Translate

Thursday, December 8, 2011

ലൈംഗികതയും പൌരോഹിത്യവും


ശ്രീ ചാക്കോ കളരിക്കല്‍ കത്തോലിക്കാസഭയുടെ യാഥാസ്ഥിക ചിന്താഗതികള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ രചിച്ച ഒരു ഗെവേഷണഗ്രന്ഥമാണ് ലൈംഗികതയും പൌരോഹിത്യവും.  വളരെ രസാവഹമായി അവതരിപ്പിച്ച ഈ പുസ്തകം മലയാളിയായ ഓരോ കത്തോലിക്കനും ഒരിക്കലെങ്കിലും വായിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുന്നു.

 ഗ്രന്ഥകര്‍ത്താവിന്‍റെ ദൈവശാസ്ത്രത്തിലുള്ള അഗാധമായ ജ്ഞാനം പുസ്തകമാകെ പ്രതിഫലിച്ചു കാണാം. ഇത് കിട്ടിയ ഉടന്‍ ഒരു നല്ല നോവല്‍ ലഭിച്ചതുപോലെ ഞാന്‍ മൊത്തം വായിച്ചുതീര്‍ത്തു. പുരോഹിതലോകത്തില്‍ അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കി. സഭയുടെ ഒരു വിപ്ലവകാരിയായ ചാക്കൊച്ചനെന്നു പറഞ്ഞാലും അത് അതിശയോക്തിയല്ല. സുപ്രസിദ്ധ സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള മാടങ്ങളിലും കുടിലുകളും പാത്തിരുന്നു മുക്കവരുടെയും പുലയരുടെയും ജീവിതം പഠിച്ചതിനു ശേഷമായിരുന്നു തന്‍റെ ലോകപ്രസിദ്ധമായ സാഹിത്യകൃതികള്‍ രചിച്ചിരുന്നത്. തകഴിയാണ് ഓലമറക്കുള്ളില്‍ ഒളിച്ചിരിക്കുന്നത് എന്നറിഞ്ഞാല്‍ ആരും ഒന്നും പറയുകയില്ലായിരുന്നു. അതു പോലെ ചാക്കോച്ചനും അനുഭവങ്ങളുടെ വെളിച്ചത്തില്‍ പകര്‍ത്തിയതാണ്‌ ഈ വിശിഷ്ട കൃതിയെന്നു വായനക്കാരന് മനസ്സിലാക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന് ഇദ്ദേഹത്തിനു നൂറുകണക്കിന് വൈദിക സുഹൃത്തുക്കളുമുണ്ട്. ഒരിക്കലും പുരോഹിതനാകുവാന്‍ ദൈവവിളി കിട്ടിയില്ലങ്കിലും അവരുടെ ജീവിതവുമായി അനേകവര്‍ഷം ഇടപഴുകിയ ചരിത്രവുമുണ്ട്‌.

പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ലൈംഗികകുറ്റാരോപണങ്ങള്‍ ഇന്ന് ഒരു വാര്‍ത്തയെ അല്ലാതായിരിക്കുന്നു. വൈദികര്‍ക്കു ബഹുമാനം കല്‍പ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവര്‍ സഭയെ ഒന്നാകെ ദുഷിപ്പിച്ചു മാനസികമായി ഇന്നു അല്മായരെ ഒന്നടങ്കം ഭിന്നിപ്പിച്ചു. വേദങ്ങളുടെയും അദ്വൈതങ്ങളുടെയും നാടായ ഭാരതത്തിലെ ഹിന്ദുക്കളും ബ്രഹ്മചാരികളായ ഈപുരോഹിതര്‍ക്കു ഒരിക്കല്‍ അങ്ങേയറ്റം ബഹുമാനം കല്‍പ്പിച്ചിരുന്നു. ഇന്ന് സിനിമാകളിലും, നാടകശാലകളിലും പൊതുനിരത്തിലും മറ്റും വൈദികരെ ഒരു ജോക്കറിനെപ്പോലെയാണ് ചിത്രീകരിക്കുന്നത്. അവര്‍ തന്നെയാണ് അതിനു കാരണവും സ്വയം കുഴിതോണ്ടിയതും അങ്ങനെ ബഹുമാനം നശിപ്പിച്ചതും.

കത്തോലിക്കാ സഭയ്ക്കുണ്ടായ ഈ അപകീര്‍ത്തിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ചാക്കോച്ചന്‍റെതായ അനേകം നിര്‍ദേശങ്ങള്‍ ഈ ഗ്രന്ഥത്തിലുടനീളം കാണാം. യേശു വിവാഹിതനോ, സഭയും ലൈഗികതയും, സ്വവര്‍ഗ്ഗ രതിയും പൌരാഹിത്യവും ബാലരതിക്കാരായ പുരോഹിതര്‍, സ്ത്രീ പൌരാഹിത്യം എന്നീ വിഷയ സൂചികള്‍ ഒരിക്കല്‍ വായിക്കുന്നവര്‍, സഭയെ സ്നേഹിക്കുന്നവര്‍ പുത്തനായ ഒരു നവോത്വാനത്തിനായി മനസ്സില്‍ അറിയാതെ തന്നെ ഒരു വിപ്ലവകാരിയാകും. "മൂത്രമൊഴിക്കുമ്പോള്‍ ശാരീരിക പരീക്ഷയിലേക്ക് വഴുതാതെയിരിക്കുവാന്‍ അതേല്‍ കഴിവതും തൊടാതെയും നോക്കാതെയും മൂത്രം ഒഴിക്കണം. പുരുഷന്‍ സ്വന്തം ഭാര്യയുടെ മുകളിലായി കിടന്നു കൊണ്ടുള്ള ലൈഗികവേഴ്ച മാത്രമേ സദാചാരമാവുകായുള്ളൂ" എന്നൊക്കെ ഗുരുക്കന്മാരായ പുരോഹിതര്‍ പഠിപ്പിച്ച കഥകളൊക്കെ ഇതിലുണ്ട്. ചാക്കോച്ചന്‍ ചോദിക്കുകയാണ് "ഒരു സ്ത്രീയുടെ അനുരാഗത്തിന്‍റെ ചൂട് അനുഭവിക്കുവാന്‍ ഭാഗ്യം ലഭിക്കാതെ ഇവര്‍ക്ക് ലൈഗികസംഭോഗത്തിന്‍റെ സ്വാദറിയാന്‍ എങ്ങനെ സാധിക്കും?" മാനസികരോഗവും ഭാര്യക്കുവേണ്ടിയുള്ള ദാഹവും മറ്റു പല ഉത്തരങ്ങളും ഇതിലെ താളുകളില്‍ വിവരിച്ചിട്ടുണ്ട്. എന്നെ വളരെയധികം ആകര്‍ഷിച്ച ഈ ഉത്കൃഷ്ടകൃതി വായനക്കാരന്‍റെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ അത്യന്തകമായ സന്തോഷമുണ്ട്. ‍
Administrator's Note:

The Book is available free of cost in PDF Format.  To download, CLICK HERE

No comments:

Post a Comment