കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍
ഫാ. ഡേവിസ് കാച്ചപ്പിള്ളി നടത്തിയ മുഖ്യ പ്രഭാഷണം.
കത്തോലിക്കാ പുരോഹിതര്‍ വിമര്‍ശനത്തിന് അതീതരാണോ എന്ന ചര്‍ച്ചാവിഷയം വളരെയേറെ ആനുകാലിക പ്രസക്തിയുള്ളതും കത്തോലിക്കാ സഭയുടെയും കത്തോലിക്കാ പുരോഹിതരുടെയും നന്മയ്ക്ക് ഏറെ ഉപകാരപ്രദവുമായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരമൊരു ചര്‍ച്ച വളരെ മുമ്പു തന്നെ സഭയുടെ ഉന്നത തലങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഇന്നോളം സഭയ്ക്ക് ചെയ്യാന്‍ സാധിക്കാത്ത ഈ നല്ല കാര്യം, കത്തോലിക്കാ വിശ്വാസികളുടെ സ്വതന്ത്രസംഘടനയായ കേരള കാത്തലിക് ഫെഡറേഷന്‍ ചര്‍ച്ച വിഷയമാക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. അതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി അഭിമാനിക്കുകയും ഈ സംഘടനയെപ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.
സഭയിലെ പുരോഹിതര്‍ മാത്രമല്ല, സഭയിലെ ഉന്നത അധികാരികള്‍ മുതല്‍ സഭയിലുള്ള എല്ലാ വിശ്വാസികളും, എല്ലാ സംഘടനകളും, എല്ലാ സ്ഥാപനങ്ങളും, വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കണം. വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നവരായിരിക്കണം, എങ്കില്‍ മാത്രമെ കത്തോലിക്കാസഭ ശരിയായ ദിശയിലൂടെ മുന്നേറി, ലോകത്തില്‍ നന്മയുടെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷമായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നത് തര്‍ക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. നമ്മളാരും തന്നെ സര്‍വ്വജ്ഞാനികളല്ല; സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായി ദൈവം മാത്രമെയുള്ളൂ. ദൈവമൊഴികെ എല്ലാവര്‍ക്കും തെറ്റുകളുണ്ടാകും; അവ തിരുത്താനാകണം; എല്ലാ തെറ്റുകളും എല്ലാവര്‍ക്കും സ്വയം കണ്ടെത്താനുമാകില്ല; തെറ്റുകള്‍ കണ്ടെത്താനുള്ള മാര്‍ഗമാണ് വിമര്‍ശനം. അതുകൊണ്ട് സഭയെ നയിക്കാന്‍ നിയുക്തരായ വൈദികര്‍ ശരിയായ ദിശയിലൂടെ മുന്നേറണമെങ്കില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കണം എന്നതില്‍ സംശയിക്കേണ്ടതില്ല. ലോകത്തിന്നോളം ജീവിച്ചിട്ടുള്ള മനുഷ്യരില്‍, തെറ്റു ചെയ്യാതെ നന്മ മാത്രം പറയുകയും, നന്മ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഏക വ്യക്തി ദൈവപുത്രനായ യേശുക്രിസ്തുവാണ്. എന്നാല്‍ നന്മയുടെയും സത്യത്തിന്റെയും അവതാരമായ യേശുക്രിസ്തുപോലും പ്രതികരണങ്ങളേയും വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്ത വ്യക്തിയാണ്; വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ ചോദിച്ചു വാങ്ങിയവനാണ് യേശുക്രിസ്തു. തന്റെ പരസ്യ ജീവിതകാലത്ത്, ശിഷ്യന്മാരെ സമീപിച്ച് യേശുക്രിസ്തു രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. (1)''എന്നെപ്പറ്റി ജനങ്ങള്‍ എന്താണ് പറയുന്നത്'' (2) "എന്നെപ്പറ്റി നിങ്ങള്‍ എന്താണ് പറയുന്നത്.''
യേശുവിന്റെ സഭയില്‍, കത്തോലിക്കാസഭയില്‍, യേശുവിന്റെ പ്രതിപുരുഷരെന്ന് അഭിമാനിക്കുകയും. യേശുവിന്റെ പിന്‍ഗാമികളായ സഭയെ നയിക്കുകയും ചെയ്യുന്ന ഏതെങ്കിലും പുരോഹിതന്‍ ഇന്നോളം യേശുവിന്റെ മാതൃകയില്‍ ജനത്തെ അഭിമുഖീകരിച്ച് “ എന്നെപ്പറ്റി നിങ്ങള്‍ എന്താണ് പറയുന്നത്, എന്നെപ്പറ്റി മറ്റു മനുഷ്യര്‍ എന്താണ് പറയുന്നത്” എന്ന് ചോദിച്ചിട്ടുണ്ടാകുമോ? ഉണ്ടാകില്ലായെന്നാണ് എന്റെ കണക്കു കൂട്ടല്‍. ഒരു കാര്യം എനിക്കുറപ്പുണ്ട്; ഞാന്‍ ഇതുവരെ അത്തരമൊരു ചോദ്യം ചോദിച്ചിട്ടില്ല; എന്നാല്‍ ഞാന്‍ചോദിച്ചില്ലെങ്കിലും എന്റെ മുമ്പാകെ ഉണര്‍ത്തിയ വിമര്‍ശനങ്ങളെ ഞാന്‍ തള്ളിക്കളഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ മനസ്സില്ലാത്ത പുരോഹിതന്‍ നല്ലവനാകാന്‍ മനസ്സില്ലാത്ത പുരോഹിതനാണ് എന്ന് ഞാന്‍ പറയും. ചില മക്കള്‍ മാതാപിതാക്കളോട് പറയാറില്ലേ; “എന്തിനാ അപ്പാ എന്നെ ശിക്ഷിക്കുന്നത്, എന്തിനാ അപ്പാ എന്നെ ശാസിക്കുന്നത്, ഞാന്‍ നന്നാകത്തില്ല” എന്ന്. നല്ലവരാകാന്‍ മനസ്സില്ലാത്ത പുരോഹിതര്‍ യഥാര്‍ത്ഥ പുരോഹിതരല്ല; നല്ലവരാകാന്‍ മനസ്സില്ലാത്ത പുരോഹിതര്‍ സഭയോടോ സമൂഹത്തോടോ വിശ്വസ്തരായ പുരോഹിതരല്ല. യേശുവിന്റെ ഭാഷയില്‍ അവര്‍ ''ഫരിസേയരാണ്''.
കത്തോലിക്കാ സഭയില്‍ രണ്ടുതരം പുരോഹിതരെ കാണാനാകും
(1) 33 വര്‍ഷക്കാലം മനുഷ്യരുടെ ദാസനായി ജീവിച്ച്, അവര്‍ക്ക് നന്മ മാത്രം ചെയ്ത്, അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച യേശുവിന്റെ പ്രതിപുരുഷരാകാന്‍ ആഗ്രഹിക്കുന്നവരാണ്; ഇവര്‍ വിനീതമായി ശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്; ഇവര്‍ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കുന്നവരല്ല, ഇവര്‍ "ഞാന്‍, ഞാന്‍, ഞാന്‍ മാത്രം" എന്ന അഹങ്കാരചിന്തയില്ലാത്തവരാണ്. ഇവര്‍ മറ്റുള്ളവരെ ശ്രവിക്കുന്നവരാണ്. ഇവര്‍ മറ്റുള്ളവരെ അംഗീകരിക്കുന്നവരാണ്; ഇവര്‍ മറ്റുള്ളവരെ പരിഗണിക്കുന്നവരാണ്. ഇവര്‍ മറ്റുള്ളവരും വളരണമെന്ന് ആഗ്രഹിക്കുന്നവരാണ്, ഇവര്‍ മറ്റുള്ളവരെ വളര്‍ത്തുന്നവരാണ്. ഇവര്‍ ഏകാധിപതികളാകാന്‍ ആഗ്രഹിക്കുന്നവരല്ല; ഇവര്‍ മറ്റുള്ളവരെ അടക്കി ഭരിക്കാനോ, അടിമകളാക്കാനോ, അടച്ചാക്ഷേപിക്കാനോ തയ്യാറാകുന്നില്ല, ഇപ്രകാരം ജീവിക്കുന്ന പുരോഹിതരാണ് ''മറ്റൊരു ക്രിസ്തു'' എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ള പുരോഹിതര്‍. ഇത്തരം പുരോഹിതരും പുരോഹിത ശ്രേഷ്ഠന്മാരുമാണ് സഭയിലുണ്ടാകേണ്ടത്.
(2). ഇനി രണ്ടാമതൊരു തരം പുരോഹിതരെ സഭയില്‍ കാണാനാകും. ഈ ലോകത്തിലെ സിംഹാസനങ്ങളിലിരുന്ന് അധികാരം തന്റേതുമാത്രം എന്ന് അവകാശപ്പെട്ടുകൊണ്ട്, അടക്കി ഭരിക്കാന്‍ ആഗ്രഹിക്കുന്ന പുരോഹിതരാണവര്‍. ആരും അവരെ നിയന്ത്രിക്കാന്‍ അവര്‍ അനുവദിക്കില്ല, ആരും അവരെ വിമര്‍ശിക്കാന്‍ അവര്‍ അനുവദിക്കില്ല ആരേയും ശ്രവിക്കാനോ, അനുസരിക്കാനോ അവര്‍ തയ്യാറാകില്ല ആരേയും വളര്‍ത്താന്‍ ഇവര്‍ ആഗ്രഹിക്കില്ല, ഇവര്‍ ഏകാധിപതികളാകും; അടക്കി ഭരിക്കാനും, അടച്ചാക്ഷേപിക്കാനും ഇവര്‍ക്ക് യാതൊരു ശങ്കയുമുണ്ടാകില്ല, ഇവര്‍ക്ക് സ്വര്‍ഗ്ഗീയ സിംഹാസനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ? സഭയില്‍ പുരോഹിതര്‍ക്ക് സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്ത്, പുരോഹിതര്‍ ഇപ്പോള്‍ അവകാശമാക്കിയിരിക്കുന്ന സിംഹാസനങ്ങളും, ഏകാധിപത്യാധികാര സംവിധാനങ്ങളുമാണ്. മറ്റു വാക്കില്‍ പറഞ്ഞാല്‍, സഭയിലൊരു അംഗീകരിക്കപ്പെട്ട പ്രതിപക്ഷമില്ല; അംഗീകരിക്കപ്പെട്ട വിമര്‍ശനവേദിയില്ല.
ഏതെങ്കിലും വ്യക്തിയോ. സംഘടനയോ പുരോഹിതര്‍ക്കെതിരെയോ, സഭയുടെ നടപടികള്‍ക്കെതിരെയോ വിമര്‍ശിക്കാനിടയായാല്‍ അവരെ തള്ളിപ്പറയുകയും തള്ളിക്കളയുകയും ചെയ്യുന്ന സ്ഥിതിയാണിന്ന് നിലനില്‍ക്കുന്നത്. ഈ അടുത്ത നാളുകളില്‍ കേരള കാത്തലിക് ഫെഡറേഷന്‍ എന്ന സംഘടനയെ തള്ളിപ്പറഞ്ഞതും, തള്ളിക്കളഞ്ഞതും ഒരു ഉദാഹരണമാണ്. സഭയുടെ ചരിത്രത്തില്‍ ഇതുപോലെ അനേകം വ്യക്തികളേയും സമൂഹങ്ങളേയും സഭ തള്ളിപ്പറഞ്ഞിട്ടുണ്ട്, തള്ളിക്കളഞ്ഞിട്ടുണ്ട്. അവയുടെയെല്ലാം അടിസ്ഥാനം സഭയ്‌ക്കെതിരെ വിമര്‍ശിച്ചു എന്നതായിരുന്നു. അവയെല്ലാം സഭയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളാണെന്ന് ഏറ്റുപറഞ്ഞ്, യേശുവിന്റെ രണ്ടായിരം ജന്മദിനമഹാജൂബിലി വര്‍ഷത്തില്‍, മാര്‍പാപ്പാ ലോകത്തിനുമുമ്പാകെ മാപ്പു പറഞ്ഞു. സഭയ്ക്ക് മുഴുവന്‍ അനുകരിക്കാനായി മാര്‍പാപ്പാ നല്‍കിയ മഹനീയമാതൃകയായിരുന്നു. എന്നാല്‍ ഇന്നും ഈ മാതൃകയില്‍ എല്ലാവരേയും ശ്രവിക്കാനും ഉള്‍ക്കൊള്ളാനും സഭയ്ക്കാകുന്നില്ല. തള്ളിപ്പറയുകയും തള്ളിക്കളയുകയും ചെയ്യുന്ന തെറ്റുകള്‍ സഭയില്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു എന്നത് അപമാനകരമാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ, സഭയെ നിത്യം നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് തുറന്നു തന്ന ''ഡയലോഗ്, സംഭാഷണം'' എന്ന കവാടം മലര്‍ക്കെ തുറന്നിടാനും. അതുവഴി സഭയെ സംശുദ്ധമാക്കാനുമുള്ള ദൈവപിതാവിന്റെ വിശാലമായ മനസ്സ് സ്വായത്തമാക്കാന്‍ പുരോഹിതര്‍ക്കും, സഭാധികാരികള്‍ക്കും എന്തുമാത്രം സാധിച്ചു എന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. ഡയലോഗിന്റെ ചൈതന്യം സ്വീകരിക്കാനായിരുന്നെങ്കില്‍, കേരള കാത്തലിക് ഫെഡറേഷനുമായി ചര്‍ച്ചയുണ്ടാകാതെയും വസ്തുതകളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കാതെയും, പ്രസ്തുത സംഘടനയെ തള്ളിക്കളയുമായിരുന്നില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ സഭയെ നവീകരിച്ച് സംശുദ്ധമാക്കണമെങ്കില്‍, കാതലായ മാറ്റങ്ങളുണ്ടാകണം. എല്ലാ പ്രസ്ഥാനങ്ങളുടെയും തലപ്പത്ത് വൈദികരേയും മെത്രാന്മാരേയും മാത്രം അവരോധിക്കുന്ന പ്രവണത ഒഴിവാക്കപ്പെടണം. അല്‍മായര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും, സഭ അംഗീകാരം നല്‍കണം. അവയുടെ തലപ്പത്ത് അല്‍മായരെത്തന്നെ അംഗീകരിക്കാനാകണം. ആത്മീയതലത്തിലും സാമൂഹ്യതലത്തിലും വിദ്യാഭ്യാസതലത്തിലും പ്രഗത്ഭരായ ധാരാളം അല്‍മായര്‍ സഭാസേവനത്തിന് ഇന്ന് ലഭ്യമാണ്. അത്തരം ധാരാളം വ്യക്തികളെ എനിക്കറിയാം; അത്തരം വ്യക്തികള്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ ഉണ്ടായാല്‍ മാത്രമേ സുതാര്യവും ക്രിയാത്മകവുമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും നല്‍കാനാകൂ എന്നതില്‍ സംശയമില്ല. ഇത്തരം സംഘടനകള്‍ക്ക് ഇടവകതലത്തിലും രൂപതാതലത്തിലും സഭാതലത്തിലും ആനുപാതികമായ പ്രാതിനിധ്യം നല്‍കുകയും, അവരുടെ നിര്‍ദ്ദേശങ്ങള്‍ പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യാനായാല്‍ സഭയില്‍ ഇന്ന് നിലനില്ക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്നും, സഭയെ ശരിയായ ദിശയിലൂടെ വളര്‍ത്താനാകുമെന്നും അസന്നിഗ്ദ്ധമായി പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ചുരുക്കത്തില്‍ സംശുദ്ധമായ ജനാധിപത്യസംവിധാനം സഭയില്‍ നടപ്പിലാക്കേണ്ടതുണ്ട്. എറണാകുളം രൂപതയുടെ മെത്രാന്‍ മാര്‍ തോമസ് ചക്യാത്തിന്റെ പ്രസ്താവന ഇക്കാര്യത്തില്‍ സഭയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്; അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു;
''അല്‍മായരുടെ ശക്തമായ മുന്നേറ്റത്തിലൂടെ മാത്രമെ, സഭയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാകൂ; സഭയുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി, അവയ്ക്ക് പരിഹാരം കാണുകയും നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടത് അല്‍മായരുടെ ദൗത്യമാണ്.'' (ദീപനാളം - 2011 ജനുവരി 7)
സഭയുടെ ഇപ്പോഴത്തെ മാര്‍പാപ്പായുടെ 'സത്യത്തില്‍ സ്‌നേഹം' എന്ന ചാക്രിക ലേഖനത്തില്‍ പറയുന്നത് നമ്മുടെ സഭാധികാരികള്‍ ശ്രദ്ധിക്കുന്നുണ്ടോ? ദൈവമാണ് തന്റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യന് മഹത്വവും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നത്. ഇവ (മഹത്വവും, സ്വാതന്ത്ര്യവും) മതപരമോ, രാഷ്ട്രീയമോ ആയ സ്വേഛാധിപത്യനിയമങ്ങളാല്‍ ഹനിക്കപ്പെടാതെ വര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു ഇവിടെ സഭ, മനുഷ്യമഹത്വവും, സ്വാതന്ത്ര്യവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണോ, നശിപ്പിക്കുവാനുള്ള ശ്രമങ്ങളാണോ ചെയ്യുന്നത്.
ചുരുക്കത്തില്‍ യേശുവിന്റെ സഭ, കത്തോലിക്കാസഭ, യേശുവിന്റെ ചൈതന്യത്തിലും, യേശു വിഭാവന ചെയ്തപോലെയും. വളര്‍ന്ന് ലോകത്തില്‍ യേശുവിന് സജീവസാക്ഷ്യം നല്‍കാനാകണമെങ്കില്‍ ''ദൈവജന'' മെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാസഭയില്‍ ബഹുഭൂരിഭാഗവും അല്‍മായ വിശ്വാസികളായതുകൊണ്ട് അവര്‍ക്ക് ആനുപാതികമായ സ്വാതന്ത്ര്യവും അംഗീകാരവും സഭയുടെ എല്ലാ തലങ്ങളിലും നല്‍കാനുള്ള വിശാലമായ മനസ്സും നിശ്ചയദാര്‍ഢ്യവും സഭയിലെ പുരോഹിതരും പുരോഹിതശ്രേഷ്ഠരും സമാര്‍ജിക്കേണ്ടതാണ്.
ഇത്തരമൊരു ''നല്ലകാലം'' എത്രയും വേഗത്തില്‍ സഭയിലുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും ഞാന്‍ നിറുത്തുന്നു.
നിങ്ങള്‍ക്കു നന്ദി! ദൈവത്തിനു സ്തുതി.
അല്‍മായരും പുരോഹിതരും ഇന്ന് രണ്ടു ധ്രുവങ്ങള്‍ പോലെ അന്തരത്തിലാണ്. നല്ലപുരോഹിതരെന്നോ കപടഫരീസിയര്‍ എന്നോ ആരെന്നു തിരിച്ചറിയുവാന്‍ അറിവും വിവേകവുമുള്ളവര്‍ക്കുപോലും ബുദ്ധി മുട്ടാണ്. ഇപ്പോള്‍പന്ത് പുരോഹിതരുടെ കോര്‍ട്ടിലാണ് . നഷ്ടപ്പെട്ട അല്മെനിയുടെ വിശ്വാസം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളാണ് ആരംഭിക്കേണ്ടത്.
ReplyDeleteപള്ളിഭരണങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതല്‍ ജനായത്തമാക്കുവാനും
പുരോഹിതന്‍റെ അധികാരങ്ങള്‍ അതുവഴി വെട്ടികുറക്കുവാനും തയ്യാറാകുമോ? ഞാന്‍ സംശയിക്കുന്നു.
ദൈവശാസ്ത്രം ആരംഭിക്കുന്നത് ശരിയായ വായനയിലൂടെ, ശരിയായ ചിന്തയിലൂടെ, ശരിയായ വിശ്വാസത്തിലൂടെ, ശരിയായ പ്രവര്‍ത്തിയിലൂടെ, എന്നെല്ലാമുള്ള തത്വങ്ങള്‍ ശരിതന്നെ. എന്നാല്‍ ഇതെല്ലാം പുരോഹിതരുടെ ചിന്തയിലൂടെ മാത്രം ശരിയെന്നു വെച്ചാല്‍ അല്മേനിക്കു വകവെച്ചു കൊടുക്കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പുരോഹിതനില്‍ ആവശ്യത്തിനുള്ള ജീസസ് കുടി കൊള്ളുന്നുവോയെന്നു നോക്കുക. ഉള്ളിലുള്ള ബാക്കി ജീസസിനെ എത്രമാത്രം മറ്റുള്ളവര്‍ക്കും പങ്കുവെക്കുവാന്‍ സാധിക്കുമെന്നും പുരോഹിതന്‍ ചിന്തിക്കണം. അവര്‍ക്ക് വേണ്ടാത്ത ജോലിമാത്രം അല്മെനികളെ ഏല്‍പ്പിക്കുന്ന പ്രവണതകളും
അവസാനിപ്പിക്കണം. ഇവര്‍ യേശുവിനു മാതൃകയാണെന്ന് പൊതുജനങ്ങള്‍ക്കും തോന്നണം.
കരിഷ്മാറ്റിക്ക് പോലുള്ള കപട പ്രാര്‍ത്ഥനക്കാരെക്കാളുമുപരി സ്നേഹത്തിന്‍റെ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനാണ് പുരോഹിതന്‍ ശ്രമിക്കേണ്ടത്, അല്ലാതെ അവരില്‍ രണ്ടു ചേരികള്‍ ഉണ്ടാക്കി അല്മായരെ വിഭജിച്ചു ഭരിക്കുകയെന്നുള്ളതല്ല ഒരു നല്ല പുരോഹിതന്‍റെ യോഗ്യത. പള്ളി ഒരു ബിസിനസ് അല്ല. ഏക ദൈവത്തില്‍ സമൂഹമായ ചിന്തയോടെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി, പള്ളി ഒരു ആതുരാലയം പോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന പുരോഹിതനെയാണ് അല്മേനിക്കു വേണ്ടത്.
എനിക്കു ജയിക്കണമെന്ന് പുരോഹിതനു ചിന്തയുള്ളത് നല്ലതുതന്നെ. അതുപോലെ എതിരാളികള്‍ ജയിക്കണമെന്ന് ഒരു പുരോഹിതന്‍ ചിന്തിക്കുമോ? ഇതിനെക്കാളുപരി സഭ വിജയിക്കണം. അവിടെ പേരുംപെരുമയുമുള്ള സൂപ്പര്‍ സ്ടാറുകളുടെ കളിയല്ല വേണ്ടത്. തകര്‍ന്ന ഹൃദയത്തോടെ ജീവിതം പൊറുതി മുട്ടിയവര്‍ക്കായി മുമ്പോട്ട്‌വരുന്ന ഒരു സഭയാണ് ആവശ്യം. അല്മെനികള്‍ക്ക് മനസ്സിലാകുന്ന ദൈവശാസത്രവും , നല്ല വൈദികനും അദ്ദേഹത്തിന്‍റെ ശരിയായ ദിശയിലുള്ള നേതൃത്വവും സഭയെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.
This comment has been removed by a blog administrator.
ReplyDeleteയുക്തിവാദിയായ ഒരു സുഹൃത്തുണ്ടെനിക്ക്. അദ്ദേഹത്തെ കാണുമ്പോഴൊക്കെ പള്ളീലച്ചന്മാര്‍ അദ്ദേഹത്തോട് ചെയയ്തിട്ടുള്ള അനീതികളെക്കുറിച്ചു ഏറെ പറഞ്ഞു കേള്‍പ്പിക്കും. വിശ്വാസമില്ലാത്ത ഇയാള്‍ എന്തിന് പള്ളിയില്‍ പോകുന്നു എന്ന് ഞാന്‍ ചോദിച്ചാല്‍, ആ പാവം മനുഷ്യന്‍ സത്യം പറയും. ഈ സമുദായത്തില്‍ ജീവിച്ചു പോകണമെങ്കില്‍ ഒത്തിരി കാപട്യം ചെയ്തുകൊണ്ടിരിക്കണം. പലതും നടത്തിയെടുക്കാന്‍, പള്ളിയില്‍ നിന്ന് കുറി വേണം. പള്ളിയില്‍ ഹാജരില്ലെങ്കില്‍ അച്ഛന്‍ നമ്മളെ വെറും പുഴുവിനെപ്പോലെ കാലിട്ട് തട്ടിക്കൊണ്ടിരിക്കും. പിള്ളേരുടെയും കൊച്ചുമക്കളുടെയും പോലും ഒരു കാര്യവും ശരിയായി നടത്താന്‍ പറ്റില്ല. നാട്ടുകാരും നമ്മളെ ഒറ്റപ്പെടുത്തും. നമ്മളെ ആത്മീയമായും വികാരപരമായും സാമുദായികമായും ഒറ്റപ്പെടുത്തി ശ്വാസം മുട്ടിക്കാനുള്ള സകല കെണികളും സത്യ(തീവ്ര)വിശ്വാസികളും പള്ളീലച്ചനെന്ന തീവ്രവാദിയും ചേര്‍ന്ന് ചെയ്തുകൊണ്ടിരിക്കും. ഇതൊക്കെ അധികാരത്തിന്റെയും സഭക്കൂട്ടത്തിന്റെയും ദുര്‍വിനിയോഗമാണെന്നും മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും അറിയാമെങ്കിലും, ഇത്തരം മനുഷ്യരുടെ ഇടയില്‍ കഴിഞ്ഞ് കൂടണമെങ്കില്‍, നമസ്സാക്ഷിക്കനുസരിച്ചു ജീവിക്കാനാവില്ല. അതുകൊണ്ട്, ഞാന്‍ എന്നോട് തന്നെ മതിപ്പില്ലാത്ത ഒരു ഭീരുവായി കഴിഞ്ഞ് കൂടുന്നു.
ReplyDeleteഓരോ വികാരിയും ഇതേക്കുറിച്ച് ഒന്നാലോചിക്കുന്നത് സഭക്ക് ഗുണം ചെയ്യും. നല്ല ഒന്നാന്തരം വ്യക്തിത്വമുള്ള എത്രയെത്ര മനുഷ്യരെ ഇവര്‍ ഇല്ലാത്ത അധികാരത്തിന്റെ മറവില്‍ ഇങ്ങനെ മുറിവേല്‍പ്പിക്കുകയും നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് ആത്മശോധന ചെയ്യുക. ഒരു മനുഷ്യന്റെ മേല്‍ മെക്കിട്ടു കയറാനുള്ള ഒരധികാരവും ദൈവം ഒരു പോപ്പിനു പോലും നല്‍കിയിട്ടില്ല. പിന്നെയാണോ വിവരംകെട്ട പള്ളി വികാരിമാര്‍ക്ക്! പത്രോസെന്നും പാറയെന്നുമൊക്കെയുള്ള കഥകള്‍ സൂത്രശാലികളുടെ കണ്ടുപിടുത്തങ്ങളാണ്. ശരിക്ക് ചിന്തിച്ചാല്‍, ദൈവം പോലും ഒരുത്തരെയും അധികാരമുപയോഗിച്ച് നിയന്ത്രിക്കുന്നില്ല, മറിച്ച്, സ്വന്ത ബുദ്ധിയുപയോഗിച്ച് നന്മയെ കണ്ടെത്താനും അതനുസരിച്ച് ജീവിക്കാനും വിടുകയാണ് ചെയ്യുന്നത്. ഈ സത്യത്തെ മറച്ചുവച്ച്, ഒരു വലിയ കൂട്ടത്തെ അബദ്ധങ്ങളും അന്ധമായ വിശ്വാസങ്ങളും പറഞ്ഞു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നു എന്നത് മാത്രമാണ് പുരോഹിതരുടെയും അവര്‍ മുതുകത്ത് കയറിയിരിക്കുന്ന ജനക്കൂട്ടത്തിന്റെയും (സഭ) ശക്തി.
ആലഞ്ചേരി കര്‍ദ്ദിനാള്‍ രാജി വച്ചു മാതൃക കാണിക്കണം.ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടി വച്ചു വെറുതെ രണ്ടു ഇന്ത്യന്‍ മീന്‍ പിടുത്തക്കാരെ കൊന്നു എന്നതല്ല ഇവിടെ പ്രാധാന കാര്യം ,അവര്‍ രണ്ടു ഇന്ത്യന്‍ പൌരന്മാരെ വെടി വച്ചു കൊന്നു.ഇറ്റലി രാജ്യാന്തര നിയമം പാലിച്ചില്ല.ഇക്കാര്യത്തെപ്പറ്റി ആലഞ്ചേരി മെത്രാന്‍ ഒന്നും ആലോചിക്കാതെ, അദ്ദേഹത്തിനു വീണ് കിട്ടിയ പദവിയുടെ പ്രകാശ കിരണങ്ങളില്‍ വെട്ടിത്തിളങ്ങി കണ്ണടഞ്ഞപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ എല്ലാം അദ്ദേഹത്തിനു മുന്‍പില്‍ ചെറുതായിപ്പോയി. അദ്ദേഹം ഉടന്‍ കല്‍പ്പിച്ചു ,നിങ്ങള്‍ എന്റെ കീഴില്‍ കത്തോലിക്കരാണ്, മന്ത്രിമാരായ തോമസും മര്‍ക്കോസും മത്തായിയും എന്ന് വേണ്ട ആരായാലും വേണ്ടില്ല ഇത് ഇറ്റലിക്കാരുടെ കാര്യമാണ്,എന്നെ കര്‍ദ്ദിനാള്‍ ആക്കി ഈ തൊപ്പി തന്നു വിട്ടത് അവരാണ്, നിങ്ങള്‍ മേലില്‍ മിണ്ടരുത്. ഇങ്ങനെ വേണമല്ലോ നമ്മള്‍ പൊട്ടന്മാര്‍ മനസ്സിലാക്കേണ്ടത്?ആലഞ്ചേരിയുടെ നിര്‍ദ്ദേശം വെറുമൊരു പോഴത്തം അല്ല .അദ്ദേഹം ചെയ്ത പ്രസ്താവന തിരിച്ചെടുത്തു ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണം.ഇദ്ദേഹത്തിന്റെ പ്രസ്താവന രാജ്യ ദ്രോഹ കുറ്റമാണ്.അദ്ദേഹം കര്‍ദ്ദിനാള്‍ പദവി രാജി വച്ചു തെറ്റിന് ഉത്തരവാദിത്വം ഏറ്റെടുക്കണം.
ReplyDelete