Translate

Saturday, December 31, 2011

'വിശുദ്ധ'രാകാന്‍ വ്യാജസര്ട്ടിഫിക്കറ്റ്


'വിശുദ്ധ'രാകാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ്

(ലോനപ്പന്‍ നമ്പാടന്റെ ''സഞ്ചരിക്കുന്ന വിശ്വാസി'' എന്ന ആത്മകഥയില്‍നിന്നും എടുത്ത ഒരു അദ്ധ്യായമാണ് താഴെ കൊടുക്കുന്നത്.)

1980-ല്‍ മന്ത്രിയായിരിക്കുമ്പോള്‍ നാട്ടില്‍നിന്നും ഹോളിഫാമിലി (തിരുക്കുടുംബം) മഠത്തിലെ മേലധികാരികളായ ചില കന്യാസ്ത്രീകള്‍ തിരുവനന്തപുരത്തു ഞാന്‍ താമസിച്ചിരുന്ന മന്ത്രിമന്ദിരമായ അജന്ത ബംഗ്ലാവില്‍ വന്നു. രാവിലെയായിരുന്നു അവര്‍ എത്തിയത്. അന്നു സഭയുമായി ഞാന്‍ വളരെ അടുപ്പത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്തിനുവേണ്ടിയാണെന്നു ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു:

''മരിച്ചുപോയ തിരുക്കുടുംബാംഗമായ മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചു മാഷിനു കിട്ടിയ അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റ് തരണം.''

''സര്‍ട്ടിഫിക്കറ്റ് എന്തിനുവേണ്ടിയാണ്?'' ഞാന്‍ വീണ്ടും ചോദിച്ചു.

''റോമിലേക്ക് അയയ്ക്കാന്‍വേണ്ടിയാണ്.'' കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

പുത്തന്‍ ചിറയിലെ മറിയം ത്യേസ്യയെ വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരാളെ വിശുദ്ധയാക്കാന്‍ ചില നിബന്ധനകളുണ്ട്.

മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞശേഷമേ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ പാടുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്തും മരണശേഷവും രണ്ട് അത്ഭുതപ്രവര്‍ത്തികള്‍ വീതമെങ്കിലും ചെയ്തിരിക്കണം. ഇക്കാര്യങ്ങള്‍ റോമിനെ ബോധ്യപ്പെടുത്തുകയും വേണം. അതിനുവേണ്ടിയാണ് എന്റെ സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ എന്റെ സര്‍ട്ടിഫിക്കറ്റിനു പ്രാധാന്യംകൂടുകയും ചെയ്യുമല്ലോ.

ഞാന്‍ എം.എല്‍.എ ആയതും മന്ത്രിയായതും മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചതുകൊണ്ടാണെന്നു ഞാന്‍ സര്‍ട്ടിഫിക്കറ്റു കൊടുത്താല്‍ മരണാനന്തര അത്ഭുതപ്രവൃത്തിയായി അത് പരിഗണിക്കുമെന്നു കന്യാസ്ത്രീകള്‍ കരുതി. വാസ്തവത്തില്‍ മറിയം ത്യേസ്യായെക്കുറിച്ച് എനിക്കു യാതൊരു അറിവുമില്ലായിരുന്നു. ഞാന്‍ അവരോടു പ്രാര്‍ത്ഥിച്ചിട്ടില്ല. എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചിട്ടുമില്ല. അത്തരത്തിലുള്ള എന്നോടാണു സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

കന്യാസ്ത്രീകളുടെ നിര്‍ബന്ധത്തിനു വഴങ്ങി വലിയ രണ്ടു ലെറ്റര്‍ പാഡ് എടുത്ത് അവര്‍ക്കു കൊടുത്തശേഷം ഞാന്‍ പറഞ്ഞു.

''ആവശ്യമായ വിവരങ്ങള്‍ ഇതില്‍ ടൈപ്പുചെയ്തു കൊണ്ടുവരിക.''

എന്റെ മൂത്ത സഹോദരിയുടെ മക്കള്‍ പാവുളയും ഫ്രെഡറിക്കും ഹോളിഫാമിലി കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളായിരുന്നു.

കന്യാസ്ത്രീകള്‍ ലെറ്റര്‍ പാഡുമായി പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്തു. ലെറ്റര്‍ പാഡിലെഴുതിയ വാചകങ്ങള്‍ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. വാചകങ്ങള്‍ ഇപ്രകാരമായിരുന്നു.

''മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചതിനാല്‍ എനിക്കു ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ എം.എല്‍.എ.യും മന്ത്രിയും ആയതും ആ പ്രാര്‍ത്ഥനയുടെ ഫലമാണ്.''

പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചിരുന്നതെങ്കിലും ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു സീലുവെച്ചു നല്‍കി. കന്യാസ്ത്രീകള്‍ ആഹ്ലാദത്തോടെ നന്ദി പറഞ്ഞു പോകുകയും ചെയ്തു. എന്റെ പി.എ.യായ ആന്റോ കോക്കാട് ഈ സംഭവത്തിനു സാക്ഷിയായിരുന്നു.

ഞാന്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചു കൊടുത്തുവെന്നു ഞാന്‍ പിന്നീട് അറിഞ്ഞു.

ഇരിങ്ങാലക്കുട ബിഷപ്പ് ഡോ. ജെയിംസ് പഴയാറ്റില്‍ റോമില്‍ പോയപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി നടന്ന ഒരു അത്ഭുതപ്രവര്‍ത്തിയെക്കുറിച്ചു വായിച്ചു.

ഈ അത്ഭുതപ്രവര്‍ത്തി നടന്നതായി പറയുന്നത് ഇരിങ്ങാലക്കുട രൂപതയില്‍പ്പെട്ട താഴേക്കാടു പള്ളി ഇടവകയിലായിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പിന്റെ രൂപതയില്‍പ്പെട്ട ഇടവകയാണിത്. അവിടെ നടന്ന അത്ഭുതപ്ര വര്‍ത്തിയെപ്പറ്റി ബിഷപ്പ് കേട്ടിട്ടുപോലുമില്ലായിരുന്നു. താഴേക്കാട് ഇടവകയില്‍ പ്പെട്ട കാലിനു സുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അസുഖം മറിയം ത്രേസ്യ യോട് പ്രാര്‍ത്ഥിച്ചു സുഖപ്പെടുത്തി. പള്ളിപ്പാടന്‍ മാത്യൂസിന്റെ മകളുടെ കാലാണു സുഖപ്പെടുത്തിയത്. ഇതായിരുന്നു അത്ഭുതപ്രവര്‍ത്തി. പഴയാറ്റില്‍ ബിഷപ്പ് നാട്ടിലെത്തിയശേഷം ഈ അത്ഭുതപ്രവര്‍ത്തിയെപ്പറ്റി വികാരി ഫാ. ജോസ് യു. വാഴപ്പിള്ളിയോട് അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ അത്ഭുതപ്രവര്‍ത്തി വ്യാജമാണെന്നു ബോധ്യപ്പെട്ടു. അക്കാര്യം ബിഷപ്പിനു റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബിഷപ്പിന്റെ കുടുംബക്കാരനായ ഡോ. സണ്ണി പഴയാറ്റിലാണ്. വീടും പുത്തന്‍ചിറയാണ്. ആധുനികവൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്താണ് മറിയം ത്രേസ്യയോടു പ്രാര്‍ത്ഥിച്ച് അസുഖം മാറ്റിയത് എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലെ ഒരു പരാമര്‍ശം. ഇതേ ഡോക്ടര്‍തന്നെയാണ് എവുപ്രാസ്യാമ്മയെ വിശുദ്ധയാക്കുന്നതിനുള്ള ഒരു അത്ഭുതപ്രവര്‍ത്തിയും സാക്ഷ്യപ്പെടുത്തിയത്. വാസ്തവത്തില്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോ. സണ്ണി പഴയാറ്റിലിനു യോഗ്യതയില്ല. എവുപ്രാസ്യാമ്മയുടെ വീട് ഇരിങ്ങാലക്കുടയിലെ കാട്ടൂരാണ്.

ഇടവക വികാരിയും ബിഷപ്പും അറിയാതെയാണ് ഈ അത്ഭുതപ്രവര്‍ത്തി നടന്നതായുള്ള സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചത്. കളവു പുറത്തായതോടെ കുട്ടിയുടെ വീട്ടുകാര്‍ വികാരിയച്ചനെ കൈയേറ്റം ചെയ്തു. അതോടെ അദ്ദേഹം സ്ഥലം മാറിപ്പോയി. ഇതു സംബന്ധിച്ചു പോലീസ് കേസ് എടുത്തിരുന്നു.

ക്രിസ്തുവും സഭയുടെ വിശുദ്ധരും

ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരികയാണ്. സ്രഷ്ടാവിനു പകരം സൃഷ്ടിയെയാണ് ആരാധിക്കുന്നത്. സഭാധികാരികളുടെ വഴിപിഴച്ച നയമാണ് ഇതിനു കാരണം. ക്രിസ്തുവിനെക്കാള്‍ പ്രാധാന്യം വിശുദ്ധന്മാര്‍ക്കാണ്. അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരാണ്. പള്ളികളും പെരുന്നാളുകളുമെല്ലാം വിശുദ്ധരുടെ പേരിലാണ്. എല്ലാ പള്ളികളിലും ഇപ്പോള്‍ ഊട്ടു പെരുന്നാളുകളാണ്. ക്രിസ്തുവിന്റെ പേരില്‍ മാത്രം ഊട്ടില്ല! പത്രങ്ങളിലും ടി.വി. ചാനലുകളിലും മറ്റും പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നു. ജനക്കൂട്ടം വരുന്നതിനനുസരിച്ചു നേര്‍ച്ച പിരിവും വര്‍ദ്ധിക്കും. വിശുദ്ധന്മാര്‍ പ്രധാന വരുമാനസ്രോതസ്സുകളാണ്. ക്രിസ്തുവിന്റെ അമ്മ പരിശുദ്ധമറിയം പല പേരുകളിലാണ് അറിയപ്പെടുന്നത്. അമലോത്ഭവമാതാവ്, ഫാത്തിമാമാതാവ്, ഉത്തരീയമാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ്, ഒട്ടകമാതാവ്, കൊരട്ടിമുത്തി എന്നീ വിവിധ നാമധേയങ്ങളില്‍ പള്ളികളും കപ്പേളകളും സ്ഥാപിച്ചു നേര്‍ച്ചപ്പെട്ടികള്‍ വെച്ചു ലക്ഷക്കണക്കിനു രൂപ നേര്‍ച്ച പിരിക്കുന്നുണ്ട്. ക്രിസ്തുവിനെക്കാളും വിശുദ്ധരെക്കാളും പ്രാധാന്യം ഇപ്പോള്‍ വസ്തുക്കള്‍ക്കാണു നല്‍കുന്നത്.

തിരുനാളിനു രൂപക്കൂട്ടില്‍ വെച്ചിരുന്ന ക്രിസ്തുവിനെയും, കൊരട്ടിമുത്തിയെയും തൊട്ടുമുത്താതെ താഴെ വെച്ചിട്ടുള്ള സ്വര്‍ണ്ണപൂവന്‍കുല മുത്തി നേര്‍ച്ചയിട്ട് വിശ്വാസികള്‍ മടങ്ങുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പും മാതാവിന്റെ വളയും മാലാഖയുടെ മീനും ആരാധിക്കപ്പെടുന്നു. യേശുവിന്റെ പേരില്‍ പെരുനാളുകള്‍ കുറവാണ്. നേര്‍ച്ചപ്പിരിവുണ്ടാകില്ല. കുര്‍ബാനയുടെ തിരുനാള്‍, ക്രിസ്തുരാജതിരുനാള്‍, തിരുഹൃദയതിരുനാള്‍ എന്നിവയെല്ലാം ഇല്ലാതാക്കി. പഴയ വിശുദ്ധര്‍ക്കു പുറമെ 10 പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകൂടി തൃശ്ശൂരിലെ ഒരു ധ്യാനകേന്ദ്രം റോമില്‍നിന്നും കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഓരോ സഭയ്ക്കും ഓരോ വിശുദ്ധനെ നല്‍കുവാനാണു റോമിന്റെ തീരുമാനം. ഒരാളെ വിശുദ്ധനാക്കണമെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവ് വരും. വിശുദ്ധനായാല്‍ ലോകം മുഴുവനും പള്ളികളും കപ്പേളകളും സ്ഥാപിച്ചു. നേര്‍ച്ചപ്പെട്ടികള്‍ വെക്കാം. വിഗ്രഹങ്ങളും ചിത്രങ്ങളും വിറ്റു കാശുണ്ടാക്കാം. ചാവറ അച്ചന്‍ സി.എം.ഐ. സഭയുടെ പ്രതിനിധിയായിട്ടാണു വിശുദ്ധനാകുന്നത്. അല്‍ഫോന്‍സാമ്മ സീറോ മലബാര്‍ സഭയുടെ ക്ലാരമഠത്തിന്റെ പ്രതിനിധിയായി ഇതിനകം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. മറിയം ത്രേസ്യാ ഹോളിഫാമിലി തിരുക്കുടുംബസഭാംഗമാണ്. എവുപ്രാസ്യാമ്മ സി.എം.സി. സഭയുടെ പ്രതിനിധിയാണ്. മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭയിലെ അംഗമാണ്.

വിശുദ്ധരാക്കണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ രണ്ടും മരണശേഷം രണ്ടും അത്ഭുതങ്ങള്‍ ചെയ്തിരിക്കണമെന്നാണു നിയമം. ഇവരൊന്നും ഒരത്ഭുതവും ചെയ്തിട്ടില്ല. മറിയം ത്രേസ്യയുടെ മരണാനന്തരം അവരുടെ പേരില്‍ അത്ഭുത പ്രവര്‍ത്തികള്‍ അടിച്ചേല്പിക്കുകയാണുണ്ടായത്. നിരന്തരമായി അത്ഭുതങ്ങള്‍ ചെയ്ത് ശക്തി കുറഞ്ഞതിനാല്‍ പഴയ വിശുദ്ധര്‍ക്കു പകരം പുതിയ വിശുദ്ധരെ കണ്ടെത്തണം. കത്തോലിക്കാസഭയില്‍ ഓരോ വര്‍ഷവും നൂറുകണക്കിനു വിശുദ്ധരെ സൃഷ്ടിക്കുന്നുണ്ട്.

മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദര്‍ ബനഡിക്ടിനെ കത്തോലിക്കാ സഭ വിശുദ്ധന്‍ ആക്കാന്‍ പോവുകയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നവരെയും കത്തോലിക്കാസഭ ഭാവിയില്‍ വിശുദ്ധരാക്കുമെന്നുറപ്പാണ്.

ജീവിതകാലത്തു സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തത് മദര്‍തെരേസ മാത്രമാണ്. അവര്‍ അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. അവരെയും വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇവരെക്കാള്‍ മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! കൊല്ലപ്പെട്ട് 18 വര്‍ഷത്തിനുശേഷം കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് അത്ഭുതം തന്നെയാണ്.!

കന്യാസ്ത്രീകളുടെ പാരിതോഷികം

ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളജും മാളയിലെ കാര്‍മല്‍ കോളജും 1980-ല്‍ ഞാന്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേകം താല്‍പര്യം എടുത്ത് അനുവദിപ്പിച്ചതാണ്. ചാലക്കുടി കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നു വിദ്യാഭ്യാസമന്ത്രിയായിരുന്ന ബേബി ജോണായിരുന്നു. അതേസമയം മാളയിലെ കോളജ് ഉദ്ഘാടനത്തില്‍നിന്നും ഇടതുപക്ഷക്കാരെ ഒഴിച്ചു നിര്‍ത്തി.

ഇരിങ്ങാലക്കുട ബിഷപ്പ് ഡോ. ജയിംസ് പഴയാറ്റിലിനെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കുകയായിരുന്നു കന്യാസ്ത്രീകളുടെ തീരുമാനം. പക്ഷേ, കോണ്‍ഗ്രസ് പ്രമാണിമാര്‍ സമ്മതിച്ചില്ല. അങ്ങനെയാണ് കെ. കരുണാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ കോളജിനുവേണ്ടി കരുണാകരന്‍ ഒരു സഹായവും ചെയ്തിട്ടില്ല. ഞാനിന്നുവരെ ആ കോളജിന്റെ പടിപോലും കണ്ടിട്ടില്ല.

ചാലക്കുടി കോളജിലെ കന്യാസ്ത്രീകള്‍ എന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഞാന്‍ താല്പര്യം എടുത്തതുകൊണ്ടുമാത്രമാണ് അവര്‍ക്കു കോളജ് കിട്ടിയതെന്ന് അവര്‍ അറിഞ്ഞിരുന്നു. ഒരു ദിവസം ഈ കന്യാസ്ത്രീകള്‍ എന്റെ വീട്ടില്‍വന്നു ഭാര്യയുടെ കൈയില്‍ ഒരു കവര്‍ കൊടുത്തു. എന്താണു കവറില്‍ എന്നു ഭാര്യ തിരക്കിയപ്പോള്‍ എനിക്കു തരാന്‍ പറഞ്ഞതിനുശേഷം അവര്‍ തിരിച്ചുപോയി. വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ കവര്‍ എടുത്ത് എനിക്കു തന്നശേഷം കന്യാസ്ത്രീകള്‍ ഏല്പിച്ചതാണെന്നു ഭാര്യ പറഞ്ഞു. നിവേദനമായിരിക്കുമെന്നു കരുതി ഞാന്‍ കവര്‍ തുറന്നു നോക്കിയപ്പോള്‍ രണ്ടായിരം രൂപ.

കോളജ് കിട്ടിയതിന്റെ പാരിതോഷികമായിരുന്നു രണ്ടായിരം രൂപ. പിറ്റേന്നു മകള്‍ വഴി സംഖ്യ മടക്കിക്കൊടുത്തു.

പിന്നീട് ഒരിക്കല്‍ ഞാനും ഭാര്യയും തിരുവനന്തപുരത്തായിരുന്നപ്പോള്‍ ഇതേ കന്യാസ്ത്രീകള്‍ വലിയൊരു പൊതിക്കെട്ട് പേരാമ്പ്രയിലെ വീട്ടിലേല്പിച്ചു. ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ പൊതിക്കെട്ട് കണ്ടു തുറന്നുനോക്കി. അത് ഒരു സീലിങ് ഫാനായിരുന്നു.

എന്റെ പഴയ വീട്ടില്‍ ഫാനില്ലായിരുന്നു. ഇതറിയാമായിരുന്നതിനാലാണു കന്യാസ്ത്രീകള്‍ ഫാന്‍ ഞാന്‍ അറിയാതെ വീട്ടില്‍ കൊണ്ടുവന്ന് ഏല്പിച്ചത്. ഇത് മടക്കിത്തരരുതെന്നു കന്യാസ്ത്രീകള്‍ ഫോണില്‍ വിളിച്ച് അപേക്ഷിച്ചു. ഞാന്‍ സമ്മതിച്ചു. പിറ്റേന്നു ഞാന്‍ പഠിപ്പിച്ചിരുന്നപേരാമ്പ്ര സ്‌കൂളിലേക്കു ഫാന്‍ കൊടുത്തയച്ചു. ഇപ്പോഴും ഓഫീസ് മുറിയില്‍ ആ ഫാന്‍ എന്റെ പേരില്‍ കറങ്ങുന്നുണ്ട്.

പ്രതികരണം:           ജോസഫ് പുലിക്കുന്നേല്‍

അത്ഭുതങ്ങേളാട് അത്ഭുതങ്ങള്‍

കത്തോലിക്കാ സഭയുടെ അതിപ്രധാന വരുമാനസ്രോതസ് പുണ്യവാന്മാരാണ്. മുന്‍കാലങ്ങളില്‍ വിദേശീയരായ പുണ്യവാന്മാരായിരുന്നു മലയാളികളുടെ ആശ്രയം. വി. സെബസ്ത്യാനോസ്, വി. ഗീവര്‍ഗീസ്, വി. അന്തോനീസ് എന്നിങ്ങനെ പോകുന്നു വിദേശ പുണ്യവാന്മാരുടെ പട്ടിക. ഇവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന് ഇന്നും സംശയമാണ്. എങ്കിലും അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് പണം വാരുന്നു. ക്രിസ്തുവിന്റെ മാതാവായ കന്യാമറിയം ഒന്നേയുള്ളൂ. പക്ഷേ വിവിധരൂപങ്ങളില്‍ കന്യാമറിയം സ്വര്‍ഗ മധ്യസ്ഥയായി പ്രഖ്യാപിക്കുന്നു. അമലോത്ഭവമാതാവ്, വേളാങ്കണ്ണി മാതാവ്, കൊരട്ടി മുത്തി, ലൂര്‍ദ്ദ് മാതാവ് എന്നിങ്ങനെ പോകുന്നു ഈ വിവിധ വേഷങ്ങള്‍. അരുവിത്തുറ പള്ളിയിലെ ഗീവര്‍ഗീസിന് താടിയുണ്ട്. ഭരണങ്ങാനം പള്ളിയിലെ ഗീവര്‍ഗീസിന് എലിവാലന്‍ മീശയെയുള്ളൂ. പക്ഷേ ഈ വ്യത്യാസങ്ങളൊന്നും അവരുടെ അത്ഭുതപ്രവര്‍ത്തനങ്ങളിലില്ലപോലും.

(From December 2011 issue of Hosana)

1 comment:

  1. മാര്‍ തോമ്മായും ക്നനായ് തോമ്മനുമൊക്കെ പണ്ട് സ്പീട് കൂടിയ ഓട്ടക്കാരായിരുന്നു. ഓടിഓടി ചെന്നിട്ടും ക്നായ് തോമ്മാക്ക് പുണ്യാളസ്ഥാനം കിട്ടിയില്ല. കാരണം ഇയാള്‍ കൊള്ളപലിശ വസൂലാക്കുന്നവന്‍ എന്നുപറഞ്ഞു മാര്‍ത്തോമ്മാ പത്രോസിന്‍റെ അടുത്തുപോയി ഒറ്റുകൊടുത്തുവെന്നാണ് ചരിത്രം. ക്നായ്തൊമ്മന്‍ മാര്‍തോമ്മ മന്ത്രവാദിയാണെന്ന് പറഞ്ഞിട്ടും പത്രോസ് ചെവികൊണ്ടില്ല.

    ഓട്ടം കഴിഞ്ഞു ചാടുന്ന കാലം വന്നു. മാന്നാനം കുന്നിന്‍റെ മുകളില്‍നിന്നു താഴേക്കു ചാടുവാന്‍ ചാവറ മിടുക്കനായിരുന്നു. ചാടുന്നപുണ്യാളന്‍ മഠം ചാടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. അതിനായി കര്‍മ്മീലീത്താമഠം വന്‍ മതിലുകള്‍കൊണ്ട് ചുറ്റപ്പെട്ടു.
    ഇദ്ദേഹത്തിന്‍റെ ഏറ്റവും വലിയനേട്ടം മാന്നാനത്തു കുറെ കെട്ടിടങ്ങള്‍ പണിതുവെന്നാണ്. വെറും മന്ദബുദ്ധിയാണെങ്കിലും ചാടിചാടി പത്രോസിന്‍റെ സമീപംവരെ എത്തി.എന്നാല്‍,കുതികാല്‍വെട്ടി രാമപുരം കുഞ്ഞച്ചന്‍ ഒറ്റ തള്ളുവെച്ചു കൊടുത്തു. വീണത്‌ പാവം അല്‍ഫോന്‍സാമ്മയുടെ മടിയിലും.
    ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ഫാസ്റ്റ്പാസഞ്ചര്‍ ബസ്സില്‍വന്ന ഓണംകുളത്ത് ബെനെടിക്റ്റ് മുമ്പിലും. സ്വര്‍ഗത്തിന്‍റെ വാതിക്കല്‍ ചെന്നപ്പോള്‍ മറിയക്കുട്ടി സ്വര്‍ഗവാതുക്കല്‍ പത്രോസുമായി കിന്നാരം പറയുന്നു.
    സഹിച്ചില്ല, ഓണംകുളവും പത്രോസുമായി മല്‍പ്പിടുത്തമായി. ഈ തക്കം നോക്കി അല്‍ഫോന്‍സാ പത്രോസിനെ വെട്ടിച്ചു സ്വര്‍ഗത്തിലും കയറി. മല്‍പ്പിടുത്തത്തില്‍ പത്രോസ്തോറ്റു.

    മറിയക്കുട്ടിയെ കുത്തിയ കഠാരി വിശുദ്ധകുരിശു പോലെ വിശുദ്ധ കഠാരിയായി അറിയപ്പെടും. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ്റ് വിശുദ്ധ മറിയക്കുട്ടി, വിശുദ്ധ ഓണംകുളം, വിശുദ്ധ കഠാരി പടവുമായി ഉടന്‍ സ്പെഷ്യല്‍ തപാല്‍ സ്റ്റാമ്പും ഇറക്കുന്നുണ്ട്.

    ഇവരെയൊക്കെ വെട്ടിച്ചു ജമ്പോജെറ്റില്‍ വന്ന ഒരു പുണ്യാളന്‍ ലൈനില്‍ മുമ്പിലാണ്. ഓട്ടക്കാരും
    ചാട്ടക്കാരും , സൈക്കിളില്‍ വന്നവരും , കാറില്‍ വന്നവരും, എലിവാണത്തില്‍ കേറി വന്നവരും പിന്‍നിരയില്‍ തന്നെയുണ്ട്‌. ‍ മറ്റാരുമല്ല, പറക്കുന്ന മാര്‍പാപ്പാ സാക്ഷാല്‍ നമ്മുടെ പ്രിയപ്പെട്ട ജോണ് പോള്‍. പത്രോസിന്‍റെ സിംഹാസനം അലങ്കരിച്ച
    ജോണ് പോള്‍ ആണ് ഇപ്പോള്‍ ഫാസ്റ്റ് റ്റ്രാക്ക് പുണ്യാളന്‍. ഇദ്ദേഹം മദര്‍തെരസ്സയെയും പിന്നിലാക്കി.

    അദ്ദേഹത്തിന്‍റെ പുണ്യ ജീവിതത്തിന്‍റെ ഒരു ചുരുക്കം ഇവിടെ രേഖപ്പെടുത്തുന്നു. ഈ നൂറ്റാണ്ടില്‍ സഭയെ ഏറ്റവും കൂടുതല്‍ അപകീര്‍ത്തിപ്പെടുത്തിയ മാര്‍പാപ്പ. പുണ്യാളന്മാരുടെ ഒരു ഫാക്റ്ററി തന്നെ ഉണ്ടാക്കിയത് ജോണ്‍ പോള്‍ മാര്‍പാപ്പായാണ്. അതുകൊണ്ട് ഇദ്ദേഹത്തിനു ശുപാര്‍ശകത്തു നല്‍കുവാന്‍ സ്വര്‍ഗത്തില്‍ ധാരാളം
    പുണ്യാളന്‍മാരുണ്ട്. ചരിത്രത്തിലെ സ്വവര്‍ഗ പുരോഹിതര്‍ ഏറ്റവുംകൂടുതല്‍ ഇദ്ദേഹം നയിച്ച സഭയില്‍ ഉണ്ടായിരുന്നു. എല്ലാം അറിഞ്ഞിട്ടും സ്വവര്‍ഗരെ ഈ മാര്‍പാപ്പയുടെ സമ്മതത്തോടെ സഭ
    സംരക്ഷിച്ചു. ഇദ്ദേഹത്തിന്‍റെ ഫാക്റ്ററിയില്‍ അഞ്ഞൂറില്‍പ്പരം പുണ്യാളന്‍മാരെയും രണ്ടായിരത്തോളം ദൈവദാസന്മാരേയും ഉണ്ടാക്കി. ഇത് സഭയുടെ ചരിത്രത്തിലെ മുന്‍ രേഖപ്പെടുത്തിയ പുണ്യാളന്‍മാരുടെ മൊത്തം റിക്കോര്‍ഡുകളേക്കാള്‍ വളരെ കൂടുതലാണ്. കമ്മ്യുണിസത്തെ അടിച്ചുതകര്‍ത്ത വീരകഥകളും പറയുവാനുണ്ട്. മുക്കവാന്‍ പത്രോസിനു പിടിക്കുമോയെന്ന് അറിയത്തില്ല. ഒരു വിധവയില്‍ നിന്നും രണ്ടു മക്കള്‍ ഉണ്ടായ ഒരു മെക്സിക്കന്‍ കര്‍ദ്ദിനാളിനെ രക്ഷിച്ചകഥയുമുണ്ട്.

    മക്കളില്ലാത്തവര്‍ വിശുദ്ധ മന്ദമാരുതി മറിയക്കുട്ടിയോടും ബനഡിക്റ്റിനോടും പ്രാര്‍ഥിക്കുക.സിസേറിയന്‍കാര്‍ക്ക് പ്രാര്‍ഥിക്കുവാന്‍ കഠാരിയും. ആമേന്‍.

    ReplyDelete