സ്വാമിയച്ചന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും സഭാധികാരവും ഇടപെടുക
തലോര്‍ ആശ്രമ ഇടവക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി നിരാഹാരസത്യാഗ്രഹം നടത്തിവരുന്ന സ്വാമിയച്ചന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരും സഭാധികാരവും ഇടപെടണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ മറ്റ് ബഹുജന സാമൂഹ്യ സംഘടനകളുമായി ചേര്‍ന്ന് തൃശ്ശൂര്‍ കോര്‍പറേഷന്‍ ആഫീസ് പരിസരത്ത് റാലിയും പൊതുയോഗവും നടന്നു. 1977ല്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളവും, സി.എം.ഐ. സന്യാസസഭയുടെ പ്രൊവിന്‍ഷ്യാളും, തലോര്‍ ആശ്രമാധികാരികളും വിശ്വാസിപ്രതിനിധികളും സംയുക്തമായി ഒപ്പിട്ട് അംഗീകരിച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് തലോര്‍ ആശ്രമ ഇടവക നിലവില്‍ വന്നത്. ആ കരാറില്‍ ഇടവക ബിഷപ്പിന് തിരിച്ചെടുക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെട്ടിരുന്നില്ല. നിലവിലുള്ള കരാറിന് കടകവിരുദ്ധമായാണ് സി.എം.ഐ. സഭയുടെയും വിശ്വാസികളുടെയും എതിര്‍പ്പിനെ വകവെക്കാതെ ഏകാധിപത്യപരമായി തലോര്‍ ഇടവക ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏറ്റെടുത്തത്.
സഭാപരമായ തലങ്ങളില്‍ ചര്‍ച്ചചെയ്ത് തലോര്‍ ഇടവകയുടെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിച്ചിട്ടുള്ളതാണെന്ന ആര്‍ച്ച്ബിഷപ്പിന്റെ അവകാശവാദം പച്ചക്കള്ളമാണ്. തലോര്‍ ആശ്രമ ഇടവക സ്വതന്ത്രമാക്കിയെന്ന ആര്‍ച്ച്ബിഷപ്പിന്റെ നിലപാട് പരിഹാസ്യമാണ്. സ്വതന്ത്രമായിരുന്ന തലോര്‍ ആശ്രമ ഇടവകയെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് തന്റെ ഏകാധിപത്യത്തിന്‍ കീഴിലാക്കുകയാണ് അദ്ദേഹം ചെയ്തത്. ആര്‍ച്ച്ബിഷപ്പ് സ്ഥാപിച്ച പുതിയ ഇടവകയോട് സഹകരിക്കാത്ത കുറച്ചുപേര്‍ക്കുവേണ്ടി ആശ്രമ ഇടവക പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന ആര്‍ച്ച്ബിഷപ്പിന്റെ നിലപാട് ധിക്കാരപരവും സ്വേച്ഛാപരവുമാണ്. തലോരിലെ ബഹുഭൂരിപക്ഷം വിശ്വാസികളും ആര്‍ച്ച്ബിഷപ്പിന്റെ പുതിയ ഇടവകയുമായി സഹകരിക്കാത്തവരാണ്. ആശ്രമ ഇടവക പുനഃസ്ഥാപിക്കാന്‍വേണ്ടി രണ്ടു വര്‍ഷമായി അവര്‍ സമരം നടത്തിവരുന്നു ആശ്രമം കേന്ദ്രീകരിച്ച് ഇടവക പുനഃസ്ഥാപിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക പോംവഴി.
അറബ്‌നാടുകളിലെ ഏകാധിപതികളുടെ ശബ്ദത്തിലാണ് തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസാരിക്കുന്നത്. തിരുത്തല്‍നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ വിശ്വാസികളുടെ നേതൃത്വത്തിലുള്ള മുല്ലപ്പൂ വിപ്ലവം വൈകില്ലെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രശ്‌നം സൗമനസ്യപൂര്‍വം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തപക്ഷം ബഹുജനസംഘടനകള്‍ സമരം ഏറ്റെടുക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.
കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിണ്ട് ജോയ് പോള്‍ പുതുശ്ശേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. എസ്. ഈശ്വരന്‍ യോഗം ഉല്‍ഘാടനം ചെയ്തു. ദളിത് സാംസ്‌കാരികവേദി ചെയര്‍മാന്‍ എം. സി. തൈക്കാട്, ഫാ. ഡേവിസ് കാച്ചപ്പിള്ളി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് ആന്റോ കോക്കാട്ട്, പട്ടികജാതി ഏകോപനസഭ പ്രസിഡണ്ട പി.എസ്.ശശികുമാര്‍, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, നിര്‍വാഹകസമിതി അംഗം സി.സി.ജോസ്, ജനകീയ അവകാശ കൗണ്‍സില്‍ ചെയര്‍മാന്‍ സൈമണ്‍ കുന്നത്ത്, വേണു. ജി. നെടുപുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോയ് പോള്‍ പുതുശ്ശേരി, സംസ്ഥാനപ്രസിഡണ്ട്, കേരള കാത്തലിക് ഫെഡറേഷന്‍
No comments:
Post a Comment