Translate

Friday, December 9, 2011

സ്വാമിയച്ചന്റെ ജീവന്‍ രക്ഷിക്കുക.

തലോര്‍ പള്ളി പ്രശ്‌നം പരിഹരിക്കുക, സ്വാമിയച്ചന്റെ ജീവന്‍ രക്ഷിക്കുക.

തലോര്‍ ആശ്രമദേവാലയം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചുകൊണ്ട് അനിശ്ചിതകാല നിരാഹരമെടുക്കുന്ന സ്വാമിയച്ചനെന്ന ഫാ. മൈക്കിള്‍ പുറാട്ടുകരയുടെ ജീവന്‍ രക്ഷിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. തലോര്‍ പള്ളി പ്രശ്‌നം ക്രൈസ്തവനീതിയുടെയും അനുരഞ്ജനമനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ തീര്‍പ്പാക്കണമെന്ന് തൃശ്ശൂര്‍ മെത്രാപ്പോലീത്തായോട് ആവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല മൗനനിരാഹാര തപസ് അനുഷ്ഠിച്ചുവരുന്ന സ്വാമിയച്ചനെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാക്കള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു. നിരാഹാരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സ്വാമിയച്ചന്റെ ആരോഗ്യനില ആശങ്കയുണര്‍ത്തുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാക്കള്‍ അറിയിച്ചു. പിടിവാശി വെടിഞ്ഞ് തലോര്‍ ആശ്രമദേവാലയത്തിന് ഇടവകപദവി ഉടന്‍ പുനഃസ്ഥാപിച്ചുകൊടുക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതൃസം ഘം ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു.

തലോര്‍ പള്ളി പ്രശ്‌നം ആര്‍ച്ച്ബിഷപ്പിന്റെ സൃഷ്ടിയാണ്. കഴിഞ്ഞ നാല്‍പതു വര്‍ഷക്കാലമായി മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ഇടവകയായിരുന്നു തലോര്‍ ആശ്രമദേവാലയം. അതിനെ വിശ്വാസികളുടെ അനുമതിയൊ പിന്തുണയൊ ഇല്ലാതെ ഏകപക്ഷീയമായി ഏറ്റെടുത്ത ആര്‍ച്ച്ബിഷപ്പിന്റെ നടപടിയാണ് തലോര്‍ പള്ളിയില്‍ കലാപം വിതച്ചത്. ആശ്രമദേവാലയത്തിന് ഇടവകപദവി തിരിച്ചുനല്‍കുക മാത്രമാണ് തര്‍ക്കം തീര്‍ക്കാനുള്ള പോംവഴി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനു പകരം കടുംപിടുത്തം തുടരാനാണ് ഭാവമെങ്കില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മറ്റു ക്രൈസ്തവസംഘടനകളും മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച് പ്രത്യക്ഷനടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനപ്രസിഡണ്ട് ലാലന്‍ തരകന്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കിയ സംഘത്തില്‍ സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ ആന്റോ കോക്കാട്ട്, ജോര്‍ജ് ജോസഫ്. കെ., സെക്രട്ടറിമാരായ വി. കെ. ജോയ്, ജോഷി ആന്റണി, ട്രഷറര്‍ ജോര്‍ജ് മൂലേച്ചാലില്‍, നിര്‍വാഹകസമിതി അംഗങ്ങളായ സി. എല്‍. ജോയ്, ബി. സി. ലോറന്‍സ് എന്നിവരും ഉണ്ടായിരുന്നു.


No comments:

Post a Comment