Translate

Thursday, December 1, 2011

മോചനകാഹളം – ആമുഖം (Part 4)

മോചനകാഹളം ആമുഖം (Part 4)

ചമത്കാരകാരണങ്ങളില്‍ (ഗുണം, രീതി, രസം, വൃത്തി, പാകം, ശയ്യ, അലങ്കാരം) കടിച്ചു തൂങ്ങിക്കിടന്നെഴുതിയ കവിതകളല്ല ഈ ഗ്രന്ഥത്തിലുള്ളത്. ഉറച്ച ബോധ്യങ്ങളായി മനസ്സില്‍ തുളുമ്പി നില്ക്കുന്ന ഏതാനും ആശയങ്ങള്‍ അനുവാചകരുടെ സമഗ്ര വിമോചനത്തിനുവേണ്ടി അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം. അവ കവിതകളെന്നതിനെക്കാള്‍ പദ്യങ്ങളാണ്. വൃത്തത്തിന്റെ കാര്യം തീര്‍ത്തും വിസ്മരിച്ചിട്ടില്ല. എന്നാല്‍ പദദാരിദ്ര്യം പ്രസ്പഷ്ടമാണുതാനും. ഇവിടെയാണ് പശ്ചിമ ജര്‍മ്മനി യുടെ ആദ്യചാന്‍സലറും രാഷ്ട്രപിതാവുമായ കൊണ്‍റാഡ് അഡനൗവര്‍ ഈ ഗ്രന്ഥകാരനെ ആശ്വസിപ്പിക്കാനെത്തുന്നത്. ഉജ്ജ്വലവാഗ്മിയായിരുന്ന അദ്ദേഹം ജീവിതകാലത്തു വെറും എണ്ണൂറു വാക്കുകളേ പ്രയോഗിച്ചിട്ടുള്ളു.

പതിനൊന്നു ഭാഷ പഠിയ്ക്കുകയും അതില്‍ പലതും അനുദിനം ഉപയോഗിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥകാരന് മലയാളത്തില്‍ മാത്രം മനസ്സു പതിപ്പിച്ചു നീങ്ങാനുള്ള ഏകാഗ്രതയില്ല. ഭാഷാപണ്ഡിതരായ നിരൂപകര്‍ സദയം ക്ഷമിക്കുമല്ലോ. വിചാരമൂല്യമാണു പ്രധാനം, വചന ബാഹുല്യമല്ല. വാക്കിളക്കമുണ്ടെങ്കിലും ചിന്താബന്ധമുണ്ടെങ്കില്‍ എന്തു പ്രയോജനം.

ഒരു കാര്യത്തിന് ഉറപ്പു തരുന്നു. ഈ പുസ്തകം ആദ്യന്തം വായിക്കുന്നവര്‍ക്ക് എന്തെങ്കിലും ലഭിക്കും -  ചിന്തിക്കാന്‍, ധ്യാനിക്കാന്‍, ജീവിക്കാന്‍, പ്രസംഗിക്കാന്‍. അതിനുപകരിക്കുംവിധം ഉള്ളടക്കം നാലു വിഷയമായി തിരിച്ചിട്ടുണ്ട്. കൃത്യമായ അതിരുകളും വരമ്പുകളുമില്ല. ഹൃദയസാഗരത്തിലെ തിരകള്‍ക്കു വ്യക്തമായ രൂപഭാവങ്ങളില്ലല്ലൊ.

ഈ ഗ്രന്ഥത്തിന് അവതാരികയില്ല. അതിനുവേണ്ടി ആരെയും സമീപിച്ചിട്ടുമില്ല. അനുവാചകര്‍ ഓരോരുത്തരും അവതാരിക എഴുതി ബഹുമാനിതരാകുക.

കയ്യടി കൊതിച്ചോ കല്ലേറു ഭയന്നോ എഴുതിയ വാക്കുകളൊന്നും ഈ കവിതകളിലില്ല. പരമഗുരു യേശു തന്നെ അതിനു സാക്ഷി. മതം നിമിത്തം മാനസ്സിക അടിമത്തവും വിഷബാധയും അനുഭവിക്കുന്ന ഏതെങ്കിലുമൊരു മനുഷ്യനു അല്പമെങ്കിലും വിമോചനാനുഭവം ലഭിക്കുന്നുവെങ്കില്‍ ഈ യേശുദാസന്‍ കൃതാര്‍ത്ഥനായി. വിചാരം കുറഞ്ഞ 'വികാരി'യച്ചന്മാര്‍ ദുര്‍ബ്ബലമാനസ്സരായ വിശ്വാസികളുടെ ഹൃദയത്തില്‍ കയറ്റിയിരിക്കുന്ന മഞ്ചട്ടി വിഷമിറക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. 'വിഷഹാരി'യച്ചന്‍ ആകുക എന്നതും എനിക്കു ലഭിച്ചിരിക്കുന്ന പ്രവാചക ദൗത്യമാണ്. പ്രവാചകന്‍ നയതന്ത്രജ്ഞനോ, രാഷ്ട്രീയക്കാരനോ അല്ല. കട്ടിലില്‍ കിടന്നു മരിക്കാന്‍ ഭാഗ്യം കിട്ടുന്ന പ്രവാചകര്‍ അധികമില്ല. സോറേന്‍ കീര്‍ക്കഗാര്‍ഡ് പറഞ്ഞിട്ടില്ലേ: ''തന്നെ തല്ലിക്കൊല്ലാന്‍ അനുവദിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍.''

അനുവാചകരോട് ഒരപേക്ഷ: ഗ്രന്ഥം ആദ്യന്തം വായിച്ച് ഒന്നാകെ വിലയിരുത്താനുള്ള വിശാലമനസ്സുണ്ടാകണം. ഒന്നോ രണ്ടോ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നു മാറ്റിനിറുത്തി കീറിമുറിച്ചു വിശകലനം ചെയ്തു വിമര്‍ശനശരമയയ്ക്കരുത്. കാരണം 'മാനസപൂജ' എന്ന കടല്‍ക്കോണില്‍ കിടക്കുന്ന സ്വര്‍ണ്ണ മത്സ്യങ്ങള്‍ 'മഞ്ചട്ടി'യും 'പട്ടക്കാരു'മൊക്കെ കയറിവന്ന അതേ സാഗരത്തില്‍ നിന്നു പൊന്തിവന്നവയാണ്. അവയുടെ മൂല്യം കൂടി നിര്‍ണ്ണയിച്ചിട്ടുവേണം അന്തിമ വിധിത്തീര്‍പ്പു നടത്താന്‍. 'നമ്പി 'ആരെ'ന്നു ചോദിച്ചു; 'നമ്പിയാര്‍' എന്നു ചൊല്ലിനേന്‍; നമ്പി കേട്ടതു കോപിച്ചു. തമ്പുരാന്‍ തുണയ്ക്കട്ടെ'' എന്ന കുഞ്ചന്‍വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വായനക്കാരോടു പ്രത്യുച്ചരിക്കാന്‍ ഗ്രന്ഥകാരനെ പ്രകോപിപ്പിക്കുകയില്ലല്ലോ!

സ്‌നേഹത്തിന്റെ വെളിച്ചത്തില്‍ വായിക്കുക. സ്‌നേഹം നമുക്കു വഴി കാട്ടട്ടെ. സ്‌നേഹം നമുക്കു വിമോചനം നല്കട്ടെ.

ഈ ഗ്രന്ഥത്തിലെ മിക്ക പദ്യങ്ങളും വായിച്ചു സ്‌നേഹപൂര്‍വ്വം പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്ത് പ്രൊഫ. മാമച്ചന് ഒത്തിരി നന്ദി. അക്ഷരവിന്യാസവും മുദ്രണവും നിര്‍വ്വഹിച്ച 'ത്രീ കിങ്ങ് പ്രസ്സിനും' പുറംചട്ട രൂപപ്പെടുത്തിയ മനോജ് ജോസഫിനും നന്ദി.




ഡോ. ജെയിംസ് ഗുരുദാസ്
(നടുവിലേക്കുറ്റ് സി.എം.ഐ.)

കുറവിലങ്ങാട് പഞ്ചായത്തില്‍ കാഞ്ഞിരത്താനം ഇടവകയില്‍ ദേവസ്യാ-അന്ന ദമ്പതിമാരുടെ പുത്രന്‍.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സി.എം.ഐ. സഭയില്‍.

ഫിലോസഫി, തിയോളജി പഠനങ്ങള്‍ ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍.

ചെത്തിപ്പുഴ പഠനഗൃഹത്തില്‍ ലത്തീന്‍, സുറിയാനി, ഇംഗ്ലീഷ് അദ്ധ്യാപകന്‍.

'ജീവധാര'യുടെ സഹപത്രാധിപര്‍.

പൂനാ മാക്‌സ് മുള്ളര്‍ ഭവനിലെ എല്ലാ ജര്‍മ്മന്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കി ജര്‍മ്മനിയില്‍ ദൈവവിജ്ഞാനീയ ഗവേഷണം.

ജര്‍മ്മനിയിലെ ബോഹും സര്‍വ്വകലാശാലയില്‍നിന്ന് ജര്‍മ്മന്‍ഭാഷയില്‍ പ്രബന്ധമെഴുതി ദൈവവിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദം.

ആഷ്ടാ ദൈവശാസ്ത്ര സെമിനാരിയില്‍ പ്രൊഫസര്‍, ഡീന്‍ ഓഫ് സ്റ്റഡീസ്.

സാമ്പല്‍പൂര്‍ 'ക്രിസ്‌തോ ജ്യോതി' ദൈവശാസ്ത്ര സെമിനാരിയില്‍ പന്ത്രണ്ടുവര്‍ഷം അസോസിയേറ്റ് പ്രൊഫസര്‍; ഇപ്പോള്‍ വിസിറ്റിങ്ങ് പ്രൊഫസര്‍. മറ്റു പല സെമിനാരികളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല പല ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍.

ഇപ്പോള്‍ തെള്ളകത്ത് 'സ്‌നേഹവാണി' മതസൗഹാര്‍ദ്ദ കേന്ദ്രത്തിന്റെ ഡയറക്ടര്‍.

'സ്‌നേഹവാണി' ത്രൈമാസികയുടെ പത്രാധിപര്‍.

No comments:

Post a Comment