വന്ദ്യപിതാവെ,
നൂറ്റമ്പത്തിമൂന്ന് മണി ജപം പല ആവര്‍ത്തി മുട്ടേല്‍ നിന്ന് എത്തിച്ചതിന് ശേഷം, ദേഹമാസകലം അമ്പേറ്റ വിശുദ്ധ യോഹന്നാന്‍ നെപ്പംസ്യാനോസ് പുണ്യാളന്റെ തിരുശരീരത്തെയോര്‍ത്ത് ദിവസങ്ങളോളം ആരാധിച്ചു കഴിഞ്ഞിട്ട് എടുത്ത തീരുമാനമാണ്. പത്രോസ്ശ്ലീഹാ പാറയായി, അതിന്മേല്‍ പണിത തിരുസഭയുടെ അധ്യക്ഷനായി വത്തിക്കാനില്‍ വാഴുന്ന അങ്ങേക്ക് എന്റെ എളിമയേറിയ ഈ ദൂത് അയയ്ക്കാന്‍.
ഇത് വായിച്ച് തീരുമ്പോള്‍ അങ്ങ് എന്നെ മഹറോന്‍ ചൊല്ലാനോ, മരിക്കുമ്പം തെമ്മാടിക്കുഴിയില്‍ അടയ്ക്കാനോ ഒക്കെ വിധിച്ചെന്ന് വരാം. ആ വക ആപത്തുകള്‍ അറിഞ്ഞുതന്നെയാണ് ഇതെഴുതുന്നത്.
തിരുമേനിക്ക് തുണിയില്ലാതെ നടന്ന യൂറോപ്യന്‍ രാജാവിന്റെ കഥ ഓര്‍മ്മയുണ്ടോ? കപടനായ തുന്നല്‍ക്കാരന്‍ ലോകത്തിലാരും കണ്ടിട്ടില്ലാത്തയത്ര ലോലമായ ഇഴയാണെന്ന് പറഞ്ഞ് രാജാവിനെ വസ്ത്രമില്ലാതെ പ്രജകളുടെ മുന്നില്‍ ഇറക്കിയ കഥ. മുതിര്‍ന്നവരൊക്കെ, സത്യം പറഞ്ഞാല്‍ തലവെട്ടുമെന്ന് ഭയന്ന് തലകുനിച്ച് മിണ്ടാതിരുന്നപ്പോള്‍, നിഷ്‌കളങ്കനായ ഒരു കുട്ടിയാണ് വിളിച്ച് കൂവിയത്. ''അയ്യോ, രാജാവ് ഉടുക്കാകുണ്ടനാണേ.''
ഒരു നഗ്നസത്യം വെളിപ്പെടുത്താനാണ് ഈ കത്ത്. എനിക്ക് വയസും പ്രായവുമായി. ഈയിടെയായി രാത്രി പലതവണ എണീക്കണം - കക്കൂസില്‍ പോയി മൂത്രമൊഴിക്കാന്‍. അപ്പോഴൊക്കെ ഓര്‍ക്കും, ഈ 'ഡൂഡു' ചെയ്യുന്ന സൂത്രം ചിലര്‍ക്കുള്ള ആറാംവിരല് പോലെ കൈയേലോ മറ്റോ ആയിരുന്നേല്‍ എന്ത് സൗകര്യമായിരുന്നേനെ? തലയ്ക്ക് കീഴെ കോളാമ്പിയും വെച്ചാല്‍ പിന്നെ അസലായി. എണീക്കയോ, തുണിയൂരുകയോ ഒന്നും വേണ്ട.
പക്ഷെ ഇതുവെച്ച് സുപ്രധാനമായ വേറൊരു കര്‍മ്മം നിര്‍വഹിക്കാനുള്ളത് കാരണമാണല്ലോ തമ്പുരാന്‍ കണ്ണായ സ്ഥാനത്ത് തന്നെ നാട്ടിയത് എന്ന് ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിക്കും. പ്രപഞ്ചത്തിലെ എല്ലാത്തരം ജീവജാലങ്ങളില്‍ പുല്ലിംഗത്തില്‍ ജനിച്ചവര്‍ക്കെല്ലാം കല്പിച്ചിരിക്കുന്ന ചുമതല നിറവേറ്റാന്‍ - സൃഷ്ടി.
സൃഷ്ടിയുടെ വിളി വരുന്നത് ഓര്‍ക്കാപ്പുറത്താണ്. എന്നാല്‍ വരുമ്പം മലമ്പ്രദേശത്ത് ഉരുള്‌പൊട്ടും പോലെയാ, കുത്തനെ വരുന്ന കിഴക്കന്‍ വെള്ളം പിടിച്ചാല്‍ നിക്കുമോ പിതാവേ?
അങ്ങയുടെ ഈ ദാസന്‍ വിനീതമായൊരു യാഥാര്‍ത്ഥ്യം പറയുവാനാണ് ആഗ്രഹിക്കുന്നത്. വാര്‍ധക്യം ആയതിനാല്‍ കിഴക്കൂന്നുള്ള പ്രവാഹമൊക്കെ നിലച്ചു. പക്ഷെ ഉണ്ടായിരുന്നു ഒരു കാലം; നല്ല ഊക്കുള്ള എന്റെ യൗവ്വനകാലം. അന്നൊക്കെ ഞാന്‍ പെട്ട പാട് എനിക്കും ഇവിടുത്തെ പുണ്യാളനും മാത്രം അറിയാം.
പ്രലോഭനങ്ങളില്‍ ഉള്‍പ്പെട്ടോ ഇല്ലയോ എന്ന വിഷയത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. കാരണം പറയാം. വൈദികവൃത്തിയില്‍ ദൈവവിളിക്കുപരി, ആരോഗ്യവാന്മാരായ എല്ലാവരെയും പോലെ, പ്രകൃതിയുടെ മറ്റ് വിളികളെയും ശ്രവിക്കാതെ തരമില്ല. രാവിലെ എണീറ്റാലുടനെ വരുന്ന ഒന്നും, രണ്ടും. പിന്നെ നേരത്തെ വിവരിച്ച മൂന്നിനെ പ്രായോഗികമായി കൈകാര്യം ചെയ്യാതെ നിവൃത്തിയില്ല.
തിരുസഭ മ്ലേഛമെന്ന് കരുതുന്ന സൃഷ്ടിവൈഭവങ്ങളുടെ വിളി വരുമ്പോള്‍ അപകടമില്ലാതെ അതിനെ തരണം ചെയ്യുന്നത് കൈവരിയില്ലാത്ത നീണ്ട ഉരുളന്‍ തടിപ്പാലം ഇരുട്ടത്ത് കടക്കാന്‍ ശ്രമിക്കും പോലെയാണ്. ചിലപ്പം പൊത്തോന്ന് ചെളിവെള്ളത്തില്‍ വീഴാം. ഭാഗ്യവശാല്‍ സമതല തെറ്റിയില്ലേല്‍ ളോഹ നനയാതെ അക്കരെയെത്താം. അബദ്ധവശാല്‍ എങ്ങാനും തോട്ടില്‍ വീണാല്‍ തന്നെ ഒരു കുഴപ്പമേയുള്ളൂ. നാട്ടുകാര് കണ്ടാല്‍ നാണക്കേടാകും.
അല്ല, എനിക്ക് മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ. പാതിരിമാര്, കുരിശില്‍ തൂങ്ങിമരിച്ച ഈശോയെപ്പോലെ ത്യാഗം ചെയ്യണം എന്നാണല്ലൊ വെപ്പ്? യേശുവിന്റെ കുരിശുമരണം മുഖേന എത്രയെല്ലാം അത്യുഗ്രന്‍ നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്? ക്രിസ്തീയസഭകള്‍ ഉടലെടുത്തു, ലോകമാസകലം മിഷന്‍ പ്രവര്‍ത്തനം വഴി എത്രയോ മനുഷ്യരെ ഉദ്ധരിച്ചു. കുരിശടയാളം ഇന്ന് ലോകത്തിലെ പകുതിയോളം ജനത്തിന് സമാധാനവും പ്രതീക്ഷയുമേകുന്നു. എന്നാല്‍ കല്ലറയിലും മ്രാലയിലും മറ്റും വികാരികളായി വാഴുന്ന അച്ചന്മാര്‍ വളരെ കഷ്ടപ്പെട്ട് ഇതും പൊത്തിപ്പിടിച്ച് ജീവിച്ച് മരിച്ചത് മുഖേന ആര്‍ക്ക്, എന്തെങ്കിലും ഗുണം വരുമോ?
മാത്രമല്ല, ഈയൊരു ഉടങ്കൊല്ലി കാരണം എന്തെല്ലാം പ്രശ്‌നങ്ങളാണെന്ന് അങ്ങേക്ക് തന്നെ അറിയാമല്ലൊ? പ്രലോഭനത്തിന്റെ കാന്തവലയത്തില്‍ അകപ്പെടുന്ന ഞങ്ങളില്‍ ചിലര്‍ വഴുതി വീഴുമ്പം, വീഴുന്നവര്‍ക്ക് മാത്രമല്ല, സഭയ്ക്കും കൂടി വയ്യാവേലി. പ്രാര്‍ത്ഥിക്കണം, ദൈവത്തില്‍ ആശ്രയം തേടണം എന്നൊക്കെ അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കാം. പക്ഷെ എല്ലാവര്‍ക്കും ഇതില്‍ നിന്ന് രക്ഷകിട്ടാറില്ല എന്നുള്ള വാസ്തവത്തെ അംഗീകരിക്കണം, പിതാവെ.
പണ്ട് സിലോണിലുള്ള കാന്‍ഡി സെമിനാരിയില്‍ പട്ടത്തിന് പഠിക്കുമ്പോള്‍ രാത്രിയില്‍ ഊണിന് കടുക്കാവെള്ളം, ചോറില്‍ പാക്കിന്റെ പ്രയോഗം ഇവയൊക്കെ സഹായിച്ചിരുന്നു. നേരാ, എന്നാല്‍ ശരീരപ്രകൃതം എല്ലാവരുടെയും ഒരുപോലെയല്ലല്ലോ.
കുമരകത്ത് ബോട്ടുജെട്ടിക്കടുത്തുള്ള നല്ലൊരു കുടുംബത്തീന്ന് വൈദികപട്ടം എടുത്ത ഒരു അച്ചനുണ്ട്. ഭക്തനും, സത്യസന്ധനും എല്ലാംകൊണ്ടും നല്ലൊരു വികാരി. എന്നാല്‍ നേരത്തെ പറഞ്ഞ തടിപ്പാലം കടക്കുന്ന സമയം വരുമ്പോള്‍ അങ്ങേര് നിര്‍ഭാഗ്യവശാല്‍ ശരീരത്തിന്റെ അടിമയായി പോകുന്നു. ചോറില്‍ പാക്കല്ല കമുങ്ങിട്ടിട്ടും കാര്യമില്ല. പാവത്തിനെ അരമനയിലെ അച്ചന്മാര്‍ കുറുക്കച്ചന്‍ എന്നാണ് വിളിക്കുന്നത്. ഈ വിളിയുടെ പിന്നില്‍ നിന്ദയാണോ അസൂയയാണോ എന്നെനിക്കിപ്പോഴും മനസ്സിലായിട്ടില്ല.
ഞാന്‍ പറഞ്ഞുവരുന്നത് ഇത്രയെയുള്ളൂ; പണ്ടൊക്കെ വൈദികഗണം ഈ വക പ്രശ്‌നങ്ങളൊന്നും ഇല്ലാതെ സകുടുംബം ജീവിച്ച് പോന്നിരുന്നു. അപ്പോള്‍ ദാണ്ടെ, പന്ത്രണ്ടാം നൂറ്റാണ്ടായപ്പോള്‍ ഏതോ ഒരു തൊപ്പന്‍ പാപ്പ വന്ന് വേലിയേലിരുന്ന പാമ്പിനെയെടുത്ത് കോണാ - ക്ഷമിക്കണം പിതാവെ, ഈയിടെയായി ഇതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറിയാതെ ബ്ലഡ്പ്രഷറ് കൂടിപ്പോകും. പക്ഷേങ്കില്, പിതാവൊന്ന് മനസ്സിലാക്കണം - ഞാനീ വാദിക്കുന്നത് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന എനിക്ക് വേണ്ടിയല്ല എന്റെ പിന്‍ഗാമികളുടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കാന്‍ മാത്രമാണ്.
ഞങ്ങളുടെ ഇടവകയില്‍ ആഫ്രിക്കയില്‍ ജോലി ചെയ്ത് മടങ്ങിയ ഒരുത്തനുണ്ട്. അവന്‍ പറമ്പിക്കൂടെ സായ്പ്പിന്റെ രീതിയില്‍ കാച്ചട്ടയിട്ട് നടക്കുന്ന കാരണം നാട്ടുകാര് കാച്ചട്ടയപ്പാപ്പന്‍ എന്നാണ് വിളിക്കുന്നത്. ആളിത്തിരി കടന്ന് സംസാരിക്കുമെങ്കിലും പറയുന്ന ചില കാര്യങ്ങള്‍ വകവെച്ചു കൊടുക്കാതെ പറ്റില്ല.
വൈദികപട്ടം കൊടുക്കുന്ന തിരുമേനി മാന്ത്രികനായ മാന്‍ഡ്രേക്ക് ആയിരിക്കണം എന്നാണ് അവന്‍ പറയുന്നത്. തലയുടെ പിന്നില്‍ വട്ടത്തില്‍ ശെവരം ചെയ്ത്, എന്തൊക്കെയോ മറുഭാഷയില്‍ പറഞ്ഞുകൊണ്ട് വെളുത്ത ളോഹ അണിയിച്ച് കഴിയുമ്പോള്‍ അടിയില്‍ കിടക്കുന്നതൊക്കെ ഇല്ലാണ്ടായിപ്പോണേല്‍ മന്ത്രജാലമായിരിക്കണം എന്നാണവന്റെ വാദം.
കിഴക്ക് മുല്ലപ്പെരിയാറിന്റെ സംഭരണികള്‍ കവിയാന്‍ തുടങ്ങുമ്പോള്‍ ജലനിരപ്പ് താഴ്ത്താന്‍ ഷട്ടറുകള്‍ തുറക്കുന്നത് പ്രാഥമികമായ ആവശ്യമാണ് എന്നൊക്കെ എന്നോട് വന്ന് പറയുമ്പോള്‍ ഞാനവനെ ആട്ടിയോടിക്കും. കാര്യമൊക്കെ ശരിയാ, എന്നാലിതൊക്കെ ഉറക്കെ വിളിച്ച് പറഞ്ഞിട്ടെന്നാ കിട്ടാനാ?
ചിലപ്പോള്‍ തോന്നും, ചന്തയില്‍ നെല്ലുകുത്തി മില്ല് നടത്തുന്ന ഓനച്ചന്റെ ഗതിയാണല്ലൊ വൈദികവൃന്ദത്തിനെന്ന്. അവന് ചെറുപ്പത്തില്‍ കിണ്ടിയുടെ അസുഖം പിടിപെട്ടകാരണം കല്യാണം കഴിക്കാന്‍ കഴിഞ്ഞില്ല. കാണുന്നവരോടൊക്കെ ബ്രഹ്മചാരിയായി നിന്ന് പോയ ഇവന്‍ സങ്കടം പറയുന്നത് കേള്‍ക്കാന്‍ നല്ല ശേലുണ്ട്.
''അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മരിച്ചപ്പോള്‍ രണ്ട് കൈകളും പുറത്തിടാന്‍ തക്കവണ്ണമാണ് ശവപ്പെട്ടി പണിയിച്ചത് - താന്‍ വെറുംകൈയോടെയാണ് പോകുന്നത് എന്ന് ലോകം കാണാന്‍. എനിക്ക് ആണേല് അടിയില്‍ നടുക്കായിട്ടൊരു ദ്വാരമുള്ള പെട്ടിയാണ് പണിയാനിരിക്കുന്നത് - എന്റെയൊരു ശരീരഭാഗം കൊണ്ട് യാതൊരു ഉപകാരവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ അറിയാന്‍.''
ഇത്രയും കാലം തിരുസഭ അനുശാസിച്ചുപോന്ന സമ്പ്രദായം പെട്ടെന്നങ്ങോട്ട് മാറ്റുന്നത് ഭക്തജനങ്ങളെ അവഹേളിക്കുന്ന പോലെയല്ലെ, എന്ന് ചിലര്‍ സ്വാഭാവികമായി വാദിക്കും. ''കദ്ദീശാല ആലാഹാ, കദ്ദീശാല ഐസാനാ, കദ്ദീശാല മാറോ മാറന്‍...'' എന്നൊക്കെ പാട്ടുകുര്‍ബാന എത്തിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്കും ഇടവകക്കാര്‍ക്കും എന്തൊരു തൃപ്തിയാണ് ഇതേകിയിരുന്നത്? അതു മലയാളത്തിലേക്ക് മുടിപ്പിച്ചു. സഭയ്‌ക്കൊന്നും സംഭവിച്ചില്ല. എത്രയോ ഭക്തജനം വര്‍ഷംതോറും പതിവായി ഗീവര്‍ഗീസ് പുണ്യാളന് കോഴി നേര്‍ന്നു? ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് അങ്ങേരെ കുതിരസഹിതം എടുത്ത് വളക്കുഴിയില്‍ എറിഞ്ഞില്ലെ? ആ കാട്ടായവും ജനം മിണ്ടാതെ സഹിച്ചു.
എന്റെയീ അപേക്ഷ പുതിയൊരു പതിവ് തുടങ്ങാനല്ല. തൊള്ളായിരത്തോളം ആണ്ടുകള്‍ മൂന്നേ, നൂറ്റാണ്ടുകളായി പ്രാബല്യത്തിലിരുന്ന നല്ലൊരു നടത്ത പുനഃസ്ഥാപിക്കാന്‍ മാത്രമാണ് ഞാന്‍ പറയുന്നത്. എതിര്‍ക്കാന്‍ ആള് കാണും, നാട്ടിലെ ചില അച്ചായന്മാരും ചേട്ടത്തികളും, വൈദികര്‍ അനുഭവിക്കുന്ന വ്യഥ മനസ്സിലാക്കാത്തവര്‍. അവരോടെനിക്ക് ഒന്നേ പറയാനുള്ളൂ. ഇവിടെയടുത്ത് ഏറ്റുമാനൂര്‍ സ്വദേശക്കാരന്‍ ഒരു സിനിമാ നടനുണ്ട് - എസ്.പി. പിള്ള. പഴയൊരു സിനിമയില്‍ എസ്.പി. മുഖത്ത് വേദന കടിച്ച് പിടിച്ച് ഇങ്ങനെയൊരു വാസ്തവം പറയുന്ന രംഗമുണ്ട്. 'ഒരു അരിയസ് രോഗിയുടെ പങ്കപ്പാട് ഒരു അരിയസ് രോഗിക്ക് മാത്രമേ മനസ്സിലാകത്തുള്ളൂ.'
ആ യൂറോപ്യന്‍ കഥയിലെ ചെക്കനെ പോലെ പ്രായോഗികമായ സത്യത്തെ തുറന്ന്, ധൈര്യമായി നേരിടണം, പിതാവെ. നേരിട്ട് ഇത് സമ്മതിക്കാന്‍ എല്ലാവര്‍ക്കും വൈക്ലബ്യം ഉണ്ടാകും. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങും മുന്നെ, ലോകത്തുള്ള ഭൂരിഭാഗം വൈദികരും ഏകദേശം ഇങ്ങനെയൊരു പ്രാര്‍ത്ഥന ചൊല്ലിയിട്ടാകും കിടക്കുന്നത്.
''പിതാവെ, ഞാന്‍ സുല്ലിട്ടു. ഈ പരീക്ഷയില്‍ നിന്നും എന്നെ രക്ഷിക്കണെ.''
പാതിരിമാര്‍ സ്ത്രീകളുമായി ബന്ധപ്പെടാതിരിക്കുന്നത് വളരെ നല്ല കാര്യമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ദൗര്‍ബല്യങ്ങളുള്ള മനുഷ്യശരീരം അനുവദിക്കുമോ? വിശുദ്ധ പൗലോസ്ശ്ലീഹാ കൊറിന്തിയക്കാര്‍ക്ക് എഴുതിയ ആദ്യ ലേഖനം, അധ്യായം ഏഴ്, ഒന്നും, രണ്ടും വാക്യങ്ങള്‍ ഞാനൊന്ന് ഉദ്ധരിച്ചോട്ടെ.
''സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷന് നല്ലത്. എന്നാല്‍ വ്യഭിചാരം ചെയ്യാന്‍ പ്രചോദനങ്ങള്‍ ഉണ്ടാകുമെന്നതുകൊണ്ട്, പുരുഷന് ഭാര്യയും, സ്ത്രീക്ക് ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.''
ഞാന്‍ ജീവിച്ചിരിക്കെയോ, എന്റെ കാലശേഷമോ, എപ്പോഴെങ്കിലും കാരുണ്യവാനായ കര്‍ത്താവിന്റെ പ്രതിനിധിയായ പിതാവ് ദയവായി നീറുന്ന ഈ ഹൃദയങ്ങളോട് കരുണയാകണം. വിവാഹം എല്ലാവരുടെയും മൗലികാവകാശം ആകുമാറാകണം. അങ്ങനെയൊരു നല്ല നാളെ, വൈദികര്‍ക്ക് വിവാഹം അനുവദിച്ചുകൊണ്ട്, മുക്തി വിധിച്ചുകൊണ്ട്, അങ്ങയുടെ ഇടയലേഖനം കുമരകം വള്ളാറ പള്ളിയില്‍ വായിക്കുന്ന അന്ന് രാത്രി ഒരുകാര്യം തീര്‍ച്ചയാണ്. പള്ളിപ്പറമ്പിലും പള്ളിത്തോടിന്റെ അക്കരെയുള്ള മഠത്തിന്റെ മുറ്റത്തും അതിരാത്രം മാലപ്പടക്കം പൊട്ടും.
മിശിഹായുടെ ഐക്യത്തില്‍
കാമിച്ചേരിലച്ചന്‍
(Written for Malayalam Pathram by ജയന്‍ കാമിച്ചേരില്‍ - Email: kumarakomkaran@yahoo.com - Republished in Bilathi Malayalee)
ee old mante bhasha ethra vazhalaanu!iyalkku nalla praayathil, sabhyamaaya bhaashayil pattakkaaranu vivaaham venamennu parayaan melaayirunno? annu methraane pithaave ennum vilichu,kaalu nakki nadannu.kuttykaleyum kannyasthreekaleyum pizhappichu? ippol purogamanam parayunnu! ugly old paathiri!iyaalodu sympathi alla arappaanu thonnuka!
ReplyDeleteകാമിചെരിലച്ചന്‍ ഒത്തിരി സത്യങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായാങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. രാജാവിന്‍റെ കഥയും രസം തന്നെ. കാണ്ടി സെമിനാരിയിലെ കടുക്കാ വെള്ളംകുടിയും പാക്കുതീറ്റിയുമൊക്കെ സരസമായി വര്‍ണ്ണിച്ചിട്ടുണ്ട്. പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കുകയെന്നുള്ളതും
ReplyDeleteകാലത്തിന്‍റെ ആവശ്യമാണ്.
എങ്കിലും ലൈംഗിക ചുവ കുറച്ചു കൂടിപോയില്ലെയെന്നു സംശയം. പലയിടത്തും ഞരമ്പ് രോഗികളുടെ പ്രയോഗവുമുണ്ട്. സ്ത്രീകളും വരുന്ന ഒരു പൊതുവേദിയല്ലേ ഇവിടം.? ഞാന്‍ പഠിക്കുന്ന കാലങ്ങളില്‍ ഇങ്ങനെയുള്ള
കൊച്ചുകഥകള്‍ തട്ടിവിടുമായിരുന്നു. ഇത്തരം കഥയിലെ കൊച്ചുകാര്യങ്ങള്‍ വിവാഹിതര്‍ക്ക് ഇന്ന് ദഹിക്കുകയില്ല. എന്‍റെ അഭിപ്രായത്തില്‍ ക്ഷമിക്കണം.
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
ReplyDeleteകൊള്ളാം, കുറച്ചു അറിയും.