Translate

Wednesday, January 28, 2015

ബ്രഹ്മചര്യം ഗാര്ഹസ്ഥ്യത്തിന്റെ നിരാകരണമാകുമ്പോൾ

സക്കറിയാസ് നെടുങ്കനാല്‍ 
ഒരു വ്യക്തിയുടെ നൈസർഗികമായ ആഗ്രഹങ്ങളെ കുടുംബത്തിന്റെയും മതത്തിന്റെയും 
സംസ്കാരത്തിന്റെയും ശാഠ്യങ്ങൾക്കടിമപ്പെടുത്തുന്നതിൽനിന്നാണോ പണ്ടൊക്കെ ദൈവവിളി എന്ന തിരഞ്ഞെടുപ്പ് നടന്നിരുന്നത് എന്നൊരാൾ സംശയിച്ചാൽ അത്ര തെറ്റെന്നു പറയാമോ? തികച്ചും ആത്മാന്വേഷണത്തിനും ദൈവശുശ്രൂഷക്കുമായി മാറ്റിവച്ച ജീവിതം മറ്റൊരു വഴിത്താരയിലേയ്ക്ക് തിരിച്ചുവിടേണ്ടിവരുന്നവരുടെ പുനരധിവാസമെന്ന ലക്ഷ്യത്തോടെ ഈ മാസം (ഫെബ്രുവരി, 2015) 28ന് KCRM എർണാകുളത്തു വിഭാവനം ചെയ്യുന്ന അഖിലേന്ത്യാ സംഗമം ദൈവവിളിയെപ്പറ്റിയും അതിന്റെ അപനിർമിതിയെപ്പറ്റിയും ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. മുമ്പത്തേക്കാൾ കൂടുതലായി വൈദികരും സന്യാസി-സന്യാസിനികളും തങ്ങൾ ഒരിക്കൽ സ്വമനസ്സാലെ സ്വീകരിക്കുകയും, പിന്നീട് ഏതാനും വർഷത്തെ പരീക്ഷണത്തിനു ശേഷം അത് തങ്ങൾ വിശ്വസിച്ചിരുന്ന അത്രയും ദൈവികമോ മാനുഷികമോ ആയിരുന്നില്ലെന്ന കണ്ടെത്തലിൽ ആകുലരാകുകയും ചെയ്യുന്ന പ്രതിസന്ധികളുടെ ഒരു ഒരു കാലമാണിത്. അങ്ങനെ, ആത്മവിശുദ്ധിക്കും പരസേവനത്തിനുമായി ഇറങ്ങിത്തിരിച്ചവരുടെ മനസ്സ് മാറാനുള്ള കാരണങ്ങൾ ഏതെല്ലാമെന്ന് അവരിൽ ചിലർതന്നെ തുറന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് നമുക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവരിലാരുംതന്നെ എല്ലാം പറയാൻ ശ്രമിക്കുകയോ അതിനു തക്കതായ ചുറ്റുപാടുകളിൽ എത്തുകയോ ചെയ്തിട്ടില്ലെന്ന് വേണം കരുതാൻ. അപക്വമായ ഒരു പ്രായത്തിൽ സന്യാസ- വൈദികാർഥികൾ ഏറ്റെടുക്കുന്ന വ്രതങ്ങളുടെ കാഠിന്യം കൂടുതൽ പക്വമായ പ്രായത്തിൽ താങ്ങാനാവാതെ വരുന്നതും, ബുദ്ധിഹീനരും സ്വാർത്ഥമതികളുമായ തീവ്ര കാർക്കശ്യക്കാരുടെ മനുഷ്യത്വമില്ലായ്മയും അധികാരതാണ്ഡവങ്ങളും ദൈവവിളിയെപ്പറ്റി പലർക്കും പുനർചിന്തനം നടത്താനിടയാക്കുന്ന കാരണങ്ങളിൽ പെടുത്താം. എന്നാൽ കപടബോധങ്ങളുടെ പ്രേരണയാൽ അവരും നമ്മളും വെളിപ്പെടുത്താനും നേരിടാനും മടിക്കുന്ന ചില സത്യങ്ങളും ഈ വിഷയത്തിൽ ഒളിഞ്ഞിരിപ്പില്ലേ എന്ന ചോദ്യം അസ്ഥാനത്തല്ല.

ആത്മാവ് നഷ്ടപ്പെട്ട ഒരു ചടങ്ങ് മാത്രമായി സ്വന്തം വീട്ടിൽ കണ്ടറിഞ്ഞ ദാമ്പത്യത്തിന്റെ വെല്ലുവിളികൾക്കു മുന്നിൽ തോറ്റുപോയ ജീവിതങ്ങളുടെ മുരടിപ്പുകളായിരുന്നില്ലേ ഒരു കാലത്ത് പല ദൈവവിളികളുടെയും സ്രോതസ്സ്? അങ്ങനെ വീടും നാടും വിട്ട് ഇറങ്ങി പുറപ്പെട്ടവരിൽ പലരും സത്യസന്ധമായ ആത്മനിരീക്ഷണത്തിലൂടെയും അഗാധമായ പഠനത്തിലൂടെയും തങ്ങളുടെ ശരീരം ക്ഷേത്രമാണെന്നും അതിൽ ദൈവികമായ ആനന്ദം കുടിയിരിക്കുന്നെന്നും കണ്ടെത്തുകയും ആ ആനന്ദം പ്രണയാനുഭവങ്ങളിലൂടെയേ സാക്ഷാത്ക്കരിക്കാനാവൂ എന്നുള്ള തിരിച്ചറിവ് നേടുകയും ചെയ്തപ്പോൾ തങ്ങളുടെ ദൈവവിളിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിട്ടുണ്ടാവണം. അതൊരു തെറ്റല്ലെന്നു മാത്രമല്ല, ശ്രേഷ്ഠതരമായ ആത്മാവബോധത്തിൽനിന്ന് ഉരുത്തിരിഞ്ഞ കരുത്തിന്റെ പ്രകടനവുമാകാം. ആ തിരിച്ചറിവ് അന്തേവാസികൾക്ക് ഉണ്ടാകാതെ സൂക്ഷിക്കാൻ സന്യാസാശ്രമങ്ങൾ എല്ലാ നടപടികളും ഇന്നും കൈക്കൊള്ളുന്നുവന്നതും ബാഹ്യലോകത്ത് കുടുംബവും സമൂഹവും അതിനു വളമിടുന്നുവെന്നതും ഒരു കപടസമൂഹത്തിന്റെ ഇരുവശങ്ങളെ വെളിപ്പെടുത്തുന്നു എന്ന് കരുതിയാൽ മതി. എന്നിട്ടും, ശരീരവും മനസ്സും പ്രണയിക്കുമ്പോഴാണ് യഥാർഥ ആദ്ധ്യാത്മികാനുഭവം ഉണ്ടാവുക എന്ന് മനസ്സിലാക്കാൻ ധാരാളം വൈദികർക്കും സന്യസ്തർക്കും സാധിക്കുന്നു, അതിനവർ സ്വന്തം വഴികൾ തേടുന്നു എന്നത് സുസ്ത്യർഹമാണ്. ആശ്രമ- വൈദിക ജീവിതത്തിലെ തീരെ അയവില്ലാത്ത നിയമങ്ങളിൽ കുരുങ്ങി ആത്മാവ് നുറുങ്ങിപ്പോയ ദയനീയാവസ്ഥയിൽനിന്നുള്ള മോചനം മോഹിച്ചുകഴിയുന്നവർ ഈ നാട്ടിൽ ഇനിയും ധാരാളമുണ്ടെന്നുതന്നെ വേണം അനുമാനിക്കാൻ. ഒരു വിമോചനപ്രസ്ഥാനവും വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ഒരു വിഷയമാണിത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളോളം എന്നല്ല, അതിൽ കൂടുതൽ പ്രാധാന്യം വ്യക്തികളുടെ വൈകാരികമായ വിഷയങ്ങൾക്ക് നല്കേണ്ടതുണ്ട് എന്നത് മഠങ്ങളുടെയും ആശ്രമങ്ങളുടെയും അകത്തളങ്ങളിൽ തിരിച്ചറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് അവിടങ്ങൾ അരാജകത്വത്തിന്റെയും മനോരോഗങ്ങളുടെയും വിളഭൂമിയായി മാറിയത് എന്ന സത്യം അപ്രതീക്ഷിതമായാണ് സമകാലിക സമൂഹത്തിനുമേൽ ഇടിത്തീയ് പോലെ വന്നുവീണത്‌. ഈ കണ്ടെത്തൽ ഇന്നത്തെ കേരളസമൂഹത്തെ സംബന്ധിച്ച് വിശേഷാൽ സാര്ഥകമാണ് എന്നത് സമീപകാലത്ത് ഇവിടെ ഏറിവരുന്ന ഭക്ത്യാഭാസങ്ങളും രത്യാഭാസങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. ജന്മവാസനകളെ ബലപ്രയോഗത്തിലൂടെ തടയുമ്പോഴാണ് അവ വൈകൃതവും രോഗഗ്രസ്തവുമാകുന്നത്. വൈദികരുടെയും സന്യസ്തരുടെയുമിടയിൽ മാത്രമല്ല, സാധാരണ ജനത്തിനുള്ളിലും ഇങ്ങനെയുണ്ടാകുന്ന മനോരോഗികൾ കുറവല്ല എന്നത് അനുദിനം വർദ്ധിച്ചുവരുന്ന ദാരുണ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. വ്യക്തിബന്ധങ്ങളിലെന്നപോലെ സാമൂഹിക പെരുമാറ്റത്തിലും കാപട്യം നിറഞ്ഞുകവിയുന്ന ഒരു സമൂഹമാണ് നമ്മുടേത്‌ എന്ന് ലജ്ജാപൂർവം ഏറ്റുപറയേണ്ടിവരുന്നു. അടുത്തകാലത്തെ ചുംബനസമരത്തിനെതിരേ പ്രകടമായ എതിർപ്പ് ഇതിനൊരുദാഹരണം മാത്രം.


സ്ത്രീ-പുരുഷ ബന്ധങ്ങളെപ്പറ്റി ആഴമായി ചിന്തിക്കുന്ന എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഒരാൾ സ്വന്തം ഇഷ്ടപ്രകാരം അകലം പാലിക്കുന്നതിനെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ശരീരങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം ഇനിയും പഠിച്ചിട്ടില്ല. ശരീരങ്ങൾ തമ്മിലുള്ള അകലം ഒരു മൂല്യവ്യവസ്ഥയായി മാറ്റിയെടുത്ത സംസ്കാരങ്ങൾ തടഞ്ഞു നിർത്തിയത് മനുഷ്യന്റെ നൈസർഗികമായ ജീവിതതത്ത്വങ്ങളെയാണ്. ഏറ്റവും ഗാഢവും ആസ്വാദ്യവുമായ വിനിമയ മാർഗങ്ങളിലൊന്നായി സ്പർശത്തെ തിരിച്ചറിയാൻ നമ്മുടെ നവോഥാന- പുരോഗമന- വിപ്ലവ പ്രസ്ഥാനങ്ങൾക്കൊന്നിനും കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു ശരീരമുണ്ടെന്നു തിരിച്ചറിയാതെ 'ജീവിച്ചുപോകുന്ന' ഒരു സാധാരണ സ്ത്രീയുടെയുള്ളിൽ പോലും മറ്റൊരു ശരീരത്തിന്റെ സാമീപ്യത്തിനും സ്പർശത്തിനും സാന്ത്വനത്തിനും വേണ്ടിയുള്ള അടങ്ങാത്ത മോഹമുണ്ടാകാം. ബോധമനസ്സ് തിരിച്ചറിയാത്തതിനെ പലതരം അസഹിഷ്ണുതകളായി അബോധമനസ്സ് പുറത്തേയ്ക്ക് കൊണ്ടുവരും." 

എഴുപതുകളിൽ മുംബൈയിലെ ചർച്ഗെയ്റ്റിലുള്ള സെന്റ്‌ സേവ്യേഴ്സ് കോളേജിൽ വച്ച് പരിചയപ്പെട്ട ഒരു വൈദികൻ സംസാരത്തിനിടെ പലപ്പോഴും സൂചിപ്പിക്കുമായിരുന്ന ഒരു കാര്യം ഇപ്പോഴും ഓർക്കുന്നു. 'വൈദികനായിരിക്കുക ഞാൻ സസന്തോഷം സ്വീകരിച്ച അവസ്ഥയാണ്. എന്നാൽ ഒരു സ്ത്രീക്ക് മാത്രം സ്വീകരിക്കാനാവുന്ന അളവറ്റ സ്നേഹവാത്സല്യങ്ങൾ എന്നിൽ നിറഞ്ഞുകവിയുന്നത് ഈ ജീവിതരീതിയിലുള്ള എന്റെ എല്ലാ സന്തോഷത്തേയും കെടുത്തിക്കളയുന്നു. എന്റെ ദൈവവിളിപോലെതന്നെ ഇതും ദൈവദത്തമാണെന്ന വിശ്വാസം എന്നെ രണ്ടായി പിളർത്തുന്നു'. അദ്ദേഹം വൈദികവൃത്തിയിൽ ഏറെനാൾ തുടർന്നുവെന്നു കരുതാൻ എനിക്കാവുന്നില്ല. ബ്രഹ്മചര്യം ഒരു വിധേയത്വത്തിന്റെ ഭാഗമായി അനുഭവപ്പെടുമ്പോൾ അത് അസഹനീയമായി തോന്നും. മനുഷ്യന്റെ മാനസ്സിക ദാഹങ്ങൾ ഭക്ത്യാചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് ശാന്തമാക്കപ്പെടുന്നവയല്ല. അവ ലൈംഗികം മാത്രമായിരിക്കണമെന്നില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള അടുപ്പം, ആശയവിനിമയങ്ങൾ, സ്പർശം, സാന്ത്വനം തുടങ്ങിയവക്കെല്ലാം ലൈംഗികമാത്രമായ അർഥങ്ങളല്ല ഉള്ളത്. ചിലപ്പോൾ അവ ലൈംഗികവും ആയേക്കാം എന്നുമാത്രം. ആ പരിഗണനയുടെ ശക്തിമൂലം മഠങ്ങളിലും സെമിനാരികളിലും ഏതു വിധ പ്രത്യേക സൗഹൃദവും (particular friendship) മുമ്പൊക്കെ കർശനമായി നിഷിദ്ധമായിരുന്നു.ഇപ്പോഴത്തെ കാര്യം അറിയില്ല. എല്ലാ വ്യക്തിപരബന്ധങ്ങളും അശുദ്ധിയിലേയ്ക്ക് നയിക്കുമെന്നത് ഒരു വികലചിന്തയാണ്.

എത്ര പരമ്പരാഗതമെന്നഭിമാനിച്ചാലും ശരീരത്തെയും അതിന്റെ സ്വകാര്യാവശ്യങ്ങളെയും മറന്നുപോകുന്ന ഒരു പ്രസ്ഥാനത്തിനും ആരോഗ്യപ്രദവും കെട്ടുറപ്പുളളതുമായ ഒരു സാമൂഹികാവസ്ഥയെ നിർമിക്കാനാവില്ല. നീണ്ടുപോകുന്തോറും അതിൽ പുഴുക്കുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കും. പൌരോഹിത്യാവസ്ഥയും ഇന്നത്തെ രീതിയിലുള്ള സന്യാസ സമൂഹങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ മതസംവിധാനങ്ങൾ പോലും അടിമുടി പൊളിച്ച്ചുപണിയേണ്ടിവരും. നിലവിലുള്ള യാന്ത്രികമായ കുടുംബബന്ധങ്ങളും വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ സ്നേഹാധിഷ്ഠിതവും ശരീരാധിഷ്ഠിതവുമായ അവബോധം അവയെ പുന:സൃഷ്ടിക്കേണ്ടതുണ്ട്. മനുഷ്യസ്വഭാവത്തെ കൂടുതൽ സമാധാനപൂർണമാക്കാനും സംതൃപ്തമാക്കാനും സ്ത്രീപുരുഷ പ്രണയത്തെ ഒരാവശ്യമായിക്കാണുന്ന ഗാർഹസ്ഥ്യമെന്ന ഒരു ജീവിതഘട്ടം ഭൂരിഭാഗം മനുഷ്യർക്കും അനിവാര്യമാണ്. അതിലൂടെ ശാരീരികാടുപ്പത്തിനും ബന്ധങ്ങൾക്കും അവയുടെ അർഹമായ അംഗീകാരം ലഭിക്കുന്ന ഒരു സാമൂഹികക്രമം വികസിച്ചുവരേണ്ടതുണ്ട്. 

ഒരു പുരുഷന്റെ സ്നേഹസ്പർശത്തിനുവേണ്ടി ഇരുപതു വർഷത്തോളം താൻ കാത്തിരിക്കുകയായിരുന്നുവെന്ന് വാൻഗോഗിനെ സമീപിച്ചു് തളർന്നുവീണ മാർഗോ എന്ന സ്ത്രീ ഭ്രാന്തമായി വിലപിച്ചു. വിറയ്ക്കുന്ന ചുണ്ടുകളുമായി ഒരു ചുംബനത്തിനായി അവൾ യാചിച്ചു. വാൻഗോഗിന്റെ നിഷേധം അവളെ ആത്മഹത്യയിലേയ്ക്ക് നയിച്ചു. ശരീരത്തെ കപടവസ്ത്രങ്ങളിൽ പൊതിഞ്ഞു ശ്വാസംമുട്ടിക്കാതെ, ആത്മാവിന്റെ നഗ്നതയെ ഭയക്കാതെ, പരസ്പരം പൂർത്തീകരിക്കാൻമാത്രം ആത്മപ്രകാശമുള്ള മനുഷ്യർ ഉണ്ടാവട്ടെ. ആവൃതിക്കുള്ളിൽ അത് സാദ്ധ്യമാകാതെ വരുമ്പോൾ, അതിനു പുറത്തു കടക്കുക എന്നത് മാത്രമാണ് അഭികാമ്യമായിട്ടുള്ളത്‌. ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ഥ്യത്തിന്റെ മുന്നോടി മാത്രമാണ്, അതിന്റെ നിരാകരണമല്ല.

7 comments:

  1. നൈസർഗ്ഗികമായി അവകാശപ്പെട്ടതൊക്കെ സ്വേച്ഛയാൽ നിരാകരിക്കുന്പോൾ മാത്രമാണ് അതൊരു സവിശേഷ മൂല്യമാവുന്നത്. അങ്ങനെ നോക്കിയാൽ, സഭയുടെ നിർബന്ധിത ബ്രഹ്മചര്യം ഒരു ധവളപീഡനം മാത്രം.

    ReplyDelete
  2. "ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ത്യത്തിന്റെ മുന്നോടി മാത്രമാണ്, അതിന്റെ നിരാകരണമല്ല." എന്ന ഒറ്റ വാക്കിലൂടെ സക്കറിയാചായന്‍ നമ്മോടു പറയാതെപറയുന്നത് "ഭാരതദര്‍ശനമാണ് സത്യമായ ജീവിതദര്‍ശനം" എന്നാണു! ബാല്യം കൌമാരം യവ്വനം വാര്‍ധിക്യം എന്ന നാല് ഘട്ടങ്ങളായി ആയുസിനെ തിരിച്ചറിഞ്ഞും, അതില്‍ വിദ്യാഭ്യാസകാലത്തേക്ക് ബ്രഹ്മചര്യവും, വാര്‍ധിക്കത്തില്‍ സന്യാസവും വനവാസവും ഭാരതീയ രാജാക്കന്മാര്‍പോലും പാലിച്ചിരുന്നു , എന്ന് നാം മനസിലാക്കണം ! 'ബ്രഹ്മചര്യം' എന്നാല്‍ 'ബ്രഹ്മത്തെ അറിയുക' എന്ന് മനസിലാക്കണം; "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉപനിഷത്തുവാക്യം കൂടി ചേര്‍ത്തൊന്നു വായിച്ചാല്‍ സംഗതി ഏതു കാളയെത്തിന്നിക്കും പിടികിട്ടും!

    "അവന്‍ ഏകനായിരിക്കുന്നത് നന്നല്ല " എന്ന ദൈവവിചാരത്തെ കാറിത്തുപ്പിയ , 'സെക്സ്' എന്ന വിശപ്പ് ബാധിച്ച ഏതു ജീവിക്കും ഇവിടെ ജീവനം ദുഷ്ക്കരമാകും സംശയമില്ല ! പോപ്പന്മാര്‍ പോലും ഇഷ്ടം പോലെ വിവാഹംകഴിച്ച്ജീവിച്ചിരുന്നതല്ലേ നമ്മുടെ ചരിത്രം ? ദാവീദിനെയും സോളമനേയും കടത്തിവെട്ടിയ പോപ്പന്മാര് നമുകുണ്ടായിരുന്നില്ലേ ? പത്രോസിനും ഒരമ്മാവിയമ്മ "പനിപിടിക്കാന്‍" ഉണ്ടായിരുന്നല്ലോ! ? പീന്നെന്തിനു ഈ മണ്ടന്മാരായ നമ്മുടെ പുതിയ മതനേതാക്കള്‍ ദൈവവേലക്കായി(സഭാവേലക്കായി) സന്യാസം പാവം ജീവിയില്‍ അടിച്ചേല്പ്പിച്ചു ? "സന്യാസം" "വാനപ്രസ്ഥം" എന്തുകൊണ്ട് ഭദ്രാസനംഗളില്‍ സുഖിച്ചിരിക്കുന്ന മെത്രാന്ജീവികള്‍ ഇവരുടെ നടുവൊടിഞ്ഞ വാര്ധിക്കത്തിലും സ്വീകരിക്കുന്നില്ല ? അധികാരക്കസേരയില്‍ ഇരുന്നു തന്നെ കാലനെ കാണണമെന്ന ദുര്വാസി ഭാരതീയ ജീവിതദര്ശനം ഇവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ലേ? ഇവര്‍ മോശയുടെ (ഇന്നിവര്ക്കു ആവശ്യമില്ലാത്ത ) "വടി" കളഞ്ഞിട്ടു ഭഗവത്ഗീതയും ഉപനിഷത്തുകളും കര്‍ത്താവിനെപ്പോലെ നല്ലോണ്ണം കൈവശമാക്കട്ടെ, മനസിലാക്കട്ടെ ! മനുഷ്യന് ഒരിക്കലും ഒരാവശ്യവും ഇല്ലാത്ത വെറും മരാമാത്തുകളാണ് "പുരോഹിതന്‍" എന്നീ ജനം എന്ന് മനസിലാക്കുമോ ആവോ?!

    ReplyDelete
  3. james kottoor comments:
    Four are the natural and therefore divinely ordained states of life for humans according to Indian culture
    and spirituality, namely, Brahmacharia, Gruhasta, Vanaprasta and Sannyasa (Celibate student life, Family Life,
    Giving up all worldly life and Final embrace of the divine). No one should bring compulsion to alter this development
    in humans.. Each one may be left to experiment with one's life, prolonging or shortening one's celibate or family life
    but compulsion should have no place in humans born free.

    ReplyDelete
  4. ജോസഫ് മറ്റപ്പള്ളി എഴുതുന്നു: ഞാനാദ്യം അത്മായാശബ്ദത്തിലേക്ക് തിരിഞ്ഞത് ഇതുപോലെ പ്രൌഢമായ ലേഖനങ്ങള്‍ വായിക്കാനാണ്. പഠനം ഒരിക്കലും തീരുന്നില്ലല്ലോ. ബ്രഹ്മചര്യം എന്നത് നമുക്കിപ്പോള്‍ ഒരു പ്രഖ്യാപിക്കല്‍ എന്നതിനപ്പുറത്തെക്ക് പോയിട്ടില്ല. പൌലോസ് സ്ലീഹാ പറഞ്ഞതുപോലെ ബ്രഹ്മചര്യ അഗ്നിയില്‍ ജ്വലിക്കുന്നതിലും നല്ലത് അതില്ലാതിരിക്കുന്നതാണ്. ബ്രഹ്മചര്യം പ്രഖ്യാപിച്ചത് കൊണ്ട് തിരിച്ചറിവിലെക്കുള്ള പാതയില്‍ ആരും ഒരടി പോലും മുന്നോട്ടു പോവുന്നില്ല (അതാണ്‌ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും). ബ്രഹ്മചര്യം വഴി ലാഭിക്കുന്ന ഊര്‍ജ്ജം എങ്ങിനെ ആ യാത്രയില്‍ ഉപകരിക്കുമെന്ന് കാണാന്‍ ഓഷോയുടെ ഗ്രന്ഥങ്ങള്‍ വായിക്കുക. ബ്രഹ്മചര്യം എന്താണെന്ന് സ്വാമി ശിവാനന്ദയും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ അനുഭവിക്കുന്നത്, നാം തന്നെ ബ്രഹ്മചര്യത്തിന് കൊടുത്തിരിക്കുന്ന നിര്‍വ്വചനങ്ങളുടെ തടവറയാണ്. ഒന്ന് കൂടി പറയട്ടെ, ബ്രഹ്മചര്യം ഉപേക്ഷിക്കുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ ദിവ്യാനുഭവം. തിരിച്ചറിവിലേക്കുള്ള പാതയില്‍ സൂഷ്മതലത്തില്‍ നടക്കുന്ന സമാഗമങ്ങളുടെ അനുഭൂതി ഒരിക്കല്‍ നുകര്‍ന്നവന് ഭൌതിക ബ്രഹ്മചര്യം വെറും ഒരു സംഭവിക്കലാണ്, അല്ലാതെ സംഭവിപ്പിക്കലല്ല. നാം വിശ്വസിക്കുന്ന ബ്രഹ്മചര്യമാവട്ടെ ഒരു മഹായുദ്ധത്തിന്‍റെ അവസാനം മാത്രം ലഭിച്ചേക്കാവുന്നതാണ്. ഗ്രഹസ്ഥം ജീവചക്രത്തിലെ ഒരു അനിവാര്യ കണ്ണിയാണ്. സാക്ക്‌ മുഴുവന്‍ മനസ്സ് തുറന്നിട്ടില്ല.

    ReplyDelete
  5. എൻറെ സുഹൃത്ത് ജൊസഫ് മറ്റപ്പള്ളി, പണ്ട് DC പറയുമായിരുന്നതുപോലെ 'എന്നെ വെറുതേ വിടരുത്' എന്ന് പറഞ്ഞുകൊണ്ടിരിക്കും. ആരെങ്കിലും വല്ലതും എഴുതിയാൽ 'അവനെ വെറുതേ വിടരുത്' എന്ന് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ആ പറയുന്നതിൽ സദുദ്ദേശ്യം എന്ന സത്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 'സാക് മനസ്സ് മുഴുവൻ തുറന്നാൽ' സദാചാര പൊലീസ് എന്നെ തേടി വരും. അല്പം തുറന്നാൽ ഇങ്ങനെ പോകും:

    ഉദാ. ഗാർഹസ്ഥ്യം എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും ഗൗരവമല്ലാത്ത ചില്ലറ കാര്യങ്ങളാണ്; വീട് മോഡി പിടിപ്പിക്കുന്നതോ ആസ്തികൾ കൂട്ടിവയ്ക്കുന്നതോ മക്കളുടെ കാര്യത്തിൽ ഇടപെടുന്നതോ ഒന്നുമല്ല. അത് രാവും പകലുമെന്നില്ലാതെ രണ്ടുപേർ തമ്മിലുള്ള പ്രണയമാണ്. പ്രണയം എപ്പോഴും കഴമ്പില്ലാത്ത ചില്ലറക്കാര്യങ്ങളിൽ പ്രകാശിക്കുന്ന ഒരു കിരണമാണ്‌; അന്യോന്യം ചുറ്റുവട്ടത്ത്‌ ഉണ്ടായിരിക്കുന്നതാണ്; എത്ര ഗൗരവമായ പണിയിലായിരുന്നാലും ഇടയ്ക്കിടയ്ക്ക് ഓരോ ഉമ്മ കൈമാറിക്കൊണ്ടിരിക്കുന്നതാണ്. അല്ലെങ്കിൽ ദിവസത്തിൽ പലതവണ ഓർക്കാപ്പുറത്ത് ഒന്ന് കൊടുത്തിരിക്കണം, ഉദാ. വേറെന്തോ ഓർത്തുകൊണ്ടിരിക്കുന്നയാളിന്റെ പിൻകഴുത്തിൽ. കളങ്കമറ്റ പ്രണയം ശാശ്വതമായിരിക്കും - അത് യൌവനകാലത്തെ തീക്ഷ്ണതയോടെ പ്രായത്തിന്റെ കടമ്പകളെ ശക്തമായി അവഗണിച്ചുകൊണ്ടിരിക്കും. ഇവിടുത്തെപ്പോലെ കപട സദാചാരികൾ വീക്ഷിക്കാനില്ലാത്തിടത്ത് ഞങ്ങൾക്ക് ഉമ്മവയ്ക്കാൻ വഴിയെന്നോ പാർക്കെന്നൊ ഷോപ്പിംഗ്‌ മോൾ എന്നോ ചിന്തയുണ്ടായിരുന്നില്ല. അവൾക്കല്ല, വട്ട് എനിക്ക് തന്നെയാണ്. പക്ഷേ അവൾക്ക് എതിർപ്പില്ല. ഒരിക്കൽ ഒരു സൂപർ മാർക്കറ്റിൽ ധൃതിപിടിച്ച് സാധനങ്ങൾ പെറുക്കുന്നതിനിടെ, എനിക്കിഷ്ടപ്പെട്ട എന്തോ അവൾ പറഞ്ഞു. ഞാൻ പരിസരം മറന്ന് അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ! ചുറ്റും നിന്ന വെള്ളക്കാർ സന്തോഷിച്ചു - ഇങ്ങനെയും ഉണ്ടോ ഇഷ്ടം എന്നോർത്തുകാണും, തീർച്ച. എന്റെ സ്നേഹം സാർവത്രികമാകുമ്പോൾ അവളെങ്ങനെ പിണങ്ങും. എന്നാലും ഇഷ്ടം മൂക്കുമ്പോൾ ഞങ്ങൾ പിണങ്ങിക്കഴിയും, കൊച്ചുങ്ങളെപ്പോലെ. കാരണം, പ്രണയം നിതാന്തശൈശവത്തിന്റേതാണ്. എന്നെപ്പോലുള്ളവർക്ക് ഗാർഹസ്ഥ്യമല്ലാതെ മറ്റൊരു ദൈവവിളിയും സഹിക്കാനാവില്ല.

    Tel. 9961544169 / 04822271922

    ReplyDelete
  6. സെലിബസി (celibacy) യെന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തവനെന്നാണ്. 'ബ്രഹ്മചരിയെന്ന്' സ്പുരിക്കുന്നില്ല. ബ്രഹ്മചര്യമെന്നാൽ മനസിലാക്കേണ്ടത് സർവ്വതും ദൈവത്തിനായി അർപ്പിച്ചുകൊണ്ടുള്ള വഴിയേ സഞ്ചരിക്കുന്നവനെന്നാണ്. ബ്രഹ്മചര്യത്തിൽ ചിന്തനീയമായ അനേകമനേക വസ്തുതകളും കാര്യകാരണങ്ങളും വിവരിക്കാൻ സാധിക്കും. സെലിബസിയിൽ ബ്രഹ്മം ഉണ്ടാകണമെന്നില്ല.

    മനസിന് ധാരാളം വ്യായാമം കൊടുത്താണ് ഒരാൾ ബ്രഹ്മചാരിയാകുന്നത്. യോഗയും അതിന്റെ ഭാഗമാണ്. അതിൽ വേദങ്ങളും സൂത്രങ്ങളും നീതിയും ധർമ്മവും കരുണയുമെല്ലാമുണ്ട്. ' ബ്രഹ്മാ' യെന്നാൽ പരമാത്മാവാണ്'. പരമാത്മാവിലേക്കുള്ള വഴിയെ സഞ്ചരിക്കുന്നവനെ 'ബ്രഹ്മചാരി' എന്ന് വിളിക്കാം. അവിവാഹിതനെന്നർത്ഥമുള്ള 'സെലിബസി'യെന്ന വാക്കിൽ ആത്മീയതയില്ല.

    അവിദ്യ നേടിയ, ബ്രഹ്മത്തെപ്പറ്റിയറിയാൻ പാടില്ലാത്ത അജ്ഞാനികളായ ക്രിസ്ത്യൻ പുരോഹിതരെ ബ്രഹ്മചരികളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. എന്നിട്ടും വേദ മന്ത്രങ്ങൾ ഹൃദ്യസ്തമാക്കിയിരുന്ന വിവേകാനന്ദൻ, ഗാന്ധിജിയുൾപ്പടെയുള്ളവരെ ഇവർ ഒരിക്കൽ അജ്ഞാനികളെന്നു വിളിച്ചിരുന്നു. മുനിവര്യനു തുല്യമായി ജീവിച്ച ഗാന്ധിജിയെ അന്തിക്രിസ്തുവെന്നും പറഞ്ഞ് പരിഹസിച്ചു. ഇത്തരക്കാരിൽ ദൈവത്തിങ്കലേക്കുള്ള വഴിയെവിടെ?ബ്രഹ്മചര്യമെവിടെ?

    ബ്രഹ്മനിലേക്കുള്ള അന്വേഷണത്തിൽ ഒരുവന് സ്വാർത്ഥയോ വ്യക്തിപരമായ താല്പര്യമോ പാടില്ല. സ്വന്തമായ ഒരു അജണ്ടയും അവർക്കു മുമ്പിലില്ല. സർവ്വതും ത്യാജിച്ച് പരിത്യാഗിയായി ആത്മീയവഴിയേ മാത്രം സഞ്ചരിക്കുന്നവനായിരിക്കണം. മനസില്ലാ മനസോടെ ആ വഴി തെരഞ്ഞെടുക്കുന്നുവെങ്കിൽ സ്വയം പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയത്തിൽ ആത്മീയ വെളിച്ചമുള്ളവൻ ആ വഴി സ്വയം തെരഞ്ഞെടുക്കുന്നുവെങ്കിൽ അത്യന്തകമായ ആനന്ദാനുഭൂതി അവനിൽ അനുഭവപ്പെടും. മാനസികമായ ഒരു ഉല്ലാസയാത്രയുടെ തുടക്കവും കാണാം. കാമം, ക്രോധമടങ്ങിയ വികാരങ്ങളുടെ ഭൌതിക അടിമത്വത്തിൽ നിന്നും ബ്രഹ്മചരിയാവുന്നവൻ മോചനവും നേടുന്നു.

    ബ്രഹ്മചര്യത്തിൽ പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിക്കണം. അവിവാഹിത ജീവിതം ആത്മീയതയിൽ കൂടുതൽ ഉണർവുണ്ടാക്കാം. സപ്ത നാഡികളേയും പരിശുദ്ധമാക്കിക്കൊണ്ട് ഒരു ബ്രഹ്മചാരി അനുഷ്ടാനങ്ങൾ തുടരണം. ബ്രഹ്മചര്യത്തിൽ അമിത ഭക്ഷണം കഴിക്കുന്നവരോ നിയന്ത്രണമില്ലാതെ ഉറങ്ങുന്നവരോ അതിരു കവിഞ്ഞ് സംസാരിക്കുന്നവരോ ഉണ്ടാവില്ല, ലൈംഗിക വികാരങ്ങളെയും നിയന്ത്രിച്ച് ലളിതമായ ജീവിതം നയിക്കുന്നവരായിരിക്കണം. മനസിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഊർജത്തെ പുറത്തു കൊണ്ടുവരാൻ പ്രായോഗികമായ പരിശീലനവും നേടണം. ആത്മീയ സമാധാനവും ചിന്താശക്തിയും ബ്രഹ്മചാരി സ്വപ്രയത്നം കൊണ്ട് നെയ്തെടുക്കുകയാണ്. സ്വയം ആന്തരികശക്തി സമാഹരിച്ച്, ഊർജത്തെ ക്രമീകരികൊണ്ട് ബ്രഹ്മചാരിയായവൻ ലൈംഗിക മോഹങ്ങളെയും വർജിക്കുന്നു. ഒരു തുള്ളി ലൈംഗിക ബീജം ഉത്പ്പാദിപ്പിക്കാൻ നാൽപ്പതു തുള്ളി രക്തം ആവശ്യമുണ്ടെന്നും പറയുന്നു. ബ്രഹ്മചാരിയായ ഒരു യോഗി കഠിനമായ പ്രയത്നം കൊണ്ട് രക്തവും പവിത്രമാക്കുന്നു.

    അവിവാഹിതരായി ജീവിക്കുന്ന കത്തോലിക്കാ പുരോഹിതർ ഭൂരിഭാഗം പേരും ലൈംഗിക പുസ്തകങ്ങൾ വായിച്ചും ബ്ലൂ ഫിലിം കണ്ടും വേശ്യാലയങ്ങളിൽ സഞ്ചരിച്ചും ശക്തി ക്ഷയിച്ചവരാണ്. അവരിൽ ഊർജം നശിച്ചതുകൊണ്ട് ബ്രഹ്മ ചാര്യം കാക്കാൻ സാധിക്കില്ല. അത്തരക്കാർക്ക് ബ്രഹ്മചര്യം എന്തെന്ന് കേട്ടാൽ മനസിലാവില്ല.

    ബ്രഹ്മചര്യം കാക്കുന്ന ഒരാളിന്റെ തേജസ് അയാളുടെ മുഖത്തും പ്രസരിച്ചു കാണാൻ സാധിക്കും. ലൈംഗിക വികാരങ്ങളിൽ ആവേശനാകുക, സർവ്വതിനോടും വെറുപ്പ്, നിയന്ത്രിക്കാൻ പാടില്ലാത്ത ദ്വേഷ്യം, എന്നീ ലക്ഷണങ്ങൾ പുരോഹിതരിൽ കാണുന്നുണ്ടെങ്കിൽ അയാൾ കുപ്പായം ധരിച്ച കള്ള ബ്രഹ്മചാരിയെന്നു കരുതണം. മനസും ശരീരവും ബ്രഹ്മചര്യത്തിൽ ലയിക്കാത്തവർ പണത്തോടും ആർത്തി കാണിക്കും.

    എന്റെ ചെറുപ്പ കാലങ്ങളിലുണ്ടായിരുന്ന നല്ല പുരോഹിതരെയും ഒർമ്മയിലുണ്ട്. കൊവേന്തക്കാരായ ഔറേലിയൂസ് അച്ചൻ, വില്ലിമച്ചൻ എന്നിവർ ലളിതമായി ജീവിച്ചിരുന്ന ബ്രഹ്മചാരികളായിരുന്നു..അവരുടെ മഹനീയ സ്ഥാനങ്ങൾ ഇന്ന് ഇറച്ചി വെട്ടുകാരുടെയും കാശാപ്പുകാരുടെയും മക്കൾ കവർന്നെടുത്തു. മൃഗീയചിന്താഗതികളുള്ള ക്രൂര മനസുകൾ അത്തരക്കാർ പുരോഹിതരിൽ നിറഞ്ഞിരിക്കുന്നതും കാണാം. . അത്തരം സാഹചര്യങ്ങളിൽ വളർന്നവർക്ക് പ്രകൃതിയോടോ പരീസ്ഥിതിയോടോ ബഹുമാനം കാണില്ല. പുരാണത്തിലെ തപോവനങ്ങളെയും കേട്ടിട്ടില്ല. ആടുമാടുകളും പന്നി, കോഴിയിറച്ചിയും തിന്ന് അമിത വീഞ്ഞും കുടിച്ചു നടക്കുന്നവൻ ബ്രഹ്മചരിയാകുന്നതെങ്ങനെ? ബ്രഹ്മത്തിനു പകരം പുരോഹിത വ്രതമെന്നാൽ ശാത്തൻ സേവയെന്നായി മാറി കഴിഞ്ഞു.

    യേശു പറഞ്ഞു, " നിങ്ങൾ കാമ വികാരങ്ങളോടെ അപര സ്ത്രീകളെ നോക്കുന്നുവെങ്കിൽ ഹൃദയത്തിൽ വ്യപിചാരം ചെയ്തു കഴിഞ്ഞിരിക്കുന്നു." ആർഷ സനാതന ഭാരതം ഋഷിമാർ വസിച്ചിരുന്ന ബ്രഹ്മചര്യത്തിന്റെ ദീപം പ്രകാശിപ്പിച്ചിരുന്ന ഒരു ലോകമായിരുന്നതിലും നാം അഭിമാനിക്കണം.

    ReplyDelete
  7. "എന്നെപ്പോലുള്ളവർക്ക് ഗാർഹസ്ഥ്യമല്ലാതെ മറ്റൊരു ദൈവവിളിയും സഹിക്കാനാവില്ല."എന്ന സക്കരിയാചായന്റെ പച്ചയായ പ്രസ്താവന ഒരു കവിതപോലെ സുന്ദരമാണ്! എന്ടപ്പച്ചനും ഇതുപോലെ ചിന്തിച്ചതുകൊണ്ടാണ്‌ ഞാനിവിടെ ഇപ്പോള്‍ ഇരുന്നു ഇത് കുറിക്കുന്നതും !"ജീവനുള്ളവ ഒക്കെയുംയഹോവയെ സ്തുതിക്കുന്നു" എന്ന ദാവീദിന്റെ കണ്ടെത്തലുപോലെ , "ജീവനുള്ളതൊക്കെയും ഇണയെ പ്രാപിക്കുന്നു" ! "ഭൂമിഅതിനാല്‍ അനുഗ്രഹിക്കപ്പെടുന്നു ഓരോ സംഗമത്തിലും" !
    "വ്യഭിചാരം നിത്യത്തൊഴിലാക്കിയ പാവം കത്തനാരെ "ബ്രഹ്മചാരീ" എന്ന് വിളിച്ചു അച്ചായന്മാരെ നിങ്ങള്‍ ആക്ഷേപിക്കരെതെ....: ,

    ReplyDelete