകളെക്കാള്‍ വത്തിക്കാന്‍ ആണെന്നും വാര്‍ത്തകളില്‍ വായിച്ചു.അങ്ങനെ,
    അവിഹിതബന്ധം പുലര്‍ത്തുന്നു പുരോഹിതര്‍ക്കും ബാലപീഡകര്‍ക്കും എത്ര ചിലവാക്കിയാലും ഒരിക്കലും വത്തിക്കാന്‍റെ ബാങ്ക് കാലിയാവുകയില്ല.

    സ്നേഹം,എളിമ,മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കാതെയിരിക്കുക ഇവകള്‍ക്ക് പകരം നാം കാണുന്നത് അധികാരികളുടെ ധികാരം,അഴിമതി അധികാര ദുരുപയോഗങ്ങള്‍ എന്നിവകളാണ്. കോടാനുകോടി കഠിനാധ്വാനം ചെയ്ത ജനങ്ങളുടെ പണംകൊണ്ട് സമ്പാദിച്ച സഭാപണമാണല്ലോ ഇങ്ങനെ മാഫിയാമാര്‍ ഉപയോഗിക്കുന്നതെന്ന് സാധാരണക്കാര്‍
    ചിന്തിച്ചുപോവും. ഇതു വിശ്വാസിയോട് ചെയ്യുന്ന ഹീനമായ അധര്‍മ്മമല്ലേ?നൂറ്റാണ്ടുകളായി സഭ ധര്‍മ്മസ്ഥാപനങ്ങല്‍ക്കായും പരോപകാര പ്രവര്‍ത്തനങ്ങള്‍ക്കായും എത്രയോ കോടികള്‍ വിശ്വാസികളില്‍നിന്നു സമാഹരിക്കുന്നു.എങ്കിലും, തങ്ങളുടെ ആത്മാര്‍ഥമായ സേവനംകൊണ്ടാണ് ഇവിടെ ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ സാധിച്ചതെന്ന് ഏതെങ്കിലും പള്ളിക്ക് പറയുവാന്‍ സാധിക്കുമോ?സഭ ഒരു ബിസിനസ്‌ സ്ഥാപനമായതാണ് കാരണം. ഈ ബിസ്സിനസ്സിലെ നേതാക്കന്മാര്‍ക്ക് ആഡംബരജീവിതം ലഭ്യമാകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ സുഖ സൌകര്യങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ കഠിനദ്ധ്വാനം ചെയ്യുന്ന ജനങ്ങളേക്കാള്‍ എക്കാലവും ഇവര്‍ക്ക് സുഖജീവിതം തുടരുവാനും സാധിക്കുന്നു.

    ക്രിസ്ത്യന്‍ തത്വങ്ങള്‍ അനുസരിച്ച് കണക്കില്ലാത്ത സ്വത്തുക്കള്‍ ദരിദ്രര്‍ക്ക് ദാനം ചെയ്തിരുന്നുവെങ്കില്‍ ഇവരുടെ വലിയ നിധി സ്വര്‍ഗത്തില്‍ നിക്ഷേപിക്കാമായിരുന്നു. ഏക്‌സൊണ്‍ (EXON) ഗ്യാസ് കോര്‍പ്പറെഷന്‍പോലെ സ്വര്‍ഗത്തിലേക്കുള്ള വണ്ടികള്‍ക്ക് പണം മേടിക്കുവാന്‍‍ പെട്രോള്‍
    അടിച്ചുകൊടുക്കുന്ന ഒരു വന്‍കിട
    വ്യവസായകമ്പനിയാണ് വത്തിക്കാന്‍. ഭൂമിയുടെ ശാത്താനും. റോമിന് മുമ്പ് ഈ ശാത്താന്‍ ഗ്രീസിലും,ഗ്രീസിന് മുമ്പ് പേര്‍ഷ്യയിലും,പേര്‍ഷ്യാക്ക് മുമ്പ് ബാബിലോണിയായിലുമായിരുന്നു.

    ഇന്നു ലൂസിഫര്‍ താമസിക്കുന്നത് കേരളത്തിലാണ്. ലൂസിഫരിനെ നരകത്തില്‍നിന്നു പുറത്താക്കിയപ്പോള്‍ അയാള്‍ ധരിച്ചിരുന്നത് ചുവന്നകുപ്പായങ്ങളും, കൊമ്പുകളും കൊമ്പില്‍ മയിലുകളുമായിരുന്നു. നരകത്തില്‍ കത്താത്ത വാലുണ്ടാകാനാണ്
    ബലിപീഡത്തില്‍ ഭ്രുഷ്ടംതിരിഞ്ഞു ഈ കുരങ്ങന്മാര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും.

    ReplyDelete
  2. വര്‍ഷാവര്‍ഷം പള്ളികളില്‍ വായിക്കപ്പെടുന്ന ഇടയലേഖനങ്ങള്‍ക്കും റോമായിലെ 'ദൈവജ്ഞര്‍' കുത്തിക്കുറിച്ച് പോപ്പിന്റെ പേരില്‍ ഇറക്കുന്ന ചാക്രികലേഖനങ്ങള്‍ക്കും പകരം ശ്രീ കളരിക്കലിന്റെ ഈ റിപ്പോര്‍ട്ട് (അതില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളെ നിരാകരിക്കാന്‍ ധൈര്യമുള്ളവര്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടെ!) നമ്മുടെ പള്ളികളില്‍ വായിക്കാന്‍, ചുരുങ്ങിയത്, വിശ്വാസികളുടെ ഇടയില്‍ വിതരണം ചെയ്യാന്‍ എങ്കിലും, വികാരിമാര്‍ ആത്മധൈര്യം കാണിക്കുമെങ്കില്‍, അത് സത്യത്തിനും ദൈവത്തിനും അര്‍പ്പിക്കുന്ന ഏറ്റവും വലിയ സേവനമായിരിക്കും.“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹ. 8:32) എന്ന വേദവാക്യത്തിന്റെ ഒന്നാന്തരം വ്യാഖ്യാനവുമാകുമത്.

    കാരണം, പള്ളികളിലും തീര്‍ഥാടനകേന്ദ്രങ്ങളിലുമൊക്കെയായി വീണുകൊണ്ടിരിക്കുന്ന വിധവയുടെ ചില്ലിക്കാശ് തൊട്ട്‌ പുറംമോടിക്കാരുടെ വലിയ നോട്ടുകള്‍ വരെ കുമിഞ്ഞുണ്ടാകുന്ന ശേഖരം എവിടെയൊക്കെ അധാര്‍മ്മിക പ്രവൃത്തികള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന് സാധാരണ ജനത്തിനറിയില്ലല്ലോ. ഉദാ: ഭരണങ്ങാനത്ത് കുന്നുകൂടുന്ന കോടികള്‍ വാരിക്കൊണ്ട് പോകുന്നത് പാലാ മെത്രാനാണ്. അതിലൊരു വിഹിതം, പുണ്യപ്പട്ടം അനുവദിച്ചതിന്റെ പേരില്‍, വത്തിക്കാനിലുമെത്തുന്നു. അവിടെ അത് ആര്‍ക്കൊക്കെ എങ്ങനെയൊക്കെ തീറ്റക്കും കുടിക്കും ചൂതുകളിക്കുമായി വാരിക്കൊരിക്കൊടുക്കുന്നു എന്നുണ്ടോ നേര്‍ച്ചയിടുന്ന പാവങ്ങളും വിഡ്ഢികളും അറിയുന്നു!

    എന്റെയൊരു അടുത്ത സുഹൃത്തുണ്ട്. രണ്ടേക്കര്‍ സ്ഥലത്ത് അദ്ദേഹം ദിവസവും പത്തുപതിനാറു മണിക്കൂര്‍ അദ്ധ്വാനിക്കും. ഒരു പണിക്കാരനെയും പതിനാറു വര്‍ഷമായി കൂടെക്കൂട്ടിയിട്ടില്ല. ഇങ്ങനെ തനിയെ പണുത്, അദ്ദേഹം സ്വന്തം വീട് വയ്ക്കുകയും, മൂന്ന് മക്കളെ വളര്‍ത്തി പഠിപ്പിക്കുകയും ജോലിയിലെത്തിക്കുകയും ഒക്കെ ചെയ്തു. എല്ലാ ഞായറാഴ്ചയും പത്തു രൂപ നേര്‍ച്ചയിടും. മറ്റ് പിരിവുകള്‍ അതാതു സമയത്ത് വേറേ. അല്ഫോന്‍സാമ്മക്ക് വര്‍ഷാവര്‍ഷം അമ്പതു രൂപ. അദ്ദേഹത്തിന്‍റെ അദ്ധ്വാനഫലത്തിന്റെ ഈ ഓഹരികള്‍ പാലാ അരമനയിലും വത്തിക്കാനിലും എത്തുപെട്ട് എങ്ങനെയൊക്കെ ആവിയായിപ്പോകുന്നു എന്നുണ്ടോ ഈ പാവം കര്‍ഷകന്‍ അറിയുന്നു. അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം നേര്‍ച്ചയെന്ന ഈ കണ്ണുകെട്ടിക്കളി എന്നേ അവസാനിപ്പിക്കുമായിരുന്നു.

    പുസ്തകങ്ങള്‍ (ശ്രീ കളരിക്കളിന്റെയോ - "മതാധിപത്യം കത്തോലിക്കാ സഭയില്‍" - ഡോ. ജോസഫ്‌ ജോര്‍ജിന്റെയോ - "നസ്രായനും നാറാണത്തു ഭ്രാന്തനും" - പോലുള്ളവ വായിക്കാന്‍ ക്ഷമയുള്ളവര്‍ കുറവാണല്ലോ. ശ്രീ കളരിക്കലിന്റെ മേല്‍പ്പറഞ്ഞ ലേഖനം ഒരു ലഘുലേഖയാക്കി അച്ചടിച്ച്‌, പത്തിരുപതു പള്ളികളിലെങ്കിലും വിതരണം ചെയ്യാമെങ്കില്‍ കുറെപ്പേരെങ്കിലും സഭയുടെ തനി മുഖം തിരിച്ചറിയും. ചെലവ് വഹിക്കാന്‍ ഞാന്‍ തയ്യാറാണ്.

    ReplyDelete
  3. I think KCRM should take Nedunkanal's offer seriously and think of preparing this article (or some other chapter of the book - selection should be left to the author) as a leaflet for distribution in a few of our churches. And let us hope more and more sponsors will come forward for such "spreading of good words."

    ReplyDelete