Translate

Monday, December 5, 2011

ക്രിസ്തീയ സേവനവും കച്ചവടവും


ക്രിസ്തീയ സേവനവും കച്ചവടവും

ഡോ. ഡി. ബഞ്ചമിന്‍

ക്രിസ്തീയമായ സാമൂഹികസേവനം വിശ്വാസത്തിന്റെ ദൃശ്യവും മൂര്‍ത്തവുമായ ആവിഷ്‌കാരമാണ്. യേശുക്രിസ്തുവിന് വഴിയൊരുക്കാനെത്തിയ സ്‌നാപകയോഹന്നാന്റെ ശക്തമായ പ്രബോധനങ്ങളും ക്രിസ്തുവിന്റെ ഉപദേശങ്ങളും ദൈവരാജ്യത്തെയും ന്യായവിധിയേയും കുറിച്ചുള്ള ദര്‍ശനവും ഈ സേവനത്തെ അനിവാര്യമാക്കുന്നു. അത് പ്രതിഫലമൊന്നും ആവശ്യപ്പെടുന്നില്ല. നിരുപാധികമായ ദൈവകൃപയുടെ മാനുഷികമായ വിനിമയമായാണ് അതിനെ കാണേണ്ടത്. ഈ സേവനങ്ങളെ സാമ്പത്തിക ലാഭവുമായി ബന്ധിപ്പിക്കുന്നിടത്തുവച്ച് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നു. അങ്ങനെ സംഭവിച്ചപ്പോഴാണ് യേശുക്രിസ്തു ജറൂശലേം ദേവാലയത്തെ 'കള്ളന്മാരുടെ ഗുഹ' എന്നു വിശേഷിപ്പിച്ചത്. പൗരോഹിത്യത്തെ താക്കീത് ചെയ്തത്.

ക്രൈസ്തവ സഭയുടെ യഥാര്‍ഥ സേവനമാതൃകയാണ് കേരളത്തില്‍ മിഷണറിമാരുടെ കാലത്ത് പിന്തുടര്‍ന്നിരുന്നത്. ജാതിമതഭേദമെന്യേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുക. അടിമകള്‍ക്കും അധഃസ്ഥിതര്‍ക്കുംവേണ്ടി അവരുടെ കുടിയിടങ്ങളില്‍തന്നെ വിദ്യാലയങ്ങള്‍ തുറക്കുക. അവരുടെ വിമോചനത്തിനുള്ള നിയമനിര്‍മ്മാണത്തിന് ഗവണ്‍മെന്റിനെ നിര്‍ബന്ധിക്കുക. വൈദ്യശുശ്രൂഷ അപ്രാപ്യമായ ഗ്രാമപ്രദേശങ്ങളില്‍ ആതുരശാലകള്‍ സ്ഥാപിക്കുക. അധഃസ്ഥിതരുടെ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള കലാപങ്ങള്‍ക്കു പിന്‍ബലം നല്‍കുക. ഇതൊക്കെയാണ് അവര്‍ ചെയ്തത്.

എല്ലാ സൗകര്യങ്ങളുമുള്ള ബലിഷ്ഠമായ കെട്ടിടങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അന്യൂനമായ പാഠ്യപദ്ധതികളും അവര്‍ മുന്നോട്ടുവച്ചില്ല. മിഷണറി മാരും അവരുടെ ഭാര്യമാരും അവരുടെ സ്‌ക്കൂളില്‍ പഠിച്ച് യോഗ്യത കൈ വരിച്ചവരും അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. നന്നേ തുച്ഛമായ പ്രതിഫലമാണ് അവര്‍ക്കു ലഭിച്ചിരുന്നത്. പലപ്പോഴും ഞായറാഴ്ചകളില്‍ ആരാധന നടത്തിയിരുന്ന ദേവാലയങ്ങള്‍ മറ്റു ദിവസങ്ങളില്‍ പാഠശാലകളായി മാറി.

ആതുരശുശ്രൂഷയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഗ്രാമീണരെ നിരന്തരം പീഡിപ്പിച്ചിരുന്ന രോഗങ്ങള്‍ക്ക് കാര്യമായ ഫീസീടാക്കാതെ ശുശ്രൂഷയും പരിചരണവും നല്‍കാനാണ് അവര്‍ ശ്രമിച്ചത്. പ്രശസ്തനായ ഡോ. സോമര്‍വെല്‍ സാമാന്യ വിദ്യാഭ്യാസം ലഭിച്ച ചെറുപ്പക്കാര്‍ക്ക് വൈദ്യപരിശീലനം നല്‍കി നഗ്നപാദ ഡോക്ടര്‍മാരായി ഗ്രാമാന്തരങ്ങളിലേയ്ക്കയിച്ചിരുന്നതും ഇവിടെ ഓര്‍ക്കാം. പില്‍ക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഗവണ്‍മെന്റ് കാര്യമായി ഇടപെടാന്‍ തുടങ്ങുകയും പാഠ്യപദ്ധതിയെ സംബന്ധിച്ചും അദ്ധ്യാപകരുടെ അക്കാദമിക യോഗ്യതയെക്കുറിച്ചും കൃത്യമായ വ്യവസ്ഥകളുണ്ടാക്കുകയും ചെയ്തപ്പോള്‍ മിഷണറിമാര്‍ അവരുടെ സ്‌ക്കൂളുകളില്‍ ചിലത് അടച്ചുപൂട്ടുകയും പലതും ഗവണ്‍മെന്റിന് വിട്ടു കൊടുക്കുകയും ചെയ്തു. സാദ്ധ്യമായവ മാത്രം സ്വന്തമായി നിലനിര്‍ത്തി. ഈ സേവനം നടത്തിയത് പ്രധാനമായും മൂന്ന് പ്രോട്ടസ്റ്റന്റ് മിഷണറി സമൂഹങ്ങളായിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ലണ്ടന്‍ മിഷണറി സൊസൈറ്റിയും മദ്ധ്യകേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മലബാറില്‍ ബാസല്‍മിഷനും. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മലബാറിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും പാഠപുസ്തകരചനയിലും നേരിട്ട് ഇടപെട്ടിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

ഇക്കാലത്തൊന്നും കത്തോലിക്കാസഭ മിഷണറി മനോഭാവത്തോടെ സേവനരംഗത്തുണ്ടായിരുന്നില്ല. ചില സെമിനാരികളിലും അച്ചടിശാലകളിലുമായി അവരുടെ പ്രവര്‍ത്തനമൊതുങ്ങി നിന്നു. ധാരാളം പണം മുടക്കി പരമാവധി സൗകര്യങ്ങളോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി. പണം കൊയ്യുക എന്ന സങ്കല്പത്തോടെയാണ് അവര്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് കാലുകുത്തിയത്. ആതുരശുശ്രൂഷയുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു സമീപനം. ഉന്നതനിലവാരമുള്ള സ്‌ക്കൂളുകളും കോളേജുകളും ആശുപത്രികളുമൊക്കെ പടുത്തുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞതും അതുകൊണ്ടുതന്നെ. അതിനുള്ള മൂലധനം ഉപഭോക്താക്കളില്‍നിന്നുതന്നെ സംഭാവനയായും ഫീസായും അവര്‍ പിരിച്ചെടുക്കുകയും ചെയ്തു. ഏതുരംഗത്തും പ്രയോഗിക്കാവുന്ന ബിസിനസ് തന്ത്രമാണ് ഇവിടെയും ഫലപ്രദമായി പ്രയോഗിച്ചത്. ഇതിനെ ഏതര്‍ത്ഥത്തിലാണ് ക്രൈസ്തവമായ സേവനം എന്നു വിശേഷിപ്പിക്കുന്നത്?  ടാറ്റായും ബിര്‍ളായും ജോസ്‌കോയും ചെയ്യുന്ന മനുഷ്യസേവനവും ഇതും തമ്മില്‍ എവിടെയാണ് വ്യത്യസ്തമാകുന്നത്?

ഒരുഘട്ടം കഴിഞ്ഞപ്പോള്‍ - മിഷണറി യുഗത്തിനുശേഷം പ്രൊട്ടസ്റ്റന്റ് സഭകളും കത്തോലിക്കാ സഭയുടെ സേവനമാതൃക പിന്തുടരാന്‍ തുടങ്ങി. കേരളത്തിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. എന്നാല്‍, ജനാധിപത്യഭരണക്രമമുള്ള പ്രൊട്ടസ്റ്റന്റ് സഭയ്ക്ക് സകലതും ജനപ്രതിനിധികളെ ബോദ്ധ്യപ്പെടുത്തണമെന്നതുകൊണ്ടും പൗരോഹിത്യത്തെ അവര്‍ സംഘടിതമായി ചോദ്യം ചെയ്യും എന്നതുകൊണ്ടും ഭരണപരമായ 'അസാമര്‍ത്ഥ്യം' കൊണ്ടും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ക്രൈസ്തവരുടെ സേവനം ഒരു ഭൂതകാല യാഥാര്‍ത്ഥ്യമോ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയോ ആണ്. അതിന് വര്‍ത്തമാനകാലത്ത് അടിവേരുകളില്ല. സ്ഥലമില്ലാത്തതുകൊണ്ട് ശവം അടുക്കളയില്‍ കുഴിച്ചിടേണ്ടി വരുന്നതും എച്ച്.ഐ.വി. പോസിറ്റീവായ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാതെ പോകുന്നതും ആദിവാസികുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നതും ക്രൈസ്തവമായ സേവന മേഖല നിശ്ചലമായിരിക്കുന്നു എന്നതിന്റെ സൂചനകളാണ്. അനാഥമാകുന്ന വാര്‍ദ്ധക്യങ്ങളെയും ബാല്യങ്ങളെയും ഇന്ന് ഏറ്റെടുക്കുന്നത് മതേതരമായ എന്‍.ജി.ഒ.മാരാണ്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ സ്ഥാപനങ്ങളനുവദിക്കുന്നതിനെ-ക്കുറിച്ച് ചിന്തിച്ചപ്പോള്‍ത്തന്നെ പകുതി സീറ്റ് ഗവണ്‍മെന്റിന് എന്ന ആശയം മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി ഉന്നയിച്ചിരുന്നു. സ്വാശ്രയ സങ്കല്പത്തിന് മാനുഷികമായ മുഖം നല്‍കുന്നതും അതിനെ നീതിവത്കരിക്കുന്നതും ആ വ്യവസ്ഥയായിരുന്നു. പക്ഷേ, പ്രായോഗിക തലത്തില്‍ അത് പരിപൂര്‍ണ്ണമായും അട്ടിമറിക്കുകയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയ്തത്.

എല്ലാ സീറ്റുകളും സ്വന്തമാക്കുന്നതിലൂടെ സ്വന്തം സമൂഹത്തിലെ സമ്പന്നരുടെ താത്പര്യം സംരക്ഷിക്കുകയാണ് അവര്‍ചെയ്തത്. തങ്ങളുടെ മനുഷ്യത്വമില്ലായ്മയും കച്ചവടമനോഭാവവും ന്യൂനപക്ഷാവകാശത്തിന്റെ മുഖംമൂടികൊണ്ട് മറച്ചുവെക്കാനാണ് പൗരോഹിത്യം ശ്രമിക്കുന്നത്. ക്രൈസ്തവസഭ ധാര്‍മ്മികതയുടെയും ഉത്തരവാദിത്വത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഭാഷവെടിഞ്ഞ് എപ്പോഴും നിയമത്തിന്റെ ഭാഷ സംസാരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? മെത്രാന്മാര്‍ വളരെ വളരെ വിശ്വാസസ്ഥൈര്യത്തോടെ ഇത് ചെയ്യുമ്പോള്‍, സഭയിലെ വിദ്യാഭ്യാസവും വിവേകവുമുള്ള വിശ്വാസികള്‍ അതിന്റെ പരിഹാസ്യത തിരിച്ചറിയുന്നു.

ഭൂരിപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ന്യൂനപക്ഷത്തിനും ലഭിക്കുന്നു എന്നത് നീതിപൂര്‍വകമായ ഒരു വ്യവസ്ഥയാണ്. ന്യൂനപക്ഷത്തിന്റെ മതപരവും വിശ്വാസപരവുമായ ജീവിതത്തിന് സുരക്ഷ നല്‍കുന്നു എന്നത് അഭിനന്ദനീയമായ നന്മയാണ്. എന്നിട്ടും അവര്‍ മതേതര പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ 'കൂടുതല്‍ തുല്യത' അവകാശപ്പെടുന്നത് ശുദ്ധ മര്യാദകേടാണ്.

ന്യൂനപക്ഷാവകാശം പുനര്‍നിര്‍വചിക്കപ്പെടുകയും പൗരാവകാശത്തെ സംബന്ധിച്ച ഏകീകൃതമായ നിയമം പാസ്സാക്കുകയും ചെയ്യാതെ ഇത്തരം അത്യാര്‍ത്തികള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയില്ല. എല്‍.ഡി.എഫ്. നയപരമായിത്തന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെയാണ്. ഇക്കാര്യം മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയും തുറന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു കാരണവുമതാണ്. ചര്‍ച്ച നടക്കുമ്പോള്‍ത്തന്നെ, പോഷകസംഘടനകളെ കൊണ്ട് കൗണ്‍സിലിനെ നേരിടാനും അവര്‍ ശ്രമിച്ചു. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. യു.ഡി.എഫ്.മന്ത്രിസഭ നയപരമായി സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരല്ല. ക്രൈസ്തവസഭയോടും ന്യൂനപക്ഷത്തോടും അനുഭാവമുള്ളവരും ഒരളവോളം കടപ്പാട് കാണിക്കുന്നവരുമാണ്. അവര്‍ നടത്തിയ ചര്‍ച്ചകളും പാടേ പരാജയപ്പെട്ടു എന്നത് ഉത്കണ്ഠാജനകമാണ്. ഇത് വെളിപ്പെടുത്തുന്നത് ക്രൈസ്തവമായ മൂല്യബോധമോ നന്മയോ അല്ല അക്ഷന്തവ്യമായ ധിക്കാരവും ധാര്‍ഷ്ട്യവുമാണ്.

(കടപ്പാട്: മലയാളം വാരിക ആഗസ്റ്റ് 12, 2011)

1 comment:

  1. കത്തോലിക്കാസഭ അന്ധവിശ്വാസങ്ങളെകൊണ്ട് ദുഷിച്ചുനാറിയ ഒരു കാലഘട്ടത്തിലായിരുന്നു പ്രോട്ടസ്റ്റ‍ണ്ട് മതങ്ങള്‍ ഉടലെടുത്തത്. അവര്‍ സേവനരംഗത്ത് മുന്നേറിയപ്പോള്‍ സഭ കൂടുതലും മത പരിവര്‍ത്തനത്തിനും മത പീഡനത്തിനുമായിരുന്നു താത്പര്യംകാണിച്ചത്.കൃസ്തുവിന്‍റെ സ്നേഹവും ത്യാഗവും സന്ദേശങ്ങളും അധികാരത്തിന്‍റെ നെട്ടോട്ടത്തില്‍ സഭ അപ്പാടെ മറന്നുപോയി. രാജ്യങ്ങള്‍ വിസ്ത്രുതമാക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന പാപ്പാമാരുടെയും മനുഷ്യത്വം നശിച്ചുപോയിരുന്നു. മതപീഡനം, മതപരിവര്‍ത്തനം വഴി ആയിരക്കണക്കിന് മനുഷ്യജീവിതങ്ങള്‍ കവര്‍ന്നു കൊണ്ടായിരുന്നു സഭയുടെ പ്രേഷിതയാത്ര. പന്ത്രണ്ടാം പീയുസ് മാര്‍പാപ്പാ നാസികളുടെ സഹകാരിയായി പ്രവര്‍ത്തിച്ചുവെന്നുള്ള ആരോപണവും സഭയെ
    ലോകത്തിന്‍റെ മുമ്പില്‍ പരിഹാസമാക്കി. സെയിന്‍റ്തോമസ്‌ അക്വാനോസ്പോലുള്ള പുന്ന്യാവാന്‍മാര്‍ സഭക്കുണ്ടായിരുന്നില്ലെങ്കില്‍ എല്ലാ ദൈവശാസ്ത്ര പണ്ഡിതന്മാരും സഭയെ തള്ളിപറയുമായിരുന്നു.

    പ്രോട്ടസ്റ്റന്റ് മിഷിനറിമാര്‍ മത പരിവര്‍ത്തനത്തെക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നത് ആതുരസേവനത്തിനും സ്കൂളുകളും ആശുപത്രികളും സ്ഥാപിക്കുന്നതിലായിരുന്നു. ഈസ്റ്റ്ഇന്ത്യാ കമ്പനിയും മതവും രണ്ടു ഘടകങ്ങളായി മുന്നേറി. അങ്ങനെ ഇരുതലവാളിന്‍റെ ഒരു വശംകൊണ്ട് ഇവുടുത്തെ സാമ്രാജ്യവും വ്യവസായവും പിടിച്ചെടുത്തു. വാളിന്‍റെ മറുവശംകൊണ്ട് പ്രേഷിത വേലകളില്‍കൂടി വിദ്യാഭ്യാസ മേഖലകളിലും ആതുരസേവനങ്ങളിലും പ്രൊട്ടസ്റ്റന്റ് സഭ മുന്നേറി. നവീകരണത്തിനു ശേഷം ജെസ്യൂട്ട് മിഷ്യനറിമാര്‍ ഭാരതത്തില്‍ വന്നത് പിന്നീടാണ്. ആതുര സേവനത്തെക്കാള്‍ മത പരിവര്‍ത്തനത്തിനായിരുന്നു ഇവര്‍ മുന്‍ഗണന നല്‍കിയത്. ജസ്യുട്ട് മിഷനറിമാരുടെ ബിസിനസ് അന്നുമുതല്‍ ആരംഭിച്ചിരുന്നു. ലോകത്തിന്‍റെ മുമ്പില്‍ ഭാരതത്തെ പ്രത്യേകിച്ച് ഹിന്ദുജനതയെ അപമാനിച്ചു കൊണ്ട് മിഷന്‍ പിരുവുകള്‍തുടങ്ങി. വേദങ്ങളുടെ നാടായ ഭാരതത്തെ അദ്വയിത തത്വങ്ങള്‍ (ഏകദൈവം) മറച്ചുവെച്ച് ഇന്നാട്ടിലെ വിശ്വാസങ്ങള്‍ക്കെതിരായും മതത്തിനെതിരായും പ്രചാരണം തുടങ്ങി. ലഘുലേഖകള്‍ വഴി ഹിന്ദുദൈവങ്ങളെ മൃഗത്തിന്‍റെ തലയുള്ള ദൈവം എന്നൊക്കെ ആക്ഷേപിച്ചുകൊണ്ടും പ്രാകൃതവര്‍ഗക്കാര്‍ താമസിക്കുന്ന നാടാണ് ഇവിടം, ഭീകരമായ ഈ മതവിശ്വാസികളെ മാനസാദ്രപ്പെടുത്തുവാന്‍ എന്നുമൊക്കെ പ്രചരണംനടത്തി പണം സമ്പാദിക്കുന്നതിലായിരുന്നു കത്തോലിക്കാ മിഷനറിമാര്‍ ശ്രദ്ധിച്ചിരുന്നത്.
    കൂടാതെ മതവിരോധം അഴിച്ചുവിട്ടു ഗോവന്‍പീഡനവും അമ്പലങ്ങള്‍ തല്ലിതകര്‍ക്കലും മയിലാപ്പൂരിലെ ശിവക്ഷേത്രങ്ങള്‍ ഒക്കെ നശിപ്പിച്ചും പോര്‍ട്ടുഗീസ്‌ രാജാവില്‍നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കൊയ്തിരുന്നു.

    കത്തോലിക്കാസഭ കോളേജുകള്‍ സ്കൂളുകള്‍ ഇവകള്‍ തുടങ്ങുന്നകാലത്ത് തെറ്റാവരമുള്ള പുരോഹിതവര്‍ഗം അല്മായരെ ആ മേഖലകളില്‍ അടുപ്പിച്ചിരുന്നില്ല. ഏതൊരു കോളേജിലെയും പഠിപ്പിക്കുവാന്‍ ഏറ്റവും മോശപ്പെട്ട അധ്യാപകര്‍ പുരോഹിതരായിരിക്കും. പ്രഗത്ഭരായ അധ്യാപകര്‍ എന്നും പുരോഹിതരുടെ നോട്ടപുള്ളികളായിരിക്കും. പിന്നെ അവര്‍ക്കെതിരായി പാരവെപ്പ് തുടങ്ങും.
    അങ്ങനെയാണ് ബുദ്ധി ജീവികളായ പുലികുന്നനും എം.പി. പോളും, മുണ്ടെശരിയുമൊക്കെ ഓരോ കാലഘട്ടത്തില്‍ ഈ വര്‍ഗത്തിന്‍റെ ഇരകളായത്. വിക്കനും പൊട്ടനും എസ്. എസ്. എല്‍. സി. ,പി.എച്ച് .ഡി, പിന്നെ സുറിയാനിക്ക് ഒരു കൊമാരന്‍ കത്തനാരും മിക്ക കത്തോലിക്കാ കോളേജിലും കാണും. പ്രിന്‍സിപ്പാളും മാനേജരും നീണ്ട കുപ്പായക്കാര്‍ മാത്രം. കത്തോലിക്ക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നും അധ്യാപക നിയമനത്തിനും വിദ്യാര്‍ഥിപ്രവേശനത്തിനും കോഴക്കും കൈകൂലിക്കും മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. സ്വന്തക്കാരെ മാത്രം തിരുകികയറ്റിയും മറ്റും പിന്‍വാതിലുകളിലൂടെയായിരുന്നുവെന്നു മാത്രം.

    ReplyDelete