Translate

Thursday, December 22, 2011

തട്ടിന്പു്റത്തെ ദൈവം (മോചന കാഹളം)


തട്ടിന്‍പുറത്തെ ദൈവം

വിശ്വത്തില്‍ ദൈവത്തെ കാണില്ല വിഡ്ഡികള്‍.
തട്ടിന്‍പുറത്തല്ലേ ദൈവവാസം.
തട്ടിന്‍പുറത്തൊരു തങ്കക്കസേരയില്‍
രണ്ടു കാലും നീട്ടിയങ്ങിരിയ്ക്കും
കാലു തിരുമ്മുന്നു കന്യകാരത്‌നങ്ങള്‍,
വീശുന്നു നിത്യം വിശറി കൊണ്ട്.
വെറ്റില, പുകയില, പാക്കു, ചുണ്ണാമ്പിവ
കൂട്ടി മുറുക്കാന്‍ കൊടുത്തിടുന്നു.
വാളേന്തി രണ്ടു വശത്തും മാലാഖമാര്‍,
വീട്ടുവേലയ്‌ക്കൊക്കെ പുണ്യവാന്മാര്‍.
മന്ത്രിമാരായിട്ടു മാര്‍പ്പാപ്പമാര്‍ തന്നെ,
തന്ത്രങ്ങളൊക്കെയവര്‍ക്കറിയാം.
വസ്ത്തുക്കളൊക്കെയും കൈകാര്യം ചെയ്യുവാന്‍
മെത്രാന്മാരൊക്കെയും തത്രപ്പാടില്‍.
ശിപ്പായിമാരായവര്‍ക്കൊക്കെ വൈദികര്‍,
സൂത്രക്കാരൊക്കെയും ക്ലാര്‍ക്കന്മാരും.
പാചകം ചെയ്യലും പാത്രം കഴുകലും
അല്‍മായര്‍ക്കുള്ളതാം വേല തന്നെ.
ഭൂമിയിലെന്നല്ല സ്വര്‍ഗ്ഗത്തിലായാലും
അല്‍മേനിമാര്‍ക്കെന്നും ചേടിവേല.
സി.എം.സി., എഫ്.സി.സി. എസ്.എച്, എസ്.എ.ബി.എസ്,
സെന്റ് മര്‍ത്താസ് ഇത്യാദി കന്യാസ്ത്രീകള്‍
പുണ്യകാര്യങ്ങള്‍ മുടക്കാതെ കൃത്യമായ്
ശുഷ്‌ക്കാന്തിയോടെ നടത്തിടുന്നു.
പുണ്യകാര്യങ്ങള്‍ക്കു സി.എം.ഐ ക്കാരൊട്ടും
മോശമല്ലെന്നാണു ദൈവപക്ഷം.
എങ്കിലും കാശിന്റെ കാര്യമവര്‍ത്തന്നെ
നോക്കണം, കാര്‍ന്നോര്‍ക്കതു നിര്‍ബന്ധം.
വിദ്യാലയങ്ങള്‍ നടത്തുവാനും വേണം
കാര്‍ന്നോര്‍ക്കു സി.എം.ഐ. വിദ്വാന്മാരെ.
ഹല്ലേലുയ്യ പാടി മാജിക്കു കാട്ടുവാന്‍
വി.സി.ക്കാര്‍ വേണം, അതും നിര്‍ബന്ധം.
തോന്നലാണെങ്കിലും രസമാണു മാജിക്ക്,
അതു തന്നെയല്ലയോ രോഗശാന്തി.
സാക്ഷ്യം പറച്ചിലും മറുഭാഷ ചൊല്ലലും
മാജിക്കിന്‍ മുഖ്യമാം സൂത്രവേല.
കൗശലം വേണ്ടെുന്ന കാര്യങ്ങളൊക്കെയും
ഈശോസഭക്കാര്‍ക്കു നല്‍കിടുന്നു.
കുര്‍ബാനക്കൈമാറ്റം ലാഭത്തിലാക്കുവാന്‍
കഷ്ടപ്പെടുന്നു സലേഷ്യവൃന്ദം.
ഓ.സി.ഡി. ക്കാരെന്ന കര്‍മ്മലീത്താക്കാര്‍ക്കു
ഭക്തകാര്യത്തിന്റെ ചാര്‍ജു നിത്യം.
കപ്പുച്ചിന്മാര്‍ക്കെല്ലാം സ്വര്‍ഗ്ഗത്തട്ടില്‍ പോലും
മാര്‍പ്പാപ്പ നല്‍കുന്ന ജോലി മാത്രം.
സ്വന്തമായൊന്നുമവര്‍ക്കില്ല, കാലിലെ
വള്ളിച്ചെരിപ്പും ചെറുകുടയും
കട്ടിലും മെത്തയും കുപ്പായവുമൊക്കെ
പാപ്പാടെ പേരിലെ സ്വത്തു തന്നെ.
വിസ്‌ക്കിയും ബ്രാണ്ടിയും വീഞ്ഞുമിടയ്ക്കിടെ
നല്‍കുന്നു യൂറോപ്യന്‍ പുണ്യവാന്മാര്‍
ഭൂമിയില്‍ പാര്‍ക്കുന്ന മക്കള്‍ തോന്ന്യാസങ്ങള്‍
കാട്ടുന്നുണ്ടോയെന്നു കണ്ടറിയാന്‍
തട്ടിലിരിയ്ക്കുന്ന കാര്‍ന്നോരിടയ്ക്കിടെ
താഴോട്ടു ദൃഷ്ടി തിരിച്ചിരിയ്ക്കും.
നോക്കിയാല്‍ മിണ്ടിയാല്‍, തുമ്മിയാല്‍, ചീറ്റിയാല്‍,
ഗുഹ്യഭാഗത്തെങ്ങാന്‍ കൈകള്‍ വച്ചാല്‍,
വെള്ളിയാഴ്ച്ചദിനം മാംസം കഴിച്ചെന്നാല്‍,
കള്ളിന്റെ തുള്ളി കുടിച്ചു പോയാല്‍,
കാര്‍ന്നോരു കോപിയ്ക്കും, ശിക്ഷിയ്ക്കും പിള്ളേരെ,
ദക്ഷിണ്യമൊട്ടുമേ കാട്ടുകില്ല.
നോക്കുന്നില്ലെങ്കിലും മിണ്ടുന്നില്ലെങ്കിലും
കോള്‍ക്കുന്നില്ലെങ്കിലും കുറ്റം തന്നെ.
വല്യ കുറ്റങ്ങളില്‍ വീഴുന്ന പിള്ളേരെ
കാര്‍ന്നോര്‍ നരകത്തില്‍ ചുട്ടെരിയ്ക്കും.
ചിന്നക്കുറ്റം ചെയ്താല്‍ 'എപ്രുക്കാനാ'യിലെ
ലോക്കപ്പില്‍ കേറ്റി മെരുക്കുമാദ്യം;
നാലു കാലും മേലോട്ടാക്കിക്കുറേക്കാലം
തീയില്‍ കിടന്നു ഞരങ്ങിടേണം;
കൂലിക്കൂര്‍ബാന നടക്കുകിലപ്പൊഴേ
മോചിച്ചു സ്വര്‍ഗ്ഗത്തില്‍ സീറ്റു നല്‍കും.
കുര്‍ബാന ചൊല്ലിയ്ക്കാന്‍ കാശുള്ള ബന്ധുക്ക-
ളുണ്ടെങ്കില്‍ ആത്മാക്കള്‍ ഭാഗ്യമുള്ളോര്‍!
പ്രൊട്ടസ്റ്റന്റെന്ന വിഭാഗത്തില്‍ പെട്ടവര്‍
ക്കെപ്രുക്കാനായില്‍ വിശ്വാസമില്ല.
ഒന്നുകില്‍ നേരിട്ടു സ്വര്‍ഗ്ഗത്തില്‍ പോകണം
അല്ലെങ്കില്‍ താഴെ നരകത്തീയില്‍;
രണ്ടിനും മധ്യത്തിലെന്തിനു വേറൊരു
താവളമെന്നവര്‍ വാദിയ്ക്കുന്നു.
.............................................................
ദൈവത്തെ കാര്‍ന്നോരായ് കോലം കെട്ടിയ്ക്കുന്നവര്‍
ദൈവശത്രുക്കളിലഗ്രഗണ്യര്‍.
നാമവും രൂപവും കാല സ്ഥലങ്ങളും
ദൈവത്തിനില്ലെന്നറിഞ്ഞിടാത്തോര്‍
ഭക്തരാണെന്നു പറഞ്ഞാലതുതന്നെ
അക്ഷന്തവ്യമായ ദൈവനിന്ദ.
സര്‍വത്തിലും സ്ഥിതി ചെയ്യുന്ന ദൈവത്തെ
ദര്‍ശിച്ചിടാത്തവര്‍ മൂഢരല്ലേ.
ശിഷ്യരെല്ലാര്‍ക്കുമായേശുദേവന്‍ നല്‍കി
ശ്രേഷ്ഠമാം സന്ദേശമീവിധത്തില്‍:
''മാമലമേലേ വസിയ്ക്കുന്ന ദൈവത്തെ
മാറ്റി നിറുത്തു മനസ്സില്‍ നിന്ന്;
സത്യത്തിലും ദിവ്യമാത്മാവിലും താത
നാരാധന നിത്യം ചെയ്തിടേണം;
ഈവിധമുള്ളവരത്രേ പിതാവിന്റെ
സ്‌നേഹത്തിനര്‍ഹരാം ദൈവമക്കള്‍.''
യേശുവിന്‍ വാക്കുകള്‍ കേള്‍ക്കുവാനാളില്ല,
തട്ടിന്‍പുറത്തല്ലേ ദൈവമിന്നും.
സച്ചിദാനന്ദസ്വരൂപനാം ദൈവത്തെ
ഹൃത്തില്‍ പൂജിപ്പോര്‍ക്കു മോക്ഷമില്ലേ?
വിശ്വാസം സ്‌നേഹമീ രണ്ടു മരുന്നുകള്‍
തുല്യമായ് ചേര്‍ത്തു സ്ഥിരം കഴിച്ചാല്‍
സ്വര്‍ഗ്ഗമീഭൂമിയില്‍ കാണാം അതുതന്നെ
ബുദ്ധിമാന്മാരുടെ സിദ്ധവൈദ്യം.
മന്നിലെ  ദൈവം മരിച്ചുപോയോ, അതോ,
നാളെ ജനിയ്ക്കുവാനുള്ളതാണോ.
ഇന്നുള്ള ദൈവത്തില്‍ ചിത്തം പതിയ്ക്കുകില്‍
നേടിടാമേവര്‍ക്കും മോക്ഷഭാഗ്യം.


അനുരണനങ്ങള്‍ (ജോര്‍ജ് മൂലേച്ചാലില്‍)

അനന്തവും പരിമിതികളേതുമില്ലാത്തതുമായ പരമസത്യം പരിമിതരായ മനുഷ്യര്‍ക്ക് എന്നും അജ്ഞേയവും അവ്യാഖേ്യയവുമായിരിക്കും. പരമസത്യമായ ഈ ദൈവത്തെയാണ് പുരോഹിതപ്രമാണിമാരും ദൈവശാസ്ത്രജ്ഞന്മാരും ചേര്‍ന്ന, ഏതോ ഭൗതികവസ്തുവിനെയെന്നപോലെ, തങ്ങളുടെ 'ശാസ്ത്രീയ' വിശകലനത്തിന് വിധേയമാക്കുന്നത്! തങ്ങളുടെ ഛായയില്‍ ദൈവസൃഷ്ടി നടത്തുകയാണവര്‍. എന്നിട്ട്, അവരുടെ ചെറുമസ്തിഷ്‌ക്കങ്ങളിലൊതുങ്ങിനില്‍ക്കുന്ന ഈ കുറുദൈവമല്ലാതെ മറ്റൊരു ദൈവം ആര്‍ക്കും ഉണ്ടായിപ്പോകരുത് എന്ന് തെറ്റാവരധാര്‍ഷ്ഠ്യത്തോടെ കല്പിക്കുകയും ചെയ്യുന്നു!

ഈ ദൈവമാകട്ടെ, മുകളിലെവിടെയോ ഉള്ള സ്വര്‍ഗ്ഗസിംഹാസനത്തില്‍ വാണരുളുന്ന ഒരു ജന്മിക്കാരണവരാണ്. പരിലാളനകളും സേവനങ്ങളും ഇഷ്ടപ്പെടുന്നവനും അനുഷ്ഠാനപ്രീതനും നേര്‍ച്ച കാഴ്കളാല്‍ വശപ്പെടുത്താവുന്നവനുമാണ്, ഈ കാരണവദൈവം. ഒപ്പം, ഭൂമിയിലെ മനുഷ്യരെ എന്തിനുമേതിനും കുറ്റം വിധിക്കുകയും കഠിനപീഡനങ്ങളും നിത്യനരകാഗ്നിയും ശിക്ഷയായി നല്‍കുകയും ചെയ്യുന്ന മഹാക്രൂരനുമാണ്. 'ഗുഹ്യഭാഗത്തെങ്ങാന്‍ കൈകള്‍ വച്ചാല്‍..... കള്ളിന്റെ തുള്ളി കുടിച്ചുപോയാല്‍,' ഒക്കെ കാര്‍ന്നോരു കോപിക്കുകയും ദാക്ഷിണ്യമേതുമില്ലാതെ ശിക്ഷിക്കുകയും ചെയ്യും! മുലപ്പാല്‍ കുടിക്കുമ്പോള്‍ മുതല്‍ അടിച്ചേല്പിപ്പെടുന്ന ഈ പുരോഹിത  ദൈവസങ്കല്‍പ്പത്തില്‍പ്പെട്ട് കടുത്ത ഭയത്തിലും പാപബോധത്തിലുമാണ് നൂറ്റാണ്ടുകളായി കത്തോലിക്കാ മതവിശ്വാസികള്‍ ജീവിക്കുന്നത്.  ജീവിതനിഷേധിയായ പാപബോധവും ഭയവും അവരുടെ അടിസ്ഥാനഭാവങ്ങളായി മാറിയിരിക്കുന്നു!

നിഷേധവികാരങ്ങളെ ഉല്പാദിപ്പിച്ചുകൊണ്ട് മനുഷ്യജീവിതത്തെ താറുമാറാക്കി വിരാജിക്കുന്ന പുരോഹിതസൃഷ്ടമായ ഈ കത്തോലിക്കാ ജന്മിമൂരാച്ചിദൈവസങ്കല്പത്തെ, യേശുവിനെ കൂട്ടുപിടിച്ച്, മനുഷ്യമനസ്സുകളില്‍നിന്ന് ഉച്ചാടനം ചെയ്യുകയാണ് 'തട്ടിന്‍പുറത്തെ ദൈവം' എന്ന ആക്ഷേപഹാസ്യകവിതയിലൂടെ, ഗുരുദാസച്ചന്‍.

പുരോഹിതസൃഷ്ടമായ ഈ കാരണവദൈവത്തിന്, സ്വാഭാവികമായും, കത്തോലിക്കാസഭയിലേതുപോലെ സ്വര്‍ഗ്ഗകാര്യങ്ങളും നടത്തിക്കാനായിരിക്കുമല്ലോ താല്പര്യം. സ്വര്‍ഗ്ഗഭരണത്തില്‍ മാര്‍പ്പാപ്പാ മുതലുള്ള എല്ലാ സഭാസ്ഥാനികളുടെയും എല്ലാ സന്ന്യാസ-സന്ന്യാസിനീ സഭക്കാരുടെയും പുണ്യാളന്മാരുടെയുമെല്ലാം റോളുകള്‍ വിവരിച്ചിരിക്കുന്ന ഭാഗം വായനക്കാര്‍ക്ക് അതീവരസകരമായി അനുഭവപ്പെടാതിരിക്കില്ല. താന്‍ അംഗമായിരിക്കുന്ന സി.എം.ഐ സഭയെയും അദ്ദേഹമിതില്‍ വെറുതെ വിട്ടിട്ടില്ല.

ചുരുക്കത്തില്‍, കത്തോലിക്കരിലെല്ലാം ബാല്യ-കൗമാരദശകളില്‍ത്തന്നെ അടിത്തറകെട്ടി പണിതുയര്‍ത്തിയിരിക്കുന്ന അങ്ങേയറ്റം ബാലിശമായ ദൈവസങ്കല്പത്തെ നോക്കി പരിഹാസച്ചിരിയുതിര്‍ക്കുന്ന ഈ കവിത സ്വതന്ത്രബുദ്ധിയുള്ള ആരെയും രസിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും. ഒപ്പം, തങ്ങളുടെ കുറുസങ്കല്പത്തിലുള്ള 'ദൈവ'ത്തിന്റെ പ്രതിപുരുഷന്മാരായി അരമനകളിലെ തങ്കക്കസ്സേരകളില്‍ രണ്ടു കാലും നീട്ടിയിരുന്ന് മറ്റുള്ളവരുടെ ശുശ്രൂഷാസുഖം ആസ്വദിച്ചനുഭവിക്കുന്ന സഭാധികാരികളെയും, ദൈവത്തെയെന്നവണ്ണം അവരില്‍ കണ്ണടച്ചു വിശ്വസിക്കുന്ന യാഥാസ്ഥിതിക പള്ളിവിശ്വാസികളെയും ഇതു വല്ലാതെ കുത്തിനോവിപ്പിക്കുകയും വിറളിപിടിപ്പിക്കുകയും ചെയ്യും. കാരണം, ഈ കവിത മുഖ്യമായും 'ദൈവത്തെ കാര്‍ന്നോരായ് കോലംകെട്ടിക്കുന്ന'വരും 'ദൈവശത്രുക്കളിലഗ്രഗണ്യരു'മായ കത്തോലിക്കാ പൗരോഹിത്യത്തിനെതിരെയുള്ള ചാട്ടുളിപ്രയോഗങ്ങളുടെ ഒരു വെടിക്കെട്ടു തന്നെയാണ്. പരിഹാസത്തിന്റെ മാലപ്പടക്കങ്ങളും ഗുണ്ടുകളും വര്‍ണ്ണാങ്കിതമായ അമിട്ടുകളും നിറച്ചുവച്ചിരിക്കുന്ന ഒരു ഗംഭീരന്‍ വെടിക്കെട്ട്! അവസാനം എല്ലാവര്‍ക്കുമായി, യേശു അവതരിപ്പിച്ച ദൈവദര്‍ശനത്തിന്റെ നിലാത്തിരി കത്തിക്കലുമുണ്ട് ഈ കവിതയില്‍. അതോടെ, സത്യാനേ്വാഷണബുദ്ധി തീര്‍ത്തും കെട്ടുപോയിട്ടില്ലാത്തവര്‍ സഭയുടെ 'ആധികാരിക' അന്ധവിശ്വാസങ്ങളില്‍നിന്നു മോചിതരാകുകയും യേശു ഉയര്‍ത്തിക്കാട്ടിയ സ്‌നേഹമൂര്‍ത്തിയുടേതായ ഒരു ദൈവസങ്കല്പത്തിലേക്ക് പദംവയ്ക്കുകയും ചെയ്യുന്നു.

തീര്‍ച്ചയായും ഒരു വൈദികനായിരിക്കെ, ഇങ്ങനെയൊരു കവിതയെഴുതി പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാട്ടിയ ഗുരുദാസച്ചനെ അഭിനന്ദിച്ചേ തീരൂ.

5 comments:

  1. ബൈബിള്‍ എത്ര തവണ അരച്ച് കലക്കി ഭജിചാലും പേരിനു ഒരു തവണ മറിച് നോക്കിയാലും ഏതു പണ്ഡിതനും പാമരനും മനസിലാകുന്ന ഒരു സത്യമുണ്ട്. "കൂട്ടുകാരനോട് ദോഷം നിരൂപിക്കാതെയും.. വിധവയോടും ദരിദ്രരോടും ന്യായവും നീതിയും മറച്ചു വയ്ക്കാതെയും.. മാതാപിതാക്കളെ അവഗണിക്കാതെയും.. സ്വന്ത സഹോദരങ്ങള്‍ക്ക് കെണി വയ്ക്കാതെയും.. ഹൃദയ പരമാര്‍ത്ഥതയില്‍ ജീവിക്കാനുള്ള ഉദ്ബോധന"മാണ് ആ സത്യം.

    ഈ സത്യം സഭയുടെ ആരംഭം മുതല്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ സഭ അന്യം നിന്ന് പോകുമായിരുന്നു. പോപ്പ് മുതല്‍ ശെമ്മാശന്‍ വരെയുള്ളവരുടെ കൌശല പ്രയോഗങ്ങള്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ സഭയെ ഭൌതികമായി വളര്‍ത്തി വലുതാകിയത്‌.. ആത്മീയമായി ഇത്രയേറെ ശോഷിപ്പിച്ചതും അവര്‍ തന്നെ. വിശ്വാസികള്‍ അന്നും ഇന്നും ആത്മീയമായി നിരക്ഷര കുക്ഷികള്‍ ...

    വിശ്വാസ വീഥിയില്‍ അച്ഛന്‍റെ ഭാവനകള്‍ ചിറകു വിരിക്കട്ടെ !!!

    ReplyDelete
  2. വേദനിപ്പിക്കുന്ന സത്യങ്ങള്‍ ഹാസ്യത്തിന്റെ അകമ്പടിയോടെ ഭാവനാസമ്പന്നമായി എഴുതിയിരിക്കുന്നു. കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ...!!!!

    ReplyDelete
  3. പ്രൈമറി സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം വികാരിയച്ചന്‍ ‍ ഒരു ഇടവേളയില്‍‍ വന്നു
    ദൈവത്തെ കണ്ടിട്ടുള്ളവര്‍ എഴുന്നെല്‍ക്കുവിന്‍ എന്ന്ഞങ്ങളോട് ചോദിച്ച ഒരു ചോദ്യമാണിത്. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്; ഞങ്ങളുടെ തട്ടുമ്പുറത്തുണ്ട് എന്ന് അന്ന് ബാലനായിരുന്ന ഞാന്‍
    ചാടി എഴുന്നേറ്റു പറഞ്ഞതും വികാരിയച്ചന്‍ പല്ലു കടിച്ചു പിറുപെറത്തുകൊണ്ടു പോവുന്നതും
    ഈ കവിത വായിച്ചപ്പോഴാണ് എന്‍റെ ഓര്‍മ്മയില്‍ ഓടിവന്നത്. ആ തട്ടുമ്പുറത്തു ദൈവം ഗുരുദാസന്‍റെ കവിതയില്‍ എത്ര മനോഹരമായിരിക്കുന്നു.

    ഞങ്ങള്‍ക്ക് ഒരു ചക്കരമാവുണ്ടായിരുന്നു.
    അന്ന് മുകളില്‍ ഇരിക്കുന്ന അണ്ണാറക്കണ്ണന്‍ ദൈവമാണെന്ന് കൂട്ടുകാര്‍ പറഞ്ഞു എന്നെ വിശ്വസിപ്പിച്ചിരുന്നു.വെറ്റിലയും ചുണ്ണാമ്പും
    പാക്കും കൊടുത്തു ആ കണ്ണനെ പുകഴ്ത്തി അണ്ണാറക്കണ്ണ, ദേവാ, കാറ്റേ വാ എല്ലാം ഇന്നലെ പോലെ. കണ്ണാ എന്നു വിളിച്ചാല്‍ അന്നു ജീവിച്ചിരുന്ന മതഭ്രാന്തനായ എന്‍റെ മുത്തച്ചന്‍ ഞങ്ങളെ കല്ലുവെച്ചെറിയുമായിരുന്നു.തട്ടുമ്പുറത്തും മാവിന്‍റെ മുകളിലും ദൈവമുണ്ടെന്നു അന്നത്തെ എന്‍റെ വിശ്വാസം ഈ കവിത വായിച്ചപ്പോള്‍ ശരിയെന്നുതോന്നി. എങ്കിലും ആ മൂര്‍ഖന്‍വികാരിയും മുത്തച്ചനും നരകത്തില്‍ തന്നെ. വികാരി എന്‍റെമേല്‍ എന്തിനു പല്ലുകടിച്ചതെന്ന് ഇന്നും വ്യക്തമല്ല.

    മതം നമ്മളോട് പറയുന്നു അദൃശ്യമായ ഏകദൈവം ഉയരങ്ങളിലെവിടെയോ ആകാശത്ത് വസിക്കുന്നുവെന്നും അവന്‍‍ നീ ചെയ്യുന്ന വിക്രുതങ്ങളും കുറ്റങ്ങളും ഇമവെട്ടാതെ ഓരോ നിമിഷവും നോക്കിയിരിക്കുന്നുവെന്നും. ആ കാണപ്പെടാത്തവന് നീ ചെയ്യരുതെന്നു ആഗ്രഹിക്കുന്ന പത്തു പ്രമാണങ്ങളുമുണ്ട്. പ്രമാണങ്ങളില്‍ ‍ എന്തെങ്കിലും നീ ലംഘനം നടത്തിയാല്‍ നിനക്കായി ഒരു വിധിനരകവും. അതെ, തീകൊണ്ടും പുകകൊണ്ടും പുകയുന്ന ഒരു നിത്യനരകം. ഉരുകിയുരുകി ഇനിയിനി രക്ഷപ്പെടുവാന്‍ സാധിക്കാത്ത വിധം അവന്‍റെ ശാപം നിന്‍റെയും നിന്‍റെ സന്തതികളുടെമേലും ഭവിക്കും. എങ്കിലും ദൈവം സ്നേഹമുള്ളവനാണ്. അവന്‍ നിന്നെ സ്നേഹിക്കുന്നു. നിന്‍റെ പണവും അവനുവേണം.

    അവന്‍ ആര്, ആദിയില്‍ ‍ നിരര്‍‍‍ദ്ധ വചനം അഥവാ അസംബന്ധം. നിരര്‍‍ദ്ധ വചനം ദൈവത്തിന്‍റെ കൂടെയായിരുന്നു. ദൈവമായിരുന്നു നിരര്‍‍ദ്ധ വചനം. മനുഷ്യന്‍ ‍ ദൈവത്തിന്‍റെ വിഡ്ഢിയോ അല്ലെങ്കില്‍ ‍ ദൈവം മനുഷ്യന്‍റെ വിഡ്ഢിയോ, അറിയില്ല. ദിവസവും അവന്‍റെ വചനം വിഡ്ഢിയായ മനുഷ്യന്‍ ‍ വായിക്കണംപോലും. അറിയുക, നിന്‍റെ പത്തുകല്‍പ്പനകള്‍ ‍ ഞങ്ങളുടെ കോടതിയില്‍ ‍ ഇല്ല. നീ കക്കരുത്, വ്യപിചാരം ചെയ്യരുത്, കള്ളം പറയരുത് എന്ന് നിന്‍റെ പ്രമാണങ്ങള്‍ ‍ ഞങ്ങളുടെ കോടതിയില്‍ ‍ പതിപ്പിക്കരുത്. അവിടെ മുഴുവന്‍ ‍ നിന്നെ ധിക്കരിക്കുന്ന ബഹുമാനപ്പെട്ട നീതിപാലകരും, നിയമഞരും, രാഷ്ട്രീയക്കാരും, പിന്നെ ബലിപീഡത്തില്‍ ‍ നിന്നും ഓടിവന്ന കുറെ പീഡകന്മാരായ ദാസന്മാരും. നിന്‍റെ പ്രമാണങ്ങള്‍ ‍ അവിടെ പതിച്ചാല്‍ പിന്നെ നിനക്കു ചുറ്റും ഒരുവലിയ ശത്രുവലയമുണ്ടാകും. ഇവര്‍ വിശ്വസിക്കുന്നത്' ഭോഗസുഖം' പ്രകൃതിയുടെ സുന്ദരവും ആനന്ദകരവുമായ ഒരു പ്രതിഭാസമെന്നും. ഇതു മൊത്തം പണം
    കൊടുത്തു മേടിക്കുവാന്‍ ‍ ഇവരില്‍ ‍ ചിലര്‍ക്ക് കഴിവുണ്ട്. അമേരിക്കന്‍‍ ശൈലിയില്‍ ‍ ഒരു വാചകമുണ്ട്, ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ കൈനീട്ടികൊണ്ട് ദൈവം തോട്ടടുത്തുമുണ്ട്; അവിടുത്തേക്ക്‌ ഞങ്ങളുടെ പണം ഉടന്‍ ‍ ആവശ്യമെന്നും.

    ഒരു വൈദികന്‍ ‍ ഇങ്ങനെ പ്രാര്‍ഥിച്ചു. കര്‍‍ത്താവേ, ഒരു ബാലപീഡകന്‍‍ ആവുന്നതില്‍‍ എന്തുതെറ്റ്. അങ്ങനെ നരകത്തിലേക്ക് പോവുന്ന എത്രയോ കൂട്ടുകാര്‍ ഇന്നും എനിക്കുണ്ട്. ദൈവമേ സ്തോത്രം.

    ReplyDelete
  4. Listen to Sri Nochur Venkataraman's talk on Bhagavatham...See how beautifully the ideas about God is explained in it. Available in Malayalam, English and Tamil. Beauty of pure knowledge ! As we acquire more of this knowledge, our minds settle down.

    http://sumukam.wordpress.com/discourses/brahma-sri-nochur-venkatarama

    ReplyDelete
  5. There is no harm reading any modest books if it is not profane. I suggest bhagavad Gita, New Testament, Talmud (Confucius) Tao-To-Ching (The way of power) Upanishads and Vedas. What harm in reading romances and irreligious poetry? Behold the harm when you read the Old Testament because the revengeful god manipulates the minds of the people. Any such works burns our senses or at least render it so weak. Reading even malicious books of heretical doctrine makes every day great progress because such reading will stimulate the strength of power of liberation from our mind. Freedom of reading is the same way as the freedom of our religions and ideas. Humanism is our identity.

    ReplyDelete