Translate

Friday, January 27, 2012

ആഹ്വാനം സഫലമാകുന്നില്ലേ?


കത്തോലിക്കാ സഭയിലെ യുവദമ്പതികള്‍ക്ക് രണ്ടിലധികം മക്കള്‍ വിരളമാണ്. അതിനാല്‍ കത്തോലിക്കാ ജനസംഖ്യ കുറയുകയാണ്. ആ കുറവ് പരിഹരിക്കാനായി മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ പലതുണ്ടായി. പലപ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിതമായി. കത്തോലിക്കാ മാധ്യമങ്ങളെല്ലാം തുടര്‍ച്ചയായ പ്രബോധനങ്ങളും പ്രചാരണങ്ങളും നടത്തുന്നുണ്ട്. ഫലമോ?

ഈ നൂറ്റാണ്ടില്‍ വിവാഹിതരായവരെപ്പറ്റി ഞാന്‍ ചിന്തിച്ചു, എന്റെ കുടും ബത്തിലും, ബന്ധത്തിലും പരിചയത്തിലുമുള്ള യുവദമ്പതികളെപ്പറ്റി. ഈ ഇടവകയിലെ കത്തോലിക്കാ കുടുംബനാഥന്മാരില്‍ 80 ശതമാനവും ഈ ഇടവകയിലെ സ്‌കൂളില്‍ ഞാന്‍ പഠിപ്പിച്ചവരാണ്. അതിനാല്‍ ഇടവകയുടെ എല്ലാ ഭാഗത്തുമുള്ളവരില്‍നിന്നും എളുപ്പത്തില്‍ ഞാന്‍ വിവരശേഖരണം നടത്തി. ഒരു കുടുംബത്തില്‍ മാത്രം മൂന്നു മക്കളുണ്ട്.

ഈ നൂറ്റാണ്ടില്‍, 2000 മുതല്‍))]]] -വിവാഹിതരായ ദമ്പതികളെല്ലാം 25 വയസ്സ് കഴിഞ്ഞവരാണ്. അവര്‍ക്ക് മക്കള്‍ രണ്ടുവീതം. സഭാധികാരികളുടെ ആഹ്വാനങ്ങള്‍ അവരില്‍ സഫലമാകാന്‍ ഇനിയും കാലമുണ്ടല്ലോയെന്ന പ്രതീക്ഷ അവശേഷിക്കുന്നു.

യുവജനങ്ങളുടെ ദീര്‍ഘകാല പഠനശേഷം ഒരു ജോലി ലഭിക്കുമ്പോഴേക്കും 25 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും. അതുവരെയും ഉണ്ടായ ക്ലേശങ്ങളും ഉല്‍ക്കണ്ഠകളും അവര്‍ക്ക് മറക്കാനാവാത്ത ജീവിതപാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭാവി ജീവിതത്തിന് കര്‍ശനമായ മുന്നറിയിപ്പുകള്‍തന്നെ. തങ്ങളുടെ മക്കളും ഭാവിയില്‍ നേരിടാനിടയുള്ള വിഷമതകള്‍തന്നെ. അതിനാല്‍ മേല്പറഞ്ഞ ആഹ്വാനങ്ങളും പ്രബോധനങ്ങളും യുവദമ്പതികള്‍ക്ക് സ്വീകാര്യമല്ലാതാകുന്നു.

ഈ ഇടവകയിലെ പുരോഹിതന്മാരുടെ കുടുംബങ്ങളിലെ യുവദമ്പതികളുടെ കാര്യവും ഞാന്‍ തെരക്കി. അവര്‍ക്കും രണ്ടു മക്കള്‍ മാത്രം. സഭയിലെ കൂടുതല്‍ ഉന്നതസ്ഥാനീയരുടെ കുടുംബങ്ങളിലെ യുവദമ്പതികളുടെ സന്താന വിവരങ്ങള്‍ എന്തെന്ന് അറിയാന്‍ താല്പര്യവും സൗകര്യവുമുള്ളവര്‍ അന്വേഷിച്ച് ബോധ്യപ്പെടാം, ആഹ്വാനം അവരിലെങ്കിലും സഫലമാകുന്നുണ്ടോയെന്ന്.

(ഓശാന മാഗസികയുടെ 2012 ജനുവരി ലക്കത്തില്‍ കെ. എം. ജോസഫ്, ചേന്നാട് എഴുതിയ ലേഖനം)

അനുചിന്തനം               ജോസഫ് പുലിക്കുന്നേല്‍

നമ്മുടെ എല്ലാ വൈദികരെയും കന്യാസ്ത്രിയമ്മമാരെയും വിവാഹം കഴിപ്പിച്ചാല്‍ ധാരാളം വിശ്വാസികള്‍ ഉണ്ടാകും. അതാണ് ഏറ്റവും നല്ല പോംവഴി. അവര്‍ക്കും സന്തോഷമായിരിക്കും.

No comments:

Post a Comment