Translate

Thursday, December 1, 2011

മോചനകാഹളം – ആമുഖം (Part 2)


പക്വതയില്ലാത്ത ലൈംഗിക വ്യാപാരം അപകടകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഏഷണി, ദൂഷണം മുതലായ ഹീന പാപങ്ങള്‍ക്കു കൊടുക്കുന്നതിനെക്കാള്‍ പ്രാധാന്യം ലൈംഗിക കുറ്റങ്ങള്‍ക്കു കൊടുക്കുന്നതു മാനിക്കീയന്‍ വിഷം കൊണ്ടു മലീമസ മായ മനുഷ്യമനസ്സിന്റെ ലക്ഷണമാണ്.

ഞായറാഴ്ച കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാത്തതും പണ്ടു ചാവുദോഷമായിരുന്നു. ഭാഗ്യത്തിന് ഇപ്പോഴത്തെ കാനോന്‍നിയം ഇത്തരം നിയമങ്ങളൊന്നും പാപത്തിന്‍കീഴ് കടപ്പെടുത്തുന്നില്ല. എന്നാല്‍ അതൊന്നും മനസ്സിലാക്കാതെ പഴയ ഏടുകളനുസരിച്ച് പാപവിളംബരവും പ്രായശ്ചിത്തനിര്‍ണ്ണയവും നടത്തുന്ന പ്യൂരിറ്റന്‍ വൈദികര്‍ ഇന്നും ഉണ്ടെന്നുള്ളത് ലജ്ജാകരം തന്നെ.

ഏതായാലും ന്യായമായും ചിന്തിക്കാം ദൈവം എത്ര ക്രൂരന്‍ എന്ന്. ഞായറാഴ്ച കുര്‍ബ്ബാന മുടക്കുന്നതും വെള്ളിയാഴ്ച മാംസം തിന്നുന്നതുമൊക്കെ ചാവുദോഷമാണെന്ന വെളിപാടു മതാധികാരികള്‍ക്കു നല്കിയ ദൈവം ആ വെളിപാടു പിന്‍വലിച്ചതെന്തിന്? പഴയ വെളിപാടനുസരിച്ചു ജീവിക്കാന്‍ കഴിയാതെ പോയ അനേകം കത്തോലിക്കര്‍ ഇന്നും നിത്യനരകത്തില്‍ കിടന്നു ചാകാതെ വേകുകയും മരിക്കാതെ കരിയുകയും ചെയ്യുന്നില്ലേ? അതിനുത്തരവാദി ആര്? സനാതനസാധുതയില്ലാത്ത വെളിപാട് നല്കുകയും പിന്നീട് അസാധുവെന്നു പ്രഖ്യാപിക്കുകയും ചെയ്ത ദൈവമോ, അതോ കിട്ടാത്ത വെളിപാടു കിട്ടിയെന്നു കള്ളപ്രചരണം നടത്തി ഭൂമിയില്‍ മനുഷ്യര്‍ക്കു നരകം സൃഷ്ടിച്ച മതാധികാരികളോ!

മതേതരവിഷയങ്ങളില്‍ ഉന്നത പരിജ്ഞാനമുള്ള മഹാന്മാരായ മനുഷ്യരില്‍പോലും മതമഞ്ചട്ടിയുടെ വിഷം കയറാം. അത്യധികം ആദരവോടും സ്‌നേഹത്തോടും കൂടെ ഞാന്‍ സ്മരിക്കുന്ന എന്റെ അധ്യാപകനും ആത്മീയഗുരുവുമായ ഒരു വൈദികന്‍ തന്നെ ഒന്നാം തരം ഉദാഹരണം.

എം.എ.എല്‍.റ്റി.ക്കാരനും കേരളത്തിലെ പ്രസിദ്ധമായ ഒരു കോളജിലെ പ്രിന്‍സിപ്പലുമായിരുന്ന അദ്ദേഹം ഔദ്യോഗിക ജോലിയില്‍നിന്നു വിരമിച്ച ശേഷം വൈദികവിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനും ആദ്ധ്യാത്മിക നിയന്താവുമായിരുന്നു. അദ്ദേഹം എന്റെ ആത്മീയപിതാവു മാത്രമല്ല കുമ്പസാരക്കാരനുമായിരുന്നു. അദ്ദേഹത്തെപോലെ വിനയവും സ്‌നേഹവും കരളലിവുമുള്ള വൈദികര്‍ നന്നേ ചുരുക്കം.

എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിലും മഞ്ചട്ടി കടിച്ചിരുന്നു. സ്‌നാനം സ്വീകരിച്ചു കത്തോലിക്കാസഭയില്‍ പ്രവേശിക്കാത്തവര്‍ നിത്യനരകത്തില്‍ നിപതിയ്ക്കുമെന്ന വിഷവിശ്വാസം മനസ്സില്‍ കയറിയിരുന്ന അദ്ദേഹം ഇംഗ്ലീഷ് ക്ലാസ്സില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചു നടത്തിയ പരാമര്‍ശമെന്തെന്നോ: ''അയാള്‍ പറയുന്നു യേശുവിനോട് അയാള്‍ക്ക് ആദരവാണെന്ന്; കള്ളന്‍; അങ്ങനെയെങ്കില്‍ അയാള്‍ മാമോദീസാ സ്വീകരിച്ചു കത്തോലിക്കാസഭയില്‍ ചേരാഞ്ഞതെന്തുകൊണ്ട്?''

സര്‍വ്വാദരണീയനായ ഗാന്ധിജിയെ കള്ളനെന്നു വിളിച്ചതില്‍ യാതൊരു തെറ്റും കാണാന്‍ അന്നെനിക്കു കഴിവില്ലായിരുന്നു. എന്നാല്‍, ദൈവാസ്തിത്വത്തിനു തോമസ്സ് അക്വീനാസ് നല്കിയിരിക്കുന്ന അഞ്ചു തെളിവുകള്‍ (quinque viae-five ways) സെമിനാരിയില്‍ ചേരുന്നതിനുമുമ്പ് ഡോ. ജോണ്‍ ബ്രിട്ടോ ചെത്തിമറ്റം സി.എം.ഐ.യുടെ 'ഈശ്വരാസ്തിത്വം' എന്ന ഗ്രന്ഥത്തില്‍നിന്നു ഹൃദ്ദിസ്ഥമാക്കിയ അന്നുമുതല്‍ ബൈബിളിലും ദൈവശാസ്ത്രത്തിലും ആവേശത്തോടെ ഗവേഷണം നടത്തുന്ന ഈ ഗ്രന്ഥകാരന് മുന്‍പറഞ്ഞ ഗുരുവിന്റെയും അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെയും അജ്ഞതയോര്‍ക്കുമ്പോള്‍ ഇന്നു സഹതാപം തോന്നുന്നു.

''നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍; വിശ്വസിച്ചു സ്‌നാനം സ്വീകരിക്കുന്നവര്‍ രക്ഷപ്പെടും, വിശ്വാസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും'' (മര്‍ക്കോ. 16:15-16) എന്ന ബൈബിള്‍ വാക്യമാണല്ലോ ഗാന്ധിനിന്ദകനായ എന്റെ ഗുരുവിന്റെയും മതതീവ്രവാദികളായ അനേകം കത്തോലിക്കാ വൈദികരുടെയും മന്ദബുദ്ധികളും മൂഢവിശ്വാസികളുമായ പന്തക്കുസ്താ പ്രസംഗകരുടെയും വിഷവിശ്വാസത്തിനു ആധാരമായി നില്ക്കുന്ന പ്രധാന ബൈബിള്‍ വാക്യം. എന്നാല്‍ അവര്‍ അറിഞ്ഞിരിക്കട്ടെ:

ഇപ്പോഴുള്ള പുതിയ നിയമ പുസ്തകം നാലു കയ്യെഴുത്തു പ്രതികളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയിരിക്കുന്ന മതഗ്രന്ഥമാണ് - സീനായ്, വത്തിക്കാന്‍, എഫ്രേമി, അലക്‌സാന്‍ഡ്രിയന്‍. ആദ്യത്തേതു രണ്ടും നാലാം നൂറ്റാണ്ടിലും മറ്റു രണ്ടും അഞ്ചാം നൂറ്റാണ്ടിലും എഴുതപ്പെട്ടവയാണ്. മര്‍ക്കോസ് 16:9 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ നാലാം നൂറ്റാണ്ടിലെ കയ്യെഴുത്തു പ്രതികളിലില്ല. അങ്ങനെയെങ്കില്‍ ആ വചനങ്ങള്‍ യേശു അഞ്ചാം നൂറ്റാണ്ടിലെഴുതി സ്വര്‍ഗ്ഗത്തില്‍നിന്നു താഴോട്ടിറക്കിത്തന്നതോ അല്ലെങ്കില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു ആര്‍ക്കോ നല്കിയതോ ആയിരിക്കണമല്ലൊ! അഞ്ചാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട കയ്യെഴുത്തു പ്രതികളും പരസ്പരം പൊരുത്തപ്പെടുന്നില്ല. എല്ലാത്തിലും തന്നെ കൃത്രിമം നടത്തിയിട്ടുണ്ട്.

ബൈബിള്‍ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവരാണ് വിഷംതുപ്പികളായ ബൈബിള്‍ പ്രസംഗകര്‍. അല്പം വിവരമുള്ളവര്‍ ബൈബിള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കുക. പരസ്പരവിരുദ്ധമായ നിരവധി പ്രസ്താവനകള്‍ അതിലുണ്ടെന്നു കാണാം. അതുകണ്ട് അന്ധാളിക്കേണ്ട കാര്യമില്ല. ബൈബിള്‍ ശാസ്ത്രഗ്രന്ഥമോ, പ്രധാനമായും ചരിത്രഗ്രന്ഥമോ അല്ല. വിശ്വാസപ്രഘോഷണം (kerygma) ആണ്. യേശുവിന്റെ മരണശേഷം പല സമൂഹത്തില്‍പ്പെട്ടവര്‍ അവിടുത്തെപ്പറ്റിയും അവിടുത്തെ ലളിതമായ സന്ദേശത്തെപ്പറ്റിയും നടത്തിയ ധ്യാനങ്ങളും പ്രസംഗങ്ങളും ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ വാചികവും ലിഖിതവുമായി കിട്ടിയതു ഗ്രന്ഥരൂപത്തിലാക്കിയതാണു സുവിശേഷങ്ങള്‍.

ഇരുപത്തിയേഴു പുതിയനിയമഗ്രന്ഥങ്ങള്‍ക്കു പുറമേ നാലാം നൂറ്റാണ്ടുവരെയെഴുതപ്പെട്ട പല സുവിശേഷങ്ങളുള്‍പ്പെടെയുള്ള അമ്പതിലധികം പുതിയനിയമഗ്രന്ഥങ്ങള്‍ വേറെയുണ്ട്. നാലാം നൂറ്റാണ്ടില്‍ പാഷണ്ഡികളെഴുതിയ അപ്രമാണിക സുവിശേഷങ്ങളിലെ വചനങ്ങള്‍ പോലും 'യേശു പറഞ്ഞു', 'യേശു പറഞ്ഞു' എന്നാണ് എഴുതിയിരിക്കുന്നത്. അതാണ് ബൈബിള്‍ വായനക്കാരെ കുഴപ്പിക്കുന്ന മുഖ്യപ്രശ്‌നം.

യേശുപറഞ്ഞ കാര്യങ്ങള്‍ അധികമൊന്നുമില്ല സുവിശേഷങ്ങളില്‍. അതുകൊണ്ടു ഭയപ്പെടേണ്ടതില്ല; നാലു സുവിശേഷങ്ങളുള്‍പ്പെടെയുള്ള പുതിയ നിയമഗ്രന്ഥങ്ങളെല്ലാം മുറുകെപ്പിടിക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതുമായ രണ്ടു കാര്യങ്ങളുണ്ടല്ലോ: ദൈവത്തിന്റെ ഏകത്വവും പിതൃത്വവും; ശത്രുക്കളുള്‍പ്പെടെ സര്‍വ്വരെയും സ്‌നേഹിക്കണമെന്ന കല്പന. ഇതുരണ്ടും പോരേ യേശുഭക്തര്‍ക്കു സുകൃതജീവിതം നയിച്ചു മോക്ഷം പ്രാപിക്കാന്‍.

ബൈബിളിന്റെ രചനാരീതിയെപ്പറ്റി അല്‍മേനികള്‍ക്കുള്ള അജ്ഞതനിമിത്തമാണ്  മതപ്രസംഗവീരന്മാന്‍ വിശ്വാസികളുടെ മനസ്സില്‍ വിഷം കയറ്റുന്നതും അവരെ കുട്ടികളെപ്പോലെയും കഴുതകളെപ്പോലെയും കണക്കാക്കി മാനസ്സികാടിമത്തത്തിലേക്കു നീക്കുന്നതും.

തങ്ങള്‍ വചനപ്രസംഗകരാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന വായാടി വിശ്വാസികള്‍ ധാരാളമുണ്ട് ഇന്ന്. പണ്ഡിതരായ കരിസ്മാറ്റിക്ക് പ്രസംഗകര്‍ക്ക് അപമാനം വരുത്തുന്നവരാണ് ഇവര്‍. ബൈബിള്‍ വാക്യങ്ങള്‍ കൃത്യമായി ഉദ്ധരിച്ചുകൊണ്ടാണ് ഈ വചനവീരന്മാരുടെ പ്രസംഗങ്ങളെല്ലാം. ദൈവവചനമായതുകൊണ്ട് അതു സ്വീകരിക്കാന്‍ ശ്രോതാക്കള്‍ക്കു കടമയുണ്ടല്ലോ. തങ്ങള്‍ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ക്കു നേരെ വിപരീതവും അവയെ അടിമുടി ഖണ്ഡിക്കാനുതകുന്നതുമായ വാക്യങ്ങള്‍ ബൈബിളില്‍ത്തന്നെയുണ്ടെന്ന കാര്യം ഈ അരപ്പണ്ഡിതന്മാര്‍ മറന്നുപോകുന്നു. ഈയിടെ ഒരു മദ്യവിരുദ്ധന്‍ അടിച്ചിറക്കിയ ലഘുലേഖ കണ്ടു. അതില്‍ പ്രഭാഷകന്‍ 31:25 ഉദ്ധരിച്ചിരിക്കുന്നു. ''വീഞ്ഞു കുടിച്ചു ധീരത പ്രകടിപ്പിക്കാന്‍ നോക്കണ്ട; വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്.'' എന്നാല്‍ അതിനു താഴെയുള്ള 27-ാം വാക്യം അദ്ദേഹത്തിന്റെ കണ്ണില്‍ കയറിയിട്ടില്ല: ''മിതമായി കുടിച്ചാല്‍ വീഞ്ഞു മനുഷ്യനു ജീവന്‍ പോലെയാണ്; വീഞ്ഞു കുടിയ്ക്കാത്തവനു എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്.'' അമിതമായി സേവിച്ചാല്‍ മദ്യം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തേയും നശിപ്പിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ ബൈബിള്‍ വാക്യങ്ങളുദ്ധരിച്ച് ബൈബിളിനെ അവഹേളിക്കുകയും സ്വയം നിന്ദിതരാക്കുകയും ചെയ്യണോ.


ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വിശിഷ്ട ദാനങ്ങളായ ലൈംഗിക വികാരങ്ങളും വിചാരങ്ങളും 'അശുദ്ധപാപം' ആണെന്ന കുറ്റബോധം നിമിത്തം മനസ്സുനീറി നരകിച്ച കത്തോലിക്കാ വിശ്വാസികള്‍, പ്രത്യേകിച്ച് യുവതീയുവാക്കള്‍ അനേകരില്ലേ. ആരാണവര്‍ക്ക് നരകം സൃഷ്ടിച്ചത്? ആരാണവരുടെ മനസ്സില്‍ പുണ്ണു നിറച്ചത്? ലൈംഗിക വിചാരംപോലും അതില്‍ത്തന്നെ മാരകപാപമാണെന്നും അറിവിന്റെയോ സമ്മതത്തിന്റെയോ അപൂര്‍ണ്ണത നിമിത്തമേ അതു ലഘുപാപമാകുകയുള്ളുവെന്നും ഗ്രന്ഥങ്ങളില്‍ എഴുതിവച്ച അഡല്‍മാനെപ്പോലെയുള്ള കഠിനഹൃദയരായ സന്മാര്‍ഗ്ഗ ശാസ്ത്രജ്ഞരും അവരുടെ സിദ്ധാന്തങ്ങള്‍ മുഴുവനോടെ വിഴുങ്ങി അതേപടി മനുഷ്യമനസ്സുകളിലേക്കു ഛര്‍ദ്ദിച്ച കത്തോലിക്കാ വൈദികരുമല്ലേ.

കരിസ്മാറ്റിക്ക് ധ്യാനത്തിനിടെ യുവാക്കളെ കുമ്പസാരത്തിനൊരുക്കുന്നതിനായി ധ്യാനഗുരു വായിച്ച പാപപ്പട്ടിക കേള്‍ക്കാനിടയായി.  ദിഗന്തങ്ങളില്‍ മുഴങ്ങുംവിധം മൈക്കിലൂടെ വായിച്ചതുകൊണ്ട് കേള്‍ക്കാന്‍ ഒട്ടും ബുദ്ധിമുട്ടു തോന്നിയില്ല. ശ്രോതാക്കളുടെ കുടല്‍ വായില്‍ വരത്തക്കവിധം ഉച്ചത്തില്‍ പാടണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പ്രസംഗിക്കണമെന്നും കരിസ്മാറ്റിക്കുകള്‍ക്കു  നിര്‍ബന്ധമാണല്ലൊ! ലിസ്റ്റ് കേട്ട ഞാന്‍ നെടുവീര്‍പ്പിട്ടു കരഞ്ഞു: ദൈവമേ, യുവാക്കന്മാരില്‍ ആരും സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്നോര്‍ത്ത്! പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീപുരുഷന്മാരില്‍ ആരും തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്ന ചിന്തയും എന്നെ ദുഃഖത്തിലാഴ്ത്തി!

എങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകുന്ന കേരള കത്തോലിക്കര്‍ക്കു ലഭിക്കാനിരിക്കുന്ന സൗഭാഗ്യമോര്‍ത്ത് ഞാന്‍ സന്തോഷിച്ചു: വിമാനത്തില്‍ യാത്രക്കാര്‍ തീരെ കുറവെങ്കില്‍ കുറേ ഇക്കോണമി സീറ്റുകാര്‍ക്ക് ചക്കാത്തില്‍ എക്‌സിക്യൂട്ടീവ് കിട്ടും. അല്ലെങ്കില്‍ അടുത്തടുത്തു കിട്ടുന്ന പല സീറ്റുകള്‍ ഉപയോഗിച്ച് സുഖമായി ഇരുന്നോ കിടന്നോ യാത്ര നടത്തുകയും ചെയ്യാം. അതുപോലെ പാശ്ചാത്യരുടെയും യുവാക്കന്മാരുടെയും അസാന്നിധ്യത്തില്‍ കേരളകത്തോലിക്കര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പല സീറ്റുകള്‍ സ്വന്തമായി കിട്ടുമല്ലൊ!

കത്തോലിക്കാവൈദികര്‍ ഒരു മനുഷ്യനെപ്പറ്റി 'അയാള്‍ immoral (അസാന്മാര്‍ഗ്ഗി) ആണ്.' എന്നു പറയുന്നുവെങ്കില്‍ ശ്രോതാക്കള്‍ക്കു തീര്‍ച്ചയാക്കാം അയാള്‍ എന്തോ ലൈംഗീകകുറ്റം ചെയ്തുവെന്ന്. കാരണം 'മൊറാലിറ്റി' മുഴുവന്‍ ഒരൊറ്റ കുടുക്കയിലാക്കി ഗുഹ്യസ്ഥാനത്തു തൂക്കിയിട്ടിരിക്കുകയാണ്! കുറുക്കന്റെ കണ്ണു കോഴിക്കൂട്ടില്‍;  കത്തനാരുടെ കണ്ണു ഗുഹ്യക്കുടക്കയില്‍. ഹീനമായ വിധം അപവാദങ്ങള്‍ പരത്തി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതുപോലും 'ഇമ്മോറല്‍' അല്ല!

എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കത്തോലിക്കാ വൈദികരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏറ്റം കഠിനമായതു ലൈംഗിക പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തനിര്‍ണ്ണയമാണല്ലോ എന്ന്. ലൈംഗിക ചലനങ്ങളുടെയും സ്രാവങ്ങളുടെയും അളവ്, തൂക്കം, വേഗം മുതലായവ കൃത്യമായി കണക്കാക്കി പാപം ചാവുദോഷമോ, പാപദോഷമോ എന്നു നിശ്ചയിക്കണം. അതിനുവേണ്ടി ചില വൈദികര്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ഇന്നുള്ളവര്‍ മൂക്കത്തു കൈവയ്ക്കും. അത്തരം മൂഢവൈദികര്‍ ഇന്നും കുറവല്ലെന്ന സത്യം നിഷേധിച്ചിട്ടു കാര്യമില്ല. കത്തോലിക്കാ വൈദികര്‍ക്കു അനുവദിച്ചിരിക്കുന്ന ഏക ലൈംഗികസുഖം കേട്ടുസന്തോഷിക്കല്‍ ആണല്ലൊ!

No comments:

Post a Comment