Translate

Saturday, December 31, 2011

എന്റെ ദൈവം (മോചന കാഹളം)


മാന്യന്മാരെ മാത്രം മാനിച്ചിടും മഹാ-
മാന്യനല്ല മമ താതന്‍ ദൈവം.
അന്തസ്സുള്ളോരുടെ ഭാഗം പിടിക്കുമൊ-
രന്തസ്സുകാരനല്ലെന്റെ താതന്‍.
പ്രീശരില്‍ പൂമാല ചാര്‍ത്തിടും സ്വര്‍ലോക
പ്രീശനല്ലെന്നുള്ളിലുള്ള ദൈവം.
ജീവന്‍ ഹനിച്ചും പലിശ പൂജിച്ചിടും
നീചനാം ഷൈലോക്കല്ലെന്റെ താതന്‍.
ചുങ്കക്കാരൊപ്പം വീരുന്നു കഴിയ്ക്കുവാന്‍
ശങ്കിയ്ക്കില്ലെന്‍ നാഥനായ ദൈവം.
വേശ്യയെ പുല്കാന്‍ മടിയ്ക്കില്ലൊരിക്കലു-
മീശന്‍, മനസ്സാക്ഷി ശുദ്ധമെങ്കില്‍.
ഒന്നുമേ സ്വന്തമല്ലെന്നുള്ള ബോധ്യമാ-
ണെന്നും മനസ്സിനു സ്വര്‍ഗ്ഗശാന്തി.
ഉള്ളതിന്‍ നാഥന്‍ താനെന്നുള്ള തോന്നലാ-
ലുള്ളില്‍ ഭവിച്ചിടും നിത്യനാശം.
തന്നിലെ ശോഭ തന്‍ സ്വന്തമാണെന്നുള്ള
ചിന്തയാല്‍ ചന്ദ്രന്‍ ദുഷിച്ചിടുന്നു.
മിന്നിത്തിളങ്ങി വിളങ്ങിടുമിന്ദുവീന്‍
ചന്തമേറും പ്രഭ സൂര്യനല്ലേ.

അനുരണനങ്ങള്‍::                
ജോര്‍ജ് മൂലേച്ചാലില്‍

ഈ കവിതയില്‍, ദൈവത്തെയും ദൈവസാന്നിദ്ധ്യത്തെയും കുറിച്ചുള്ള തന്റെ സങ്കല്പങ്ങള്‍ ലളിതസുന്ദരമായി കോറിയിടുകയായണ്, ഗുരുദാസച്ചന്‍. ലോകനീതിയനുസ്സരിച്ചുള്ള മാന്യതയോ അന്തസ്സോ ഒന്നുമല്ല; മറിച്ച്, മനഃശുദ്ധിയാണ് ദൈവസാന്നിദ്ധ്യത്തിനാധാരം എന്ന സത്യാവബോധം അനുവാചകരിലുണര്‍ത്തുന്നു, അദ്ദേഹം.

മനഃശുദ്ധിയുടെ സ്വഭാവമെന്തെന്നും അതിന്റെ ഫലമെന്തെന്നുംകൂടി ഈ കവിത വ്യക്തമാക്കുന്നുണ്ട്. ഉള്ളതെല്ലാം നല്‍കപ്പെട്ടവ മാത്രമായിരിക്കെ, അതിന്റെയെല്ലാം ഉടമസ്ഥനും നാഥനുമായി സ്വയം കരുതാന്‍മാത്രം അന്ധമായ അഹന്ത നിറഞ്ഞവരാണ്, അങ്ങനെ മനഃശുദ്ധി നഷ്ടമാക്കിയവരാ രാണ് മനുഷ്യരിലേറെയും. അങ്ങനെ സ്വയം ദൈവം ചമയുന്നവര്‍ യഥാര്‍ത്ഥ ദൈവസാന്നിദ്ധ്യത്തിനുള്ള വഴി സ്വയം കൊട്ടിയടയ്ക്കുകയാണെന്നു കാണാം. ഞാനെന്ന ഭാവം (ego) തിങ്ങിനിറഞ്ഞിരിക്കുന്ന മനസ്സുകളിലേയ്ക്ക് കടക്കാന്‍ ദൈവികതയ്ക്ക്, സത്യബോധത്തിന്, യാതൊരു മാര്‍ഗ്ഗവുമില്ല. കോശം തന്റെ ജീവന് ആധാരമായിരിക്കുന്ന ഓക്‌സിജനു വഴിതടഞ്ഞാല്‍ സ്വയം ദുഷിക്കുമെന്നതുപോലെ, മുന്തിരിവള്ളിയുമായി ബന്ധമറ്റ ശാഖകള്‍ കരിഞ്ഞുണങ്ങിപ്പോകുമെന്നതുപോലെ, സൂര്യപ്രഭയെ തടഞ്ഞാല്‍ ചന്ദ്രന്‍ പ്രകാശിക്കുകയില്ല എന്നതുപോലെ, ദൈവസാന്നിദ്ധ്യമറ്റുപോകുന്ന മനുഷ്യനും ആന്തരികമായി ദുഷിക്കുന്നു. ഈ ദുഷിപ്പിന്റെ ഫലം സംഘര്‍ഷവും അശാന്തിയുമാണ്, കരച്ചിലും പല്ലുകടിയുമാണ്.

എന്നാല്‍, 'ഒന്നുമേ സ്വന്തമല്ലെ'ന്നുള്ള സത്യബോധത്തിലെത്തിയാലോ? എങ്കില്‍, 'എന്നും മനസ്സിനു സ്വര്‍ഗ്ഗശാന്തി'യാണ്. ഓഷോ രജനീഷ് പറഞ്ഞിട്ടുള്ളതുപോലെ, ഞാനെന്ന ഭാവം കൊഴിച്ചുകളഞ്ഞവരുടെ മനസ്സ് ദൈവത്തിന്റെ ചുണ്ടുകളില്‍ പൊള്ളയായ പുല്ലാംകുഴലുകളായി മാറുന്നു. തങ്ങളുടെ ഒഴിഞ്ഞു ശുദ്ധമായ മനസ്സുകളിലൂടെ ഒഴുകിപ്പരക്കുന്ന ദൈവികമായ സ്വര്‍ഗ്ഗീയസംഗീതത്തിന്റെ ലഹരിയില്‍, ഭാരമേതുമില്ലാതെ അനുനിമിഷം നൃത്തം ചവിട്ടുകയാണവര്‍! സ്വര്‍ഗ്ഗശാന്തിയിലും സ്വര്‍ഗ്ഗീയാനന്ദത്തിലുമാണവര്‍!

ഈ സ്വര്‍ഗ്ഗീയ ശാന്തിയുടെയും ആനന്ദത്തിന്റെയും അനുഭൂതിയില്‍ ജീവിക്കാന്‍ വേണ്ടുന്ന ശാരീരികവും മാനസ്സികവുമായ എല്ലാ സിദ്ധി-വൈഭവങ്ങളോടുംകൂടി ജന്മംകൊണ്ട മനുഷ്യവംശത്തിന് അവ വേണ്ടുംവണ്ണം അനുഭവിക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഈ കവിത വായിക്കുന്ന സഹൃദയരുടെ ഉള്ളിലുടക്കാതിരിക്കില്ല. വച്ചുനീട്ടപ്പെട്ടിരിക്കുന്ന ഈ വരപ്രസാദത്തിനു നേരെ കണ്ണുകളടച്ചുകൊണ്ട്, മനുഷ്യകോടികള്‍ തങ്ങളുടെ ജീവിതത്തെ പാഴാക്കിക്കളയുകയാണല്ലോ എന്ന ചിന്ത അവരില്‍ ദുഃഖമുണര്‍ത്തുകയും ചെയ്യും. തീര്‍ച്ചയായും, ഈ ദുരവസ്ഥയുടെ കാരണമന്വേഷിക്കാനും അവര്‍ക്കിതൊരു പ്രേരണയാകും.
മനസ്സിന്റെ സിംഹാസനത്തില്‍ അവനവനെത്തന്നെ കയറ്റിയിരുത്തുന്ന മൗഢ്യത്തിന് എന്തുകൊണ്ട് മനുഷ്യരെല്ലാവരും കീഴ്‌പ്പെടുന്നു? ഈ അന്ധതയ്ക്ക് അവരോരോരുത്തരുമാണോ കുറ്റക്കാരായിരിക്കുന്നത്? അതോ, കുറ്റകരമായ ഒരു സാഹചര്യത്തിന്റെ ഇരകള്‍ മാത്രമാണോ അവര്‍?

മനുഷ്യരില്‍ ഉണര്‍ത്തിയെടുക്കേണ്ട ഒന്നാണ് ആത്മീയത. അതുണര്‍ത്തപ്പെടുംവരെ, ഓരോ മനുഷ്യനും അവനവന്‍കേന്ദ്രീകൃതനാ(self-centred)യിരിക്കും. തന്റെ അസ്തിത്വത്തിന്റെ കേന്ദ്രം തന്നിലല്ലെന്നും, അത് ഏകമായിരിക്കുന്ന ഒരു ആകമാന അസ്തിത്വത്തിലാണെന്നുമുള്ള അവബോധം (whole centred conciousness) സ്വയം മനനം ചെയ്‌തോ ഗുരുക്കന്മാര്‍ വഴിയോ ഉണര്‍ത്തപ്പെടുവരെ മനുഷ്യനിലെ ആദ്ധ്യാത്മികതലം മയങ്ങിക്കിടക്കുകയേയുള്ളൂ. ഈ ഉണര്‍ത്തലിനാണ് ആദ്ധ്യാത്മികാചാര്യന്മാരും അവര്‍ വിഭാവനം ചെയ്തിട്ടുള്ള മതസംവിധാനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആചാര്യന്മാരെത്തന്നെ പൂജാവിഗ്രഹങ്ങളാക്കിക്കൊണ്ട് ബലിപൂജാദികളുടെ വേദികളാക്കി മാറ്റുന്നു, മതങ്ങളില്‍ കയറിക്കൂടുന്ന പൗരോഹിത്യം. തന്‍കാര്യവ്യഗ്രമായ വ്യാമോഹങ്ങളില്‍ വീണുകിടക്കുന്ന മനുഷ്യരെ അതില്‍നിന്നു മോചിപ്പിക്കുന്നതിനു പകരം, സ്വകാര്യ സ്വര്‍ഗ്ഗമെന്ന മറ്റൊരു വ്യാമോഹംകൂടി പുരോഹിതന്‍ അവരില്‍ നിക്ഷേപിക്കുകയാണ്! ഈ സാഹചര്യത്തില്‍, സ്വര്‍ഗ്ഗംകൂടി സ്വന്തമാക്കാന്‍, സ്വാഭാവികമായും, അവര്‍ പുരോഹിതസൃഷ്ടവും അതിവിശാലവുമായ അനുഷ്ഠാനവഴിയിലേക്കു തിരിയുന്നു. 'ഒന്നുമേ സ്വന്തമല്ലെന്നുള്ള ബോധ്യ'ത്തില്‍നിന്ന്, ആദ്ധ്യാത്മികതയില്‍ നിന്ന്, അവര്‍ അകന്നകന്നു പോകുകയാണ്.

ഇവിടെ ആരാണ് കുറ്റക്കാര്‍? സാധ്യമാകുമായിരുന്ന സ്വര്‍ഗ്ഗശാന്തിയും പരസ്പരാനന്ദവും മനുഷ്യര്‍ക്കിവിടെ നഷ്ടമാകുകയാണ്. അവരത് ബോധപൂര്‍വ്വം നഷ്ടപ്പെടുത്തുകയാണെന്നു പറഞ്ഞുകൂടാ. അവര്‍ അന്ധരായിരുന്നു, അതെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല, എന്നേയുള്ളൂ. എന്നാല്‍, മനുഷ്യരുടെ കണ്ണു തുറപ്പിക്കാനും ആദ്ധ്യാത്മികവെളിച്ചം വീശി അവരെ ശരിയായി വഴിനടത്താനും നിയോഗിക്കപ്പെട്ടവരെന്നും ആ നിയോഗം ഏറ്റെടുത്തവരെന്നും അവകാശപ്പെടുന്ന പൗരോഹിത്യം ഇക്കാര്യത്തില്‍  കുറ്റവിമുക്തരാണോ? തീര്‍ച്ചയായുമല്ല. കാരണം, ഒറ്റയ്ക്കും സംഘാതമായും തങ്ങളുടെ ആചാര്യത്വപരമായ ഉത്തരവാദിത്വങ്ങളില്‍നിന്നു ബോധപൂര്‍വ്വം മാറിനില്‍ക്കുകതന്നെയായിരുന്നവര്‍. പകരം, പാപബോധമുണര്‍ത്തിയും അധികാരം പ്രയോഗിച്ചും തങ്ങളുടെ അനുഷ്ഠാനമാര്‍ഗ്ഗത്തിലൂടെ മനുഷ്യരെ തങ്ങളുടെ പിന്നില്‍ അണിനിരത്തുകയായിരുന്നവര്‍. ഓരോരുത്തരുടെയും ഉള്ളിലുള്ള 'ഗുരുത്വ'ത്തെ ഊതിയുണര്‍ത്താന്‍ ബാധ്യസ്ഥരായിരുന്ന അവര്‍, അതിന്റെ നാമ്പുകള്‍തന്നെ നുള്ളിക്കളയുകയായിരുന്നു... ചുരുക്കത്തില്‍, തങ്ങളുടെ 'മത'പ്രവര്‍ത്തനങ്ങള്‍കൊണ്ട് മനുഷ്യരെ ഇരട്ടി നരകത്തിനു യോഗ്യരാക്കുകയായിരുന്നു, പൗരോഹിത്യം.

വ്യക്തികളെ കുറ്റം വിധിക്കാതെ, അവരെ അങ്ങനെ ആക്കിത്തീര്‍ക്കുന്ന മതവിരുദ്ധമായ പുരോഹിതവ്യവസ്ഥയെയാണ് മാറ്റിമറിക്കേണ്ടത് എന്ന ആശയവുമുള്ളവര്‍ക്ക്, അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പകരാന്‍ ഈ കവിത ഉതകുമെന്നു തോന്നുന്നു. തന്നില്‍ സ്വതസിദ്ധമായിരിക്കുന്ന ആധ്യാത്മിക ആചാര്യത്വമായിരിക്കണം ഇത്തരം കവിതകളെഴുതാന്‍ ഗുരുദാസച്ചനെ പ്രേരിപ്പിക്കുന്നത്. തീര്‍ച്ചയായും, ഈ കാലഘട്ടം ആവശ്യപ്പെടുന്നത് അദ്ദേഹത്തെപ്പോലുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാരെയാണ്.

No comments:

Post a Comment