Translate

Thursday, December 1, 2011

മോചനകാഹളം – ആമുഖം (Part 3)


മോചനകാഹളം ആമുഖം (Part 3)

മനശ്ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത കൗണ്‍സലിംഗ് തൊഴിലാളികളും വളരെപ്പേരുടെ മനസ്സില്‍ വിഷം കയറ്റുന്നുണ്ട്. അവര്‍ക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ട. പരിശുദ്ധാത്മാവില്‍ നിന്നും നേരിട്ടു മനശ്ശാസ്ത്രം പഠിച്ചു ഡോക്ടര്‍ബിരുദം നേടിയിരിക്കുന്ന ഇവര്‍ പഴയ കാലത്തെ ക്ഷുരകരെപ്പോലെയാണ്. അധികം ഉപകരണമൊന്നും വേണ്ട തൊഴിലിന്. കത്തിയും കത്രികയും ചീപ്പും വെള്ളവുമുണ്ടെങ്കില്‍ ധാരാളം. ഇവര്‍ കുനിഞ്ഞു നില്ക്കുകയോ കവച്ചിരിക്കുകയോ ചെയ്യും. ക്ഷൗരം വേണ്ടവര്‍ ഇവരുടെ മുമ്പില്‍ കുത്തിയിരിക്കുക. അത്രമാത്രം. പണി തുടങ്ങുകയായി!

ഇതുപോലെയുള്ള കരിസ്മാറ്റിക്ക് കൗണ്‍സലിംഗ് ക്ഷുരകന്മാരുടെ  മുമ്പില്‍ മാനസിക രോഗികള്‍ ഇരുന്നുകൊടുത്താല്‍ മാത്രം മതി. എത്ര കടുത്ത മനോരോഗവും ഞൊടിയിടകൊണ്ടു സുഖപ്പെടുത്തും. പക്ഷേ പരിശീലനം നേടാന്‍വേണ്ടി വല്ല്യകണിയാന്റെ കൂടെ നടന്ന കുട്ടിക്കണിയാനുപറ്റിയ അമളി മിക്കപ്പോഴും ഇവര്‍ക്കും പറ്റും.

വളരെപ്പേര്‍ കേട്ടിട്ടുള്ള കഥയാണത്. കേട്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.

വല്ല്യകണിയാന്‍ കുട്ടിക്കണിയാനുകൊടുത്തിരുന്ന നിര്‍ദ്ദേശമിതാണ്: ഞാന്‍ രോഗനിര്‍ണ്ണയം നടത്തുന്നതു സൂക്ഷിച്ചു നിരീക്ഷിക്കുക. ഒരു ദിവസം വലിയ കണിയാന് ഒരു വിളി കിട്ടി. അടിയന്തിരമായി വരണം; ഒരു മധ്യവയസ്‌ക്കന് രോഗം കലശമാണ്. കുട്ടിക്കണിയാനെ കൂട്ടിക്കൊണ്ടു വല്ല്യകണിയാന്‍ ഉടനടി പുറപ്പെട്ടു. കുറേ രോഗലക്ഷണങ്ങള്‍ നേരത്തെ കേട്ടിരുന്നതുകൊണ്ട് ചികിത്സ തുടങ്ങാന്‍ അദ്ദേഹം ധൃതി കൂട്ടിയില്ല. വീട്ടില്‍ കയറിയ പാടേ അരമതിലില്‍ കയറിയിരുന്നു വിസ്തരിച്ചൊന്നു മുറുക്കി. പിന്നീട് വീടിന്റെ പരിസരമൊക്കെ ശ്രദ്ധാപൂര്‍വ്വം ഒന്നു നിരീക്ഷിച്ചശേഷം കയ്യില്‍ കരുതിയിരുന്ന ഗുളിക രോഗിക്കു കൊടുത്തു. കഴിച്ചയുടനെ തന്നെ കിട്ടി രോഗിക്കു പൂര്‍ണ്ണസുഖം.

തിരിച്ചുപോരുന്ന വഴി കുട്ടിക്കണിയാന്‍ വിസ്മയഭരിതനായി ചോദിച്ചു: രോഗകാരണം ഇത്ര കൃത്യമായി കണ്ടുപിടിച്ച് മരുന്നു നിശ്ചയിക്കാന്‍ എങ്ങനെ കഴിഞ്ഞു? വല്ല്യകണിയാന്‍ എല്ലാം വിശദമായി വിവരിച്ചു: വീടിന്റെ പരിസരത്ത് നോക്കിയപ്പോള്‍ നേന്ത്രപ്പഴത്തിന്റെ തൊലി ജാസ്തി. അമിതമായി ഏത്തപ്പഴം തിന്നു ഗ്യാസ്ട്രബിളു പിടിച്ചു വയറു കമ്പിച്ചുവെന്നു വ്യക്തമായി; വായുഗുളിക കൊടുത്തു. അത്രതന്നെ.

അടുത്ത 'സിക്ക്‌കോള്‍' വന്നപ്പോള്‍ ഗുരു ശിഷ്യനോടു പറഞ്ഞു: ഇത്തവണ നീ തന്നെ രോഗം നിര്‍ണ്ണയിച്ചു മരുന്നു കൊടുക്കണം. രോഗി മദ്ധ്യവയസ്‌കയാണ്. വീട്ടിലെത്തിയപാടെ ശിഷ്യന്‍ കഴിഞ്ഞ തവണ ഗുരു ചെയ്തതുപോലെ അരമതിലില്‍ കയറിയിരുന്ന് ആഘോഷപൂര്‍വ്വം ഒന്നു മുറുക്കി. ചുറ്റും കണ്ണോടിച്ചപ്പോള്‍ രോഗിണിയുടെ വയറുകമ്പിക്കലിന്റെ കാരണം പിടികിട്ടി: അമിതമായി നേന്ത്രപ്പഴം തിന്ന് ഗ്യാസ്ട്രബിള്‍ പിടിച്ചിരിക്കുന്നു. പരിസരം നിറയെ നേന്ത്രപ്പഴത്തിന്റെ തൊലിയുണ്ടല്ലോ! സംശയലേശമെന്യേ കുടുക്കയില്‍നിന്നും വായുഗുളിക പുറത്തെടുത്തു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഗുരു അതു തട്ടിമാറ്റിയശേഷം സ്വന്തം കുടുക്കയില്‍നിന്നു ഗുളിക നല്കി പ്രശ്‌നം പരിഹരിച്ചു. തിരിച്ചുപോരും വഴി ഗുരു പറഞ്ഞപ്പോഴാണ് ശിഷ്യനു മനസ്സിലായത് മദ്ധ്യവയസ്‌ക പൂര്‍ണ്ണഗര്‍ഭിണിയായിരുന്നെന്നും ഗ്യാസ്ട്രബിള്‍ മൂലമല്ല വയറു കമ്പിച്ചിരുന്നതെന്നും!

ദീര്‍ഘകാലം പഠിച്ച് മനശ്ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി  ദശകങ്ങളോളം മനോരോഗചികിത്സ നടത്തിയ മഹാഭിഷഗ്വരന്മാര്‍ക്കു പോലും കഴിയാത്ത കാര്യം കരിസ്മാറ്റിക്കു കണിയാന്മാര്‍ക്കു നിമിഷനേരം കൊണ്ടു സാധിക്കുന്നതിന്റെ രഹസ്യം വളരെ നിസ്സാരം: പരിശുദ്ധാത്മാവില്‍ നിന്നു കിട്ടുന്ന വിദഗ്ദപരിശീലനം!

ഗ്രന്ഥത്തിലെ മുഖ്യഅന്തര്‍ധാരകളില്‍ രണ്ടാമത്തേത് ദൈവമെന്ന സത്യത്തിന്റെ അനന്തതയാണ്. അനന്തമായതു അഗ്രാഹ്യമാണ്, അവാച്യമാണ്; അവര്‍ണ്ണനീയവും അനിര്‍വചനീയവുമാണ്, ''തീരമില്ലാക്കടല്‍ തുല്യമങ്ങീശ്വരാ'' എന്ന ഒന്നാമത്തെ പദ്യം വിരല്‍ചൂണ്ടുന്നത് ആ യാഥാര്‍ത്ഥ്യത്തിലേക്കാണ്.

ഈശ്വരനെക്കുറിച്ചു അജ്ഞരായ മതവിശ്വാസികള്‍ വച്ചുപുലര്‍ത്തുന്ന വികൃതസങ്കല്പങ്ങള്‍ നിമിത്തമാണ് നിര്‍മ്മതരും നിരീശ്വരരും അവിടുത്തെ നിന്ദിക്കുന്നതും നിഷേധിക്കുന്നതും. മൂഢഭക്തര്‍ കൊടുക്കുന്ന വടികൊണ്ടാണ് അവര്‍ അവിടുത്തെ അടിക്കുന്നത്.

ദൈവത്തിനു നാമമോ രൂപമോ സ്ഥലമോ കാലമോ മനുഷ്യന്റേതുപോലെ സ്ഥൂലവ്യക്തിത്വമോ ഇല്ലല്ലൊ. പുരോഹിതരില്‍ ഭൂരിഭാഗവും ഈ സത്യം വിശ്വാസികളുടെ മനസ്സിലെത്തിക്കാന്‍ ശ്രമിക്കുന്നില്ല. കാരണം തട്ടിന്‍പുറത്തു നിന്നു താഴേയ്ക്കു നോക്കിയിരിക്കുന്ന കൊതിയന്‍ ദൈവത്തിന്റെ പേരിലല്ലേ ബലികളും കാഴ്ചകളും സ്വീകരിക്കാനാകൂ. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്റെ മഹത്വം മാത്രം ലക്ഷ്യമാക്കി എഴുതിയ കവിതയാണ് ''തട്ടിന്‍ പുറത്തെ ദൈവം'' അതിലെ ഹാസ്യത്തിന്റെ ശരങ്ങള്‍ വികൃതവിശ്വാസപ്രചാരകരായ പുരോഹിതരില്‍ ചെന്നു തറയ്ക്കണമെന്നാണ് ഗ്രന്ഥകാരന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. കവിതയുടെ തുടക്കവും ഒടുക്കവും ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്ക് അതിന്റെ ലക്ഷ്യം സുവ്യക്തമാണ്.

അനന്തതയുടെ ആരാധകനായ ഈ ഗ്രന്ഥകാരന്‍ ശങ്കരാചാര്യരുടെ ഈശ്വരദര്‍ശനത്തില്‍ സന്തോഷപൂര്‍വ്വം പങ്കുകൊള്ളുന്നവനാണ്. താന്‍ ചെയ്ത മൂന്നു തെറ്റിനു അദ്ദേഹം ഈശ്വരനോട് മാപ്പു ചോദിക്കുന്നുണ്ടല്ലൊ: രൂപമില്ലാത്ത നിന്നെ രൂപത്തില്‍ ധ്യാനിച്ചതിന്; അവാച്യനായ നിന്നെ വാക്കുകള്‍ കൊണ്ടു വര്‍ണ്ണിച്ചതിന്, അനന്തവ്യാപ്തനായ നിന്നെ ചിന്തകള്‍ കൊണ്ടു പരിമിതപ്പെടുത്തിയതിന്. സത്യാന്വേഷണ യജ്ഞത്തിന്റെ അന്തിമഘട്ടത്തില്‍ ഈശ്വരന്‍ 'നേതി, നേതി' - ഇതല്ല, ഇതല്ല എന്നു വിളിച്ചു പറയുന്നതില്‍ സന്തോഷം കണ്ടെത്തിയ മഹാജ്ഞാനിയാണദ്ദേഹം.

പണ്ഡിതാഗ്രേസരനായ വി. തോമസ്സ് അക്വീനാസും ശങ്കരാചാര്യരുടെ പാത തന്നെയാണ് പിന്തുടര്‍ന്നത്. അഞ്ചു തടിയന്‍ പുസ്തകങ്ങളുള്ള മൂന്നു വാല്യങ്ങളായി ദൈവശാസ്ത്രസംഗ്രഹം (summa theologiae  - Sum of Theology) എന്ന ബൃഹദ്ഗ്രന്ഥം രചിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു തോന്നി താന്‍ എഴുതിയതെല്ലാം വെറും വൈയ്‌ക്കോലാണെന്ന്. ദൈവം അതാണ്, ഇതാണ് എന്നൊക്കെയുള്ള പ്രസ്താവനകളെക്കാള്‍ അവിടുത്തെ മഹത്വത്തിനുതകുന്നത് അവിടുന്ന് അതല്ല, ഇതല്ല എന്ന നിഷേധക ദൈവ വിജ്ഞാനീയം (Negative Theology) ആണ് എന്നു പ്രഘോഷിച്ചുകൊണ്ടാണല്ലോ അദ്ദേഹം ജീവിതാന്ത്യത്തിലേക്ക് നീങ്ങിയത്.

കരിങ്കല്ലുപോലെയോ, കാരിരുമ്പുപോലെയോ, കാലാതീതമായി നില്ക്കാന്‍ കഴിവില്ല മനുഷ്യമനസ്സിന്. അതൊരു മഹാ സാഗരമാണ്. സാഗരസമാനമായ മനസ്സില്‍ രൂപം കൊണ്ട കവിതകളും പദ്യങ്ങളുമാണ്  ഈ ഗ്രന്ഥത്തിലുള്ളത്.

സാഗരം എത്ര സങ്കീര്‍ണ്ണം! ഉപരിതലത്തില്‍ തിരകളുണ്ട്, നുരകളുണ്ട്; കൊടുങ്കാറ്റു മൂലമുള്ള പ്രകമ്പനങ്ങളുമുണ്ട്. എന്നാല്‍ അടിത്തട്ടു പൊതുവേ ശാന്തമായിരിക്കും. മത്സ്യങ്ങളും ചിപ്പികളും പവിഴപ്പുറ്റുകളുമുള്‍പ്പെടെ എത്രയോ തരം ജീവികളാണതില്‍ വിഹരിക്കുന്നത്.

ഈശ്വരസായൂജ്യത്തില്‍ നിന്നുള്ളവാകുന്ന ശാന്തത നിമിത്തം ചിലപ്പോള്‍ മനസ്സു മന്ത്രിക്കും. ''പിതാവേ അങ്ങയുടെ തിരുവിഷ്ടം നിത്യം നിറവേറട്ടെ'', ''ഞാനും എന്റെ പിതാവും ഒന്നാകുന്നു.'' അതേ മനസ്സുതന്നെ പ്രക്ഷുബ്ധ നിമിഷങ്ങളില്‍ നീറി നിലവിളിക്കും. ''എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ കൈവെടിഞ്ഞു.'' നിമിഷങ്ങള്‍ക്കകം മനസ്സിന്റെ മട്ടു മാറും. ''പിതാവേ അങ്ങയുടെ തൃക്കരങ്ങളില്‍ എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു.''എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന.

ഹേറോദേസിനെ 'കുറുക്കാ' എന്നും ഫരിസേയരെ 'അന്ധരെ നയിക്കുന്ന അന്ധരേ', 'വെള്ളപൂശിയ കുഴിമാടങ്ങളെ', 'അണലിപ്പാമ്പിന്റെ സന്തതികളേ' എന്നുമൊക്കെ വിളിക്കുന്നതു അവരോടുള്ള സ്‌നേഹക്കുറവുകൊണ്ടോ പിതാവായ ദൈവത്തില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടോ അല്ലല്ലോ.

പാരതന്ത്ര്യകൃഷിയില്‍ സന്തോഷം കണ്ടെത്തുന്ന പുരോഹിത ദുഷ്പ്രഭുക്കളോടു തോന്നിയ അടക്കാനാകാത്ത അമര്‍ഷത്തിന്റെ അലയടികള്‍ കേള്‍ക്കാം, ഈ ഗ്രന്ഥത്തിലെ ചില പദ്യങ്ങളില്‍. പുരോഹിതരുടെ 'ക്രിസ്തുതുല്യത', 'പുരോഹിതനിന്ദകര്‍ക്കു ലഭിക്കുന്ന കഠിനമായ ദൈവശിക്ഷ' മുതലായ വീര്യമുള്ള പട്ടകളും അതോടൊപ്പം ശാപപ്പട്ടകളും നല്കി ശുദ്ധവിശ്വാസികളെ മയക്കി അവരുടെ മുതുകത്തു കുതിര കയറുന്ന പുരോഹിതരെ ചിന്തിപ്പിക്കാന്‍ വേണ്ടിയാണ് 'പട്ടക്കാര്‍' രചിച്ചിരിക്കുന്നത്. യേശുവിന്റെ കണ്ണും കരളുമുള്ള വൈദികര്‍ ധാരാളമുണ്ടെന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ അവരുടെ ശോഭയെ നിഷ്പ്രഭമാക്കാന്‍ കഴിവുള്ള കരുത്തില്‍ കത്തനാരന്മാരാണ് ന്യൂനപക്ഷം. അവര്‍ക്കെതിരെ നാവനക്കണം, തൂലിക ചലിപ്പിക്കണം. അല്ലെങ്കില്‍ അതു കൃത്യവിലോപമാണ്, ദൗത്യ വിസ്മൃതിയും.
.

No comments:

Post a Comment