Translate

Wednesday, December 28, 2011

കടമറ്റത്തു കത്തനാരുടെ സമകാലികര്‍

ഇന്നും ജീവിക്കുന്നു കടമറ്റത്തു കത്തനാരുടെ സമകാലികര്‍

ജയിംസ് ഐസക്, കുടമാളൂര്‍

കെട്ടുകഥകള്‍ കേള്‍ക്കാനും പറയാനും ആവേശമുള്ളവരാണു കേരളീയര്‍. പഴയകാല കടമറ്റം കഥകളും വണക്കമാസം കഥകളും കേരളീയരില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇന്നും യക്ഷിക്കഥകള്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

കര്‍മ്മലീത്താ സന്യാസിമാര്‍ കേരളസഭയില്‍ വലിയ മേധാവിത്വം വഹിച്ചിരുന്ന കാലത്താണു മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാന്‍ വണക്കമാസ കഥകള്‍ രചിക്കപ്പെട്ടത്. കര്‍മ്മല മാതാവിന്റെ ഉത്തരീയം ധരിച്ചുകൊണ്ടു യുദ്ധം ചെയ്ത പടയാളികളുടെ നെഞ്ചില്‍ പതിച്ച വെടിയുണ്ട ഉത്തരീയത്തില്‍തട്ടി ലക്ഷ്യം തെറ്റിയ കഥ ഉപമയായി നമ്മുടെ പൂര്‍വികര്‍ കേട്ടു. മാന്നാനത്തു ചെന്നു അവര്‍ വെന്തിങ്ങാ വാങ്ങി പ്രചരിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം വണക്കമാസ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഉണ്ടായപ്പോള്‍ അത്തരം കഥകള്‍ അപ്രത്യക്ഷമായി. പ്രൊട്ടസ്റ്റന്റ്കാരുടെ പ്രവര്‍ത്തനവും വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രചരണവുമൊക്കെ ചില നല്ല മാറ്റങ്ങള്‍ക്കു കാരണമായി ഭവിച്ചു.

ഓരോ കെട്ടുകഥയ്ക്കും ചില നിക്ഷിപ്ത താല്‍പര്യമുണ്ട്. കടമറ്റത്തു കത്തനാരുടെ മാന്ത്രികവിദ്യകള്‍ കേരള ക്രൈസ്തവ സമൂഹത്തിന്റെ പഴയകാല ചിന്താധാരകള്‍ എപ്രകാരമായിരുന്നു എന്നു സൂചിപ്പിക്കുന്നു. പുരോഹിതര്‍ സമൂഹത്തില്‍ വലിയ ആദരവുകള്‍ നേടി പൂജിതരായി പരിഗണിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ പറഞ്ഞു പരത്തിയ കഥകളായിരുന്നില്ലേ അവ? പേര്‍ഷ്യന്‍ കല്‍ദായ സുറിയാനി ഭാഷയില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ വലിയ സിദ്ധിയുള്ള മന്ത്രോച്ചാരണമായി ജനങ്ങള്‍ കരുതി. അര്‍ത്ഥം അറിയിക്കാതെ ചൊല്ലുന്നവയെല്ലാം മന്ത്രങ്ങളായിരിക്കും. പാവപ്പെട്ട ജനങ്ങള്‍ക്കു പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളല്ല മന്ത്രങ്ങള്‍ വഴി ലഭിക്കുന്ന അത്ഭുതങ്ങളാണു കൂടുതല്‍ സ്വീകാര്യം. ഇന്നും ഈ ചിന്താഗതി മാറിയിട്ടില്ല. വലിയ വചന പ്രഘോഷണകേന്ദ്രങ്ങളില്‍ പോവുക, കൂടാതെ എണ്ണയും വെള്ളവും ഉപ്പും വെഞ്ചരിച്ചു നല്‍കുന്ന പുരോഹിതരെ കാണാന്‍ പോകുന്നതും ഇവിടെ സാധാരണ കാഴ്ചയാണ്.

കടമറ്റത്തു കത്തനാരുടെ മാന്ത്രിക കഥകള്‍ ഒരു കാലത്ത് ഏറെ വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥമായിരുന്നു. ചില കഥകള്‍ വളരെ രസകരമാണ്. ഭീകര യക്ഷികളെ കത്തനാര്‍ നിഷ്പ്രയാസം മയക്കി പനയില്‍ പ്രതിഷ്ഠിച്ചിരുന്നു. പ്രസിദ്ധരായ നമ്പൂതിരി മാന്ത്രികരെ ലജ്ജിപ്പിക്കുംവിധം സുറിയാനിയില്‍ മന്ത്രം ചൊല്ലി ജാലവിദ്യകള്‍ കാണിച്ചു. ഒരിക്കല്‍ കത്തനാര്‍ യാത്രാ മധ്യേ ഒരു പുഴ കടക്കാന്‍ വന്നു. കടവില്‍ കുളിച്ചുകൊണ്ടുനിന്നിരുന്ന ചില യുവതികള്‍ ഒരു ക്രൈസ്തവ പുരോഹിതനാണെന്നറിഞ്ഞിട്ടും വേണ്ടത്ര ആദരിച്ചില്ല. കത്തനാര്‍ അല്‍പനേരം മാറി നിന്നശേഷം 'നിങ്ങള്‍ കുളി തുടരുക' എന്നു പറഞ്ഞിട്ടു തിരിച്ചു നടന്നു. പെണ്ണുങ്ങള്‍ കുളി തുടര്‍ന്നു. സന്ധ്യയായിട്ടും അവര്‍ക്കു കുളിച്ചു കയറാന്‍ സാധിച്ചില്ല. അവരുടെ വീട്ടുകാര്‍ വന്നു നിര്‍ബന്ധിച്ചിട്ടും കുളി തുടര്‍ന്നു. അപ്പോഴാണു പ്രസിദ്ധനായ കത്തനാര്‍ അതു വഴി വന്നിരുന്നുവെന്നും സ്ത്രീകള്‍ അവഹേളിച്ചുവെന്നും അറിഞ്ഞത്. ഒടുവില്‍ ബന്ധുജനങ്ങള്‍ ഓടിയെത്തി കത്തനാരോടു ക്ഷമ യാചിച്ചശേഷമാണു യുവതികള്‍ കരയ്ക്കു കയറിയത്.

മറ്റൊരവസരത്തില്‍ കത്തനാരെ ആക്ഷേപിക്കാന്‍ ഏതാനും അന്യമതസ്ഥരായ ബാലന്മാര്‍ അടുത്തുകൂടി. തങ്ങള്‍ക്കും കുര്‍ബാന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. കത്തനാര്‍ ഒരു പൊതി അവര്‍ക്കു നല്‍കി. ബാലന്മാര്‍ തുറന്നു നോക്കിയപ്പോള്‍ അതു ഭസ്മം ആയിരുന്നു. ഭസ്മം മുകളിലേക്ക് എറിഞ്ഞു. പക്ഷേ അവരുടെ ദേഹത്തു വീണ ധൂളികള്‍ ഭയങ്കരമായ ചൊറിച്ചിലും നീറ്റലും ഉളവാക്കി. ഒടുവില്‍ കത്തനാരുടെ പക്കല്‍ ചെന്നു മാപ്പപേക്ഷിച്ചപ്പോഴാണു ശാപമോക്ഷം ലഭിച്ചത്.

മറ്റൊരു കഥ കൂടുതല്‍ രസാവഹമാണ്. യാത്രക്കിടയില്‍ ഒരു രാത്രിയില്‍ കിടക്കാന്‍ ഒരു ചെറുഭവനത്തില്‍ കത്തനാര്‍ എത്തി. ആ വീട്ടില്‍ ആകെ ഒരു കട്ടില്‍ മാത്രമാണുണ്ടായിരുന്നത്. അച്ചനു കിടക്കാന്‍ ആ കട്ടില്‍ കൊടുക്കാന്‍ ഗൃഹനാഥന്‍ ഒരുക്കമായിരുന്നു. പക്ഷേ അഹങ്കാരിയായ ഗൃഹനാഥ അച്ചനു കട്ടില്‍ കൊടുത്തില്ല. പുറം തിണ്ണയില്‍ പായ വിരിച്ചു അച്ചന്‍ കിടന്നു. പക്ഷേ രാത്രിയില്‍ കട്ടിലില്‍ കിടന്ന വീട്ടുകാരി കട്ടിലില്‍ നിന്നും എടുത്തെറിയപ്പെട്ടു. കട്ടില്‍ അന്തരീക്ഷത്തില്‍ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ അപരാധം പൊറുക്കണേ എന്നു നിലവിളിച്ചപ്പോള്‍ എല്ലാം ശാന്തമായി. ബ്രാഹ്മണ മേധാവിത്വം നിലനിര്‍ത്തുവാന്‍ പുരോഹിതവര്‍ഗ്ഗം ഹൈന്ദവസമൂഹത്തില്‍ ചെയ്തിരുന്ന പലതും ക്രൈസ്തവ സമൂഹത്തിലെ പുരോഹിതരും ചെയ്തിരുന്നു എന്നാണു മേല്‍പറഞ്ഞ കഥകള്‍ സൂചിപ്പിക്കുന്നത്. പുരോഹിതരും അവരെ പിന്‍താങ്ങിയിരുന്നവരും ഇതുപോലെ പല കഥകളും പ്രചരിപ്പിച്ചു. അതിരംപുഴയില്‍ ഇപ്പോള്‍ ഒരു വൈദികന്റെ കബറിടത്തില്‍ നടക്കുന്നതായി പറയപ്പെടുന്ന അത്ഭുത കഥകള്‍ക്കും ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലേ?

വലിയ അത്ഭുതസിദ്ധികള്‍ ഉണ്ടെന്നു ആരാധകവൃന്ദം പറഞ്ഞിരുന്ന ഒരു വൈദികന്‍ എന്റെ ഇടവകയില്‍ ഉണ്ടായിരുന്നു. വികാരിയായി ചാര്‍ജെടുത്ത നാള്‍ മുതല്‍ ചിലര്‍ കഥകള്‍ പറഞ്ഞു തുടങ്ങി.

ഒരു സന്ധ്യക്ക് പള്ളിപറമ്പിലെ ഒരു പ്ലാവില്‍നിന്നു ചക്കയിട്ടു തോളില്‍വച്ചുകൊണ്ടു വൃദ്ധനായ കള്ളന്‍ പള്ളിക്കു ചുറ്റും നടക്കുന്നു. മോഷ്ടിച്ചു കൊണ്ടുപോകാന്‍ ഒരുമ്പെട്ടയാള്‍ക്കു പുറത്തേക്കുള്ള വഴി ഏതാണെന്നറിയാതെ പലവട്ടം പള്ളിക്കു ചുറ്റും നടക്കേണ്ടിവന്നു. പള്ളിമേടയില്‍ നിന്നു ഈ കാഴ്ചകണ്ട് അച്ചന്‍ കള്ളനെ വിളിച്ചു. ചക്ക മാതാവിന്റെ നടയില്‍ വച്ചു സ്ഥലം വിടാന്‍ അച്ചന്‍ നിര്‍ദ്ദേശിച്ചു. പാവം കള്ളന്‍ തെറ്റ് ഏറ്റു പറഞ്ഞു ചക്ക നിലത്തു വച്ചു രക്ഷപെട്ടു.

ഈ കഥ ഉണ്ടാക്കിയവര്‍ ക്രിസ്തുവിന്റെ കരുണയും സ്‌നേഹവും മനസ്സിലാക്കിയിരുന്നെങ്കില്‍ മറ്റൊരു നല്ല കഥക്കു രൂപം നല്‍കുമായിരുന്നു. അച്ചന്‍ കള്ളനെ സ്‌നേഹപൂര്‍വം വിളിച്ചിട്ടു വീട്ടില്‍ പട്ടിണിയാണല്ലെ, ചക്ക കൊണ്ടുപോയി മക്കള്‍ക്കു നല്‍കുക എന്നുപദേശിച്ച ഒരു നല്ല വൈദികനായി ചിത്രീകരിച്ചിരുന്നെങ്കില്‍ 'ഞാന്‍ ബലിയല്ല കരുണയാണ് ആഗ്രഹിക്കുന്നത്' എന്ന ക്രിസ്തു വചനത്തിന്റെ ചിത്രീകരണമാകുമായിരുന്നു. കള്ളക്കഥ മെനയുന്നവര്‍ക്കു സദ്ഭാവന ഉണ്ടാകുകയില്ല. എന്തുചെയ്യാം. പാവങ്ങളെ ഭീഷണിപ്പെടുത്തുന്ന കര്‍ക്കശ സ്വഭാവക്കാരായി ക്രിസ്തീയ പുരോഹിതരെ അവതരിപ്പിക്കാനാണു ചിലര്‍ക്കു താല്പര്യം. പുരോഹിതരും സംഭാഷണത്തിലും പ്രവര്‍ത്തികളിലും കടമറ്റം സ്റ്റൈല്‍ അവലംബിക്കാനാണു താല്‍പര്യം കാട്ടുന്നത്.

ചില ഇടവക വൈദികരുടെ കാരുണ്യരഹിതമായ പെരുമാറ്റം മൂലം ഇടവകാംഗങ്ങള്‍ പെന്തക്കോസ്തു സഭകളിലേക്കു മാറുന്നുവെന്നു ചൂണ്ടിക്കാണിച്ചത് പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ സെമിനാരി പ്രൊഫസര്‍ ഡോ.തോമസ് വള്ളിയാനിപ്പുറമാണ്. സഭയെ സ്‌നേഹിക്കുന്നവര്‍ ഈ പ്രഖ്യാപനം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു.

ശ്രദ്ധേയമായ ചരിത്ര വിവാദം

ഫാ. അടപ്പൂരും ഡോ. ഡി.ബഞ്ചമിനും കേരളത്തിലെ പാശ്ചാത്യ മിഷനറിമാരുടെ സേവനത്തെ വിലയിരുത്തിക്കൊണ്ടു എഴുതിയതു തികച്ചും ശ്രദ്ധേയമായി. രണ്ടു പണ്ഡിതന്മാരുടെയും വീക്ഷണങ്ങളിലുള്ള വ്യത്യാസം വളരെ പ്രകടമാണ്. ക്രിസ്തു സന്ദേശം വ്യാപകമാക്കാന്‍ ഇറങ്ങിപുറപ്പെട്ട പാശ്ചാത്യ മിഷനറിമാരുടെ ലക്ഷ്യം നന്നായിരുന്നു. ആദ്യ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റവയായിരുന്നെങ്കിലും പിന്നീടു നീതി രഹിതമായ ധനമോഹത്തിനു വശംവദരായി എന്നതല്ലേ സത്യം? കത്തോലിക്കാ ലോകത്തില്‍ വി. ഫ്രാന്‍സീസ് സേവ്യര്‍, വി. ജോണ്‍ ബ്രിട്ടോ, ഫാ. ഡാമിയന്‍, മദര്‍ തെരേസാ തുടങ്ങിയവരെപ്പോലെ ക്രിസ്തുവിനുവേണ്ടി ജീവിച്ച വിശിഷ്ടരായ മിഷനറിമാര്‍ പ്രോട്ടസ്റ്റന്റ് ഗ്രൂപ്പിലും ഉണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നു നാം കാണുന്ന ക്രിസ്തീയ സ്ഥാപനങ്ങളും സഭാ പ്രവര്‍ത്തനങ്ങളും ക്രിസ്തു വീക്ഷണത്തിനു യോജിച്ചതല്ല എന്നു പറയേണ്ടിവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴവാങ്ങി അധ്യാപക നിയമനം നടത്തുന്നതു ന്യൂനപക്ഷാവകാശത്തിന്റെ ഭാഗമെന്നു വാദിക്കുന്ന സന്യാസസഭാ മേധാവികളും രൂപതാദ്ധ്യക്ഷന്മാരും ഇവിടെയുണ്ട്. സഭാ വ്യത്യാസമെന്യെ എല്ലാവരും അദ്ധ്യാപക നിയമനത്തിനു കോഴ വാങ്ങുന്നതില്‍ തല്‍പരരാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്ഥാപിക്കുവാന്‍ മടിക്കുന്നില്ല. കോളേജില്‍ അദ്ധ്യാപികയാകാന്‍ പൂര്‍ണയോഗ്യത നേടിയ എന്റെ മകള്‍ ജോലിക്കപേക്ഷിച്ചത് ആദ്യം സി.എം,ഐ സന്യാസസഭയുടെ കോളേജിലേക്ക്. അപേക്ഷ പലവട്ടം പരിശോധിച്ചശേഷം പ്രിന്‍സിപ്പല്‍ വാങ്ങി ഫയല്‍ ചെയ്തു. യോഗ്യതയെല്ലാം ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉപദേശിച്ചു. പ്രിയോറിനെ ചെന്നു കണ്ട് എത്ര ലക്ഷം കൊടുക്കുമെന്നുകൂടി അറിയിച്ചില്ലെങ്കില്‍ ഇന്റര്‍വ്യൂവിനുപോലും വിളിക്കുകയില്ല എന്ന്. അതു തന്നെ സംഭവിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ കോളജില്‍ നിന്നു മാനേജര്‍ ഫോണില്‍ അറിയിച്ചു എത്ര ലക്ഷം സംഭാവന തരുമെന്ന് അറിയിക്കണമെന്ന്. ഇതെന്താ ലേലം വിളിയാണോ എന്നു മറുചോദ്യവും അറിയിച്ചു. പിന്നീട് ഒന്നും സംഭവിച്ചില്ല.

മറ്റു സഭാ വിഭാഗങ്ങളും അധാര്‍മ്മിക ധനസമാഹരണത്തിനു മടിക്കുന്നില്ല എന്നതു ഡോ. ബഞ്ചമിനും സൂചിപ്പിക്കുന്നുണ്ട്. സി.എസ്.ഐ. സഭയുടെ കോളേജിലേക്ക് മകള്‍ അപേക്ഷിച്ചു. ആരും പണം ചോദിച്ചില്ല. ഇന്റര്‍വ്യൂവില്‍ സംബന്ധിക്കുവാന്‍ അന്നു ബോംബെയില്‍ ആയിരുന്ന മകള്‍ ഫ്‌ളൈറ്റില്‍ വന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമായിരുന്ന യൂണിവേഴ്‌സിറ്റി പ്രതിനിധിയും സി.എസ്.ഐ. സഭാംഗവുമായ പ്രമുഖ വ്യക്തി വരാതിരുന്നതിനാല്‍ ഇന്റര്‍വ്യൂ നടന്നില്ല. വീണ്ടും രണ്ടുപ്രാവശ്യം ഇതാവര്‍ത്തിച്ചു. അടുത്ത വിളിക്ക് പ്രതികരിച്ചില്ല. മാനേജ്‌മെന്റ് നേരത്തെ കരാര്‍ ഉറപ്പിച്ചിരുന്ന വ്യക്തി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ചങ്ങനാശ്ശേരി രൂപതയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച പുതിയ എന്‍ജിനിയറിംഗ് കോളേജില്‍ അപേക്ഷിച്ചു. ഇന്റര്‍വ്യൂവില്‍ ഏറ്റവും ഉയര്‍ന്ന റാങ്കു ലഭിച്ചു. പക്ഷേ നാലു ലക്ഷം സംഭാവന നല്‍കിയാല്‍ നിയമന ഉത്തരവു നല്‍കാമെന്നു മാനേജരായ വൈദികന്‍ അറിയിച്ചു. അതുവേണ്ട എന്നു തീരുമാനിക്കുകയാണു ചെയ്തത്. എന്തായാലും ഒരു സംഭാവനയും നല്‍കാതെ കേന്ദ്ര ഗവണ്‍മെന്റിന്റെ സ്ഥാപനത്തില്‍ ജോലി കിട്ടി. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു നീതിബോധമില്ല എന്ന് അനുഭവം തെളിയിക്കുന്നു.

കോട്ടയത്തെ വലിയ ക്രിസ്ത്യന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ തങ്ങള്‍ അനുഭവിക്കുന്ന അനീതിയെക്കുറിച്ച് അറിയിച്ചു. മാസം 3000 രൂപ മാത്രം ശമ്പളം ലഭിക്കുന്ന ഈ കൂട്ടര്‍ 15 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യണം. ആശുപത്രി കാന്റീനില്‍ ഡോക്ടര്‍മാര്‍ക്കു കുറഞ്ഞ നിരക്കില്‍ ആഹാരം ലഭിക്കുമ്പോള്‍ നഴ്‌സുമാര്‍ മുഴുവന്‍ റേറ്റും നല്‍കണം. രോഗം വന്നാല്‍ വടവാതൂര്‍ ഇ.എസ്. ഐ. ആശുപത്രിയില്‍ ചെന്നു ചികിത്സ തേടണം. പരിസര ശുദ്ധീകരണം നടത്തുന്ന തൊഴിലാളികള്‍ ദിവസം 400 രൂപ വാങ്ങുമ്പോള്‍ ഈ നേഴ്‌സുമാര്‍ കേവലം 100 രൂപക്കു ജോലി ചെയ്യുന്നു. ബാങ്കില്‍ നിന്നു പലിശക്കു കടമെടുത്തു പഠിച്ച ഇവരുടെ കുടുംബം പട്ടിണിയിലാണ്. വിദേശ ജോലി പ്രതീക്ഷിച്ചാണ് നഴ്‌സിംഗിനു പഠിച്ചത്.

മുംബൈയിലും കല്‍ക്കട്ടയിലും നഴ്‌സുമാര്‍ സമരംചെയ്തു അവകാശങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇവരെ സംഘടിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ സഭാവിരോധികള്‍ എന്നു മുദ്രകുത്താന്‍ പുരോഹിതവൃന്ദം മടിക്കുകയില്ല. വിശുദ്ധ ഗ്രന്ഥം ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന വലിയവന്‍ പ്രഖ്യാപിക്കും : ''അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങളെ ഞാന്‍ അറിയുന്നില്ല!.''

മാതാവിന്റെ കഴുത്തില്‍ സ്വര്‍ണമാലയും കുരിശും!

കുടമാളൂര്‍ ദേവാലയത്തില്‍ വണങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ മനോഹര ചിത്രത്തിനു ചില സവിശേഷതകളുണ്ട്. മാതാവിന്റെ കൈകളില്‍ നില്‍ക്കുന്ന ദിവ്യ ശിശു. വലതുഭാഗത്തു വി. പൗലോസും ഇടതുഭാഗത്തു വി. പത്രോസും. പത്രോസിന്റെ ഒരു കൈയില്‍ സ്വര്‍ഗത്തിന്റെ താക്കോല്‍. മറു കരത്തില്‍ വിശുദ്ധ ഗ്രന്ഥം. പൗലോസിന്റെ ഒരു കരത്തില്‍ വാളും മറുകരത്തില്‍ വിശുദ്ധഗ്രന്ഥവും. അപ്പോസ്തലന്മാര്‍ രണ്ടുപേരും വാര്‍ദ്ധക്യത്തിലായതിനാലും ദിവ്യശിശു ശൈശവത്തിലായതിനാലും ചിത്രം ഭാവനാ സൃഷ്ടിയാണെന്നു പറയാം. മാതാവിന്റെ തലയില്‍ കിരീടവും ചുറ്റും നക്ഷത്രങ്ങളും വേഷവിധാനവും മനോഹരവും ആഡംബരപൂര്‍ണ്ണവും തന്നെ.

ഒരു വലിയ സവിശേഷത ഇതാണ്. മാതാവിന്റെ കഴുത്തില്‍ മൂന്നു മടക്കില്‍ ഒരു സ്വര്‍ണമാലയും മാലയുടെ അഗ്രത്തില്‍ ഒരു ചെറിയ കുരിശും. (ക്രൂശിതനില്ലാത്ത കുരിശാണ്. ഭാഗ്യം!)

ഉണ്ണിയെ കൈകളില്‍ വഹിച്ച മാതാവിനു യഹൂദ പാരമ്പര്യവുമായി ഒരു ബന്ധവുമില്ലാത്തവിധം സ്വര്‍ണ്ണമാലയും കുരിശും അലങ്കാരമായി നല്‍ കിയ ചിത്രകാരനെ അഭിനന്ദിക്കാമോ? പെരിയ മലയിലെ കുരിശിന്റെ പുഷ്പ ദളങ്ങള്‍ കണ്ട് ഉത്ഥാനത്തിന്റെ മഹത്വവും ഇരുവശങ്ങളിലെ കരിങ്കല്‍ തൂണുകളില്‍ വാലുപൊക്കി നില്‍ക്കുന്ന സിംഹവ്യാളികളെ സ്വര്‍ഗത്തിലെ വിശിഷ്ട ജീവികള്‍ എന്നു വിശദീകരിച്ച ലിറ്റര്‍ജി പണ്ഡിതന്മാര്‍ക്കു മാതാവിന്റെ കഴുത്തിലെ സ്വര്‍ണ്ണമാലയും കുരിശും പ്രതീക വ്യാഖ്യാനത്തിനുള്ള വിഷയമാകും. ഭാരതവല്‍ക്കരിക്കപ്പെട്ട മാതാവെന്നും പറയാം.

എന്തായാലും ജോസ്‌കോ, ആലപ്പാട്ട്, ആലുക്കാസ് തുടങ്ങിയ കത്തോലിക്കരായ ആഭരണ വ്യവസായികളുടെ ദൃഷ്ടിയില്‍പെട്ടാല്‍ കുടമാളൂര്‍ മുത്തിയമ്മയെ മോഡല്‍ ആക്കുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

No comments:

Post a Comment