Translate

Tuesday, January 10, 2012

കല്ലുകൊത്താനുണ്ടോ, അരകല്ലുകൊത്താനുണ്ടോ?

പണ്ടൊക്കെ ഗ്രാമവീഥികളില്‍ പാണ്ടിക്കാരായ നാടോടി സ്ത്രീകള്‍ വിളിച്ചു പറഞ്ഞിരുന്നു- ''കല്ലുകൊത്താനുണ്ടോ, അരകല്ലുകൊത്താനുണ്ടോ---''. ''ചെമ്പു പാത്രങ്ങള്‍ ഈയം പൂശാനുണ്ടോ'' എന്നു ചോദിച്ചുകൊണ്ടു മറ്റു ചിലരും വന്നിരുന്നു. അക്കാലത്ത് അലൂമിനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവകൊണ്ടുള്ള പാത്രങ്ങള്‍ ഇല്ലായിരുന്നു. മഴക്കാലമായാല്‍ കുട നന്നാക്കാനുണ്ടോ എന്ന ചോദ്യവുമായി ചിലര്‍ വരും. കാലം മാറി. ഇന്ന് ആരും അങ്ങനെ പ്രത്യേക സേവനം അന്വേഷിച്ചു കടന്നു വരാറില്ല. തെങ്ങുകയറാനുണ്ടോ എന്നുചോദിച്ചു വല്ലവരും വന്നാല്‍ നന്നായിരുന്നു. തേങ്ങ ഇടാന്‍ ആളില്ലാത്ത കാലമാണ് ഇപ്പോള്‍.

പട്ടണപ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് കഴുത്തില്‍ ടൈകെട്ടി, കയ്യില്‍ ലാപ്‌ടോപ്പുമായി ചില ഹൈസൊസൈറ്റി സെയില്‍സ്മാന്മാര്‍ വരാറുണ്ട്. ആധുനിക രീതിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍, വാട്ടര്‍ പ്രൂഫിംഗ്, മോഡേണ്‍ പെയിന്റിംഗ്, സ്റ്റീല്‍ വര്‍ക്ക് ഇതൊക്കെ ചെയ്യുന്നവരുടെ പ്രതിനിധികളാണിവര്‍. ആദ്യംതന്നെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന കമ്പനിയുടെ പേരും ഇ-മെയില്‍ അഡ്രസും കാണിക്കുന്ന വിസിറ്റിംഗ് കാര്‍ഡ് തരും. ഇവരുമായി പരിചയപ്പെടുന്നത് നല്ലതാണ്. നാം ഉദ്ദേശിക്കുന്ന നിര്‍മ്മാണത്തിന് ആധുനിക ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ അതൊക്കെ ചെയ്തു തരുന്നവരെ പരിചയപ്പെടാന്‍ ഈ കമ്പോളരീതി ആവശ്യം തന്നെ.

ഇത്രയുമൊക്കെ ചിന്തിക്കാന്‍ കാരണം ഒരു മരുന്നുകടയില്‍നിന്നു ലഭിച്ച വിസിറ്റിംഗ് കാര്‍ഡ് ആണ്. കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചപ്പോള്‍ പേരുകാരനെ കൂടുതല്‍ പരിചയപ്പെടണമെന്നു തോന്നി. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനാണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. അമേരിക്കയിലും കേരളത്തില്‍ മൂന്നാറിലും ആശ്രമങ്ങള്‍ ഉണ്ട്. അദ്ദേഹത്തില്‍നിന്നു ലഭ്യമാകുന്ന സേവനങ്ങള്‍ കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദു, മുസ്ലീം, ക്രൈസ്തവ മതങ്ങളെയെല്ലാം ഒരുപോലെ ആദരിക്കുന്നതിനാല്‍ കാര്‍ഡില്‍ എല്ലാ മതങ്ങളുടെയും പ്രതീക ചിഹ്നങ്ങള്‍ കാണാം. കുരിശ് മദ്ധ്യത്തിലാണ്. ചുവട്ടില്‍ താമരയും കാണുന്നു.

കത്തോലിക്കാ പുരോഹിതനാണെന്നും കാര്‍ഡില്‍ കാണിച്ചിട്ടുണ്ട്. എങ്കിലും ഏതു രൂപതയില്‍ ഉള്‍പ്പെടുന്നു എന്നില്ല. സന്യാസസഭാംഗമാണെങ്കില്‍ അതു കാണിക്കേണ്ടതല്ലേ? എന്തായാലും സംശയം തീര്‍ക്കാന്‍വേണ്ടി കാര്‍ഡില്‍ കണ്ട മൊബൈല്‍ നമ്പറില്‍ വിളിച്ചു. അദ്ദേഹം മൂന്നാറില്‍ നിന്നാണു സംസാരിച്ചത്. കാര്യങ്ങള്‍ തുറന്നു പറഞ്ഞ ഈ വൈദികനോടു ബഹുമാനമാണു തോന്നിയത്.

25 വര്‍ഷം ഈശോ സഭയില്‍ അംഗമായിരുന്ന ഡോ.ജോണ്‍ കെ. തെക്കേടം ഇപ്പോള്‍ വിവാഹിതനാണ്. അമേരിക്കയിലും ഇന്ത്യയില്‍ രണ്ടു സ്ഥലങ്ങളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. സ്വാമി സ്‌നേഹാനന്ദജ്യോതി എന്ന നാമം സ്വീകരിച്ച് ഭാരതീയ സന്യാസിയായി കഴിയുന്നുവെങ്കിലും ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗത്തിലാണ്. കുഴഞ്ഞു മറിഞ്ഞ ജീവിത പ്രശ്‌നങ്ങള്‍ക്കു സമാധാനം പറഞ്ഞുകൊടുക്കുകയും മാനസികാരോഗ്യം നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്ന ഈ സന്യാസി എല്ലാ നല്ലയാളുകളില്‍നിന്നും സഹകരണം ആഗ്രഹിക്കുന്നു. അതിനാലാണ് വിസിറ്റിംഗ് കാര്‍ഡു നല്‍കുന്നതെന്നും പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങളില്‍നിന്നും സഭ വളരെ പിന്നോട്ടു പോയി, മധ്യകാലഘട്ടത്തിലെ ഇരുണ്ടയുഗത്തിലാണു സഭയും കത്തോലിക്കാ പുരോഹിതന്മാരും ഇന്നു ജീവിക്കുന്നതെന്നു ഉദാഹരണസഹിതം അദ്ദേഹം വ്യക്തമാക്കി.

സ്വന്തം ബോധ്യങ്ങള്‍ അനുസരിച്ചുള്ള വെളിപ്പെടുത്തലുകള്‍ കേട്ടപ്പോള്‍ ഒട്ടും നീരസം തോന്നിയില്ല. മറിച്ച് ഇടവകതോറും പുണ്യവാളന്മാരെ സൃഷ്ടിക്കാന്‍ അത്ഭുത കഥകള്‍ പടച്ചു വിടുകയും തിരുനാള്‍ കാലങ്ങളില്‍ പാരമ്പര്യ നേര്‍ച്ചകളുടെ പരസ്യങ്ങള്‍ നടത്തി ഇടവക പള്ളിക്കു വരുമാനം കൂട്ടുകയും ചെയ്യുന്ന പ്രഗത്ഭന്മാരായ വൈദികരുമായി ഒരു താരതമ്യ ചിന്ത ഉണ്ടായി.

പരിചയപ്പെട്ടിട്ടുള്ള വൈദികരില്‍ ഒട്ടേറെ നല്ല വൈദികരുണ്ട്. ദ്രവ്യാഗ്രഹം ഒട്ടും ഇല്ലാതെ വിശുദ്ധിയുടെ നിറകുടമെന്നു വിളിക്കാവുന്ന ചില വൈദികരെയും ഓര്‍ക്കുന്നു.

മരിച്ചവര്‍ക്കുവേണ്ടി പാട്ടു കുര്‍ബാന ചൊല്ലാന്‍ 100 രൂപയുമായി വന്ന ഒരു പാവപ്പെട്ടവനോട് ഏതു കുര്‍ബാനയ്ക്കും ഫലസിദ്ധി ഒന്നാണെന്നും ഒറ്റകുര്‍ബാനയ്ക്കുള്ള പണംമതിയെന്നും പറഞ്ഞു ബാക്കിതുക മടക്കി കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു; എങ്കില്‍പിന്നെ പണം വാങ്ങാതെ തന്നെ കുര്‍ബാന ചൊല്ലാന്‍ തീരുമാനിച്ചുകൂടേ? പാവപ്പെട്ടവര്‍ക്കു മനോവേദന ഉണ്ടാക്കേണ്ട എന്നു കരുതിയാണു ഒറ്റകുര്‍ബാനക്കു സഭ നിശ്ചയിച്ചറേറ്റ് വാങ്ങിയതെന്ന് അച്ചന്‍ വിശദീകരിച്ചു. വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും രോഗികളെ വീട്ടില്‍ ചെന്നു കാണാനും മടിക്കാത്ത നല്ല വൈദികര്‍ എക്കാലത്തും ആദരവര്‍ഹിക്കുന്നു. അതേസമയം മരിക്കാന്‍ കിടക്കുന്നവരില്‍നിന്നും എന്തുകിട്ടും എന്നന്വേഷിക്കുന്ന ചിലരെയും ഓര്‍മ്മ വരുന്നു.

എന്റെ പിതാവു മരണാസന്നനായി കിടക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ വന്ന ഇടവക വികാരി എന്റെ അമ്മയോടു പറഞ്ഞത് ഇതാണ്: ''ഗ്രിഗോറിയന്‍ കുര്‍ബാനയ്ക്കുള്ള പണം പ്രത്യേകം ബാങ്കില്‍ ഉണ്ടായിരിക്കണം.'' 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീ. ജോസഫ് പുലിക്കുന്നേലും ഡോ. സി.പി. മാത്യുവും ചേര്‍ന്ന് കുടമാളൂരില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ഒരു സ്ഥാപനം നടത്തുന്ന അവസരത്തില്‍ മരണാസന്നനായ ഒരു രോഗിയുടെ ആഗ്രഹപ്രകാരം രോഗീലേപന ശുശ്രൂഷ നടത്താന്‍ ഇടവകയിലെ വൈദികനെ കൊണ്ടുവരാന്‍ കാറുമായി ചെന്നു. രോഗി കത്തോലിക്കന്‍ ആണോ അതിനു തെളിവുണ്ടോ എന്നും ചോദിച്ചു വികാരി വിസമ്മതിക്കുകയാണു ചെയ്തത്. ഈ കാര്യം എന്നോടു പറഞ്ഞത് ഡോ. സി. പി. മാത്യു ആണ്.

പിശാചു പിടുത്തക്കാരായും മോഷണം തെളിയിക്കുന്നവരായും അറിയപ്പെടുന്ന പല വൈദികരും പ്രശസ്തി ആഗ്രഹിക്കുന്നു. ഒരു ഇടവകയില്‍ നടക്കുന്ന ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കുന്ന ഉപദേശങ്ങള്‍ പഠനാര്‍ഹമത്രേ. കുടുംബത്തിനു നേരിടുന്ന പ്രയാസങ്ങള്‍ക്കു കാരണം പൂര്‍വ പിതാക്കന്മാരുടെ ആത്മാക്കളാണെന്നും പരിഹാരമായി 11 പ്രാവശ്യം ആരാധന സ്‌പോണ്‍സര്‍ ചെയ്യണമെന്നും ഉപദേശിച്ചു. ഒരു ആരാധനയ്ക്ക് ഫീസ് 5000 രൂപ മാത്രം. ഇതുപോലെ പള്ളിയിലെ പരമ്പരാഗതനേര്‍ച്ചകളുടെ ഫലസിദ്ധി പ്രചരിപ്പിക്കാനും ചില വൈദികര്‍ക്കു വലിയ താല്‍പര്യമാണ്. കമ്പോളവല്‍ക്കരിക്കപ്പെടുന്ന മതമാണു ഇന്നു വ്യാപകമാകുന്നത്. ഭാവിയില്‍ തങ്ങള്‍ നല്‍കുന്ന ആത്മീയ സേവനങ്ങള്‍ അറിയിച്ചുകൊണ്ടു മതപുരോഹിതന്മാര്‍ വിസിറ്റിംഗ് കാര്‍ഡുകളുമായി വിശ്വാസികളെ സമീപിച്ചേക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെ പ്രസ്താവന വളരെ പ്രസക്തമായിരിക്കുന്നു.

''വിശ്വാസം എന്തുവേണം എന്നു കമ്പോളമാണു തീരുമാനിക്കുന്നത്. പുതിയ വിശ്വാസങ്ങള്‍ പടച്ചു വിടാനും അതിനു കഴിയും. എല്ലാറ്റിനും നിന്നു കൊടുക്കാന്‍ പോക്കറ്റില്‍ പണവും തലയില്‍ പിണ്ണാക്കുമായി ആളുകളുള്ളപ്പോള്‍ സംഗതി എളുപ്പം.''(ദീപിക ഫെബ്രുവരി 6)

കോലടി കുറുപ്പാശാന്‍ ചത്തേപ്പിന്നെ

കേരളത്തിലെ ഗ്രാമാന്തരീക്ഷത്തില്‍ പഴയകാലത്തു കുട്ടികള്‍ പാടാറുള്ള ഒരു നാടന്‍പാട്ട്: ''കോലടി കുറുപ്പാശാന്‍ ചത്തേപ്പിന്നെ, കോലടി കാണാന്‍ കൊതിയാണേ''

തിരുവാതിരപോലെ ഗ്രാമങ്ങളില്‍ പ്രചാരമുള്ള ഒരു നാടന്‍ കലാപ്രകടനമായിരിക്കണം കോലടി. ഈ കലയില്‍ പ്രവീണനായ ഒരു കുറുപ്പാശാന്‍ പോയതില്‍പ്പിന്നെ നല്ല കോലടി പ്രകടനം ഇല്ലാതായി എന്നാണ് ഈ പാട്ടു സൂചിപ്പിക്കുന്നത്.

മണ്‍മറഞ്ഞ കലാപ്രകടനങ്ങള്‍ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന ചില കലാപ്രേമികള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ക്‌നാനായ ക്രൈസ്തവരുടെയിടയില്‍ പ്രചാരമുണ്ടായിരുന്ന മാര്‍ഗ്ഗം കളി അടുത്തകാലത്ത് ഫാ. ജേക്കബ് വെള്ളിയാന്‍ പുനരുദ്ധരിച്ചുവെന്നും ഇപ്പോള്‍ പെണ്‍കുട്ടികള്‍ സ്‌കൂള്‍ യുവജനോല്‍സവത്തില്‍ അവതരിപ്പിച്ചു ജനശ്രദ്ധ ആകര്‍ഷിക്കുന്നതായും അറിയാം. പുരാതന കലകള്‍ സംരക്ഷിക്കപ്പെടുന്നതു തീര്‍ച്ചയായും അഭിലഷണീയംതന്നെ.

ക്രൈസ്തവരുടെ ഏറ്റം പാവനമായ ആരാധനാനുഷ്ഠാനമാണല്ലോ വിശുദ്ധ കുര്‍ബാന. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി അവര്‍ക്കു സ്‌നേഹോപദേശം നല്‍കിയശേഷം അപ്പവും വീഞ്ഞും അവസാന വിരുന്നായി നല്‍കിയ ക്രിസ്തു ''എന്റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍'' എന്നുകല്‍പിച്ചു സ്ഥാപിച്ച കൂദാശയാണല്ലോ വിശുദ്ധ കുര്‍ബാന. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ശത്രുക്കളെ ഭയന്നു രഹസ്യമായി ഭവനങ്ങളില്‍ ആചരിച്ച ഈ കര്‍മ്മം ചക്രവര്‍ത്തിമാരും രാജാക്കന്മാരും ക്രിസ്തുമതം സ്വീകരിച്ചതിനെ തുടര്‍ന്നു വലിയ ദേവാലയങ്ങളില്‍ ആഘോഷത്തോടെ നടത്തുന്ന കര്‍മ്മമായി പരിണമിച്ചു. ഗ്രിഗോറിയന്‍ ചാന്റ് എന്ന് അറിയപ്പെടുന്ന സംഗീതശൈലി സ്വീകരിച്ചതോടെ പാശ്ചാത്യ സഭയിലെ വി. കുര്‍ബാന കലാസ്വാദകര്‍ക്കും പ്രിയപ്പെട്ടതായിതീര്‍ന്നു. പൗരസ്ത്യ സുറിയാനി സഭയില്‍ ആഘോഷമായ ഗാനാലാപന ശൈലി ഉണ്ടായിരുന്നോ എന്നറിഞ്ഞുകൂടാ. എന്നാല്‍ കേരളസഭയുമായി ബന്ധപ്പെട്ട പേര്‍ഷ്യന്‍ സുറിയാനിസഭ സുറിയാനിയില്‍ റാസ ചൊല്ലുന്ന പതിവ് കേരളത്തില്‍ നടപ്പാക്കിയതായി ചരിത്രമുണ്ട്. കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്നു വേര്‍പെട്ടുപോയവരെ സുറിയാനി പാട്ടുകുര്‍ബാന അവതരിപ്പിച്ചു മടക്കിക്കൊണ്ടുവരുവാന്‍ പോര്‍ട്ടുഗീസുകാരനായ റോസുമെത്രാനു സാധിച്ചു. 'പുക്ദാന കോന്‍' എന്നാരംഭിക്കുന്ന സുറിയാനി പാട്ടുകുര്‍ബാനക്ക് പശ്ചാത്തല സംഗീതം നല്‍കിയതു പാശ്ചാത്യ സംഗീത ഉപകരണമായ വയലിനും വലിയ ഡ്രംസെറ്റും, ത്രികോണാകൃതിയിലുള്ള കമ്പി മണിയുമായിരുന്നു. താളവും ലയവുമുള്ള സംഗീതമേഖലയായി സുറിയാനിപാട്ടുകാര്‍ബാന സീറോ-മലബാര്‍ സഭയില്‍ 1962 വരെ നിലനിന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പ്രാദേശിക ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കണമെന്ന തീരുമാനം ഉണ്ടായതിനെ തുടര്‍ന്ന് 'കത്തീശാ ആലാഹാ, കത്തീശാഹൈത്സന' എന്നൊക്കെയുള്ള പാട്ടുകള്‍ കേള്‍ക്കാതായി. യാഥാസ്ഥിതികരായ പലര്‍ക്കും ഉള്ളില്‍ വിഷമം ഉണ്ടായിയെങ്കിലും ദീര്‍ഘനാള്‍ മൗനം പാലിച്ചവര്‍ അടുത്തകാലത്തു സുറിയാനി പാട്ടുകുര്‍ബാനക്കായി ശബ്ദം ഉയര്‍ത്തിതുടങ്ങി. ഇപ്പോള്‍ നടക്കുന്ന പള്ളിതിരുനാളുകളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പരിപാടി ആയി മാറിയിരിക്കുകയാണു സുറിയാനി പാട്ടുകുര്‍ബാന. നിര്‍ഭാഗ്യവശാല്‍ സുറിയാനി പാട്ടുകുര്‍ബാന തെറ്റു കൂടാതെ ചൊല്ലുവാനും പാട്ടുകള്‍ ശരിയായി ആലപിക്കാനും കഴിവുള്ളവര്‍ അധികംപേരില്ല. അതിനാല്‍ ഏതാനും ചില സീനിയര്‍ വൈദികരും, പ്രായമായ ചില പാട്ടുകാരും ഓര്‍ഡര്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുന്നതായി കേള്‍ക്കുന്നു.

വിശുദ്ധ കുര്‍ബാന സംബന്ധിച്ചു സഭയുടെ പഠനങ്ങളും ക്രിസ്തു നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതാണു ഇപ്പോഴത്തെ സുറിയാനി പരവേശം. അറമായ സുറിയാനി ഭാഷയിലാണു ക്രിസ്തുവും ശിഷ്യന്മാരും സംസാരിച്ചത്. അതിനാല്‍ സുറിയാനി കുര്‍ബാനക്കു കൂടുതല്‍ മഹത്വം ഉണ്ടെന്നു ചിലര്‍ പറയാറുണ്ട്. ''നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം അറിയിക്കുവിന്‍' എന്നു ക്രിസ്തുകല്പിച്ചിട്ടുണ്ട്. സുവിശേഷം അറമായ സുറിയാനിയിലായിരിക്കണമെന്നോ ലത്തീനിലായിരിക്കണമെന്നോ ക്രിസ്തു പറഞ്ഞിട്ടില്ല. മാത്രമല്ല ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പ്രാര്‍ത്ഥിക്കുകയും ആരാധന അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ആരാധന ആത്മാവിലും സത്യത്തിലും ആയിരിക്കൂ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

ഇപ്പോള്‍ സുറിയാനി പാട്ടുകുര്‍ബാന തിരുനാള്‍ സ്ഥലങ്ങളില്‍ ആഘോഷപൂര്‍വം നടത്തുന്ന ചില പ്രമുഖരുടെ കാലം കഴിഞ്ഞാല്‍ കോലടി കുറുപ്പാശാനെകുറിച്ചു പാടുന്നതുപോലെ സുറിയാനി പ്രേമികള്‍ക്കു പാടേണ്ടി വരും.

ആഘോഷമായ സുറിയാനി പാട്ടു കുര്‍ബാന സി.ഡി.യിലാക്കി വില്‍പനയ്ക്കു വെച്ചാല്‍ പുരാതന കലാരൂപങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നവര്‍ക്കും കേട്ട് ആസ്വദിക്കുന്നവര്‍ക്കും സന്തോഷമായിരിക്കും. സുറിയാനി അറിയാത്ത വിശ്വാസികളുടെ ആരാധനയ്ക്കുവേണ്ടി ഈ കലാപരിപാടി നടത്താതിരിക്കുകയാണു നല്ലത്.

(ജയിംസ് ഐസക്, കുടമാളൂര്‍, Hosana March 2011)

No comments:

Post a Comment