Translate

Monday, December 26, 2011

തിന്മ മറയ്ക്കാന്‍ നന്മയെ ഉപയോഗിക്കരുത് - ജോസഫ് പുലിക്കുന്നേല്‍ (Part 1)


തിന്മ മറയ്ക്കാന്‍ നന്മയെ ഉപയോഗിക്കരുത് (Part 1) - 
ജോസഫ് പുലിക്കുന്നേല്‍

സഭയില്‍ നടക്കുന്ന അനീതികളെയും അധര്‍മങ്ങളെയും വിമര്‍ശിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് ഇന്ന് ''ദൈവശാസ്ത്രജ്ഞന്മാര്‍'' ഉപയോഗിക്കുന്നത്. 1.അഭിഷിക്തരെ വിമര്‍ശിക്കരുത്. 2. നന്മ ചെയ്ത് കടന്നുപോയവരുടെ സേവനങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തിന്മയെ തമസ്‌കരിക്കുക.

ആദ്യമായി 'അഭിഷിക്തരെ വിമര്‍ശിക്കരുത്' എന്ന പഴയനിയമ പാഠം ബൈബിളിന്റെ വെളിച്ചത്തില്‍ പരിശോധിക്കാം. മോശെയുടെ കാലം മുതലാണ് ഇസ്രായേലില്‍ പൗരോഹിത്യം സ്ഥാപിതമാകുന്നത്. അതിനുമുമ്പ് ദൈവത്തിനുള്ള ബലികളെക്കുറിച്ച് പരാമര്‍ശനം ഉണ്ടെങ്കിലും ബലികള്‍ നടത്തിപ്പോന്നത് കുടുംബത്തലവന്മാരായിരുന്നു.

മോശെ മിദ്യാനി പുരോഹിതനായ റെയൂവേലിന്റെ (യിത്‌റോ) മകളായ സിപ്പോറായെ വിവാഹം കഴിക്കുകയും അവരോടൊപ്പം താമസിക്കുകയും ചെയ്തുപോന്നു. ഈജിപ്തില്‍ അക്കാലങ്ങളില്‍ ക്ഷേത്രങ്ങളും ബലികളുമുണ്ടായിരുന്നു. പുരോഹിതരായിരുന്നു ബലി അര്‍പ്പിച്ചിരുന്നത്. വിജാതീയ സമ്പ്രദായമനുസരിച്ചുള്ള ബലിയര്‍പ്പകരായ പുരോഹിതര്‍ അന്നുവരെ ഇസ്രായേലിയര്‍ക്കുണ്ടായിരുന്നില്ല. പക്ഷേ ഈജിപ്തില്‍നിന്നും പുറപ്പെട്ട മോശെ തന്റെ സഹോദരനായ അഹറോനെ പുരോഹിതനായി പ്രതിഷ്ഠിക്കുകയും ബലികര്‍മ്മങ്ങള്‍ നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. അഹറോന്‍ ഇസ്രായേലിയരുടെ സ്വര്‍ണം അപഹരിച്ച് വിജാതീയ സമ്പ്രദായമനുസരിച്ച് കാളക്കുട്ടിയെ നിര്‍മ്മിച്ച് ഹോമബലി അര്‍പ്പിച്ചു (പുറ. 32). ഈ അഹറോനെതന്നെയാണ് മോശെ ഇസ്രായേലിന്റെ മഹാപുരോഹിതനായി പ്രതിഷ്ഠിക്കുന്നതെന്നോര്‍ക്കുക. കളവു പറയാന്‍ അതിവിദഗ്ദ്ധനായിരുന്നു അഹറോന്‍. മോശെയോടും ഇസ്രായേലിയരോടും പറഞ്ഞത് ഓര്‍ക്കുക. ''ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ഈ മോശെക്ക് എന്തുപറ്റി എന്നു ഞങ്ങള്‍ അറിയുന്നില്ല. അതുകൊണ്ടു ഞങ്ങളെ നയിക്കാന്‍ വേണ്ട ദൈവങ്ങളെ ഉണ്ടാക്കിത്തരൂ.'' ''സ്വര്‍ണം കൈവശമുള്ളവര്‍ അതുകൊണ്ടു വരൂ'' എന്നു ഞാന്‍ അവരോടു പറഞ്ഞു. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു, കാളക്കുട്ടി പുറത്തുവരുകയും ചെയ്തു.'' (പുറ. 32: 23,24)

സ്വര്‍ണ്ണം തീയിലിട്ടപ്പോള്‍ കാളക്കുട്ടി പുറത്തു വന്നു എന്നാണ് അഹറോന്റെ ഭാഷ്യം. യഥാര്‍ത്ഥത്തില്‍ തന്ത്രജ്ഞനായ അഹറോന്‍ ഇസ്രായേലിയരുടെ സ്വര്‍ണം അപഹരിച്ച് കാളക്കുട്ടിയെ നിര്‍മിക്കുകയായിരുന്നു. പിന്നീട് മോശെ കാളക്കുട്ടിയെ അഗ്നിയിലെറിഞ്ഞു ദഹിപ്പിച്ചുപോലും (പുറ.32 : 20). ഏതായാലും സ്വര്‍ണം ദഹിക്കുകയില്ലെന്നു നമുക്കറിയാം. അപ്പോള്‍ ഈ സ്വര്‍ണം എവിടെപോയി? (അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ വീഴുന്ന പണം എവിടെപോകുന്നു?അതുപോലെ ഈ സ്വര്‍ണവും എവിടെപോയി എന്ന ചോദ്യം അപ്രസക്തമാണ്.)

കാനാന്‍ ദേശത്ത് താമസമാക്കിയ ഇസ്രായേലിയരുടെ സമൂഹകേന്ദ്രം സമ്മേളനകൂടാരവും ആ കൂടാരത്തില്‍ ബലിയര്‍പ്പിച്ചിരുന്ന  പുരോഹിതരുമായിരുന്നു. കാലം കുറെക്കഴിഞ്ഞ് പുരോഹിതനായ ഏലിയുടെകാലത്ത് മക്കള്‍ പൗരോഹിത്യ സേവനത്തെ ചൂഷണമാര്‍ഗമായി ഉപയോഗിച്ചു (1 ശാമു. 2: 12). തുടര്‍ന്നാണ് ശാമുവേലിനെ ദൈവം വിളിക്കുന്നത്. ഇസ്രായേല്‍ ജനത തങ്ങള്‍ക്കൊരു രാജാവിനെ നിയമിച്ചു തരണമെന്ന് ശാമുവേലിന്റെ മരണക്കിടക്കയില്‍ ആവശ്യപ്പെട്ടതനുസരിച്ച് ശൗലിനെ രാജാവായി അഭിഷേചിച്ചു. അഭിഷേകത്തിന്റെ പ്രതീകമായി എണ്ണ ഉപയോഗിച്ചു. അങ്ങനെ ഇസ്രായേലില്‍ പൗരോഹിത്യം ദുര്‍ബലമാകുകയും അഭിഷിക്തരായ രാജാക്കന്മാര്‍ ഇസ്രായേലിനെ ഭരിക്കുകയും ചെയ്തു.  രാജഭരണവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഓരോ രാജ്യങ്ങളിലും ഇത്തരം ചിഹ്നാത്മകമായ ചില കര്‍മങ്ങള്‍ അധികാരം ഏറ്റെടുക്കുന്നതിന് ഉണ്ടായിരുന്നു. ചേരമാന്‍ പെരുമാളന്മാരുടെ അരിയിട്ടു വാഴ്ച; ഇപ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ സത്യ പ്രതിജ്ഞ.

അധികാരം ഏറ്റെടുക്കുന്നതിനുള്ള പ്രതീകാത്മക പദങ്ങളെ സ്വയം രക്ഷയ്ക്കുവേണ്ടി പണ്ടും രാജാക്കന്മാര്‍ ഉപയോഗിച്ചുപോന്നു. രാജാവ് അഭിഷിക്തരാണ് എന്ന സങ്കല്പനം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. ഈ പഴയ നിയമ സങ്കല്പനങ്ങളെ പ്രവാചകന്മാര്‍ മുച്ചൂടും എതിര്‍ക്കുകയുണ്ടായി. അഭിഷിക്തരെന്ന വ്യാജ അഭിമാനംപൂണ്ട് ഇസ്രായേലിനെ ഭരിച്ചിരുന്ന രാജാക്കന്മാര്‍ക്കും പുരോഹിതര്‍ക്കുമെതിരെ അതിശക്തമായാണ് പ്രവാചകര്‍ വിമര്‍ശനം ഉയര്‍ത്തിയത്. അഭിഷിക്തരെ വിമര്‍ശിക്കരുത് എന്ന പഴയനിയമ പാഠത്തെ പ്രവാചകര്‍ അനുസരിക്കുന്നില്ല.

യിരെമ്യ എഴുതുന്നു: ''എന്റെ മേച്ചില്‍ പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കു ദുരിതം!' കര്‍ത്താവാണ് ഇത് അരുള്‍ ചെയ്യുന്നത്. അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്, എന്റെ ജനത്തെ മേയ്ക്കുന്ന ഇടയന്മാരെക്കുറിച്ച് ഇങ്ങനെ അരുള്‍ ചെയ്യുന്നു: 'നിങ്ങള്‍ എന്റെ ആട്ടിന്‍പറ്റത്തെ ചിതറിച്ച് ഓടിച്ചുകളഞ്ഞു; അവയെ നിങ്ങള്‍ പരിപാലിച്ചില്ല. കണ്ടാലും, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം ഞാന്‍ നിങ്ങളുടെ കാര്യം ഗൗരവമായി പരിഗണിക്കും. കര്‍ത്താവാണ് ഇത് അരുള്‍ ചെയ്യുന്നത്.'' (യിരെ. 23 : 1, 2)

പ്രവാചകനായ എസെക്കിയേല്‍ ഇതേ ആശയം തന്റെ പ്രവചനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

''കര്‍ത്താവിന്റെ അരുളപ്പാട് എനിക്ക് ഉണ്ടായി: 'മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്ക് എതിരെ പ്രവചിക്കുക; അവരോട്, ഇടയന്മാരോടുതന്നെ പ്രവചിക്കുക. ഇങ്ങനെ പറയുക: കര്‍ത്താവായ ദൈവം അരുള്‍ ചെയ്യുന്നു: തങ്ങളെത്തന്നെ തീറ്റിപോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ തീറ്റിപോറ്റേണ്ടത്? നിങ്ങള്‍ പാല്‍ കുടിക്കുന്നു; ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തവയെ കശാപ്പു ചെയ്യുന്നു;എന്നാല്‍ ആടുകളെ നിങ്ങള്‍ തീറ്റിപോറ്റുന്നില്ല. ദുര്‍ബലങ്ങളായവയ്ക്കു നിങ്ങള്‍ ശക്തി കൊടുത്തില്ല;രോഗമുള്ളവയെ ചികിത്സിച്ചു ഭേദമാക്കിയില്ല; മുറിവേറ്റവയെ വച്ചുകെട്ടിയില്ല;വഴിതെറ്റിപ്പോയവയെ തിരികെ കൊണ്ടുവന്നില്ല; കാണാതെ പോയവയെ അന്വേഷിച്ചില്ല; എന്നാല്‍ ബലം പ്രയോഗിച്ചു ക്രൂരമായി നിങ്ങള്‍ അവയെ ഭരിച്ചു. അങ്ങനെ ഇടയന്‍ ഇല്ലായ്കയാല്‍ അവ ചിതറിപ്പോയി വന്യമൃഗങ്ങള്‍ക്കെല്ലാം ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; എല്ലാ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അവ അലഞ്ഞുനടന്നു; എന്റെ ആടുകള്‍ ഭൂമുഖത്തെങ്ങും ചിതറിപ്പോയി; അവയെപ്പറ്റി ചോദിക്കാനോ അന്വേഷിക്കാനോ ആരും ഉണ്ടായിരുന്നില്ല.'' (എസെ.34 : 1-6).

അഭിഷിക്തരെ വിമര്‍ശിക്കരുത് എന്ന പഴയനിയമപാഠം പഴയനിയമത്തില്‍ത്തന്നെ പ്രവാചകന്മാര്‍ ലംഘിക്കുന്നുണ്ട്.

യേശുവാണല്ലോ ക്രൈസ്തവ സഭയുടെ ആദര്‍ശ അടിത്തറ. പുതിയനിയമപ്രഘോഷണം ആരംഭിക്കുന്നതുതന്നെ ക്രിസ്തുവിനു പാതകള്‍ വെട്ടി വഴിയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌നാപക യോഹന്നാന്റെ ഇടയ വിമര്‍ശനത്തോടെയാണ്. ''എന്നാല്‍ ധാരാളം ഫരിസേയരും സദ്ദുക്കിയരും സ്‌നാപനം സ്വീകരിക്കാന്‍ വരുന്നതുകണ്ട് അയാള്‍ അവരോടു പറഞ്ഞു: 'അണലി സന്തതികളേ,വരാനിരിക്കുന്ന ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയത്?അനുതാപത്തിന്നു യോജിച്ച ഫലം പുറപ്പെടുവിക്കൂ. ''ഞങ്ങള്‍ക്കു പിതാവായി അബ്രാഹാമുണ്ട്''എന്നു സ്വയം പറയാന്‍ തുനിയേണ്ട. ഞാന്‍ നിങ്ങളോടു പറയുന്നു. ഈ കല്ലുകളില്‍നിന്ന് അബ്രാഹാമിന്നു സന്തതികളെ സൃഷ്ടിക്കാന്‍ ദൈവത്തിന്നു കഴിയും. വൃക്ഷങ്ങളുടെ തായ്‌വേരില്‍ ഇപ്പോള്‍തന്നെ കോടാലി വച്ചു കഴിഞ്ഞു. അതുകൊണ്ട്, നല്ല ഫലം കായ്ക്കാത്ത ഓരോ വൃക്ഷവും വെട്ടി തീയില്‍ എറിയും'' (മത്താ. 3 : 7-10)

അഭിഷിക്തരെ വിമര്‍ശിക്കരുത് എന്ന പഴയ നിയമപാഠത്തെ
അംഗീകരിക്കാന്‍ യേശു തയ്യാറായില്ല. അന്ന് അഭിഷിക്തരെന്ന് സ്വയം കരുതി ഇസ്രായേലിനെ നയിച്ചിരുന്ന ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കുമെതിരെ യേശു ശക്തമായി ആഞ്ഞടിച്ചു. (മത്തായിയുടെ സുവിശേഷം 23-ാം അധ്യായം വായിക്കുക) യേശു അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു: ''അല്ലയോ ജെറൂശലേമേ, പ്രവാചകരെ കൊല്ലുന്നവളേ, നിന്റെ അടുക്കലേക്ക് അയയ്ക്കപ്പെട്ടവരെ കല്ലെറിയുന്നവളേ, സ്വന്തം കുഞ്ഞുങ്ങളെ പിടക്കോഴി ചിറകിന്‍കീഴില്‍ അണയ്ക്കുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ ഞാന്‍ എത്രയധികം അഭിലഷിച്ചു! പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിരിക്കുന്നു, ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍'' എന്നു പറയുംവരെ നിങ്ങള്‍ എന്നെ ഇനി കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.'' (മത്താ. 23 : 37-39).

യേശു പഴയനിയമപാഠങ്ങളെ പൂര്‍ണമായും അവഗണിച്ചു. യേശു തന്റെ അനുയായികളെ അഭിഷേചിച്ചില്ല. പുതിയ നിയമത്തില്‍ മഹാപുരോഹിതന്‍ യേശുവാണ്. യേശു ആരെയും പുരോഹിതനായി മോശെയുടെ സിംഹാസനത്തില്‍ ഇരുത്തിയിട്ടില്ല. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനാകണം എന്ന കല്പനയോടെ സുവിശേഷം പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ട അപ്പോസ്തലന്മാരാരും തങ്ങള്‍ പുരോഹിതരാണെന്ന് അവകാശപ്പെട്ടിട്ടില്ല. പത്രോസ് സ്വയം വിവരിക്കുന്നത് ''കൂട്ടു മൂപ്പന്‍'' എന്നാണ്. (1 പത്രോ. 5:1)പലരില്‍ ഒരാള്‍. ഇസ്രായേലി സമുദായ ഘടനയില്‍ മൂപ്പന്മാര്‍ പുരോഹിതരായിരുന്നില്ല. ബലിയര്‍പ്പകരെയാണ് എല്ലാ മതങ്ങളിലും പുരോഹിതര്‍ എന്നു വിളിക്കുന്നത്. പൗലോസ് വളരെ വ്യക്തമായി പറഞ്ഞു. ഇനി ഒരു ബലിയില്ല.  പൗലോസ് എഴുതുന്നു: ''മുമ്പ് അനേകം പുരോഹിതര്‍ ഉണ്ടായിരുന്നു; കാരണം, ആ സ്ഥാനത്തു തുടരാന്‍ മരണം അവരെ അനുവദിച്ചില്ല. എന്നാല്‍ യേശു എന്നെന്നും ജീവിക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം ശാശ്വതമാണ്. തന്മൂലം അവനിലൂടെ ദൈവത്തെ സമീപിക്കുന്നവരെ രക്ഷിക്കാന്‍ എന്നെന്നും അവന്നു കഴിയുന്നു; അവര്‍ക്കു മധ്യസ്ഥത വഹിക്കാന്‍ എന്നെന്നും അവന്‍ ജീവിക്കുന്നു. നമുക്കു വേണ്ടിയിരുന്നത് ഒരു മഹാപുരോഹിതനെയായിരുന്നു; പരിശുദ്ധന്‍, കുറ്റമറ്റവന്‍, കളങ്കമില്ലാത്തവന്‍, പാപികളില്‍ നിന്നു വേര്‍തിരിക്കപ്പെട്ടവന്‍, ആകാശങ്ങള്‍ക്കു മീതെ ഉയര്‍ത്തപ്പെട്ടവന്‍. മറ്റു മഹാപുരോഹിതരെപ്പോലെ നിത്യേന, ആദ്യം തന്റെ പാപങ്ങള്‍ക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. തന്നെത്തന്നെ അര്‍പ്പിച്ചപ്പോള്‍ അവന്‍ ഒരിക്കല്‍ എന്നെന്നേക്കുമായി ബലി അര്‍പ്പിച്ചു. ബലഹീനരായ മനുഷ്യരെയാണു നിയമം മഹാപുരോഹിതരായി നിയമിക്കുന്നത്. എന്നാല്‍ നിയമത്തിന്നുശേഷം വന്ന ശപഥവചനം എന്നെന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെയാണു നിയമിച്ചത്'' (എബ്രാ. 7: 23-28)

മുന്‍കാലങ്ങളില്‍ കത്തോലിക്കാ സഭ ചെയ്ത മനുഷ്യദ്രോഹങ്ങളെക്കുറിച്ച് ഈ അടുത്തയിട മാര്‍പാപ്പാ ക്ഷമ ചോദിക്കുകയുണ്ടായി. അന്നും കത്തോലിക്കാ സഭയുടെ അതിക്രമങ്ങളെ എതിര്‍ത്തവരുണ്ടായിരുന്നു. പക്ഷേ അവരെയെല്ലാം സഭാദ്രോഹികളായി ചിത്രീകരിച്ച് സഭയും ദൈവശാസ്ത്രജ്ഞന്മാരും അതിക്രമങ്ങളെ സാധൂകരിക്കുകയാണുണ്ടായത്. ഒരു അധര്‍മ സംഭവം നടന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം ''മേയ കുള്‍പ്പ'' പറയുന്നത് പരിശുദ്ധാരൂപിയുടെ വരമല്ല. പരിശുദ്ധ റൂഹായാല്‍ നയിക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന സഭയ്ക്ക് സത്യം കണ്ടുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എന്നത് ഈ അവകാശവാദത്തിന്റെ പൊള്ളത്വത്തിലേക്ക് കൈചൂണ്ടുന്നു. 

(ഡിസംബര്‍ 2011 ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ചത്)


No comments:

Post a Comment