Translate

Thursday, December 29, 2011

പുരോഹിത വിചാരങ്ങള്‍.......


ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ (ഡയറക്ടര്‍ സെഹിയോന്‍ ധ്യാനകേന്ദ്രം) 21-9-2011 ലെ സത്യ ദീപത്തില്‍ 'പുരോഹിത വിചാരങ്ങള്‍' എന്ന തലക്കെട്ടിലെഴുതിയ കുറുപ്പിനെപ്പറ്റിയാണിവിടെ അഭിപ്രായപ്പെടുന്നത്. ''അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.'' (ഹെബ്രാ. 5:4) ''14700 പേര്‍ മരിച്ച മഹാമാരിയില്‍നിന്നും ജനത്തെ രക്ഷിക്കുവാന്‍ മോശ അഹറോനെ ചുമതലപ്പെടുത്തുന്നു. മോശ ജനനേതാവാണ്. പക്ഷേ പൗരോഹിത്യം മോശക്കില്ല''; ഇങ്ങനെയുള്ള തെളിവുകളോടുകൂടിയാണ് പുരോഹിതപക്ഷം പറഞ്ഞ് സ്ഥാപിച്ചിരിക്കുന്നത്.

ആദ്യമേതന്നെ പറയട്ടെ. ''ദൈവീക കാഴ്ചപ്പാടിലൂടെ മാത്രമെ പൗരോഹിത്യത്തിന്റെ മഹത്വം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളൂ'' എന്ന് ലേഖകന്‍ പറയുന്നു. ഇവിടെ ദൈവീക കാഴ്ചപ്പാടുള്ളവരും, ഇല്ലാത്തവരും എന്ന ഒരു വിഭജനം ഉണ്ടാകുന്നു. ദൈവീക കാഴ്ചപ്പാടുള്ളവര്‍ മാത്രം വൈദികരുടെ മഹത്വം കാണുന്നു. അല്ലാത്തവര്‍ ഇതു കാണുന്നില്ല. എന്താണ് ദൈവീക കാഴ്ചപ്പാട്?  ഇവിടെ നമുക്ക് യേശുവിലേക്ക് തന്നെ തിരികെ വരാം. അതാണല്ലോ ആദ്യന്തിക ശരി. ദൈവീക കാഴ്ചപ്പാടുകള്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കി തരുന്നതിനുവേണ്ടിയാണല്ലോ ദൈവപുത്രന്‍തന്നെ ഭൂമിയില്‍ അവതരിച്ചത്. ദൈവസ്വഭാവം വളരെ വ്യക്തമായും അതുപോലെതന്നെ സുതാര്യമായും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവീക കാഴ്ചപ്പാടുകള്‍ക്ക് ഏറെ നിഗൂഢതകളും, അതുപോലെയുള്ള തിയോളജികളും കൊടുത്ത് അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തി വിശ്വാസികളെ വഴിതെറ്റിക്കരുതെന്ന് മതനേതാക്കളെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുകയാണ്.

ഇവിടെ ആദ്യമായി പുറപ്പാടു പുസ്തകം 32-ാം അദ്ധ്യായം നോക്കാം. സീനായി മലയില്‍നിന്നും ദൈവ കല്പനകള്‍ ഏറ്റുവാങ്ങി ഇസ്രായേല്‍ ജനത്തിന്റെ പക്കലേക്ക് മടങ്ങിവന്ന മോശ കണ്ട കാഴ്ച അതിദയനീയമായിരുന്നു. സ്വര്‍ണ്ണംകൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു കൊണ്ടിരിക്കുന്ന ഇസ്രായേല്‍ ജനത്തിനെയാണ് മോശ കാണുന്നത്. എന്നാല്‍ മോശ ഈ കാഴ്ച കാണുന്നതിനു മുമ്പുതന്നെ ഇക്കാര്യം അറിഞ്ഞ ദൈവം ജനത്തെ അത്യുഗ്രമായി ശപിക്കുന്നതിനുതന്നെ തീരുമാനിച്ചിരുന്നു. മോശയുടെ ഹൃദയം നുറുങ്ങിയ യാചനകൊണ്ടുമാത്രമാണ് ദൈവം ജനത്തെ ശപിക്കാതെ പിന്‍തിരിഞ്ഞത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് - അഹറോന്‍ എന്ന പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇസ്രായേല്‍ സ്ത്രീകളുടെ കാതിലെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഉരുക്കി കാളക്കുട്ടിയെ വാര്‍ത്തെടുത്തതും, ആരാധിക്കുവാന്‍ അവര്‍ക്ക് അവസരം കൊടുത്തതും. ലേഖകന്‍ എഴുതുന്നു. ''മോശ ജനനേതാവാണ്. പക്ഷേ പൗരോഹിത്യം മോശക്കില്ല'. സമ്മതിക്കുന്നു. ഇവിടെ പുരോഹിതനാണോ ജനനേതാവാണോ ശരി?  ഫാ. സേവ്യര്‍ ഖാന്‍ പറയുന്ന ദൈവീക വീക്ഷണത്തിലാണെങ്കിലും മോശ തന്നെയാണ് ശരിയെന്നു വരുന്നു. കാരണം മോശ ദൈവഹിതപ്രകാരം വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചുതന്നെയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചുകൊണ്ടിരുന്നത്. ദൈവകോപത്തില്‍നിന്നും ഇവരെ രക്ഷിക്കുവാന്‍വേണ്ടി പല പ്രാവശ്യം ദൈവത്തോട് യാചിച്ചുകൊണ്ടും ഇരുന്നു. എന്നാല്‍ ദൈവത്തിനെതിരെ മറ്റു ദൈവങ്ങള്‍ക്കുവേണ്ടി കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് ഒത്താശ ചെയ്തുകൊടുക്കുകയാണ് അഹറോന്‍ ചെയ്തത്. ഇവിടെ ലളിതമായ ഒരു ചോദ്യം ഉയരുകയാണ്. പുരോഹിത ദൈവവരപ്രസാദംകിട്ടി എന്ന് സങ്കല്പിക്കുന്ന അഹറോന്‍ ആണോ, പുരോഹിതനല്ലാത്ത മോശയാണോ ദൈവതിരുമുമ്പില്‍ നീതിമാന്‍? ആര് പുരോഹിതന്‍, ആര് ജനനേതാവ് എന്നതല്ല - ആര് ദൈവഹിതം നിറവേറ്റുന്നു, ആര് ദൈവനിന്ദ ചെയ്യുന്നു എന്നതാണ് കാര്യം.

സമൂഹത്തില്‍ പുരോഹിതരെ ശാസിച്ചതുപോലെ യേശു മറ്റൊരു വിഭാഗക്കാരേയും കര്‍ശനമായി ശാസിച്ചിട്ടില്ല. എന്തിന് - പാപികളെപോലും ദയയോടുകൂടി ഉപദേശിച്ച് നേരെയാക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ പുരോഹിതര്‍ക്ക് ഇപ്രകാരം താക്കീതു നല്കി. - ''ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു - ചുങ്കക്കാരും, വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗ്ഗത്തിലെത്തുക'' (മത്തായി). എന്തിനേറെ മത്തായിയുടെ സുവിശേഷം 23-ാം അദ്ധ്യായം മുഴുവന്‍തന്നെയും പുരോഹിതര്‍ക്ക് നേരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ തന്നെയാണ്. ഇതിനൊക്കെ പുരോഹിതര്‍ പകരം വീട്ടുകതന്നെ ചെയ്തു. പുരോഹിതരുടെ കുതന്ത്രങ്ങള്‍കൊണ്ട് മാത്രമാണ് യേശു ക്രൂശിക്കപ്പെട്ടത്.

യേശുവിന് മുമ്പും, യേശുവിന്റെ കാലത്തും, യേശുവിന് ശേഷവും പൗരോഹിത്യം അതിന്റെ സ്വഭാവത്തിന് വലിയ മാറ്റം വരാതെ ഇന്നും തുടരുന്നു. കാലിത്തൊഴുത്തില്‍ ജനിച്ച്, കീഴാളന്മാരുടെകൂടെ ജീവിച്ച് എളിമയെന്തെന്ന് ജീവിതത്തില്‍ കാണിച്ചുതന്ന ദൈവപുത്രന്റെ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന പുരോഹിതര്‍ ഇന്നും ചെങ്കോലും, കിരീടവും, ആടയാഭരണങ്ങളും ധരിച്ച് സ്വര്‍ണ്ണസിംഹാസനങ്ങളില്‍ സിംഹാസനാരോഹണം നടത്തി ദൈവജനത്തെ മേയ്ക്കുന്നതിനു പകരം ഭരിക്കുന്നു. ഇവിടെയൊക്കെ യേശുവിന്റെ പഴയ ''ചാട്ടവാറടി''യുടെ പ്രസക്തി ഏറിവരുന്നുണ്ട്. യേശു തന്റെ പ്രധാന കാര്യസ്ഥനായ വി. പത്രോസിന് സിംഹാസനം പോയിട്ട് ഇരിക്കാന്‍ ഒരു'കുരണ്ടിപ്പലക' പോലും കൊടുത്തിരുന്നില്ല. ശിഷ്യന്മാരുടെ തലവനായ പത്രോസിന്റെ മടിയില്‍ ഒരു ചില്ലിക്കാശുപോലും നീക്കിബാക്കി ഉണ്ടായിരുന്നില്ല. യേശു ആര്‍ക്കും പൗരോഹിത്യം കല്പിച്ചുകൊടുത്തിട്ടില്ല. അധികാരവും, അനുശാസനങ്ങളും ബലികര്‍മ്മങ്ങളൊന്നുമില്ലാത്ത - പൗരോഹിത്യ ആധിപത്യമില്ലാത്ത ഒരു സ്‌നേഹകൂട്ടായ്മയാണ് യേശു വിഭാവനം ചെയ്തത്.

യേശു തള്ളിപ്പറഞ്ഞ സമ്പത്തും, അധികാരവും ഇന്ന് ഏറ്റവും കൂടുതലുള്ള സ്ഥാപനവല്ക്കരിക്കപ്പെട്ട മതമാണ് കത്തോലിക്കാസഭ. ഭൗതിക അധികാരങ്ങള്‍ ഏറ്റവും കര്‍ക്കശമായി നടത്തുന്നതും സഭ തന്നെയാണ്. അതായത് സാര്‍വത്രിക സഭയുടെ സകലമാന ഭൗതിക സ്വത്തുക്കളുടെയും, അധികാരി പോപ്പാണ്. മെത്രാന്മാര്‍ പ്രാദേശിക കാര്യസ്ഥന്മാരും. പഴയ രാജാക്കന്മാര്‍ക്കുണ്ടായിരുന്ന സര്‍വ്വാധികാരം തന്നെയാണ്, അതായത് നിയമനിര്‍മ്മാണം, നിയമനിര്‍വ്വഹണം, നിയമവ്യാഖ്യാനം - ഈ മൂന്ന് അധികാരങ്ങളും ഒരാളില്‍ നിക്ഷിപ്തമാകുന്ന സര്‍വ്വാധികാരം. 'നിങ്ങളില്‍ അധികാരം പാടില്ല' എന്നും എന്റെ രാജ്യം ഐഹികമല്ലായെന്നും പറഞ്ഞതിന് ഒരു ബദല്‍രേഖ.

ജന്തുബലിയും അതേപോലുള്ള അനുഷ്ഠാന കര്‍മ്മങ്ങള്‍കൊണ്ടും ദൈവത്തെ പ്രീണിപ്പിക്കാമെന്ന് പഠിപ്പിച്ച യഹൂദ മതസങ്കല്പത്തെയും - ദൈവസങ്കല്പത്തെയും തിരുത്തികുറിച്ചുകൊണ്ട് യേശു പറഞ്ഞു. ''ബലി യല്ല കരുണയാണ് എനിക്ക് വേണ്ടത്'' എന്ന്. ഈ അരുളപ്പാടില്‍ രണ്ടു ഘട കങ്ങള്‍ വരുന്നു. കരുണയും, ബലിയും. ഭൗതികമായി പറഞ്ഞാല്‍ കരുണ നഷ്ടക്കച്ചവടവും, ബലി ലാഭക്കച്ചവടവുമാണ്. അതുകൊണ്ടുതന്നെയാണ് ബലി കര്‍മ്മങ്ങള്‍ക്ക് സഭയില്‍ ഇന്നും പ്രാധാന്യം കൊടുക്കുന്നത്. യേശു തള്ളിപ്പറഞ്ഞതിന് സഭയില്‍ സ്ഥിര പ്രതിഷ്ഠ. പാപത്തിന്റെ ലഘു - ഗുരുത്വമനുസരിച്ച് വില നിശ്ചയിച്ച് പാപം പൊറുക്കുന്ന ഒരു ദൈവശാസ്ത്രം 1190- ല്‍ ബനഡിക്ട് എട്ടാമന്‍ എന്ന വലിയ പുരോഹിതന്‍ തന്റെ സിംഹാസനത്തില്‍ ഇരുന്ന് ''പാപപരിഹാര പത്രം'' എന്ന പേരില്‍ പ്രഖ്യാപിച്ചു. 1517-ല്‍ അതേ സിംഹാസനത്തിലിരുന്ന് അന്നത്തെ മുഖ്യ പുരോഹിതനായ ലിയോ 10-ാമന്‍ മാര്‍പാപ്പാ പത്രോസിന്റെ ദേവാലയത്തിന് പത്രാസ് കൂട്ടാന്‍ ഒരു പ്രത്യേക ദണ്ഡവിമോചനം വീണ്ടും പ്രഖ്യാപിച്ചു കോടികള്‍ വാരിക്കൂട്ടി. ''ബലിയുടെ ദുരുപയോഗം'' എന്ന പ്രസിദ്ധമായ പുസ്തകത്തിലൂടെ മാര്‍ട്ടിന്‍ ലൂഥര്‍ ഈ നടപടിയെ എതിര്‍ത്തു. സഭ രണ്ടായി പിളര്‍ന്നു. ഇവിടെ പൗരോഹിത്യമാണോ, ലൂഥറാണോ ശരി?

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ രാജകൊട്ടാരത്തില്‍ അഭയം കണ്ടെത്തിയ സഭാ നേതൃത്വം അവിടത്തെ സുരക്ഷിതത്വവും സുഖലോലുപതയും അധികാരവുമൊക്കെ ആസ്വദിച്ച് അതൊരു ശീലവും, രീതിയും ഒക്കെ ആക്കി എടുത്തു. പിന്നീട് ഒരു തിരിഞ്ഞ് നോട്ടം ഉണ്ടായിട്ടില്ല. അന്നു മുതല്‍ ഇന്നു വരെ കത്തോലിക്കാ സഭയ്ക്കുണ്ടായിട്ടുള്ള എല്ലാ മൂല്യ തകര്‍ച്ചയ്ക്കും കാരണക്കാര്‍ അല്‍മായരല്ല.  പൗരോഹിത്യം തന്നെയാണ്. ഇതിനൊക്കെ ചരിത്ര സാക്ഷ്യം ഉള്ളതുമാണല്ലോ?

1095 മുതല്‍ 1271 വരെ നടന്ന പൈശാചികമായ കുരിശുയുദ്ധത്തില്‍ ക്രി സ്ത്യാനികളും, മുസ്ലീമുകളും ഒഴുക്കിയ മനുഷ്യ രക്തംകൊണ്ട് പുണ്യസ്ഥലങ്ങളിലെ മണലാരണ്യങ്ങള്‍ നനഞ്ഞു കുതിര്‍ന്നു. പതിനായിരങ്ങള്‍ ചത്തൊ ടുങ്ങിയ എട്ടു യുദ്ധങ്ങളില്‍ ഒന്നില്‍പോലും സ്ഥിരമായിട്ടു ജയിക്കുവാന്‍ ക്രിസ്ത്യാ നികള്‍ക്കു കഴിഞ്ഞില്ല. യേശു എന്തേ ക്രിസ്ത്യാനികളെ ഉപേക്ഷിച്ചു? ഇടതു ചെവിടിനടിച്ചാല്‍ വലുതു ചെവിട് കാണിച്ചുകൊടുക്കുവാനും എന്റെ രാജ്യം ഐഹികമല്ല എന്നുമുള്ള അരുളപ്പാടിന്റെ ബദല്‍രേഖയാണ് ഇവിടെയും കാണിച്ചു തരുന്നത്. ദൈവ നിവേശിതമായ ഒരു മത ദര്‍ശനമാണെ ങ്കില്‍ അത് കാലത്തെ അതിജീവിക്കും. ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാകട്ടെ, ഒരു മത ദര്‍ശനമാകട്ടെ ചരിത്രത്തില്‍ സമൂഹത്തിന് എന്തു നന്മ ചെയ്തുകൊണ്ടിരിക്കുന്നു എന്നു നോക്കിയാണ് വിലയിരുത്തേണ്ടത്. അങ്ങനെയെങ്കില്‍ വൈദിക ആധിപത്യം നിലനിര്‍ത്തിപോരുന്ന കത്തോലിക്കാ സഭയ്ക്ക് എന്താണ് ചരിത്രത്തില്‍ അഭിമാനിക്കാനുള്ളത്?

യേശുവിന് മുമ്പും, യേശുവിന് ശേഷവും യഹൂദ പുരോഹിതരും കത്തോ ലിക്കാ പുരോഹിതരും കാലാനുസൃതമായി ദൈവദോഷം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെയൊക്കെ മാതാപിതാക്കളോ ബന്ധുമിത്രാദികളോ മരിച്ചുപോയാല്‍ അവരുടെ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തിലെ തീച്ചൂളയില്‍നിന്ന് കാലാവധിക്ക് മുമ്പേ സ്വര്‍ഗ്ഗരാജ്യത്തിലെ സൗഭാഗ്യത്തിലേക്ക് എത്തിക്കുന്നതിന് ഇവിടെ പള്ളിയിലച്ചന്മാര്‍ക്ക് പൈസ കൊടുത്ത് കുര്‍ബാനയും ഒപ്പീസും നടത്തിയാല്‍ മതി - എന്നദൈവശാസ്ത്രം ഇന്നും ഇവിടെ നിലനില്‍ക്കുന്നു - എന്നു  പറയുമ്പോള്‍ പഴയ പാപപരിഹാര പത്രത്തിന്റെ ഒരു പുനരാവിഷ്‌കാരം തന്നെയല്ലേ ഇതും. ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ പഴയ ''കയ്യാഫാസ്'' മാരും ഇന്നത്തെ പുരോഹിതരുമായി വലിയ വ്യത്യാസങ്ങള്‍ കാണുന്നില്ല. ഒരു മതം എന്ന നിലയില്‍ കത്തോലിക്കാ സഭ സമ്പത്തിലും, പ്രൗഢിയിലുമൊക്കെ ഇന്ന് ലോകത്തില്‍ ഒന്നാമതായി നില്ക്കുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ പുരോഹിതര്‍ക്കാണ്. ഈ പൗരോഹിത്യ സിസ്റ്റമാണ് ഈ ഉന്നതിക്കൊക്കെ കാരണം. എന്നാല്‍ ഇതാണോ ക്രൈസ്തവ ആത്മീയത? ഈ ഭൗതിക നേട്ടങ്ങളില്‍ യേശു എവിടെ എന്ന ചോദ്യമുയരുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ കത്തോലില സഭയിന്ന് ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണം വൈദികരുടെ അധാര്‍മ്മിക നടപടികള്‍തന്നെയാണ്. മറച്ചു വെച്ചിട്ടു കാര്യമില്ല. ഇതൊക്കെ ഇന്നത്തെ വര്‍ത്തമാന സത്യങ്ങളാണ്. വൈദികരുടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. നഷ്ടപരിഹാരം കൊടുത്ത് അഞ്ചു രൂപതകള്‍ പാപ്പരായി തീര്‍ന്നു. എന്നിട്ടും നഷ്ടപരിഹാര തുക ഭയാനകമായി ഉയര്‍ന്നുവരുന്നു. അടുത്ത നാളുകളില്‍ ജര്‍മ്മനിയില്‍നിന്നും വന്ന വാര്‍ത്ത ഇതിലും ഞെട്ടിക്കുന്നതാണ്. 'കത്തോലിക്കാ പുരോഹിതര്‍ കുട്ടികളോടു കാട്ടിയ ലൈംഗിക അതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം 1,80,000 പേര്‍ സഭ വിട്ടു പോയി. ജര്‍മ്മന്‍ സന്ദര്‍ശനത്തിനുപോയ പോപ്പ് ബനഡിക്ട് 16-ാമന്‍ വിശ്വാസികളോട് സഭ വിട്ടുപോകരുതെന്ന് ബര്‍ലിന്‍ സന്ദര്‍ശന വേളയില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു'. എല്ലാ പത്രമാധ്യമങ്ങളിലുംതന്നെ ഈ കാര്യം പ്രസിദ്ധീകരിച്ചിരുന്നു. (3-9-2011 മലയാള മനോരമ)
പൗരോഹിത്യത്തിന്റെ മഹത്വത്തെപറ്റിയും ആ മഹത്വം പൂര്‍ണമായി മനസ്സിലാക്കുവാന്‍ വേണ്ട ദൈവീക കാഴ്ചപ്പാടുകളെപ്പറ്റിയും ഒരു വൈദികനും സുപ്രസിദ്ധ ധ്യാനഗുരുവുമായ ബഹു.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് എഴുതിയതാണ് ഈ കുറിപ്പ്. ഇവിടെ യേശുവിന്റെ ദര്‍ശനങ്ങളെ പിന്‍തുടര്‍ന്ന് 23-ാം ജോണ്‍ മാര്‍പാപ്പായേയോ, മനുഷ്യസ്‌നേഹം ഉയര്‍ത്തികാട്ടിയ ഫാ. ഡാമിയനേയോ, വി. ഫ്രാന്‍സിസ് അസ്സീസിയേയോ ഒന്നും ഇവിടെ മറക്കുന്നില്ല. എന്നാല്‍ അവര്‍ക്കൊന്നും പിന്‍മുറക്കാര്‍ ഉണ്ടാകാതെപോവുകയോ, അവരുടെയൊക്കെ ആശയങ്ങളുടെ പ്രഭ തല്ലി കെടുത്തുകയോ ചെയ്യുന്ന ഒരു പാരമ്പര്യമാണ് പൗരോഹിത്യത്തിനുണ്ടായിരുന്നത്. യേശു തള്ളിപ്പറഞ്ഞ സമ്പത്തും, അധികാരവും അഹങ്കാരവും സഭയില്‍ കുന്നുകൂടിയപ്പോഴുണ്ടായ മുല്യച്യുതിയും അധാര്‍മികതയും ഒത്തുകൂടിയപ്പോള്‍ പൗരോഹിത്യം യേശുവില്‍നിന്നും  നോക്കെത്താത്ത ദൂരത്തേക്കകന്നു. അങ്ങനെ അകന്നകന്ന് യേശുവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഭൗതിക പ്രസ്ഥാനമോ സ്ഥാപനമോ കോര്‍പ്പറേറ്റ് മാനേജ്‌മെന്റോ ആയിതീര്‍ന്ന വൈദിക കേന്ദ്രീകൃത സഭ ഇന്നത്തെ നിലയില്‍ യേശുവിലേക്ക് തിരിയുവാന്‍ പ്രയാസമാണ്. ഇന്ന് കത്തോലിക്കാ സഭ വിട്ടുപോകുന്നവരില്‍ 90 ശതമാനവും വൈദികരുടെ നടപടികളിലും, നയപരിപാടികളിലുമുള്ള എതിര്‍പ്പ് കാരണമാണ്. ഇന്ന് ജര്‍മ്മന്‍ സഭയില്‍നിന്നും 1,80,000 വിശ്വാസികള്‍ വിട്ടുപോയത് അല്‍മായരുടെ കുറ്റം കൊണ്ടല്ല. കുറ്റം വൈദികരുടെ മാത്രമാണ്. ഇവിടെ പൗരോഹിത്യത്തിന്റെ മഹത്വത്തെപ്പറ്റി എഴുതുകയും, പറയുകയും ചെയ്യുന്നതോടൊപ്പം ഇന്ന് സഭയെ മലീനസമാക്കികൊണ്ടിരിക്കുന്ന പൗരോഹിത്യത്തെ ശുദ്ധമാക്കുന്നതിനെപ്പറ്റിയും ചിന്തിക്കണം. അതുപോലെതന്നെ വൈദികരുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് രീതി ഒട്ടും ശരിയുമല്ല.

മാത്തുക്കുട്ടി തകടിയേല്‍

(From December 2011 issue of Hosana)

2 comments:

  1. എന്റെ സഹപാഠിയായ മെത്രാന്‍ പൗരോഹിത്യരജതജൂബിലി ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിനയച്ചുകൊടുത്ത കവിതക്കത്തില്‍നിന്നുള്ള ഏതാനും വരികള്‍ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ പകര്‍ത്തുന്നു.

    'എന്തേ പുരോഹിതനെന്ന പദത്തിന്റെ-
    യര്‍ഥം?' - പുരോഗാമി മര്‍ത്യവംശത്തിനായ്
    സ്വന്തം പ്രിയം ബലി ചെയ്യുവോനാണവന്‍ !
    പൗരഹിതം തിരഞ്ഞീടുവോനാണവന്‍ !!

    'എന്തേ 'പ്രിയം' 'ഹിത'മെന്നിവ തമ്മിലി-
    ങ്ങുള്ള വ്യത്യാസം?' - പ്രിയങ്കരമായവ
    എന്നും സുഖം പകര്‍ന്നീടേണമെന്നില്ല;
    എന്നുമാനന്ദമേകുന്നവയാം ഹിതം!

    എന്നുമാനന്ദമാകുന്നതിന്നിന്നു 'ഞാ-
    നെന്നൊരാളുണ്ടെന്നതോര്‍മിച്ചിടാതെയി-
    ങ്ങുള്ളതെന്നെന്നുമുണ്ടാകേണ്ടതെന്നെന്നു-
    മോര്‍മിച്ചു ജീവിക്കുകില്‍മാത്ര, മോര്‍ക്കുക!!

    എന്റെ ബ്ലോഗില്‍ ഒരുമാസം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പൗരോഹിത്യം - ജൂബിലി - നിസ്വത എന്ന ആ 'ത്രിതൈ്വക കവിത' വായിക്കുവാന്‍ സന്ദര്‍ശിക്കുക: http://manobhaavam.blogspot.com/2011/11/blog-post_29.html

    ReplyDelete
  2. ആലഞ്ചേരി കര്‍ദ്ദിനാള്‍ രാജി വച്ചു മാതൃക കാണിക്കണം.ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടി വച്ചു വെറുതെ രണ്ടു ഇന്ത്യന്‍ മീന്‍ പിടുത്തക്കാരെ കൊന്നു എന്നതല്ല ഇവിടെ പ്രാധാന കാര്യം ,അവര്‍ രണ്ടു ഇന്ത്യന്‍ പൌരന്മാരെ വെടി വച്ചു കൊന്നു.ഇറ്റലി രാജ്യാന്തര നിയമം പാലിച്ചില്ല.ഇക്കാര്യത്തെപ്പറ്റി ആലഞ്ചേരി മെത്രാന്‍ ഒന്നും ആലോചിക്കാതെ, അദ്ദേഹത്തിനു വീണ് കിട്ടിയ പദവിയുടെ പ്രകാശ കിരണങ്ങളില്‍ വെട്ടിത്തിളങ്ങി കണ്ണടഞ്ഞപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ എല്ലാം അദ്ദേഹത്തിനു മുന്‍പില്‍ ചെറുതായിപ്പോയി. അദ്ദേഹം ഉടന്‍ കല്‍പ്പിച്ചു ,നിങ്ങള്‍ എന്റെ കീഴില്‍ കത്തോലിക്കരാണ്, മന്ത്രിമാരായ തോമസും മര്‍ക്കോസും മത്തായിയും എന്ന് വേണ്ട ആരായാലും വേണ്ടില്ല ഇത് ഇറ്റലിക്കാരുടെ കാര്യമാണ്,എന്നെ കര്‍ദ്ദിനാള്‍ ആക്കി ഈ തൊപ്പി തന്നു വിട്ടത് അവരാണ്, നിങ്ങള്‍ മേലില്‍ മിണ്ടരുത്. ഇങ്ങനെ വേണമല്ലോ നമ്മള്‍ പൊട്ടന്മാര്‍ മനസ്സിലാക്കേണ്ടത്?ആലഞ്ചേരിയുടെ നിര്‍ദ്ദേശം വെറുമൊരു പോഴത്തം അല്ല .അദ്ദേഹം ചെയ്ത പ്രസ്താവന തിരിച്ചെടുത്തു ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണം.ഇദ്ദേഹത്തിന്റെ പ്രസ്താവന രാജ്യ ദ്രോഹ കുറ്റമാണ്.അദ്ദേഹം കര്‍ദ്ദിനാള്‍ പദവി രാജി വച്ചു തെറ്റിന് ഉത്തരവാദിത്വം ഏറ്റെടുക്കണം.

    ReplyDelete