Translate

Wednesday, December 7, 2011

ശൈശവത്തെ തിരയുന്നവര്‍

പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദവും കൂട്ടുകാരിയും അന്യോന്യം പഴിചാരി പിണങ്ങിനടന്നു. തനിയെ നടന്നു മടുത്ത ആദം ഒരു മരത്തണലില്‍ കിടന്നുറങ്ങിപ്പോയി. ആരോ വന്നയാളെ തട്ടിയുണര്‍ത്തി. അത് ഹവ്വായല്ലായിരുന്നു; വിറകുപെറുക്കാന്‍ അതിലെ നടന്ന മറ്റേതോ സ്ത്രീയായിരുന്നു. കൂടെ ചെല്ലുന്നോ എന്നവള്‍ ചോദിച്ചത് അയാള്‍ക്ക്‌ സ്വീകാര്യമായി.

വിറകും ചുമന്ന്  അവര്‍ കയറിച്ചെന്നത്‌ വേറൊരു പറുദീസയിലായിരുന്നു. അല്ലെങ്കില്‍, അവളുടെ കൊച്ചു കുടില്‍ ഒരു പറുദീസയായി അയാള്‍ക്ക്‌ തോന്നിയതാകാം. അവിടം വിട്ടുപോകാനാവാതെ, ഉണ്ടുമുറങ്ങിയും, കഥകള്‍ പറഞ്ഞും ആദം അവളോടൊത്ത് സമയം മറന്ന് ജീവിച്ചു. തനിക്കോര്‍മ്മയില്ലാത്ത ഒരു ശൈശവത്തിലേയ്ക്കവള്‍ തന്നെ കൊണ്ടുപോയതുപോലെയായിരുന്നു അദാമിന്റെ അനുഭവം. ആദ്യ പറുദീസയില്‍ ഒരു യുവാവായിട്ടാണല്ലോ അയാള്‍ ജീവിതം തുടങ്ങിയതും യുവതിയായ ഹവ്വയെ കൂട്ടിനു കിട്ടിയതും. ശൈശവാനുഭവങ്ങളുടെ അഭാവമായിരിക്കുമോ അവര്‍ തെന്നിപ്പിരിയുന്നിടം വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചത്?

തങ്ങള്‍ക്കുള്ളില്‍ ശൈശവം (ശിശുത്വം) കണ്ടെത്താത്തവര്‍  സ്വര്‍ഗരാജ്യമനുഭവിക്കുകയില്ലെന്ന യേശുവിന്റെ മഹദ്വചനത്തിന്റെ പൊരുള്‍ ഇതായിരിക്കാം. തന്നെ ആത്മാവിന്റെ ശൈശവാവസ്ഥയിലേയ്ക്ക് നയിച്ച എതോ ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ ജീവിതത്തിലും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. ഇതാണ് ഒരു പുരുഷന് ഒരു സ്ത്രീയോടുള്ള ഏറ്റവും വലിയ ആശ്രയവും കടപ്പാടും.

സ്ത്രീ പുരുഷന്റെ വാരിയെല്ലില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നത് പുരുഷമേധാവിത്തത്തിന്റെ കെട്ടുകഥയാകാം. ജൈവശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നത് മറിച്ചാണ്. പരിണാമാപ്രക്രിയയില്‍ സ്ത്രീയാണ് മുന്‍ഗാമി. സ്ത്രീകള്‍ക്ക് അവരുടെ ശൈശവം നഷ്ടപ്പെടുന്നില്ല. എന്നാല്‍ പുരുഷനത് വീണ്ടും വീണ്ടും  കണ്ടെത്തേണ്ടിയിരിക്കുന്നു.

തുടര്‍ച്ചിന്തകളും അനുമാനങ്ങളും വായനക്കാര്‍ക്ക് വിടുന്നു.  അമ്മയും മറ്റ് സ്ത്രീകളുമുള്ള  ഒരു ചുറ്റുവട്ടത്തില്‍നിന്ന് പെട്ടെന്ന്, കൌമാരദശയില്‍ തന്നെ, പുരുഷന്മാരുടെ പരുക്കന്‍ ലോകത്തേയ്ക്ക് പറിച്ചുനടപ്പെടുന്നവരുടെ ഇടയിലെ സ്വഭാവ- രതിവൈകൃതങ്ങള്‍ക്കും ഇതിലൂടെ ഒരു വിശദീകരണം കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കും.

2 comments:

  1. സക്കറിയാസ് പറയുന്നത് പോലെ, ശൈശവം നഷ്ടമായതിനാലാണോ ഇവര്‍ ശിശുക്കളെ പീഡിപ്പിച്ചു ബാലരതിക്കാര്‍ ആകുന്നതു?

    ReplyDelete
  2. അലക്സ്‌ ശരിയായ ഉത്തരം പറഞ്ഞു. അവര്‍ ശിശുക്കളാണ്. ശിശുവിനെപ്പോലെയല്ല. ഭയത്തില്‍നിന്നാണ് ശിശുവിനെപ്പോലെയാകുന്നത്. ഇവരുടെ ജോലി കുഞ്ഞുങ്ങളില്‍ ഭയമുണ്ടാക്കി മടിയില്‍ വെച്ചുകൊഞ്ചിച്ചു ‘സാരമില്ല മോനെ’ എന്നു പറഞ്ഞു പാപം പൊറുക്കുകയാണ്. പാവം അമ്മമാര്‍ ശിശുക്കളെപ്പോലെയും ; "അവരെ തടയരുതൊരുന്നാളും" എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞില്ലേ.

    അവന്‍ നട്ടല്ല് ഇല്ലാത്തവന്‍ എന്ന പഴമൊഴി ആദാമിന്‍റെ വാരിയെല്ലിനെ ഉദ്ദേശിച്ചാകാം. പെണ്‍വാക്ക് കേള്‍ക്കുന്നവന്‍ പെരുവഴി എന്നുള്ള ചൊല്ലുണ്ട്. അതിനാലായിരിക്കാം മനു തൊട്ടു സെയിന്‍റ് പോള്‍വരെ സ്ത്രീകളെ ശിശുക്കളെപ്പോലെയും പുരുഷന്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കണമെന്ന പ്രമാണം ഉണ്ടാക്കിയതും.
    പുരുഷനെന്നും സ്ത്രീ കുഞ്ഞിനെപ്പോലെ ആയിരിക്കണമെന്നാണ് ആഗ്രഹം. കൊച്ചുകുഞ്ഞിന്‍റെ പരിശുദ്ധിയും ഹൃദയവുമെന്നു യേശുഭഗവാന്‍ പറഞ്ഞത് നിര്‍ഭയത്തോടെ, നിഷ്കളങ്കതയോടെ, എന്നാല്‍ ഇത് മനസ്സിലാക്കുവാന്‍ പ്രയാസമേറിയതുമായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്‍റെ ഹ്രദയം ഭയത്തില്‍ നിന്നുള്ളതല്ല. തിന്മയുടെ ഈ ലോകത്തി ലേക്ക് നിര്‍ഭയമായി ഒരു കുഞ്ഞിന്‍റെ മനസോടെ ജീവിക്കുക ദുഷ്കരമാണ്. എന്നാല്‍ ഭയത്തില്‍നിന്ന് സ്ത്രീകള്‍ക്കും ചില പുരുക്ഷന്‍മാര്‍ക്കും കുഞ്ഞിനെപ്പോലെ ജീവിക്കുവാന്‍ പറ്റും. പുരോഹിതര്‍ക്ക് സ്ത്രീകളുടെമേല്‍ വന്നനേട്ടവും ഇതാണ്.

    കുഞ്ഞായിരിക്കുമ്പോള്‍ എല്ലാവരും നിഷ്കളങ്കരാണ്. അവര്‍ കാണുന്ന എല്ലാ നല്ലകാര്യങ്ങളും വിശ്വസിക്കും. മാതാപിതാക്കളാണ് അവരുടെ പ്രത്യാശയും അഭയവും പരിപാലനപ്രാമാണ്യവും. മാജിക്ക് യഥാര്‍ഥമെന്നു വിശ്വസിക്കുന്നു; കാരണം അവന്‍ നിഷ്കളങ്കനാണ്, നിര്‍ഭയനാണ്. നീ നല്ലവനാണെങ്കില്‍, നല്ല പിതാവ്, മാതാവ് സ്നേഹിക്കുന്നുവെങ്കില്‍, ദൂഷണമില്ലങ്കില്‍ സംശയങ്ങള്‍ പെട്ടെന്ന് കുഞ്ഞിന്‍റെ മനസ്സില്‍ വരുകയില്ല. സ്നേഹമുള്ള കുടുംബത്തില്‍ വളരുന്ന ഒരു കുഞ്ഞിനെപ്പറ്റിയാണ് പറഞ്ഞത്.

    എന്നാല്‍ മതം അവനില്‍ പകയോടെയുള്ള ദൈവത്തെ പ്രതികാര ബുദ്ധിയുണ്ടാക്കി, പാപത്തിനുള്ള കഠിനമായ ശിക്ഷയും നരകവും കൊടുത്തു ഭയപ്പെടുത്തി. എല്ലാ സ്ത്രീകളും ഭയത്തില്‍ കുഞ്ഞിനെപ്പോലെ സ്വര്‍ഗം തേടിയുള്ള ഒരു ജീവിതയാത്ര- അവള്‍ കുഞ്ഞിനെപ്പോലെ നിഷ്കളങ്കയാകുന്നു. പുരോഹിതന്‍ ഭൂമിയിലെ ദൈവവും മാലാഖയും എല്ലാമെല്ലാം. ഇത് മാനസിക പീഡനമാണ്, ഈ പീഡനത്തിനു ഇരയാകുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളും. ദോഷം മാത്രം കാണുന്നവന്‍, എല്ലാത്തിനും നരകം കല്‍പ്പിക്കുന്നവന്‍ ഏതു ദൈവം. ഇവരുടെ സ്വര്‍ഗവും നരകവും കുഞ്ഞായിരിക്കുന്ന സമയങ്ങളില്‍ മാജിക്കില്‍ വിശ്വസിക്കുന്നതുപോലെ, അന്ന് നിര്‍ഭയത്തോടെയും ഇന്ന് പുരോഹിതന്‍ പുണ്ണ്ആക്കിയ മനസ്സിലെ ഭയത്തോടെയും. ‍

    ReplyDelete