കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് കൊടിമരം ഉണ്ടായിരിക്കണം എന്നു നിയമം ഇല്ലെങ്കിലും കൊടിമരവും കരിങ്കല്‍ കുരിശും ഇന്ന് അവശ്യഘടകങ്ങളായി മാറിയിരിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങള്‍ വിശ്വാസികള്‍ ഒന്നിച്ചുചേര്‍ന്നു പ്രാര്‍ത്ഥിക്കുന്നതിനും കൃതജ്ഞത അര്‍പ്പിച്ച് ആരാധിക്കുന്നതിനുമുള്ള വിശുദ്ധ വേദിയാണ്. ഇവിടെ കൊടിമരം കേവലമൊരു പൊങ്ങച്ച ദൃശ്യമാണെന്നാണു നാം മനസ്സിലാക്കേണ്ടത്.
തിരുവനന്തപുരത്തു മഹാരാജാവിന്റെ കൊട്ടാരത്തിനു മുകളില്‍ കൊടിപറക്കുന്നതുകണ്ടാല്‍ രാജാവ് കൊട്ടാരത്തില്‍ ഉണ്ടെന്നു മനസ്സിലാക്കാം. ചങ്ങനാശ്ശേരിക്കടുത്ത് തൃക്കൊടിത്താനം എന്നൊരു ടൗണ്‍ ഉണ്ട്. ഇവിടെ മഹാരാജാവു വരുമ്പോള്‍ കൊടി ഉയര്‍ത്തിയിരുന്ന സ്ഥാനം 'തൃക്കൊടിസ്ഥാനം' എന്ന് അറിയപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രങ്ങളില്‍ ദേവ പ്രതിഷ്ഠ വിളിച്ചറിയിക്കാനാണു കൊടിമരം പ്രതിഷ്ഠിക്കുന്നത്. ഹൈന്ദവ പാരമ്പര്യങ്ങള്‍ ക്രൈസ്തവര്‍ പല കാലഘട്ടങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം ഉത്‌ഘോഷിക്കുന്ന യഥാര്‍ത്ഥ ക്രൈസ്തവ ആദര്‍ശങ്ങളോടു പൊരുത്തപ്പെടാതെയുള്ള അനുകരണങ്ങള്‍ ഒരു പ്രയോജനവും ഉളവാക്കുകയില്ല.
ഹിന്ദുക്ഷേത്രങ്ങളിലെ കൊടിമര പ്രതിഷ്ഠ ചില നിശ്ചിത വാസ്തു ശാസ്ത്രതത്വങ്ങള്‍ അനുസരിച്ചായിരിക്കും. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവ വിഗ്രഹത്തിന്റെ നേര്‍കാഴ്ചയിലായിരിക്കണം കൊടിമരം. ദേവന്റെ ദൃഷ്ടിയില്‍ കൊടിമരവും കൊടിയും പതിയണം. ഉത്സവം ആരംഭിക്കുന്നതു കൊടിമരത്തില്‍ കൊടി ഉയര്‍ത്തിക്കൊണ്ടാണ്. ഇക്കാലത്ത് തിരുനാളുകള്‍ ആരംഭിക്കുന്ന പള്ളികളിലും ആദ്യം നടക്കുന്നത് കൊടി ഉയര്‍ത്തലാണ്. വികാരി ആഘോഷപൂര്‍വം കൊടി ഉയര്‍ത്തുന്നതും തിരുനാള്‍ പ്രസിദേന്തിയും കൈക്കാ രന്മാരും സമീപത്തു നില്‍ക്കുന്നതും പത്രത്തില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വലിയ ക്ഷീണമായി കരുതപ്പെടും. തിരുനാള്‍ പ്രമാണിച്ചുള്ള സപ്ലിമെന്റില്‍ രൂപതാദ്ധ്യക്ഷന്റെയും ഇടവക വൈദികരുടെയും കൈക്കാരന്മാരുടെയും ദേവാലയ ശുശ്രൂഷകന്റെയും ഫോട്ടോ വേണം. കൂടാതെ പ്രസിദേന്തിയുടെ കുടുംബഫോട്ടോയും അത്യാവശ്യമാണ്. പ്രസിദേന്തി അമേരിക്കയിലാണെങ്കില്‍ കുടുംബത്തിന്റെ കളര്‍ഫോട്ടോതന്നെ ഉണ്ടാകും. സപ്ലിമെന്റിനുവേണ്ടി രണ്ടു ലക്ഷംവരെ മുടക്കുകയും ചെയ്യും. എല്ലാവരും മറക്കുന്ന ഒരു തിരുവചനം ഇവിടെ പ്രസക്തമാണ്. ''മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍ വച്ചുനിങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍ ....... നിന്റെ വലതുകൈ ചെയ്യുന്നതു ഇടതു കൈ അറിയാതിരിക്കട്ടെ.''
ലക്ഷങ്ങള്‍ മുടക്കി കൊടിമരം നിര്‍മ്മിക്കുന്നവര്‍ പൊങ്ങച്ചം കാണിക്കുന്നു എന്നു പറഞ്ഞാല്‍ വലിയ പ്രത്യാഘാതമാണു ഉണ്ടാവുക. ഒരു വലിയ ദേവാലയത്തില്‍ നടന്ന കാര്യങ്ങള്‍ ചിന്തയ്ക്കു വിഷയമാക്കുകയാണ്.
പാരമ്പര്യങ്ങള്‍ വിളിച്ചറിയിക്കുന്ന പഴയ ദേവാലയം പടിഞ്ഞാറേക്ക് ദര്‍ശനമായിട്ടാണു നിലകൊള്ളുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഭക്തന്‍ മാതാവില്‍ നിന്നും ലഭിച്ച അനുഗ്രഹത്തിനു പ്രതിനന്ദിയായി ഒരു കൊടിമരം നിര്‍മ്മിച്ചു. ക്രിസ്തീയമായ എളിമയാല്‍ പ്രേരിതമായി കൊടിമരചുവട്ടില്‍ സ്വന്തം പേരു എഴുതിവച്ചില്ല. പുതിയ ദേവാലയം വടക്കോട്ടു ദര്‍ശനമായി പണിയപ്പെട്ടു. അടുത്തകാലത്ത് പഴയ കൊടിമരത്തിനു അല്‍പം ചായ്‌വ് കാണപ്പെട്ടപ്പോള്‍ ഒരു പുത്തന്‍ പണക്കാരന്‍ മുന്നോട്ടു വന്നു. തന്റെ ചെലവില്‍ പുതുതായി ഒരു കൊടിമരം നിര്‍മ്മിക്കാന്‍ തയ്യാറായി. പള്ളിക്കമ്മറ്റി അനുവാദം നല്‍കി. പഴയ കൊടിമരം മുഴുവന്‍ പൊളിച്ചു മാറ്റി പുതിയതു നിര്‍മ്മിച്ചു. പഴയ കൊടിമരത്തിന്റെ ഭാഗങ്ങള്‍ തന്നെ പുതിയതിനും ഉപയോഗിച്ചു. ആഴ്ചതോറും പത്ര വാര്‍ത്തകളില്‍ ചരിത്ര പ്രസിദ്ധമായ ദേവാലയത്തിന്റെ ചിത്രവും ഐതിഹ്യങ്ങളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഹിന്ദു വാസ്തു ശാസ്ത്രമനുസരിച്ചു ദേവ പ്രതിഷ്ഠയുടെ നേര്‍ രേഖയിലായിരിക്കണം കൊടിമരം എന്നതു നിര്‍മ്മാതാവിനു പാലിക്കാന്‍ സാധിച്ചില്ല. ക്രൈസ്തവ ദേവാലയത്തില്‍ ദേവപ്രതിഷ്ഠ ഇല്ല. പകരം സക്രാരിയില്‍ വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചു വച്ചിരിക്കും. എന്നാല്‍ പുതിയ ദേവാലയത്തിലെ മദ്ബഹായില്‍ നിന്നും സക്രാരി എടുത്തുമാറ്റി ഒരു മൂലയിലേക്കു പ്രതിഷ്ഠിച്ചപ്പോള്‍ കൊടിമരത്തിന്റെ നേര്‍രേഖാ സിദ്ധാന്തത്തിനു വിലയില്ലാതായി. ആഘോഷപൂര്‍വം കൊടിമരം പ്രതിഷ്ഠിക്കപ്പെട്ടു. നിര്‍മ്മാതാവിന്റെ പേരും വീട്ടുപേരും എഴുതിച്ചേര്‍ത്തു. ആരും കുറ്റം പറയാതിരിക്കാന്‍ ഇടവകയില്‍ മരിച്ചുപോയ എല്ലാവരുടെയും ഓര്‍മ്മക്കുവേണ്ടി എന്നും എഴുതിച്ചേര്‍ത്തു. പക്ഷേ ആദ്യ ദേവാലയത്തിനു മുമ്പിലായി കൊടിമരം സ്ഥാപിച്ച വിശ്വാസിയുടെ പേരുപോലും ആരും അറിയാത്ത വിധത്തില്‍ ഇടവക ബുള്ളറ്റിനിലും പത്രങ്ങളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പള്ളിക്കമ്മറ്റിക്കാരും പുത്തന്‍ കൊടിമര നിര്‍മ്മാതാവും നന്ദികേടു കാണിച്ചതിനെക്കുറിച്ചു എന്തു പറയണം?
കൊടിമരങ്ങള്‍ കേവലം പൊങ്ങച്ച സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. ക്രിസ്തു വചനവുമായി പൊരുത്തപ്പെടാത്ത ഈ സാംസ്‌കാരികാനുരൂപണം യഥാര്‍ത്ഥ സഭാ സ്‌നേഹികള്‍ അവഗണിക്കുന്നതാണ് ഉചിതം.
(This article was originally published in November 2011 issue of Hosana)
കൊടിമരവും വെടികെട്ടും ചെണ്ടമേളവുമെല്ലാം ഹൈന്ദവമത സംസ്കാരങ്ങളില്‍നിന്നു ക്രിസ്തീയസഭകള്‍ പകര്‍ത്തിയെടുത്തതാണ്.
ReplyDeleteപോര്‍ട്ടുഗീസ്‌പാതിരിമാര്‍ ബൈബിള്‍അധിഷ്ടിതമല്ലാത്ത ഇത്തരം സംസ്കാരങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ അന്ന് നാട്ടുക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു.
ആഗോളതലത്തില്‍ പെഗാനിസം (പ്രാകൃതമതം) എല്ലാ ക്രിസ്തീയസഭകളെയും സ്വാധീനിച്ചിട്ടുണ്ട്. കത്തോലിക്കവിശ്വാസത്തില്‍ പകുതിയിലേറെയും. ഞായറാഴ്ച കുര്‍ബാനതന്നെ അജ്ഞാനികളുടെ (കത്തോലിക്കര്‍ നല്‍കിയപേര്) പ്രാകൃതമതത്തില്‍നിന്നും കടമെടുത്തതാണ്.
ക്രിസ്തുമതത്തിന് മുമ്പുതന്നെ സൂര്യകള്‍ട്ട് എന്നുള്ള സൂര്യനെ നമസ്കരിക്കുന്ന ഒരുവിഭാഗം മതമുണ്ടായിരുന്നു. ഈ പേഗന്‍മതത്തില്‍നിന്നുമാണ് ഞായറാഴ്ച്ച (Sunday) ക്രിസ്തീയ ആരാധനക്കായി പ്രാധാന്യംനല്‍കുവാന്‍ പ്രേരണയായത്.
പോപ്പ് ഇന്നസെന്‍റ് മാര്‍പാപ്പയുടെകാലത്ത്, ഒരു വൈദികന്‍ ബൈബിള്‍വിശ്വാസങ്ങളെ റോമിനെതിരായി ചോദ്യംചെയ്തു. ബൈബിള്‍ കൈവശംവെച്ചു പോപ്പിനെതിരായി പ്രഭാഷണങ്ങളുംതുടങ്ങി. ഫലമോ, റോം ഈ വൈദികനെയും ബൈബിള്‍ കൊട്ടിഘോഷിച്ചവരെയും പിടികൂടി കഴുത്തേല്‍ മറ്റുള്ളവര്‍ക്ക് പാഠംആകാന്‍ തീയിലിട്ടുവധിച്ചു. ബൈബിള്‍വായന പാടില്ലായെന്നും റോമാമതം വിലക്കി.
ബൈബിള്‍ ക്രിസ്തീയസഭകളിലെ മത മൌലിക വാദികളുടെ പുസ്തകമാണ്. ഈ ലോകം ക്രൂരമാക്കിയതും ഇവര്‍തന്നെ. അതിനു പച്ചനുണകള്‍ കാച്ചിവിടുവാന്‍ പോട്ടയില്‍ അനേകം വെടിവീരന്മാര്‍ ഉണ്ട്. കത്തോലിക്കര്‍ക്ക് വെന്തിക്കൊസുകാരെപ്പോലെ അങ്ങനെയും വിശ്വാസംതുടരാം. ഹൈന്ദവര്‍ ഭൂരിപക്ഷമുള്ള നമ്മുടെ നാടിന്‍റെ സംസ്കാരവും ഉള്‍ക്കൊണ്ട് ക്രിസ്തീയവിശ്വാസം പിന്തുടരുന്നതിന് പ്രശ്നമില്ല. പഴയനിയമത്തിലെ കൊല്ലരുതെന്ന് പറഞ്ഞ ദൈവം ശപിച്ചു എത്ര ആയിരങ്ങളെ കൊന്നിരിക്കുന്നു. കൊലയാളിയായ മോശയുടെ കൈവശമല്ലേ ആ പ്രതികാരദൈവം പത്തുപ്രമാണങ്ങള്‍ ഏല്‍പ്പിച്ചത്. മോശയുടെ മതമൊക്കെ യേശു അസ്ഥിരപ്പെ
ടുത്തിയിരിക്കണം. അയല്‍ക്കാരന്‍റെ ദുഖങ്ങളില്‍ പങ്കുചേര്‍ന്ന് സ്നേഹിക്കുവാനുള്ളതാണ് യേശുവിന്‍റെ മതം. പള്ളിപ്പെരുന്നാളും കൊടിമരവുംകയറ്റി പൊങ്ങച്ചം കാണിച്ചുകൊള്ളട്ടെ. അങ്ങനെയെങ്കിലും പള്ളിക്ക് ബിസിനസുണ്ടാക്കി ആദായമാക്കാമല്ലോ.
അമേരിക്കയില്‍ പടക്കവുംവെടികെട്ടും തോന്നുന്നസമയത്ത് പൊട്ടിച്ചാല്‍ ഇവിടുത്തെ എമ്മാന്‍മാര്‍ പിടിച്ചു ജയിലില്‍ഇടും. ഇവിടെയുമുണ്ട് കത്തനാരുടെ ഭ്രുഷ്ടത്തിനുപുറകില്‍ കൊടിപിടിക്കുവാനും പെരുന്നാളിന് പതിനായിരക്കണക്കിന് ഡോളര്‍ മുടക്കുവാനും ആളുകളിക്കുവാന്‍ ആള്‍ക്കാര്‍. ഇന്നും ഏറുമാടങ്ങള്‍പോലുള്ള വീടുകളില്‍ താമസിക്കുന്ന അവരുടെ നാട്ടിലെ ബന്ധുജനങ്ങള്‍ ചുറ്റുമുള്ളത് കണ്ണടക്കാനും അറിയാം. ബിഷപ്പുമായിയുള്ള ഫോട്ടോകള്‍ പലരുടെയും വീടുകളുടെ മുമ്പില്‍ തൂക്കിയിട്ടിരിക്കുന്നത്കാണാം. ജനിപ്പിച്ച മാതാപിതാക്കള്‍ക്ക് സൌന്ദര്യം കുറവായതുകൊണ്ട് ചുരുക്കം ചിലവീടുകളിലെ അവരുടെ പടങ്ങള്‍ കാണ്‍മാനുള്ളൂ. പണ്ട് തകരപ്പെട്ടിയുംതൂക്കി ദല്‍ഹിക്ക് ജനതാഎക്സ്പ്രെസ്സ് കേറിയിരുന്ന മിലിട്ടറിയിലെ വീരകഥകളും പറഞ്ഞുനടന്ന വിദ്വാന്‍മാരും നാട്ടില്‍നിന്നു വന്ന ചില കംപ്യുട്ടര്‍കൂലികളുമാണ് ഇന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ ബിഷപ്പിനെ കൊടിപിടിച്ചു ഫോട്ടോക്ക് പോസ്ചെയ്യുവാന്‍ ഉന്തികേറുന്നത്. കുറ്റവാളികളായ കത്തനാന്‍മാരുടെ ഫോട്ടോകള്‍ കുപ്രസിദ്ധമായിതന്നെ പത്രങ്ങളില്‍ കാണുന്നുമുണ്ട്.