Translate

Friday, December 23, 2011

കല്ദായവല്ക്കാരണം എന്ത്? ചില തുറന്ന ചിന്തകള്‍



ദുഷിച്ച പൗരോഹിത്യത്തില്‍ ഉത്ഭവിച്ച അപകര്‍ഷതാബോധമാണു കല്‍ദായവല്‍ക്കരണത്തിന്റെ മൂലകാരണം. ആര്‍ക്കും ഒരു നേട്ടവുമില്ലാത്ത ആവേശം.
ക്രിസ്തു അവതരിച്ച കാലഘട്ടത്തില്‍ യഹൂദ പൗരോഹിത്യം ഏറ്റവും കടുത്ത ‍ധാര്‍മ്മികാധപതനത്തിലായിരുന്നു. നിയമജ്ഞരും ഫരിസേയരും പുരോഹിതരും സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ മത്സരിച്ചുകൊണ്ടിരുന്നു. അവരെ വെള്ളയടിച്ച കുഴിമാടങ്ങള്‍, അണലിസന്തതികള്‍, വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നവര്‍ എന്നൊക്കെയാണു ക്രിസ്തു സംബോധനചെയ്തത്. പുരോഗിതവര്‍ഗ്ഗത്തിന്റെ തനിനിറം വെളിച്ചത്താക്കുകയും പാവപ്പെട്ടവനു നീതി നേടിയെടുക്കുകയും ചെയ്യുക എന്നതാണു ദൈവരാജ്യം സ്ഥാപിക്കാന്‍ ആവശ്യമായ ആദ്യനടപടികള്‍ എന്നു ക്രിസ്തു വിശ്വസിച്ചു. മനുഷ്യവര്‍ഗ്ഗത്തെ എല്ലാവിധ ചൂഷണത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും വിമോചിതമാക്കുവാന്‍ ക്രിസ്തു സുവിശേഷം അറിയിച്ചു. തന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷവും വിമോചനപ്രകിയ തുടരണമെന്നു ക്രിസ്തു ആഗ്രഹിക്കുകയും തന്റെ വചനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്കു പ്രചോദനം നല്‍കുവാന്‍ മറ്റൊരു സഹായകനെ വാഗ്ദാനം ചെയ്യുകയും ചെയ്തു. തീനാളങ്ങളായും വെള്ള പ്രാവായും ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവിന്റെ മറ്റൊരു രൂപമാണു വിശുദ്ധഗ്രന്ഥം. വിശുദ്ധഗ്രന്ഥം നല്ല മനസ്സോടെ വായിച്ചു ധ്യാനിക്കുന്നവര്‍ക്കു പുരോഗിത ചൂഷണത്തില്‍ നിന്നു വിടുതല്‍ പ്രാപിക്കാന്‍ കുറെയൊക്കെ കഴിയുമെന്നു ഞാന്‍ കരുതുന്നു. ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗവും ഞാന്‍ കാണുന്നില്ല.
മനുഷ്യര്‍ സംസാരിക്കാത്ത സുറിയാനി, ലത്തീല്‍ ഭാഷകളില്‍ മാത്രം വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്താല്‍ മതി എന്നായിരുന്നു ഒരിക്കല്‍ പൗരോഹിത്യം ചിന്തിച്ചിരുന്നത്. ലത്തീനില്‍ നിന്നും ഇംഗ്ലീഷിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ ഒരുമ്പെട്ട വില്യം ട്വിന്റല്‍, ജോണ്‍ഗസ്സ്, മൈക്ലിഗ് തുടങ്ങി നിരവധി പ്രോട്ടസ്റ്റന്റ് നേതാക്കള്‍ പുറത്താക്കപ്പെട്ടു. ഇവരെല്ലാം ഒരിക്കല്‍ റോമന്‍ കത്തോലിക്കാ സഭാവിശ്വാസികള്‍ ആയിരുന്നു. സഭയുടെ തെറ്റായ പോക്കു കണ്ടറിഞ്ഞു വിശ്വാസികളെ പ്രബോധിപ്പിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ സഭാവിരോധികളായി അറിയപ്പെട്ടു. ഇന്നും തുടരുന്നു ഈ പ്രക്രിയ.
പ്രോട്ടസ്റ്റന്റ് നവീകരണത്തെ പൂര്‍ണ്ണമായി പിന്‍താങ്ങുകയല്ല - നവീകരണത്തിനു കാരണമായ വിശ്വാസവ്യതിയാനങ്ങള്‍ക്കു കാരണം സഭയില്‍ അധികാരം കൈവശം വച്ചുകൊണ്ടിരുന്ന ഉന്നതര്‍ തന്നെയെന്നു ചൂണ്ടിക്കാണിക്കുകയാണു എന്റെ ഉദ്ദേശ്യം.
കേരള സഭയെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഇന്നു കല്‍ദായവല്‍ക്കരണം അഥവാ പൗരോഹിത്യവല്‍ക്കരണം സീറോ മലബാര്‍ സഭയിലെ ചില ഉന്നതരായ മെത്രാപ്പോലീത്തമാരുടെയും സഭാപണ്ഢിതന്മാര്‍ എന്നറിയപ്പെടുന്ന പ്രമുഖ വൈദികരുടെയും അപകര്‍ഷതാബോധത്തില്‍ നിന്നുടലെടുത്ത വിഘടനവാദം മാത്രമെന്നു പറയാന്‍ ആഗ്രഹിക്കുന്നു.
അല്‍പം ചരിത്രം, ക്രിസ്തുശിഷ്യനായ തോമസ് എ.ഡി.52-ല്‍ കൊടുങ്ങല്ലൂരില്‍ എത്തിയെന്നു സ്ഥാപിക്കുവാന്‍ ചരിത്രരേഖകള്‍ ഒന്നുമില്ലെങ്കിലും അങ്ങനെ വിശ്വസിച്ചു പോരുന്ന വലിയ ഒരു സമൂഹം ഇവിടെയുണ്ട്. ബ്രാഹ്മണപുരോഹിതര്‍ തങ്ങളുടെ ശ്രേഷ്ഠത എല്ലാവരും അംഗീകരിക്കുന്നതിനുവേണ്ടി നിരവധി കെട്ടുകഥള്‍ പ്രചരിപ്പിച്ചു. മനുസ്മൃതിയില്‍ പറയുന്നത് ബ്രഹ്മാവിന്റെ ശിരസ്സില്‍ നിന്നുത്ഭവിച്ചവരാണു ബ്രാഹ്മണര്‍ എന്നാണ്. ബ്രഹ്മാവിന്റെ കരങ്ങളില്‍ നിന്നും ക്ഷത്രിയരും കാലുകളില്‍ നിന്നും വൈശ്യരും പാദങ്ങളില്‍ നിന്നു ശുദ്രരും ഉണ്ടായി. വൈശ്യര്‍ക്കും താഴെയുള്ള മറ്റു ജാതികള്‍ പൂണൂല്‍ ധരിക്കാന്‍ അര്‍ഹതയില്ലാത്തവരോ അഥവാ പൂണൂല്‍ ധരിച്ച ശ്രേഷ്ഠര്‍ക്കുവേണ്ടി അടിമവേല ചെയ്യാന്‍ വിധിക്കപ്പെട്ടവരോ ആണ്. ഉന്നതരുടെ കണ്‍വെട്ടത്തു വന്നാല്‍ ശിക്ഷിക്കപ്പെടേണ്ട നീച ജീവികളായിട്ടാണ് കേരളത്തിലെ മണ്ണിന്റെ മക്കളെ ചിത്രികരിച്ചത്. ദേവഭാഷയായ സംസ്‌കൃതത്തില്‍ വേദം കേള്‍ക്കുന്ന താഴ്ന്ന ജാതിക്കാരുടെ കര്‍ണ്ണത്തില്‍ ഈയം ഉരുക്കി ഒഴുക്കണമെന്നുപോലും വാദിച്ചു. കാലം മുന്നോട്ടു പോയി. എല്ലാ അടിമത്തത്തില്‍ നിന്നും മനുഷ്യനു മോചനം പ്രഖ്യാപിച്ച ക്രിസ്തുവിന്റെ ശബ്ദം ലോകം മുഴുവന്‍ ശ്രവിച്ചു. ക്രിസ്തുവിനെ അറിയാത്തവര്‍ പോലും ഈ വിമോചനാഹ്വാനം കേട്ടു തുടങ്ങി. നന്മയുടെ വെളിച്ചം അല്‍പമായിട്ടെങ്കിലും വ്യാപകമാകുമ്പോള്‍ അന്ധകാരത്തിന്റെ ശക്തികള്‍ മറ്റു രൂപങ്ങളില്‍ പ്രവര്‍ത്തന ശൈലി മാറ്റിക്കൊണ്ടിരിക്കും. കല്‍ദായവല്‍ക്കരണവും ഇതു തെളിയിക്കുന്നു.
തോമാശ്ലീഹായില്‍ നിന്നു വിശ്വാസം സ്വീകരിച്ചവര്‍ പാലയൂരിലെ ബ്രാഹ്മണരായിരുന്നുവെന്നു പ്രചരിപ്പിച്ചവരെ പിന്‍താങ്ങുവാനും ഇവിടെ ചില ക്രൈസ്തവരായ ആളുകള്‍ തയ്യാറായി. എന്നാല്‍ ചരിത്രം സത്യസന്ധമായി അവതരിപ്പിച്ചവര്‍ സ്ഥാപിച്ചു, 8-ാം നൂറ്റാണ്ടിനു ശേഷമുള്ള ഇവിടെ ആര്യന്മാര്‍ കുടിയേറിയതെന്ന്. പരശുരാമകഥ എഴുന്നെള്ളിച്ചു കേരളം മുഴുവന്‍ ബ്രാഹ്മണര്‍ക്കു ഭാഗമായി ലഭിച്ചതാണെന്നു സ്ഥാപിച്ചവരുടെ വാദങ്ങള്‍ അവസാനിച്ചുതുടങ്ങിയപ്പോള്‍ അവരുടെ മഹത്വത്തിന്റെ പങ്കുപറ്റി ശ്രേഷ്ഠത അവകാശപ്പെട്ടിരുന്ന സുറിയാനി ക്രൈസ്തവരും സ്വരം മാറ്റി. കൊടുങ്ങല്ലൂരില്‍ നേരത്തേ കുടിയേറി പാര്‍ത്തിരുന്ന യഹൂദന്മാരാണ് ആദ്യം സുവിശേഷം സ്വീകരിച്ചതെന്നു അവരുടെ സന്താനപമ്പരകളാണു ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികള്‍ എന്നായി പുതിയ പ്രചരണം. ഇതെല്ലാം എന്തിനുവേണ്ടി ആയിരുന്നുവെന്നു കേരള ക്രൈസ്ത്രവരുടെ മുഴുവന്‍ ചരിത്രവും ഒന്നിച്ചു വായിക്കുമ്പോള്‍ മനസ്സിലാകും.
തോമാശ്ലീഹാ മൈലാപ്പൂരില്‍ ബ്രാഹ്മണരുടെ ശൂലം കൊണ്ടു വധിക്കപ്പെട്ടു എന്നു പരമ്പരാഗതമായ വിശ്വസിച്ചിരുന്നു. കേരളത്തില്‍ ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും മൈലാപ്പൂര്‍ കബറിടത്തില്‍ തീര്‍ത്ഥാടനം നടത്തിനായി പോയിരുന്നു എന്നു ചിലര്‍ അവകാശപ്പെടുന്നു. താന്‍ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിലും പരസരങ്ങളിലും ശക്തമായ ഒരു സദാസാന്നിദ്ധ്യം ഇല്ലാതെ പോയപ്പോള്‍ കേരളത്തില്‍ മാത്രം കുറെപ്പേര്‍ ക്രൈസ്തവരായി നിലകൊണ്ടു എന്നു ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഇതിനു കാരണം നാലാം നൂറ്റാണ്ടിലെ ക്‌നാനായ കുടിയേറ്റമാണ്. ക്‌നാനായക്കാരുടെ സ്വന്തം നാട്ടില്‍ കര്‍ത്താവിന്റെ ശിഷ്യന്മാരായ തദ്ദേവൂസും ബര്‍ത്തലോമിയും സുവിശേഷം പ്രസംഗിച്ചതായി പറയപ്പെടുന്നു. തോമാശ്ലീഹായും പേര്‍ഷ്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. യൂദാ തോമ്മായുടെ നടപടികള്‍ എന്ന് ഒരു ഗ്രന്ഥം സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടിരുന്നു. ഈ അപ്പോതിഥല്‍ ഗ്രന്ഥത്തിലെ സംഭവങ്ങളാണു കേരളത്തിലെ ക്‌നാനായക്കാരായ സുറിയാനിക്കാര്‍ മാര്‍ഗ്ഗംകളി പാട്ടുകളില്‍ വര്‍ണ്ണിക്കുന്നത്. എന്തായാലും തോമാശ്ലീഹായില്‍ നിന്നു സുവിശേഷം സഭിച്ചു എന്നു പറയുന്നതിനെക്കാള്‍ ആവേശത്തോടെ തോമാശ്ലീഹാ ഇവിടെ സുറിയാനി ആരാധനാക്രമം കൊണ്ടുവന്നു എന്നു വിളിച്ചു പറയാറുണ്ട് മാര്‍ ജോസഫ് പൗവ്വത്തില്‍ തുടങ്ങിയ കല്‍ദായ പ്രമുഖര്‍ക്ക് കൂടുതല്‍ ആവേശം കല്‍ദായവല്‍ക്കരണത്തിനു ന്യായികരണവും ഇതു തന്നെ.
15-ാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന നെസ്‌തോറിയന്‍ സുറിയാനി സഭാഭരണം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ പാശ്ചാത്യ മിഷനറിമാര്‍ക്കു സാധിച്ചു. ഉദയംപേരൂര്‍ സൂനഹദോസു വഴിയായി ലത്തീന്‍ ഭരണം ഇവിടെ യാഥാര്‍ത്ഥ്യമായി. കല്‍ദായ സുറിയാനിസഭ കേരളത്തില്‍ റോമന്‍ കത്തോലിക്കാ സഭയായി മാറി. തുടര്‍ന്നുള്ള 50 വര്‍ഷങ്ങള്‍ തീവ്ര ലത്തീനികരണത്തിന്റെ കാലമായിരുന്നു. ഉദയംമ്പേരൂര്‍ സൂനഹദോസ് കാനോനകള്‍ പഠിച്ചാല്‍ മനസ്സിലാകും ഈ ലത്തീനികരണംകൊണ്ടു കേരളസഭയ്ക്കു വിശ്വാസാചാരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചു എന്ന്. ബഹുഭാര്യത്വം, ജാതകത്തിലും ഹൈന്ദവമായ ആചാരങ്ങളിലുമുള്ള താല്‍പര്യം, താഴ്ന്ന ജാതികളോടുള്ള അവജ്ഞ തുടങ്ങിയ ക്രൈസ്തവമല്ലാത്ത നിരവധി ആചാരങ്ങള്‍ സുനഹദോസ് ഇല്ലാതാക്കി. അതോടൊപ്പം ലിറ്റര്‍ജിയില്‍ ഉണ്ടായിരുന്ന നെസ്‌തോറിയന്‍ വീക്ഷണങ്ങളും അവസാനിപ്പിച്ചു. കല്‍ദായ സുറിയാനിയില്‍ അഭിമാനം നടിച്ചു മിഥ്യാബോധത്തിലായിരുന്ന നസ്രാണിനേതാക്കള്‍ ഉള്ളില്‍ അമര്‍ഷത്തോടെ വിദേശികളെ കെട്ടുകെട്ടിക്കാനുള്ള അവസരം പാര്‍ത്തിരുന്നു. ഒടുവില്‍ പേര്‍ഷ്യാക്കാരനായ അഹത്തള്ളായെ പോര്‍ട്ടുഗീസുകാര്‍ കടലില്‍ താഴ്ത്തി എന്ന വാര്‍ത്ത ഒരു സ്‌ഫോടനം ഉണ്ടാക്കി. മട്ടാഞ്ചേരിയില്‍ വിപ്ലവത്തിനു നേതൃത്വം നല്‍കിയത് കല്ലിശേരിക്കാരനും ക്‌നാനായ തീവ്രവാദിയുമായിരുന്ന ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മന്‍ കത്തനാര്‍ ആയിരുന്നു. ഇന്നും വിഘടനങ്ങള്‍ക്കു തിരികൊളുത്തുന്നത് മെത്രാന്മാരും വൈദികരുമല്ലേ? എനിക്കു പാശ്ചാത്യരോടു പ്രത്യേക മമതയൊന്നുമില്ല. പക്ഷേ കേരളത്തില കത്തോലിക്കാസഭയ്ക്ക് ഇന്നു കാണുന്ന ആത്മീയവും ഭൗതികമായ നേട്ടങ്ങള്‍ക്കും അച്ചടക്കമുള്ള ഭരണക്രമത്തിനും കാരണം പാശ്ചാത്യസഭയുമായി ഉണ്ടായ ബന്ധം ആണെന്നു പറയാന്‍ മടിക്കുന്നില്ല. പണ്ഡിതനായ പ്ലാസിഡ് പൊടിപാറയും മാര്‍ ജോസഫ് പൗവത്തിലും റോമില്‍ പഠിച്ചവരാണ്. ഇവര്‍ക്കു പാശ്ചാത്യ സഭാനേതൃത്വവുമായി ഒത്തു പോകാന്‍ കഴിഞ്ഞിട്ടില്ല. സഭയുടെ ഉന്നതരില്‍ ആരുംതന്നെ ഭാരതത്തിലെ ക്രൈസ്തവസഭകള്‍ - പ്രത്യേകിച്ച് പൗരസ്ത്യരക്തം വഹിക്കുന്നവര്‍ - ഒരിക്കലും നന്നാകണമെന്ന് ആഗ്രഹമുള്ളവരല്ല. പൗരസ്ത്യ തിരുസംഘം അതീവ രഹസ്യമായി നടപ്പാക്കുന്ന പല തീരുമാനങ്ങളും കേരളത്തിലെ വിശ്വാസികള്‍ അറിയുന്നില്ല. ലിറ്റര്‍ജി സംബന്ധമായ വിവാദങ്ങള്‍ ശക്തമായപ്പോള്‍ ജനാഭിപ്രായം പഠിക്കാന്‍ നിയമിതനായ കമ്മീഷന്റെ മുമ്പാകെ തെളിവുകള്‍ നല്‍കാന്‍ കല്‍ദായ തീവ്രവാദ കേന്ദ്രങ്ങളായ ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളിയിലും പാലായിലും എന്തുകൊണ്ടു വിശ്വാസികളെ തടഞ്ഞുവെച്ചു. എന്തുകൊണ്ട് സഭാസ്‌നേഹികള്‍ പലരും ചങ്ങനാശ്ശരിയില്‍ നിന്നു എറണാകുളം വരെ പോയി തെളിവു നല്‍കേണ്ടി വന്നു? എന്തുകൊണ്ട് ഈ പഠന കമ്മീഷന്റെ നിഗമനങ്ങള്‍ വര്‍ഷങ്ങള്‍ ഏറെയായിട്ടും മറച്ചു പിടിക്കുന്നു? സീറോ മലബാര്‍ സഭ ഒരിക്കലും നന്നാവരുത് എന്നു തീരുമാനിച്ച ഒരു ശക്തമായ ലോബി റോമിലുണ്ട്. കല്‍ദായവല്‍ക്കരണം ഒരു വൈകാരികഭ്രാന്തായി മാറ്റിയ ചിലര്‍ ഇവിടെയുണ്ട്. വിശുദ്ധഗ്രന്ഥത്തിലെ വിപ്ലവകാരിയായ യേശുവിനെ ഇവര്‍ ശ്രദ്ധിക്കുന്നില്ല. ഫരിസേയരെപോലെ മനുഷ്യനിര്‍മ്മിതമായ പാരസര്യങ്ങളില്‍ ഉറച്ചുനിന്ന് പാവപ്പെട്ട വിശ്വാസികളെ പരമാവധി ചൂഷണം ചെയ്യണം എന്ന ഒറ്റ ചിന്തയേ ഇവര്‍ക്കുള്ളൂ. കല്‍ദായവല്‍ക്കരണത്തിന്റെ പേരില്‍ അര്‍ത്ഥശൂന്യമായ ആചാരങ്ങള്‍ അടിച്ചേല്‍പിക്കുകയും ലത്തീന്‍കാര്‍ ആവിഷ്‌കരിച്ച ചൂഷണം ലക്ഷ്യമാക്കിയ ഭക്ത്യാഭ്യാസങ്ങള്‍ വഴി പണം ഉണ്ടാക്കുകയും ചെയ്യുന്ന ഈ പുരോഹിതനേതൃത്വം ജനങ്ങളെ ആത്മീയാന്ധകാരത്തിലേക്കു നയിക്കില്ലേ എന്നു ഭയമുണ്ട്. വിശുദ്ധഗ്രന്ഥം നമുക്കു വഴികാട്ടിയാകട്ടെ. കല്‍ദായവല്‍ക്കരണം അഥവാ സുറിയാനിവല്‍ക്കരണം ഒരിക്കലും ശക്തി പ്രാപിക്കുവാന്‍ യഥാര്‍ത്ഥ സഭാസ്‌നേഹികള്‍ അവസരം നല്‍കരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. പരസ്പരം കടിച്ചു കീറി നശിക്കാന്‍ ശത്രുക്കള്‍ ആരോ എറിഞ്ഞു നല്‍കുന്ന ഇറച്ചിത്തുണ്ടം മാത്രമാണ് ഈ കല്‍ദായവല്‍ക്കരണം.

3 comments:

  1. good blog... I am sure that I can have some more information about Jesus on this blog... best of luck

    ReplyDelete
  2. പോര്‍ട്ടുഗീസുകാരുടെ വരവിനുമുമ്പു സമാധാനപരമായി കഴിഞ്ഞിരുന്ന ഒരു ക്രിസ്ത്യന്‍ സമൂഹമായിരുന്നു ഈ രാജ്യത്ത് ഉണ്ടായിരുന്നത്. ഭാരതത്തിനോട് അലിഞ്ഞു ചേര്‍ന്നിരുന്ന ഒരു സംസ്കാര ജനത. ക്രിസ്ത്യാനികളോട് വളരെയധികം സ്നേഹമുണ്ടായിരുന്ന ഹിന്ദു രാജാക്കന്മാരും. ലോകം മുഴുവന്‍ ക്രിസ്ത്യന്‍ജനത പീഡിപ്പിക്കുന്ന സമയം പ്രജാവത്സലരായ രാജാക്കന്മാര്‍ ഇവര്‍ക്ക് പള്ളികളും കച്ചവടസൌകര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നു ഇവുടുത്തെ പുരാതനമായ ഏതു പള്ളികളുടെയും ചരിത്രമെടുത്താല്‍ അറിയുവാന്‍ സാധിക്കും.

    ഈശോസഭക്കാരും പോര്‍ട്ടുഗീസ്‌മിഷനറിമാരും അവരുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗീയമായി നാട്ടുക്രിസ്ത്യാനികളെ ദ്രോഹിച്ചതായി ചരിത്രരേഖകള്‍ ഉണ്ട്. ബഹുഭാര്യത്വം ക്രിസ്ത്യാനികളുടെ ഇടയില്‍ ഉണ്ടായിരുന്നുവെന്നത്‌ പുതിയ ഇറക്കുമതിയാണ്. ചരിത്രത്തെ വികൃതമാക്കി ഒരാളുടെ ആദര്‍ശങ്ങള്‍ക്ക് പരിവര്‍ത്തനം വരുത്തുവാന്‍ പുതിയ ഒരു തുറുപ്പു ഗുലാന്‍ ആണിത്. വേണമെങ്കില്‍ കല്‍ദായക്കാര്‍ക്കിട്ട് ഈ തുറുപ്പു ചീട്ടു പ്രയോഗിക്കാം. ഒരാള്‍ ജാതകം
    നോക്കുന്നുവെങ്കില്‍ അതിനെന്തു, അയാളുടെ സ്വാതന്ത്ര്യമല്ലേ?ആ സ്വാതന്ത്ര്യത്തില്‍ എന്തിനു പുരോഹിതര്‍ കയ്യിടണം.

    ക്രിസ്ത്യാനികളെ മുഴുവന്‍ പലതട്ടുകളായി കൂട്ടിഅടുപ്പിച്ചത് ഈ യുറോപ്പിയന്‍ മിഷനറി മാരാണെന്ന് പകല്‍പോലെ ചരിത്രമുണ്ട്. ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ തോക്കുമായി വന്നാണ് ഈശോസഭക്കാര്‍ നാട്ടുക്രിസ്ത്യാനികളെ പീഡിപ്പിച്ചത്. ബൈബിള്‍ എന്ന കൊച്ചുപുസ്തകം ഹൃദ്യസ്തമാക്കിയവരാണു കുരിശുയുദ്ധങ്ങളും ഭീകരമതമര്‍ദനവും ഈ ലോകത്ത് അഴിച്ചുവിട്ടത്. ഇവിടെതന്നെ പല ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൂട്ടയിടികളുടെ മൂലകാരണങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇത് വിതച്ചത് ‍
    വിദേശ്ശ മിഷനറിമാരായിരുന്നുവെന്നു കാണാം.

    ക്രിസ്തു ഒരിക്കലും ക്രിസ്ത്യന്‍സഭ സ്ഥാപിച്ചിട്ടില്ല. ദൈവപുത്രനായ ജീസസ് തന്‍റെ കുരിശുമരണം വഴിയും ഉയര്‍പ്പില്‍കൂടിയും മനുഷ്യജാതിയെ ആദാമിന്‍റെ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചുവെന്നാണ് വിശ്വാസം. ഏതോ ഒരു യഹൂദന്‍റെ ഭാവനയില്‍ മുളച്ച ഒരു പ്രാകൃതമതത്തിന്‍റെ തുടര്‍ച്ചമാത്രമാണ് ഈ വിശ്വാസ സത്യം. ജീസസ് അന്ന് വ്യാകുല ചിന്തകളടങ്ങിയ സ്വാഭാവമുള്ള ഒരു വ്യക്തിയായിരുന്നു. തികച്ചും യഹൂദ പാരമ്പര്യത്തില്‍മാത്രം വിശ്വസിച്ചിരുന്നു, പഠിപ്പിച്ചിരുന്നു. ഒരു ജനതയെയും യഹൂദസംസ്കാരം അടിച്ചേല്‍പ്പിച്ചില്ല. രക്ഷകനായ ഒരു ദേവനെ അവരുടെ ജീവിതകാലത്ത്തന്നെ ഈ പ്രാകൃത യഹൂദര്‍ കാത്തിരുന്നു. ജീസസ് ഒരിക്കലും ഒരു പുതിയ മതം സ്ഥാപിച്ചിട്ടില്ല. പോള്‍ ആണ് യഹൂദരില്‍ നിന്നും വിഭിന്നമായി ക്രിസ്തുമതം സ്ഥാപിച്ചത്. സ്വന്തം സംസ്കാരത്തെ കാത്തു സൂക്ഷിച്ച ജീസസിന്‍റെ അനുയായികളാണ് ഇവിടെവന്നു ഭാരതീയകലകളെയും സംസ്കാരങ്ങളെയും, അവരുടെ അമ്പലങ്ങളെയും നശിപ്പിക്കുവാന്‍ കൊള്ളയും കൊലയും നടത്തിയത്. കല്‍ദായക്കാരുടെ വേദപുസ്തകങ്ങള്‍ അവര്‍ തീയിലിട്ടു നശിപ്പിച്ചു.

    പോര്‍ട്ടുഗീസുകാര്‍ വരുന്നതിനു മുമ്പ് ഇവിടെ സെന്‍റ് തോമസ്‌ കെട്ടുകഥയില്ലായിരുന്നു. തോമസ്‌ എന്ന രക്ത സാക്ഷി അവര്‍കണ്ട ക്രിസ്തുമതം പ്രചരിപ്പിക്കുവാന്‍ മെനഞ്ഞെടുത്ത ഒരു തന്ത്രംമാത്രം. ഇവുടത്തെ നാട്ടുക്രിസ്ത്യാനികളെ നമ്പൂതിരിവര്‍ഗങ്ങളാക്കി. കാരണം മതപ്രചാരണത്തിന് നാട്ടുക്രിസ്ത്യാനികളും അവരുടെ പണവും വേണമായിരുന്നു. ക്രിസ്തുവിനെപ്പോലെ ‍ ഇവിടെ തോമസിനെ ഒരു രക്ത സാക്ഷിയായി സൃഷ്ടിച്ചു. ഈ പച്ചകള്ളങ്ങള്‍ ഇന്നും സീറോ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അവര്‍ ഉന്നതരായി ചിത്രീകരിച്ചു തോമസ്‌ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു. പൂണൂലിട്ട ബ്രാഹ്മണനും പിന്നെ കുറെ വീരകഥകളും മിക്ക കുടുംബ ചരിത്രങ്ങളിലും കാണാം.

    തമിഴ് നാട്ടില്‍ താമസ് എന്ന സൂര്യനെ നമസ്കരിക്കുന്ന ഒരു വര്‍ഗം ഉണ്ടായിരുന്നു. ഇവരുടേതു ഹിന്ദു മതത്തിനോടു സാമ്യമുള്ള
    ഒരുതരം വിശ്വാസമായിരുന്നു. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ദൈവത്തിന്‍റെ ജനനവും മരണവും പിന്നെ ഉയര്‍പ്പും കണക്കാക്കി ഇവര്‍ നമസ്കരിച്ചിരുന്നു. താമസ് ‍ എന്ന് ഇവരെ അറിയപ്പെട്ടിരുന്നു. താമസ് ജനതയുടെ വിശ്വാസം സെന്‍റ് തോമസിന്‍റെ കെട്ടു കഥയാക്കി
    പോര്‍ട്ടുഗീസുകാര്‍ ചരിത്രം മാറ്റിഎഴുതി. താമസുകാര്‍ നഷ്ടപ്പെട്ട യഹൂദഗോത്രമെന്നു ചരിത്രവും എഴുതി. ദൈവങ്ങളുടെ ഉയര്‍പ്പും മരണവും ലോകത്തുള്ള എല്ലാ പ്രാകൃതമതങ്ങളിലുമുണ്ട് എന്നുള്ള സത്യം പോര്‍ട്ടുഗീസുകാര്‍ക്ക് അറിയത്തില്ലായിരുന്നു. മയിലാപ്പൂര്‍ സെന്‍റ് തോമസ്‌ കബറിടം സ്ഥിതി ചെയുന്ന സ്ഥലം മുമ്പ് ശിവന്‍റെ അമ്പലമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ അതു ഇടിച്ചു പൊളിച്ചു സെന്‍റ് തോമസ്‌ എന്ന കുറ്റകരമായ ഒരു ബൌദ്ധിക ശാസ്ത്രം ഭാരതത്തില്‍ പ്രചരിപ്പിച്ചു.

    ReplyDelete
  3. We are Indians And We are Christians
    We are not Chaldians

    ReplyDelete