Translate

Friday, December 2, 2011

നമ്മളാണ് സഭ

പളപളത്തിളങ്ങുന്ന ലിമൊസിനുകളില്‍
ദുഷ്ടന്മാര്‍ മന്ദം മന്ദം പോകുന്നു,
അഹന്തയുടെ വിഷം ചീറ്റിക്കൊണ്ട്
കണക്കില്ലാത്തയഴിമതിയുടെ കനവും പേറി.

സുഗന്ധം പൂശിയ അവരുടെ നെറ്റിയില്‍
നിഴല്‍ വീഴ്ത്തുന്നില്ലൊരു വേവലാതിയും
ഒരു തീവ്രവികാരത്തിന്റെ ചുഴറ്റല്‍
വെട്ടിമുറിക്കുന്നവരുടെ അച്ചാണി.

ജനങ്ങളുടെ ഭാഗധേയത്തിനായി
രാപകല്‍ വിയര്‍ത്തവരുടെ
ഇരിപ്പിടങ്ങളെയവര്‍ അവഹേളിക്കുന്നു,
അവരുടെ ആസനസ്പര്‍ശത്താല്‍.

എത്താപ്പുറത്താണോ ദൈവമേ നീ?
അന്ധനാണോ, ബധിരനാണോ
അതോ അജ്ഞനാണോ അങ്ങ്‍?
അല്ലെങ്കിലീ ജനമെന്തിനിങ്ങനെ
സഹിക്കുന്നു? നീതിക്കുവേണ്ടി
എന്തിനിങ്ങനെ ദാഹിക്കുന്നു?

കളങ്കര്‍ ഭരിക്കുമ്പോള്‍ നിഷ്ക്കളങ്കര്‍ മരിക്കുന്നു  
മൃഗങ്ങളെപ്പോലെ ഞങ്ങള്‍ വിയര്‍ക്കുന്നു.
ഞങ്ങളുടെ പേക്കിനാവുകള്‍-
ക്കൊരിക്കലുമൊരന്ത്യമില്ലെന്നോ?



നിന്റെ രാജ്യം വരുമെന്നത്
വെറും മരീചിക, വരില്ലതൊരിക്കലും.

(പ്രചോദനം:
ഒരസ്സാധാരണ പ്രാര്‍ഥന - ദാനിയേല്‍ ബറിഗന്‍)      


ചെക്കോ സ്ലോവാക്കിയയെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച ശേഷം 1990 ല്‍ ഭരണമേറ്റുകൊണ്ട്  ചെയ്ത പ്രസംഗത്തില്‍ വക്ലാവ് ഹാവെല്‍ പറഞ്ഞു: "കഴിഞ്ഞ നാല്‍പതു കൊല്ലത്തെ വ്യസനകരമായ അനുഭവത്തെ പുറമേ നിന്ന് ആരോ കെട്ടിയേല്പിച്ചതാണെന്ന മട്ടില്‍ കാണുന്നത് വലിയ അയുക്തിയായിരിക്കും. നമ്മള്‍ നമ്മോട് തന്നെ ചെയ്ത പാപമായി വേണം ഇതിനെ മനസ്സിലാക്കാന്‍. അങ്ങനെ തിരിച്ചറിഞ്ഞാല്‍ മാത്രമേ അവ തിരുത്തേണ്ടതും നമ്മളാണെന്ന് , നമ്മള്‍ മാത്രമാണെന്ന് നമുക്ക് മനസ്സിലാകൂ."

ഒരു ജനത്തിന് അര്‍ഹതപ്പെട്ട ഭരണം അവര്‍ക്ക് കിട്ടും എന്നതുപോലെ, സഭയിലും സ്ഥിതിഗതികള്‍ മാറണമെങ്കില്‍, സഭാംഗങ്ങള്‍ തന്നെ മുന്നോട്ടിറങ്ങണം. ചിന്താശക്തി നഷ്ടപ്പെട്ട, ആത്മസംയമനമില്ലാത്ത, അന്ധവിശ്വാസത്തിലും ഇറുകിയ പാരമ്പര്യങ്ങളിലും കിടന്ന് അഴുകിപ്പോയ അധികാരശ്രേണിയില്‍ നിന്ന് സഭയെ മോചിപ്പിക്കുക എന്നത് പുരോഹിതരുടെ (പോപ്പ് തൊട്ട്‌ പള്ളിയിലെ കൊച്ചച്ചന്‍ വരെയുള്ളവര്‍) പണിയായി വിട്ട് കൊടുത്തിട്ട് നോക്കി നില്‍ക്കാതെ, കാര്യങ്ങള്‍ സ്വന്തം കൈകളില്‍ എടുത്ത്‌ മുന്നേറാനുള്ള കടമ വിശ്വാസികളുടെതാണ് എന്ന് തിരിച്ചറിയുന്നതെന്നോ, അന്ന് മാത്രമേ സഭ വിമോചിതയാകൂ. 

1 comment:

  1. അമേരിക്കന്‍ ഭദ്രാസനരൂപത വാണരുളുന്ന അങ്ങാടിയത്ത് തിരുമനസു കൊണ്ട് കുഞ്ഞാടുകളെ അറിയിക്കുന്നതായത്,നമ്മുടെ പ്രിയ സഹോദരന്‍ പവ്വത്ത്തിരുമേനി അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശി ക്കുന്നതായി നിങ്ങള്‍ ഭക്തജനങ്ങള്‍ക്ക്‌ അറിവുള്ളതാണല്ലോ. തിരുമേനിക്ക് പള പള തിളങ്ങുന്ന ലിമോസിനില്‍ വരുവാന്‍ നമ്മുടെ കൈക്കാരന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. എല്ലാ ചിലവുകളും നാം വഹിക്കുന്നതായിരിക്കും. ‍അതില്‍ ഇടവകമക്കള്‍ പ്രയാസപ്പെടെണ്ട.

    അങ്ങടിയത്ത്തിരുമേനിയും പവ്വത്ത്തിരുമേനിയും പാത്രിയാക്കീസ് ആലഞ്ചെരിയുടെ കല്‍പ്പന അനുസരിച്ചു മാര്‍ത്തോമ്മായുടെ നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ ഇടയലേഖനം തയാറാക്കിയതായി അറിയുന്നു. ഈ നിയമം ക്രിസ്തുമസിനു മുമ്പ് പ്രാബല്യത്തിലാകും.

    ഇടയലേഖനം ഇങ്ങനെ,

    പ്രിയമുള്ള അമേരിക്കന്‍ പ്രവാസിമക്കളെ,

    മാര്‍ത്തോമ്മാ പഠിപ്പിച്ച കുരുത്തോല പെരുന്നാള്‍ എന്നു ഉച്ചരിക്കുവാന്‍ അമേരിക്കന്‍ സീറോമലയാളി കുഞ്ഞുങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്നു നാം പവ്വത്ത് തിരുമനസ്സുകൊണ്ട് മനസ്സിലാക്കുന്നു. ആയതുകൊണ്ട് മാര്‍തോമ്മായുടെ വേദപുസ്തകത്തില്‍ Weed Sunday എന്നുള്ളത് അങ്ങാടിയത്ത് തിരുമേനി തിരുവചനം വായിച്ചപ്പോള്‍ തെറ്റായി palm sunday എന്നു കഴിഞ്ഞ ഇടയലേഖനത്തില്‍
    വായിച്ചു. ഈ തിരുവചനത്തില്‍ വന്ന പിശകു നമ്മുടെ അമേരിക്കന്‍ ഭദ്രാസനമക്കള്‍ക്ക്‌ അറിവുള്ളതാണല്ലോ. ആയതിനാല്‍ ഇന്നുമുതല്‍ കുഞ്ഞുമക്കള്‍ കുരുത്തോലപെരുന്നാളിനെ Weed Sunday എന്നു പറയണം. മാതാപിതാക്കള്‍ കുരുത്തോലപെരുന്നാളിന് പകരം മരുവാണ പെരുന്നാളെന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ഇപ്പോള്‍ പാത്രിയാക്കീസ് മാര്‍ പവ്വത്തും എന്‍റെ പ്രിയ സേവകന്‍ അങ്ങാടിയത്ത് തിരുമേനിയുമൊന്നിച്ചു നാം കല്‍പ്പിക്കുന്നു. മാര്‍ത്തോമ്മായുടെ പുസ്തകത്തില്‍ വിശുദ്ധ തോമാ മറ്റു ശ്ലീഹാന്മാരുമായി കഴുതപ്പുറത്ത് യാത്രചെയ്തപ്പോള്‍ വഴിമദ്ധ്യത്തില്‍ ‍ മരുവാന വില്‍ക്കുന്ന ഒരു പ്രഭുവിനെ കണ്ടുമുട്ടിയതായി വിശുദ്ധ സീറോവേദഗ്രന്ഥം പഠിപ്പിക്കുന്നു. മറുവാനപ്രഭുവും കൂട്ടരും അന്ന് മാര്‍തോമ്മായെ സ്വീകരിച്ചത് മരുവാനകൊണ്ടായിരുന്നു. ആയതിന്‍റെ ഓര്‍മ്മക്കായി നാം ഇനിമുതല്‍ കുരുത്തോല പെരുന്നാളിന് പകരം മരുവാണ പെരുന്നാളായിരിക്കും കൊണ്ടാടുക.

    അതുപോലെ നമ്മുടെ അമേരിക്കന്‍ ഭദ്രാസനരൂപതയുടെ അധീനതയിലുള്ള പള്ളികളിലെ അനേകം പുരോഹിതര്‍ ബാലികാബാലന്‍മാരെ പീഡിപ്പിക്കുന്നതായി നാം അറിയുന്നു. ഇത്രയും കാലം സ്വവര്‍ഗരതികളില്‍ ശൂരന്‍മാരായവരെ അമേരിക്കന്‍പോലീസ് പിടികൂടാത്തതില്‍ ദൈവത്തിനു സ്തോത്രം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്ക്ക് അറിയാമല്ലോ കോടതിചെലവുമായി ഒരു പുരോഹിതന് ശരാശരി രണ്ടുലക്ഷത്തിഅമ്പതിനായിരം ഡോളര്‍ ചെലവ് വരും. ആയതു കരുതലിനായി ആ സാമ്പത്തികഭാരം വഹിക്കുവാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ ഇന്നുമുതല്‍ എല്ലാ പള്ളികളിലെയും ഞായറാഴ്ചയിലുള്ള രണ്ടാമത്തെ പിരിവു സ്വവര്‍ഗ വൈദിക ക്ഷേമനിധിക്കായി ഉപയോഗിക്കുന്നതായിരിക്കും. കൂടാതെ ഇത്തരം കേസുകള്‍ വന്നാല്‍ ചിലവുകള്‍ രൂപതയ്ക്ക് വഹിക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ ‍ എല്ലാ വൈദികരും മാള്‍പ്രാക്ടീസ് ഇന്‍ഷുറന്‍സ് എടുത്തു സ്വയം പ്രീമിയം അടച്ചുകൊള്ളണമെന്നു നാം കല്‍പ്പിക്കുന്നു. അങ്ങനെയുള്ള കേസിന്‍റെ ബാധ്യതകള്‍ രൂപത വഹിക്കുന്നതല്ലായിരിക്കും. (സീറോ മലബാര്‍ അമേരിക്കന്‍ ഭദ്രാസന രൂപതയുടെ ഇടയ ലേഖനത്തിന്‍റെ കരടുരേഖ)

    ReplyDelete