സീറോമലബാറും ചട്ടക്കൂട്ടുകളും
സ്റ്റീഫന്‍ തോട്ടനാനി
(ന്യൂയോര്‍ക്ക്)
Email: stepthotta@yahoo.com
ആപ്പിള്‍ മരച്ചുവട്ടില്‍ വിശ്രമിച്ചിരുന്ന ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ആപ്പിള്‍ എന്തുകൊണ്ട് മുകളിലേക്ക് പോകാതെ താഴേക്ക് വീഴുന്നു എന്നു ചിന്തിക്കുവാനിടയായി. ആ ചിന്തകള്‍ ഭൂമിയുടെ ആകര്‍ഷണശക്തിയെ കണ്ടുപിടിക്കുന്നതിനുപകരിച്ചു. പിന്നീട് അതിന്റെ ചുവടുപിടിച്ച് മറ്റനേകം കണ്ടുപിടുത്തങ്ങള്‍ക്കും, മാനവരാശിയുടെ അഭ്യുന്നതിക്കും അത് ഉപകരിക്കുകയുണ്ടായി.
സീറോമലബാറും, മറ്റു പൗരസ്ത്യസഭകളും എന്ന 'ആപ്പിളിന്റെ' ഭാരം ജനങ്ങളുടെ തലയില്‍ അമര്‍ന്നപ്പോള്‍ ജനങ്ങളും ചിന്തിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഒരുകാലത്ത് അധികാരവര്‍ഗ്ഗവും, അവരുടെ ആജ്ഞാനുവര്‍ത്തികളും മാധ്യമങ്ങളെ അടക്കിവാണിരുന്നതിനാല്‍ സാധാരണക്കാരുടെ ചിന്തകള്‍ക്ക് വളരുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കമ്പ്യൂട്ടറിന്റെയും, ഇന്റര്‍നെറ്റിന്റെയും ആവിര്‍ഭാവത്തോടെ സാധാരണ ജനങ്ങളുടെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വെളിച്ചംകാണുവാനും, വളര്‍ന്നുവികസിക്കുവാനുമുള്ള അവസരം ലഭ്യമായി.
ദൈവം എന്തിനാണ് നന്മയും തിന്മയും സൃഷ്ടിച്ചത്, നന്മമാത്രം സൃഷ്ടിച്ചാല്‍ പോരായിരുന്നോ എന്ന വേദപാഠക്ലാസ്സിലെ ചോദ്യത്തിന് ലഭിച്ച മറുപടി പാപവും പുണ്യവും, ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നതിനുള്ള ബുദ്ധിശക്തി ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്നായിരുന്നു. പലരും പലതും എഴുതിയെന്നിരിക്കും, പറഞ്ഞെന്നിരിക്കും. എല്ലാറ്റിനേയും കണ്ണടച്ചു വിശ്വസിക്കാതെയും, അവിശ്വസിക്കാതെയും മുട്ടായുക്തി പ്രയോഗിക്കാതെ ദൈവം നല്‍കിയിട്ടുള്ള ബുദ്ധിശക്തി ഉപയോഗിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുവാനുള്ള കടമയും ഉണ്ട്.
മാറിയ കാലത്തിനനുസരിച്ച്, പ്രത്യേകിച്ച് വിദേശങ്ങളിലെ രീതിക്കും, സാഹചര്യങ്ങള്‍ക്കുമനുസരിച്ച് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അല്പാല്പം മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ വൈദികരോടും, മേലധ്യക്ഷന്മാരോടും പലരും പറയുകയുണ്ടായി. എന്നാല്‍ അവരുടെ മറുപടി അതൊക്കെ 'സഭയുടെ ചട്ടക്കൂടാണ് മാറ്റങ്ങള്‍ ഒന്നും വരുത്തുവാന്‍ സാധിക്കില്ല, ഞങ്ങള്‍ക്കൊന്നും ചെയ്യുവാനാവില്ല' എന്നായിരുന്നു.
ആ മറുപടി കേട്ടാല്‍ ഈ ചട്ടക്കൂടിന് മാറ്റംവരുത്തുക എന്നത് എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനേക്കാള്‍ ക്ലേശമേറിയ എന്തോ അല്ലെങ്കില്‍ ചൈനയിലെ വന്‍മതിലിനേക്കാള്‍ ഭീമാകാരമായ എന്തോ എന്ന ധാരണ ഉളവാക്കുന്നു! ദൈവം മോശയ്ക്ക് തീകൊണ്ട് കല്ലില്‍ കൊത്തി നല്‍കിയെന്നു പറയപ്പെടുന്ന പത്തുകല്പനകളെപ്പോലെ മാറ്റിഎഴുതുവാന്‍ സാധിക്കില്ലാത്തവയാണോ ഈ പറയപ്പെടുന്ന ചട്ടക്കൂടുകള്‍? ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു'' (മത്തായി 15: 8-9). ഇവിടെ 'മാനുഷികനിയമങ്ങള്‍' എന്നതുകൊണ്ട് സഭാധികാരികളുടെ ചട്ടക്കൂടുപോലുള്ളവയെ അല്ലേ ഉദ്ദേശിക്കുന്നത്?
അരുതെന്നു പറയുന്നതിന്റെ രഹസ്യം അല്ലെങ്കില്‍ കാരണം അറിയുന്നതിനുള്ള ജിജ്ഞാസ ആദത്തിനും, ഹവ്വായ്ക്കും പോലും ഉണ്ടായിരുന്നു. മാറ്റംവരുത്തുവാന്‍ ഇത്രമാത്രം ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന ഈ ''ചട്ടക്കൂട്'' ഉണ്ടാക്കിയത് ആരാണ്? ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ അങ്കുരിക്കുക സ്വാഭാവികമാണ്. ദൈവികവും, സഭാപരവുമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുവാനും, അഭിപ്രായം പറയുവാനും സാധാരണക്കാര്‍ക്ക് അര്‍ഹതയില്ല, സഭാധികാരികള്‍ക്കും ദൈവശാസ്ത്രം പഠിച്ചവര്‍ക്കുമേ അധികാരമുള്ളു എന്ന ധാരണ നമുക്കിടയിലുണ്ടാവാം. എങ്കിലും സാധാരണജനങ്ങള്‍ ഒന്ന് ഉറക്കെ ചിന്തിക്കുന്നതില്‍ അപാകതയുണ്ടോ?
ഐസക് ന്യൂട്ടണ്‍ ചെയ്തതുപോലെ ചിന്തകളെ കാടുകയറുവാന്‍ അനുവദിച്ചാല്‍ എന്തെങ്കിലുമൊക്കെ അറിയുവാന്‍ സാധിച്ചെന്നിരിക്കില്ലേ? നമ്മുടെ തലയില്‍ വന്നുപതിച്ച ഈ ചട്ടക്കൂടിനെപറ്റി ആധികാരികമായല്ലെങ്കില്‍ പോലും സംശയങ്ങള്‍ ഉന്നയിക്കുന്നത് ദൈവവിശ്വാസക്കുറവുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കുകയോ, തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യേണ്ടതില്ല.
ഈ ചട്ടക്കൂടുകള്‍ നിര്‍മ്മിച്ചവര്‍ അമാനുഷരൊന്നുമല്ലല്ലോ. മാര്‍പ്പാപ്പയും, കര്‍ദ്ദിനാള്‍മാരും, സിനഡംഗങ്ങളുമൊക്കെ ചേര്‍ന്നായിരിക്കാം ഇവ നിര്‍മ്മിച്ചത്. ഇവരെല്ലാം സാധാരണക്കാരായിത്തന്നെ ജനിച്ചവരാണ്. ആരുടെയെങ്കിലും മക്കളാണ്, സഹോദരീ സഹോദരന്മാരോ, സുഹൃത്തുക്കളോ ബന്ധുമിത്രാദികളോ ഒക്കെയാവാം. ദൈവശാസ്ത്രത്തിലും, മറ്റു വിഷയങ്ങളിലും പാണ്ഡിത്യവും, പ്രവര്‍ത്തനപരിചയവുമൊക്കെ ലഭിച്ച് ഉന്നതസ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരാകാം. പക്ഷെ അവരും മനുഷ്യര്‍ തന്നെയാണ്. മനുഷ്യന്‍ പരിപൂര്‍ണ്ണരല്ല എന്നതുകൊണ്ടുതന്നെ സഭാധികാരികളുടെ താല്പര്യങ്ങളിലും, ചിന്താഗതികളിലും, കാഴ്ചപ്പാടുകളിലും തെറ്റുകളോ, കുറവുകളോ ഉണ്ടായിക്കൂടെന്നില്ലല്ലോ.
മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതിന് മനുഷ്യര്‍ വിമുഖരാണെന്നപോലെ മാറിവരുന്ന സാഹചര്യങ്ങള്‍ക്കും, ചിന്താഗതികള്‍ക്കുമനുസരിച്ച് ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സഭാധികാരികളും വിമുഖരാണ്. ''അവന്‍ അവരോടു പറഞ്ഞു: സാബത്തു മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല'' (മര്‍ക്കോസ് 2.27) എന്ന ബൈബിള്‍ വാക്യംപോലെ ചട്ടക്കൂട് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ ചട്ടക്കൂടിനു വേണ്ടിയല്ല എന്ന അറിവാണ് സഭാധികാരികള്‍ക്കും, നമുക്കേവര്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി മാറികൊണ്ടിരിക്കുന്ന രീതിക്കനുസരിച്ച് ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു.
നിയമസഭയില്‍ തങ്ങളുടെ ശമ്പളവും, ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എം.എല്‍.എ.മാര്‍ക്ക് ഏകസ്വരമാണ്. ജനസേവന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം. സഭകളെല്ലാം തങ്ങളുടെ നിലനില്പിനും, അധികാരത്തിനും, ഭൗതികസമ്പത്ത് സ്വരൂപിക്കുന്ന കാര്യത്തിലും ഏകാഭിപ്രായക്കാരാണ്. അതിനുവേണ്ടി ചട്ടക്കൂടുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഒരു മടിയുമില്ല. അമേരിക്കയില്‍ മാസച്യുസെറ്റില്‍ ഫ്രെമിംഗാമിലെ സെന്റ് ജറമിയ പള്ളി സീറോമലബാര്‍ വാങ്ങുന്നു. അവിടെ എല്ലാ ഞായറാഴ്ചയും ലത്തീന്‍ റീത്തിലുള്ള ഇംഗ്ലീഷ് കുര്‍ബാന ചൊല്ലാന്‍ അധികൃതര്‍ ഫാ. വര്‍ഗീസിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു (മലയാളം പത്രം. ഒക്‌ടോബര്‍ 26, 2011) പക്ഷെ നമ്മുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ലത്തീന്‍ റീത്തിലുള്ള കുര്‍ബാന ചൊല്ലുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചട്ടക്കൂടു പിടിമുറുക്കുന്നു! എന്തൊരു വിരോധാഭാസം.
സഭാധികൃതര്‍ക്ക് ജനനന്മയേക്കാള്‍ പ്രധാനം സഭയുടെ നിലനില്പും ചട്ടക്കൂടുമാണ്. സീറോമലബാര്‍ രൂപത വന്നതോടുകൂടി ഒരു സീറോമലബാര്‍ വൈദികന്‍ നമുക്കുവേണ്ടി ലാറ്റിന്‍ കുര്‍ബാന ചൊല്ലണമെന്നു വച്ചാല്‍ ചട്ടക്കൂട് വരിഞ്ഞു മുറുക്കുന്നു. അതേ വൈദികന്‍ ലാറ്റിന്‍ കത്തോലിക്കര്‍ക്കുവേണ്ടി ലാറ്റിന്‍ കുര്‍ബാന ചൊല്ലുന്നതിന് ചട്ടക്കൂടിന് യാതൊരു പ്രശ്‌നമില്ലതാനും. ദൈവീകതയേക്കാളും മുന്‍തൂക്കം ഭൗതീകതയ്ക്കായി ഭവിച്ചിരിക്കുന്നു!
വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയില്‍ പാശ്ചാത്യസഭക്കാര്‍ (ലാറ്റിന്‍ റീത്ത്) നമ്മുടെ വൈദികരുടെ സകല ചെലവുകളും, ശമ്പളവും നല്‍കിക്കൊണ്ടാണ് നമുക്കുവേണ്ടി സീറോമലബാര്‍ റീത്തിലുള്ള മിഷനും, മലയാളം കുര്‍ബാനയും തുടങ്ങുവാന്‍ അനുവദിച്ചത്. ലത്തീന്‍സഭകളുടെ നിലനില്പിനേക്കാളുപരി ജനസേവനത്തിന് പ്രാധാന്യം നല്‍കിയതുകൊണ്ടല്ലേ അവര്‍ അപ്രകാരം ചെയ്തത്? അവര്‍ക്കും നമ്മളേപ്പോലെ ചട്ടക്കൂടുകള്‍ ഇല്ലേ? ഇന്ന് സീറോമലബാര്‍ കാണിക്കുന്ന സങ്കുചിതമനോഭാവം ലാറ്റിന്‍കാര്‍ കാണിച്ചിരുന്നെങ്കില്‍ സീറോമലബാര്‍ രൂപത പോയിട്ട് മിഷന്‍പോലും ഉണ്ടാകുമായിരുന്നോ? ചിറ്റമ്മനയമല്ല, പെറ്റമ്മ നല്‍കുന്ന സ്‌നേഹവും സേവനവുമാണ് ലാറ്റിന്‍രൂപതയില്‍ നിന്ന് നമുക്കും നമ്മുടെ മക്കള്‍ക്കും ലഭിച്ചത്. അല്ലെന്ന് ആര്‍ക്കെങ്കിലും പറയുവാന്‍ സാധിക്കുമോ? ആ മക്കളെ പെറ്റമ്മ ചമഞ്ഞും, ചട്ടക്കൂടു പറഞ്ഞും നില്‍ക്കുന്ന സീറോമലബാറുകാര്‍ക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആരുടെ കുഴപ്പമാണ്?
യേശുക്രിസ്തുവിന്റെ മരണശേഷം ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവുകയുണ്ടായി. അവര്‍ ചെന്നുപെട്ട സ്ഥലങ്ങളില്‍ വിശുദ്ധനാട്ടിലെ ഭാഷയും, ആചാരങ്ങളും, ദൈവവിശ്വാസവും അടിച്ചേല്‍പ്പിക്കുകയല്ല അവര്‍ ചെയ്തത്. മറിച്ച് അതാതു രാജ്യങ്ങളിലെ ജനങ്ങളുടെ ഭാഷയും, സംസ്‌കാരങ്ങളും മനസ്സിലാക്കി അത് ഉള്‍ക്കൊണ്ടുകൊണ്ട് ചട്ടക്കൂടുകളിലും, പ്രവര്‍ത്തനങ്ങളിലും മാറ്റംവരുത്തിയാണ് ദൈവസന്ദേശം പ്രചരിപ്പിച്ചത്. അതുകൊണ്ടാവണമല്ലോ സീറോമലബാറും, മറ്റു പൗരസ്ത്യസഭകളും, റീത്തുകളും ഉടലെടുത്തതു തന്നെ. അപ്പസ്‌തോലന്മാരുടെ കാലത്ത് ഭൗതികസമ്പത്ത് സമ്പാദിക്കുന്നതിലല്ലായിരുന്നു താല്പര്യം. മറിച്ച് ദൈവേഷ്ടം നിറവേറ്റുന്നതിലായിരുന്നു. അതിനുവേണ്ടി ചട്ടങ്ങളെ മാറ്റുന്നതിന് അവര്‍ക്ക് വിമുഖതയില്ലായിരുന്നു.
ഇന്നു ജനങ്ങള്‍ പറയുന്നതു കേള്‍ക്കാം സഭയൊന്നു നിശ്ചയിച്ചാല്‍ അതു നടത്തിയിരിക്കുമെന്ന്. സഭയുടെ കുറവുകള്‍ എഴുതുകയോ, പറയുകയോ, ഉപദേശിക്കുകയോ ചെയ്യുന്നത് വെറുതെ സമയം പാഴാക്കുന്നതിന് തുല്യമാണെന്ന്. അതു ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ.
മേല്പറഞ്ഞ രീതിയിലുള്ള സഭയുടെ ചിന്താഗതി ഒരുകാലത്ത് പാശ്ചാത്യരാജ്യങ്ങളിലും വേരൂന്നിയിരിക്കാം. സൂര്യചന്ദ്രന്മാരുള്ളിടത്തോളം അവരും നിലനില്‍ക്കുമെന്ന് വീമ്പുമിളക്കിയിരിക്കാം, ഒരിക്കല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ചിരുന്ന കത്തോലിക്കാസഭയുടെ ഇന്നത്തെ ഗതിയെന്ത്? യൂറോപ്പില്‍ പ്രൗഡിയോടും, പ്രതാപത്തോടുംകൂടി തലയുയര്‍ത്തി നിന്നിരുന്ന പല പള്ളികളും ബസ്സിലിക്കകളും ഇന്ന് പുരാവസ്തു വകുപ്പുകാര്‍ക്കു പോലും ഭാരമായി തീര്‍ന്നിരിക്കുന്നു. കണ്‍മുമ്പില്‍ കാണുന്ന സത്യം തന്നെയാണത്. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഫണമുയര്‍ത്തി പ്രതിരോധസജ്ജമാകാതെ ആത്മസംയമനത്തോടെ പറയുന്നതില്‍ എന്തെങ്കിലും കാതലുണ്ടോ എന്ന് ഒരുവേള ചിന്തിച്ചു നോക്കൂ.
അമേരിക്കയിലും ഇതൊക്കെ ആവര്‍ത്തിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു. സാമ്പത്തികഭാരത്താല്‍ അടച്ചുപൂട്ടുന്ന പള്ളികളും, സ്‌കൂളുകളും മറ്റൊന്നും ചിന്തിക്കാതെ, ഗൗരവമായി ആലോചിക്കാതെ എടുത്തുചാടി വാങ്ങിക്കുന്നത് ബുദ്ധിയോ അതിബുദ്ധിയോ? പൊതുയോഗങ്ങളുടെ രീതികളും, നിബന്ധനകളും ഓരോ വൈദികനും തോന്നുന്നപോലെ. പലയിടങ്ങളിലും പൊതുയോഗം സുതാര്യതയില്ലാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.
എതിര്‍പ്പുകളില്‍നിന്ന് എന്താണ് പഠിക്കേണ്ടത്? എന്താണ് ഉള്‍ക്കൊള്ളേണ്ടത്? ചട്ടക്കൂടുകള്‍ ജനങ്ങള്‍ക്കുവേണ്ടി നന്മകള്‍ ചെയ്യുന്നതിന് തടസ്സമാകുന്നു എങ്കില്‍ ''മാറ്റുവിന്‍ ചട്ടങ്ങളെ'' എന്നു പറയുവാന്‍ നമുക്കു സാധിക്കണം. അതിനുപോലുമുള്ള കെല്പില്ലാത്ത സമൂഹമായി നാം പരിണമിച്ചിരിക്കുന്നുവോ?
(From February 2012 issue of Sneha Sandesham)
No comments:
Post a Comment