Translate

Friday, December 16, 2011

പിതാവോ അമ്മാവനോ?

"ആണ്ട്രൂസ് താഴത്ത് പിതാവിനെ മിസ്റ്റര്‍ താഴത്ത് എന്നുപോലും വിളിക്കുവാന്‍ തോന്നി പോവുന്നു. . ." എന്ന് തുടങ്ങുന്ന ഒരു കമന്റ്‌ ശ്രീ ജോസഫ്‌ പടന്നമാക്കല്‍ എഴുതിയത് കണ്ടു.  അങ്ങനെ തോന്നുന്നെങ്കില്‍ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്ന് ഞാന്‍ ചോദിച്ചുപോകുന്നു. ഈ നാട്ടിലൊഴിച്ച്  എവിടെയും Mr. President  എന്ന് വിളിക്കുമ്പോലെ, Mr. Bishop എന്നുള്ള സംബോധന ബഹുമാനദ്യോതകവും അംഗീകാരമുള്ളതുമാണ്. അതിന്റെ പേരില്‍ ഒരു മെത്രാനും അവഹേളിക്കപ്പെട്ടതായി കരുതാറുമില്ല. ഇവിടെ മാത്രം, ഏത്‌ കൊച്ചച്ചന്‍ മെത്രാനായാലും, അന്ന് തൊട്ട്‌ അങ്ങേര് പിതാവാണ്, സ്വന്തം അപ്പന് പോലും! ഇതെന്തുകൂത്തപ്പനേ!
      
ദൈവത്തെ ഒഴിച്ച് ഒരുത്തനെയും പിതാവെന്നു വിളിക്കരുത് എന്ന് യേശു കര്‍ക്കശമായി പറഞ്ഞിട്ടുണ്ട്. "നമ്മുടെ അഭിവന്ദ്യ പിതാക്കന്മാര്‍" ഉള്‍പ്പെടെ ഏവരും ഇതൊക്കെ വായിച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാന്‍? പക്ഷേ, ഇവരില്‍ ഒരാള്‍ പോലും വിശ്വാസികളോട് ഇതുവരെ പറഞ്ഞിട്ടില്ല, എന്നെ പിതാവെന്നു വിളിക്കേണ്ട എന്ന്. കാരണം, അവര്‍ക്കത്‌ കേള്‍ക്കുന്നത് ഒരു വലിയ സുഖമാണ്. ഒരപ്പന്‍ ചെയ്യേണ്ട ഒരു പണിയും ചെയ്യാത്ത തന്നെ എത്രയധികം ജനമാണ് പിതാവേ എന്ന് വിളിക്കുന്നത്‌! എല്ലാ മെത്രാന്മാരെയും വിമര്‍ശിക്കുന്ന എന്റെ സുഹൃത്തുക്കള്‍ പോലും, അവരുടെ സഭാവിഭാഗത്തില്‍ പെട്ട മെത്രാന്മാരെ പിതാവെന്നു കൂട്ടിയല്ലാതെ പരാമര്‍ശിക്കില്ല എന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ഒന്നാന്തരം തട്ടിപ്പ് തന്നെയാണ്. സത്യസന്ധതയും ആണത്തവുമുണ്ടെങ്കിലേ, ഇരു ഭാഗത്തും ഇക്കാര്യത്തില്‍ common sense  അനുസരിച്ച് പെരുമാറാന്‍ പറ്റൂ.

പിതാവ് എന്ന സംജ്ഞ നമ്മുടെ നാട്ടില്‍ ഉപയോഗത്തില്‍ വന്നത് അത്ര പുരാതന കാലത്തൊന്നുമല്ല. അതിന് മുമ്പ് മുതിര്‍ന്ന പുരുഷന്മാരൊക്കെ അമ്മാവന്‍ ആയിരുന്നു. കാരണം, മനുഷ്യക്കൂട്ടങ്ങളില്‍ ആദ്യമുണ്ടായിരുന്നത് മരുമക്കത്തായം ആണ്. അന്ന്, മക്കള്‍ക്ക് അമ്മയെ മാത്രമേ കൃത്യമായി അറിയാന്‍ വഴിയുണ്ടായിരുന്നുള്ളൂ. അപ്പന്‍ ആരുമാകാം. കാരണം, ഒരു സ്ത്രീയുടെയടുത്തു ചെല്ലാന്‍ പലര്‍ക്കും വഴിയുണ്ടായിരുന്നു. സ്വകാര്യസ്വത്തിന്റെയഭാവത്തില്‍, പുരുഷന്മാര്‍ക്ക് അത്രയൊന്നും വിലയുണ്ടായിരുന്നില്ല താനും. പുരുഷന്‍ ഗൃഹനാഥനും ഏകഭാര്യനും ആയിത്തീര്‍ന്നശേഷമാണ്  ഇന്നയാള്‍ തങ്ങളുടെ അപ്പനാണെന്ന് കുഞ്ഞുങ്ങള്‍ക്ക്‌ ഏതാണ്ടൊരു ധൈര്യം വച്ച് പറയാന്‍ സാധിച്ചത്. അതോടേ ഒടുങ്ങാത്ത സ്വാര്‍ത്ഥതയും തന്‍കാര്യവും ഗമയുമൊക്കെ പുരുഷന്‍മാരുടെ സഹജഭാവങ്ങളായി മാറി. സ്വകാര്യസ്വത്ത്‌ ഇതില്‍ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.

ഇതൊക്കെ സഭയിലെ "പിതാക്കന്മാരെയും" അവരുടെ നടപ്പുരീതികളെയും ബാധിക്കുന്നുണ്ട്, വിശേഷിച്ച്, സ്വകാര്യസ്വത്തിന്റെ കാര്യത്തില്‍. രൂപതയുടെ വലിയ സ്വത്തിന്റെ അവകാശിയും മേല്നോട്ടക്കാരനും എന്ന ഔദ്യോഗികസ്ഥാനം വെളിപ്പെടുത്താനാണ്, നിര്‍ബന്ധമായും, മെത്രാന്‍ പിതാവെന്നു വിളിക്കപ്പെടണം എന്ന തഴക്കം പരിപോഷിപ്പിക്കപ്പെട്ടത്. അവര്‍ വിശ്വാസികളുടെ പിതാവെന്നതിനേക്കാള്‍, പള്ളിയുടെ സ്വത്തിന്റെ പിതാക്കന്മാരായിട്ടാണ് സ്വയം കാണുന്നത് എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഒരു യാഥാര്‍ത്ഥ്യമാകാനിരിക്കുന്ന Church Act നു ശേഷം, ഇപ്പോഴത്തെ ഒട്ടു മിക്ക "പിതാക്കന്മാരും" Mr. Bishop  എന്ന് സംബോധന ചെയ്യപ്പെടുന്നതില്‍ ഒരു കെറുവും കാണിക്കില്ല, അല്ലെങ്കില്‍ കണ്ടോളൂ. അപ്പോഴേയ്ക്കും ഒരു പക്ഷെ, അതിലും കൂടുതലായി അവര്‍ ഇഷ്ടപ്പെടുക, മെത്രാനമ്മാവാ എന്ന വിളിയായിരിക്കും. ഇപ്പോള്‍ത്തന്നെ വിശ്വാസികള്‍ മെത്രാന്മാരെ അമ്മാവാ എന്ന് വിളിച്ചുതുടങ്ങുന്നത് അഭിലഷണീയമാണ്.  താഴത്തമ്മാവന്‍, കുന്നപ്പ ള്ളി പഴയമ്മാവന്‍, പവ്വത്തില്‍ പെരിയമ്മാവന്‍, ആലഞ്ചേരി വല്യമ്മാവന്‍, കല്ലറങ്ങാട്ട് കൊച്ചമ്മാവന്‍  എന്നൊക്കെ ഇപ്പോഴേ പറഞ്ഞു ശീലിക്കണം.   

12 comments:

  1. അമ്മാവന്‍ബിഷപ്പെന്നു വിളിക്കുന്നതിനു പകരം എനിക്കൊരു നിര്‍ദേശമുണ്ട്. മൂപ്പനെന്നോ മുത്തപ്പനെന്നോ വിളിച്ചാല്‍ എന്താ? അമ്മാവന്‍ എന്നത് വളരെ സംപൂജ്യമായ പദമല്ലേ, സാക്കെ?
    മരിച്ചു പോയ എന്‍റെ അമ്മയുടെ സഹോദരങ്ങളെ ഒരിക്കല്‍ ഞാന്‍ അങ്ങനെ വിളിക്കുമായിരുന്നു. എന്‍റെ മനസ്സിലിന്നും കുടികൊള്ളുന്ന, സ്നേഹിക്കുന്ന അമ്മാവന്മാര്‍ക്ക് പകരം എങ്ങനെ
    ബിഷപ്പമ്മാവനെന്നു വിളിക്കും. ഈ കുറ്റവാളികളെ അമ്മാവനെന്നു മറ്റും വിളിച്ചു ‍ ബഹുമാനിച്ചാല്‍ കുട്ടനാട്ടിലെവിടെയോ അന്തിവിശ്രമം കൊള്ളുന്ന അവരുടെ ആത്മാക്കള്‍പോലും ക്ഷമിക്കുകയില്ല.

    ബൈബിളും കാണിച്ചു ചെന്നാലൊന്നും താഴത്തും അങ്ങാടിയത്തും മറ്റു വിത്തുക്കളും സമ്മതിക്കുകയില്ല. യേശു ആരെയും ഗുരുവെന്നോ റാബിയെന്നോ വിളിക്കരുതെന്നും വേദവാക്യമുണ്ട്. ഗുരുക്കന്‍മാര്‍ ഹൈന്ദവതത്വങ്ങളില്‍
    ദൈവതുല്യരാണെന്നും അറിവിന്‍റെ ഗുരുക്കന്മാരെ തൊഴാനാണ് നമ്മുടെ പൌരാണികശാസ്ത്രമെന്നും പറയാം. മക്കളില്ലാത്ത സെയിന്‍റ് പോളിനെ ഇവര്‍ മാതൃകയായി എടുക്കും. പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നു, "കര്‍ത്താവില്‍ വിശ്വസ്തനായ എന്‍റെ പ്രിയപ്പെട്ട മകന്‍ തിമോത്തിയെ നിന്‍റെ
    പക്കലേക്ക് അടിമയായിതന്നെ തിരിച്ചു ഏല്‍പ്പിക്കുന്നു" . (1 Cor. 4:17). പഴയ നിയമത്തിലെ അബ്രാഹം യഹൂദരുടെയും മുസ്ലീമുകളുടെയും ക്രിസ്ത്യാനികളുടെയും പിതാവല്ലേ.?ഈ കള്ളന്‍മാര്‍ക്ക് രക്ഷപ്പെടുവാന്‍ ബൈബിളില്‍ അങ്ങനെ പഴുതുകളുണ്ട്.

    മക്കളില്ലാത്ത ഈ ആത്മീയതന്തമാര്‍ എങ്ങനെ പിതാക്കന്മാര്‍ ആകും. രഹസ്യമായി ആണെങ്കിലും തെളിവ് നല്‍കിയാല്‍ മക്കളുള്ളവരെ പിതാക്കന്‍മാരെന്ന് വിളിച്ചാല്‍ ആരും തര്‍ക്കശാസ്ത്രത്തിനു വരുകയില്ല. പാരമ്പര്യം വേണമെന്നു കൊട്ടിഘോഷിക്കുന്ന ഇവരെ തോമ്മാശ്ലീഹായുടെ കാലത്ത് മൂപ്പന്‍ എന്നാണു വിളിച്ചിരുന്നത്. മൂപ്പനും വടിയുണ്ടായിരുന്നു. പ്ലാവിലകൊണ്ട് ഒരു തൊപ്പിയും. മാറു മറക്കാത്ത മൂപ്പത്തികളും അവര്‍ക്കുണ്ടായിരുന്നു. അരീത്ര പുണ്യാളന്‍ ജോര്‍ജുകുട്ടിയെ അരീത്ര മുത്തപ്പാ എന്നല്ലേ വിളിക്കുന്നത്‌. അതു പോലെ കൊരട്ടി മുത്തി, കത്തനാര്‍ മുത്തി എന്നൊക്കെയും. അതുകൊണ്ട് താഴത്തുമൂപ്പനു, തലോര്‍ പള്ളി പ്രശ്നം പരിഹരിച്ചാല്‍ ക്ലാവര്‍വടി മാറ്റി ആ മൂപ്പന്‍വടി നല്‍കിയാല്‍ നഷ്ടപ്പെട്ട ബഹുമാനം വീണ്ടെടുക്കാം. പള്ളി എന്ന പദവും മൂപ്പന്‍റെ ഭാഷയില്‍ നിന്നും കടമെടുത്തതാണ്.

    പ്രശ്നം, മുത്തിമാര്‍ മാറു മറയ്ക്കാതെ നടക്കുമോയെന്നുള്ളതാണ്.

    ReplyDelete
  2. ഇതിപ്പം ഒരു വല്ലാത്ത കുഴപ്പമായിത്തീര്‍ന്നിരിക്കുകയാണല്ലോ. ജീവിതനിലവാരമനുസരിച്ചുള്ള (പ്രവൃത്തികള്‍ക്ക് ചേരുന്ന) ഒരു സംബോധനരൂപം മെത്രാന്മാര്‍ക്കായി കരുപ്പിടിപ്പിക്കുക പ്രയാസം തന്നെ. ശ്രീ ജോസഫ്‌ പടന്നമാക്കല്‍ അറിയാതെ പറഞ്ഞുപോയ പലതും ഇവരെ സംബന്ധിച്ച് ഒട്ടും ശരിയല്ല.

    "ഗുരുക്കന്‍മാര്‍ ഹൈന്ദവതത്ത്വങ്ങളില്‍ ദൈവതുല്യരാണെന്നും അറിവിന്‍റെ ഗുരുക്കന്മാരെ തൊഴാനാണ് നമ്മുടെ പൌരാണികശാസ്ത്രമെന്നും പറയാം. മക്കളില്ലാത്ത സെന്‍റ് പോളിനെ ഇവര്‍ മാതൃകയായി എടുക്കും" ഒരു യഥാര്‍ത്ഥ ഗുരുവിന്‍റെ ഗുരുത്വമോ പോളിന്റെ പാണ്ഡിത്യമോ ഇവരില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടെന്ന് പറയാമോ? ബൈബിള്‍ വചനങ്ങളും കാനോന്‍ നിയമങ്ങളും കണ്ണടച്ച്, വാരിവലിച്ചുദ്ധരിക്കുന്നതല്ലാതെ, വിവരമുള്ള ഏതെങ്കിലും ഒരു കൃതി ഇവര്‍ വായിക്കുന്നതിനുള്ള ഒരു തെളിവും ഇവരുടെ സംസാരത്തിലോ ബുള്ളകളിലോ വന്നുപെടാറില്ല. മരുഭൂമികളില്‍ വസിച്ചിരുന്ന പൂര്‍വികരുടെ (സഭാപിതാക്കന്മാര്‍ എന്നിവര്‍ സ്നേഹത്തോടെ വിളിക്കുന്നവര്‍) ചൊല്ലുകള്‍ ആവര്‍ത്തിച്ചാണ് ഇന്നും ഇവര്‍ ആധുനിക പ്രശ്നങ്ങള്‍ക്ക് മറുപടി (ഉത്തരം, ഷാലോം ട്ടി.വി. ഒരുദാഹരണം) കൊടുക്കുന്നത്, പാരമ്പര്യം വേണമെന്നു കൊട്ടിഘോഷിക്കുന്നത്. റോമായില്‍ പോയോ പോകാതെയോ ഡോക്റ്റരേറ്റെടുക്കുന്ന ഇവരില്‍ മിക്കവരും കാനന്‍ നിയമങ്ങളാണ് വിഷയമായി തിരഞ്ഞെടുക്കുന്നത്. അതിന് ഒന്നാമതേ സാധുതയില്ല, വ്യാജപ്രമാണങ്ങളാണ് അവയുടെ അടിസ്ഥാനം. അതും വല്ല നാട്ടിലും കണ്ടെത്തിയവ. മനുഷ്യമൂല്യങ്ങള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഇവയിലൂടെ എന്തെങ്കിലും സഹായം ആര്‍ക്കെങ്കിലും കൈവരുമോ? ഒറ്റ വാക്ക് ഫ്രഞ്ച് അറിയാതെ, പാരിസില്‍ ചെന്ന്‌ ഫ്രെഞ്ചില്‍ പ്രബന്ധം സമര്‍പ്പിച്ച്‌, ഗ്രെഗോരിയനില്‍ നിന്ന് Dr. Title "കരസ്ഥമാക്കിയ" ഒരങ്കിള്‍ എനിക്കുണ്ടായിരുന്നു. ഇത്തരക്കാര്‍ ഗുരുക്കളുടെ സ്ഥാനത്തിരുന്നാല്‍ എന്താ സ്ഥിതി!

    "മക്കളില്ലാത്ത ഈ ആത്മീയതന്തമാര്‍ എങ്ങനെ പിതാക്കന്മാര്‍ ആകും?" എന്റെ സുഹൃത്ത് ചോദിക്കുന്നു. നമ്മുടെ രാഷ്ട്രീയ വില്ലന്മാര്‍ തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് തുടങ്ങി വഴിയില്‍ കാണുന്ന അമ്മമാരുടെ എളിയിലിരിക്കുന്ന കുഞ്ഞുങ്ങളെ പിടിച്ചുപറിച്ച്‌ ഉമ്മകൊടുത്തു കരയിപ്പിക്കുന്നതിലും കൂടുതലായി ഒരു കുഞ്ഞിനെ ഹൃദയത്തോടടുപ്പിക്കുന്ന ഒറ്റ മെത്രാനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? വാത്സല്യം എന്തെന്ന് മറന്നുപോയ അര്‍ദ്ധവൃദ്ധരാണ്‌ വാത്സല്യ പിതാവേ എന്ന് വിളിക്കപ്പെടാന്‍ കൊതിക്കുന്നത്!

    അരീത്ര പുണ്യാളന്‍ ജോര്‍ജുകുട്ടിക്ക് ഒരു കുതിരപ്പുറത്തു കയറാനും കുന്തംകൊണ്ട് കുത്താനും വാള്‍ പയറ്റാനും അറിയാമായിരുന്നു. ഇന്ത്യയിലെ ഒരൊറ്റ ബിഷപ്പിന് ഒരു ആട്ടിന്മുട്ടന്റെ പുറത്തെങ്കിലും കയറാന്‍ ശേഷിയോ ശരീരവഴക്കാമോ ഉണ്ടോ? വേണ്ടാ, നിരപ്പുള്ള റോഡില്‍കൂടി അര കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടാന്‍ പറ്റുമോ? എന്തൊക്കെ പറഞ്ഞാലും, യൂറോപ്പില്‍ ഇന്നുമുണ്ട് സൈക്കിളില്‍ യാത്രചെയ്യുന്ന മെത്രാന്മാരും മന്ത്രിമാരും പ്രസിഡന്റുമാര്‍ പോലും. നമ്മുടെ കുന്തത്തൊപ്പിക്കാരിലും ക്ലാവര്‍കുരിശുകാരിലും ഒരാളെങ്കിലും ലിമോസിന്‍ ഇല്ലാതെ ഇന്ന് എവിടെയെങ്കിലും ചെന്നെത്തുമോ?

    ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക്, വിശ്വാസികള്‍ എല്ലാരും ആഞ്ഞുപിടിച്ചാല്‍, ഇവര്‍ക്ക് ചേരുന്ന ഒരു സംബോധനരൂപം കണ്ടെത്താനാവും. എത്ര ശ്രമിച്ചിട്ടും അതിന് പറ്റുന്നില്ലെങ്കില്‍, അവര്‍ക്ക് തന്നെയല്ലാതെ, മറ്റാര്‍ക്കും ഒരുപകാരവുമില്ലാത്ത ഈ ഔദ്യോഗികസ്ഥാനം തന്നെ "delete all" ഉപയോഗിച്ച് ഇല്ലാതാക്കണം.

    ReplyDelete
  3. നമ്മുടെ പടന്നാമ്മാക്കലിനും നെടുങ്കലാനിനും മെത്രാമ്മാരെ എന്ങ്ങനെ വിളിക്കണം എന്ന കാര്യത്തില്‍ യോജിപ്പില്‍ എത്താന്‍
    സാധിച്ചിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ അവരുടെ പരിശ്രമം ശ്ലാഖനിയം തന്നെ. തന്നെയുമല്ല ക്രിസ്ത്യാനികള്‍ ഈ നാമകരണത്തെ
    സംബന്ധിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്നും നിര്ധേശമുന്ട്ടു. എന്റെ ചെറുപ്പത്തില്‍ എന്റെ ഇച്ചാചെന്‍ മെത്രാന്മാരെ
    മേത്രനചെന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഉധാഹരണത്തിന് പാലാമെത്രനചെന്‍, ചെങ്ങനാചെരിമെത്ത്രപ്പോലിത്താചെന്‍. അപ്പോള്‍പ്പിന്നെ മൂപ്പന്‍,
    മുത്തപ്പെന്‍, കൊച്ചമ്മാവെന്‍, പെരിയമ്മാവെന്‍, വല്ല്യമ്മാവെന്‍, Mr. Bishop എല്ലാം ഒഴിവാക്കാം. ചരിത്രപരമായും, പൈത്രുകപരമായും,
    മേത്രാനചെന്‍ വിളിയാണ് ശരി. 1800 -കളില്‍ എഴുതിയ പാലാക്കുന്നേല്‍ വല്ല്യചെന്റെ നാലാഗമത്തില്‍ ഇങ്ങനെ കാണുന്നു: "1876 ഇടവം
    30-നു ലിയോ മൌറീന്‍മെത്രാന്‍ വിശിത്തധോര്‍ ആയിട്ട് വന്നു". മൌറീന്‍പിതാവ് എന്ന പ്രയോഗം കാണുന്നില്ല. 1950-കള്‍ക്ക് ശേഷമാണ്
    മെത്രാന്‍ പിതാവായത്‌! കന്ന്യസ്ത്രികള്‍ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചതാണ് പിതാവുപ്രയോഗം. നമുക്ക് മേത്രാന്മ്മാരെ മേത്രാനചെന്‍
    എന്നുതന്നെ വിളിക്കാം. കൂന്ത്തന്‍ തൊപ്പിധാരികളായ ക്ലവേര്‍മെനിയാകള്‍ക്ക് മേത്രന്‍പ്രയോഗം ദഹിക്കാന്‍ പോകുന്നില്ല.

    ഇനി ഈ കന്ന്യസ്ത്രിപ്രയോഗം തെറ്റല്ലേ? കന്ന്യസ്ത്രികളെല്ലാം കന്ന്യസ്ത്രികലാണോ? അല്ല. വിധവകള്‍ക്കും കന്ന്യസ്ത്രികള്‍ ആകാമെന്ന്
    കാനോന്‍ നിയമം അനുശസിക്കുന്നുട്ടു. പിന്നെ കന്ന്യസ്ത്രികള്‍ എല്ലാം കണ്ന്യാത്‌വം പാലിക്കുന്നുന്ട്ടോ? അവരെ 'അമ്മ'-എന്ന് വിളിച്ചു
    കേള്‍ക്കുന്നുട്ടു. വ്രുതം ചെയ്ത 18 വയസുകാരികളും അമ്മമാരാണ്! നമ്മുടെ നസ്രാണി വിശ്വാസികള്‍ എങ്ങനെ ഇങ്ങനെ ഭോഷന്മ്മാരകുന്നു.
    അവരെ സഹോദരികള്‍ (sisters) എന്ന് വിളിക്കുന്നതാണ് ഉത്തമം.

    ReplyDelete
  4. ഹലോ ചാക്കോച്ചന്‍, എഴുതിയ ബ്ലോഗു സന്ദേശവും നിര്‍ദേശങ്ങളും രസകരമായിരിക്കുന്നു. സ്വാമിയച്ചനോടുള്ള സഹതാപമാണ് താഴത്തു മൂപ്പന്‍ എന്നൊക്കെ വിളിക്കുവാന്‍ തോന്നിയത്‌. സ്നേഹമുള്ളവരെ അവര്‍ക്കിഷ്ടമുള്ള
    എന്തു നാമത്തിലും സംബോധന ചെയ്യും. മനുഷ്യരായിരിക്കണമെന്നു മാത്രം. നോക്കൂ, ഞാന്‍ ചാക്കൊച്ചാ എന്നല്ലേ വിളിക്കുന്നത്‌. ഇനി താഴത്തുമെത്രാച്ചന്‍ എന്നു വിളിച്ചുകൊള്ളാം. സ്നേഹം വരുമ്പോള്‍ എന്‍റെ അമ്മച്ചിയെ
    അന്നമ്മ ചേടത്തി പള്ളിയില്‍ പോയോ എന്നു ചോദിക്കുമായിരുന്നു. അന്നു ആ വിളി കേള്‍ക്കുമ്പോള്‍ അമ്മച്ചി പൊട്ടി ചിരിക്കുമായിരുന്നു. വള്ളോപ്പള്ളി ബിഷപ്പിനെ ബിഷപ്പായ നാള്‍മുതല്‍ അറിയാം. ഒന്നിച്ചു പലയിടത്തും പോയിട്ടുണ്ട്. ഒരു മകനെപ്പോലെ എനിക്ക് വാത്സല്യം തന്നിട്ടുണ്ട്. അദ്ദേഹത്തെ കുറഞ്ഞത്‌ നേരില്‍ കാണുന്ന സമയത്തെങ്കിലും പിതാവെന്നു
    വിളിക്കുവാന്‍ യാതൊരു പ്രയാസവും വന്നിട്ടില്ല. അമേരിക്കക്കാര്‍ ‍കൂടുതല്‍ ആള്‍ക്കാരും ബിഷപ്പ് അങ്ങാടിയത്ത് എന്നു സംബോധന ചെയ്യുകയുള്ളൂ. കത്തുകള്‍ ഒക്കെ അയക്കുമ്പോള്‍ His excellency, His grace, Rt.Rev. bishop Thazhath എന്നൊക്കെ വെക്കും. കര്‍ദ്ദിനാള്‍ ആണെങ്കില്‍ ഹിസ്‌ എമിനന്‍സ് എന്നുമൊക്കെ.
    അര്‍ഹിക്കുന്ന സ്ഥാനമാനങ്ങളുടെ വില ഇവര്‍ തന്നെയാണ് സംരക്ഷിക്കേണ്ടത്. എങ്കില്‍ ജനം അവരെ സ്നേഹിക്കും.

    ReplyDelete
  5. തുടങ്ങി വച്ച സ്ഥിതിക്ക് ഒരവസാന വാക്ക് കൂടി ഇക്കാര്യത്തില്‍ പറയട്ടെ. ഈ വിഷയത്തെപ്പറ്റി എഴുതിയവരില്‍ മിക്കവര്‍ക്കും ഏതെങ്കിലും മെത്രാനുമായി അടുത്ത ബന്ധം ഉണ്ടെന്ന് വരുന്നു. അപ്പോള്‍ തീര്‍ത്തും കര്‍ക്കശമായ ഒരു ശബ്ദം കൊണ്ടോ, പദാവലികൊണ്ടോ ഉണ്ടാക്കിയ പേരിട്ട് അവരെ വിളിക്കാന്‍ മനപ്രയാസം കാണും. എനിക്ക് ഒരു മെത്രാനുമായി ഇന്നേവരെ ബന്ധമോ ബന്ധത്തിന്റെ ആവശ്യമോ ഉണ്ടായിട്ടില്ലാത്തതിനാല്‍ (ദൈവമേ സ്തോത്രം, ദൈവമേ, നന്ദി,അല്ലേലുയ!) ഒക്കെ കണക്കാണ്. പക്ഷേ പിതാവേ എന്ന വിളി കേള്‍ക്കുമ്പോള്‍ ആകെ ചൊറിയും. His excellency, His grace, Rt.Rev. എന്നൊക്കെയുള്ള ഏച്ചുകെട്ടുകള്‍ ഇന്നത്തെ കാലത്ത് തീരെ ബോധമില്ലാത്തരേ ഉപയോഗിക്കൂ.
    ശ്രീ പുലിക്കുന്നേല്‍ "ശ്രേഷ്ഠ സഹോദരന്‍", ജ്യേഷ്ഠ സഹോദരന്‍" എന്നുപയോഗിച്ചു കണ്ടിട്ടുണ്ട്. പക്ഷേ, ഇവരില്‍ മിക്കവരും ശ്രേഷ്ഠരോ ജ്യേഷ്ഠരോ അല്ലാത്തതിനാല്‍, അതെപ്പോഴും ശരിയാവില്ല. ശ്രീ (ശ്രീമാന്‍) മെത്രാന്‍ (Mr. Bishop എന്നതിന്റെ മലയാളം) എന്നായാല്‍, ബഹുമാനവുമായി, കാര്യവുമായി. ഇതുരണ്ടുമര്‍ഹിക്കാത്തവരെ കൈകാര്യം ചെയ്യാന്‍ അപ്പോഴത്തെ മനോധര്‍മം ധാരാളം മതിയല്ലോ.

    ReplyDelete
  6. സാക്ക്, ശ്രീ എന്ന അഭിസംബോധനയില്‍ എവിടെയോ ഒരു അക്ഷരതെറ്റു കാണുന്നു. എഴുത്തുകുത്തില്‍ ശ്രീ ഒരു പ്രശ്നമല്ല. നേരില്‍ സംസാരിക്കേണ്ട ഗതികേടു വന്നാല്‍ (സാക്ക് ആഗ്രഹിക്കുന്നില്ലങ്കിലും)കുശലം ചോദിക്കുമ്പോള്‍
    മിസ്റ്റര്‍ ബിഷപ്പ് സുഖമാണോ? ശ്രീ ബിഷപ്പ് സുഖമാണോ? ഇതില്‍ ശ്രീ ക്ക് ഒരു
    പന്തികേടില്ലേ? പിന്നെ 'ശ്രീ' എന്ന പദം തമിഴില്‍ ‍ 'തിരു' ആയി. അവസാനം മൂഷിക
    സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതുപോലെ പാരമ്പര്യത്തിലേക്ക് തിരിയുമ്പോള്‍ ഇവര്‍ പിന്നെയും തിരുമേനിമാര്‍ ആവുകയില്ലേ.

    'ശ്രീ' സനാതനധര്‍മ്മത്തിലെ ഒരു വേദിക്ക് (Vedic)ദേവിയായിരുന്നു. ഹിന്ദു മതത്തില്‍ വിഷ്ണുവിന്‍റെ ഭാര്യ മറ്റൊരു അര്‍ഥത്തില്‍ ലക്ഷ്മിയും. 'ശ്രീ' ലക്ഷ്മി യെ സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഭാഗ്യദേവതയായി ഹൈന്ദവര്‍ സ്തുതിക്കുന്നു. പുരുഷ ദൈവമായ വിഷ്ണു ഇതില്‍ അസൂയ പൂണ്ടു പുരുക്ഷശക്തി ഉപയോഗിച്ചു സ്ത്രീ ദൈവമായ ലക്ഷ്മിയില്‍ നിന്നും ഈ അധികാരം പിടിച്ചെടുക്കുന്ന കഥ പുരാണത്തില്‍ ഉണ്ട്. ഈ അര്‍ഥത്തില്‍ 'ശ്രീ താഴത്ത് ബിഷപ്പിനു 'ശ്രീ'
    അനുയോജ്യമായ പദമാണെന്ന് തോന്നുന്നു.

    സനാതന ധര്‍മ്മത്തില്‍ ‍ 'ഓം', 'സ്വാസ്തിക' എന്നീ രണ്ടു പദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും
    പാവനമായ പദമാണ് 'ശ്രീ' എന്നുള്ളത്. 'ഓം' ആത്മീയതയുടെ പൂര്‍ണ്ണതയും ശ്രീ ആത്മീയവും ഭൌതികവും ഒന്നു പോലെ അടങ്ങിയതുമാണ്. ഇതില്‍ ബിഷപ്പുമാര്‍ക്ക് ഭൌതികം ഉണ്ട്, എന്നാല്‍ എവിടെ ആത്മീയകത?

    ReplyDelete
  7. Friends,

    It is not merely the heads of religious establishments who are addressed thus. Look at the way we addres our ministers, MLAs, bureaucracts. When I was in Kerala the last time, I assisted at a meeting which was presided over by the then mayor Dr. Bindu of the CPM. I was horrified to hear her addressed as "Adorable Mayor" (in Malayalam it is completely ridiculous, the equivalent translation being "Aaraadhyayaaya Mayor"). So is the appellation "Honourable Minister", "His Excellency the Ambassador" etc. Imagine, even a Left government and administration could not do away with the vestiges of such bourgeois legacies! The most despicable of all is the ubiquitous "Sir" muttered by every pair of servile lips in India, Kerla included.That is why M.K. Gandhi said, "unless you be careful, democracy can be a prostitute in the hands of power and money." So let us begin in our panchayat, addressing people, whatever their position in the social hierarchy, as shree,
    shreemati/ Mr. and Mrs. You are going to hear the repprobations and resentment, labelling such audace as "nishedhikal'. Don't forget India's society is the most hierarchical in the world! Try to challenge that structure even in mere linguistic expressions, you will find even your good friends grumbling about the faux pas you should have avoided!!

    Inashu Thalak, Paris. Posted to Zach Nedunkanal

    ReplyDelete
  8. നമ്മുടെ ചര്‍ച്ചയെ ഒരു പരിസമാപ്തിയിലേയ്ക്കു നയിക്കാന്‍ ഉതകുന്ന ഒരു ഡോക്യുമെന്റ്, ഇതാ തേടിയ വള്ളി കാലില്‍ ചുറ്റി എന്നു പറഞ്ഞതുപോലെ കിടന്നു നിട്ടി. " 'മിസ്റ്റെര്‍'മാരോ, 'ജനാബ്'മാരോ, 'ശ്രീമാ'ന്മാരോ, അതുപോലെയുള്ള മറ്റ് ബഹുമാനപദക്കാരോ ആയ സകല പുരുഷന്മാരെയും മേലില്‍ ജാതിഭേദമെന്യേ 'ശ്രീ'നാമന്മാരായിട്ടേ മദിരാശി ഗവ. കണക്കാക്കുകയുള്ളൂ. സ്ത്രീകളുടെ കാര്യത്തില്‍, മിസ്സിസ്, ബീബി, ശ്രീമതിത്യാദി വ്യത്യാസങ്ങളുണ്ടാവില്ല. വിവാഹം കഴിച്ച സ്ത്രീകളൊക്കെ, ജാതിവ്യത്യാസം കൂടാതെ, 'ശ്രീമതികളും' വിവാഹം കഴിക്കാത്ത സ്ത്രീകള്‍, ഏത്‌ പ്രായക്കാരും 'കുമാരികളും' ആയിരിക്കും. ......ഇന്നാട്ടില്‍ ഏത്‌ ഭാഷക്കാരുടെയിടയിലും പ്രചുരപ്രചാരം സിദ്ധിച്ച ലളിതമനോഹര പദങ്ങളാണ് 'ശ്രീ'യും 'ശ്രീമതി'യും. .......ജാതിമതഭിത്തികള്‍ ഓരോന്നോരോന്നായി തകര്‍ന്ന്, ഭാരതീയസമുദായം ഒന്നാണെന്ന് കാണിക്കുന്ന അവസ്ഥ സാധിക്കാന്‍ ഇത്തരം പരിഷ്ക്കാരം സഹായിക്കുമെന്നതിനു സംശയമില്ല."
    1952 ഡിസംബര്‍ 19ന്, തൊട്ട്‌ മുമ്പ് നടപ്പിലാക്കിയ ഈ പരിഷ്ക്കാരത്തെക്കുറിച്ച്, മാതൃഭൂമി ദിനപ്പത്രം എഴുതിയ മുഖപ്രസംഗം ഈ ആഴ്ചത്തെ (ഡിസംബര്‍ 25, 2011) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം. അതോടൊത്ത്‌ എം. ജയരാജ് ചേര്‍ത്തിരിക്കുന്ന രസകരമായ കുറിപ്പില്‍ ഇങ്ങനെയുണ്ട്. "സ്വാതന്ത്ര്യം കിട്ടിയിട്ടും പ്രസംഗവേദികളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്തുതിപാഠകരുടെ എണ്ണം കുറഞ്ഞില്ലെന്ന് മാത്രമല്ല, വര്‍ദ്ധിത വീര്യത്തോടെ അതിനൊരു പ്രൊഫെഷണല്‍ രൂപം കൈവരുകയും ചെയ്തു. ഈ കലയില്‍ സാമര്‍ഥ്യമില്ലാത്തവര്‍, മറ്റെന്തു കഴിവുണ്ടായാലും, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയും നിലവില്‍വന്നു. ...തമ്പുരാന്‍, തിരുമേനി, അവിടുന്ന് എന്നീ വാക്കുകള്‍ പോലെ തന്നെ പരമാവധി ഭയഭക്തിബഹുമാനം ശരീരഭാഷയില്‍ വരുത്തി ഒരു വാചകം തുടങ്ങി അവസാനിക്കുന്നതുവരെ തലങ്ങും വിലങ്ങും സര്‍, സാര്‍, സാര്‍ എന്ന് മന്ത്രണംപോലെ ഉരുവിടുന്നതായി പ്രചാരം."

    1952ലെ മദിരാശി സര്‍ക്ക്യുലര്‍ അന്ന് കേരളഭൂമിക്കും ബാധകമായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഈ നാട്ടില്‍, നാണംകെട്ട സ്തുതിവാക്കുകള്‍ നിലനില്‍ക്കുന്നത് എത്ര വൃത്തികേടും സംസ്കാരശൂന്യതയുമാണ് എന്നാലോചിച്ചു നോക്കുക. വിശേഷിച്ച് ക്രിസ്ത്യാനികളുടെ ഇടയില്‍ അവശേഷിച്ചിട്ടുള്ള, ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള, ചേര്‍ച്ചയില്ലാത്ത മാന്യതാപ്പട്ടങ്ങള്‍ക്കും ഇതോടെ അന്ത്യം കുറിക്കേണ്ടതാണ്.

    ReplyDelete
  9. എന്റെ ക്ലാസ്സ്‌മേറ്റായ ബിഷപ്പിന് ഞാനയച്ച ഒരു കവിതക്കത്ത് ഓര്‍മ്മയില്‍നിന്നൊന്നു പകര്‍ത്തുകയാണ്:

    എന്റെ സതീര്‍ഥ്യന്‍ സഭാചാര്യനാകവെ
    എന്ത്? 'പിതാവേ' വിളിക്കണോ? യേശു പ-
    ണ്ടിങ്ങനെയോതിയിരുന്നതോര്‍ക്കേണ്ടയോ?
    'സ്വര്‍ഗത്തിലുള്ളൊരു താതനെയല്ലാതെ-
    താതനെന്നും ഗുരുവെന്നും വിളിക്കരു-
    താരെയും ഭൂമിയില്‍ ', സോദരര്‍ നാം സനേഹ-
    പുത്രരാം സ്‌നേഹിതര്‍ , സ്‌നേഹിതാ എന്നതി-
    ലേറെയെന്തുണ്ടനുയോജ്യ സംബോധന?

    ഇതിനദ്ദേഹം, എന്തും വിളിച്ചോളൂ എന്ന് രേഖാമൂലം മറുപടിതരികയും ചെയ്യുകയുണ്ടായി

    ReplyDelete
  10. Today I received an invitation from the International Chavara Cancer Research Institute & Community Living Project. In the Invitation Letter, one of the Guests of Honour is given as, “His Highness Uthradam Thirunal Marthandavarma Maharaja!”

    I know Indira Gandhi stopped paying the old Rajas “Privy Purse” (some say it was in violation of an agreement and was illegal), but they still continue as His Highness and Maharaja.

    We call ourselves a democracy; but Indians’ slave mindset will never change. No matter what the intellectuals say, the rank and file will enjoy calling their “Masters” using the titles the culture of feudalism has left in the lexicon.

    ReplyDelete
  11. സ്വാതന്ത്ര്യ സമരകാലത്ത് പാലായില്‍ ആര്‍. വി. തോമസ്‌ എന്ന പണ്ഡിതനായ ഒരു
    തദ്ദേശസമര സേനാനിയുണ്ടായിരുന്നു. അക്കാലത്ത് മെത്രാനും പുരോഹിതരുമൊക്കെ ബ്രിട്ടീഷുകാരുടെ
    കാലുനക്കികള്‍ ആയിരുന്നത്കൊണ്ട് തോമസിന്‍റെ പേരുകള്‍ കത്തോലിക്കാചരിത്രത്തില്‍
    അധികമൊന്നും സ്ഥാനംപിടിക്കാതെ പോയി. ഒരിക്കല്‍ ഒരു പൊതുപ്ലാറ്റ്ഫോമില്‍നിന്ന്
    ആര്‍. വി. തോമസ്‌, മഹാരാജാവിനെ മിസ്റ്റര്‍ ബാലരാമവര്‍മ്മ മഹാരാജാവെന്നു അഭിസംബോധന ചെയ്തു. അര്‍ഹിക്കുന്ന ബഹുമാനം കല്‍പ്പിക്കാതെ 'മിസ്റ്റര്‍' എന്ന് സംബോധന ചെയ്തതില്‍ കുപിതനായ ദിവാന്‍ സര്‍ സീ. പി. രാമസ്വാമി അയ്യര്‍ ആര്‍. വി. യെ അറസ്റ്റു ചെയ്യുവാന്‍ കല്‍പ്പന പുറപ്പെടുവിച്ചതും
    ചരിത്രത്തില്‍ ഉണ്ട്. ഇന്നും രാജഭരണമാണെന്നാണ് ചില ഇളഭ്യന്മാരുടെ ചിന്ത.

    എങ്കിലും ഇന്നും പാലായില്‍ പള്ളിക്കാപ്പറമ്പനും കല്ലറങ്ങാടനും (പേര് നിശ്ചയമില്ല)
    തന്നെയാണ് തിരുമേനിമാര്‍. ഇവര്‍ അരമനയില്‍നിന്ന് ഒന്ന് കീഴ്ശ്വാസം വലിച്ചാല്‍ മതി മാണിയുടെ
    കസേര തെറിക്കാന്‍. വെന്തിങ്ങാ വെഞ്ചരിക്കുവാനും, കാലു കഴുകുവാനും മാണിക്കു കൂടെകൂടെ അരമനയില്‍ പോകേണ്ടിവരുന്ന രഹസ്യവും ഇതാണ്. വഴിയരികില്‍ പുറത്ത് മഠം മുമ്പില്‍ കന്യാസ്ത്രിയുടെ അടിവസ്ത്രം അലക്കി അയയില്‍ വിരിച്ചിരിക്കുന്നത് കണ്ടാല്‍ പിതാവിനും പുത്രനും വെച്ച് കൊന്ത പുറത്തെടുക്കേണ്ടി വരുന്നതും ഇതൊക്കെതന്നെ കാരണം.

    വടക്കേഇന്ത്യയില്‍ തിഹാര്‍ എന്ന സ്ഥലത്ത് പട്ടികളെ ദൈവമായി ജനം ആരാധിക്കാറുണ്ട്. അതില്‍
    ദൈവവും രാജാവുമായ പട്ടിയുടെ വേഷം എഴുപതു ശതമാനം സീറോ മലബാര്‍ ബിഷപ്പ് രാജാക്കാന്‍മാരെപ്പോലെ തന്നെ. ദീപാവലി സമയത്ത് തീവാര്‍നിവാസികള്‍ ദൈവപട്ടികളെ പല്ലക്കുകളില്‍ എഴുന്നള്ളിക്കാറുണ്ട്. ദൈവങ്ങളായ ഈ പട്ടികളെയും ‍ 'ശ്രീ' എന്നു കൂട്ടി മറ്റു പല രാജപദവികളോടെയാണ് തിഹാര്‍ നിവാസികള്‍ സംബോധന ഉരുവിട്ടു ബഹുമാനിക്കുന്നത്‌. ഒരു കണക്കിന് പട്ടി എത്രയോ സ്നേഹമുള്ള മൃഗം. പുരാണത്തില്‍ ധര്‍മ്മപുത്രരേ സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ പട്ടി പിന്തുടര്‍ന്നുവെന്നാണ് ഐതിഹ്യം.

    ReplyDelete
  12. KMJ Pious

    പണ്ടൊക്കെ സാറേ എന്ന് വിളിച്ചിരുന്നത് പ്രധാനമായും അദ്ധ്യാപകരെയായിരുന്നു.
    എന്നാല്‍ ഇന്ന് ബസിലെ കിളിയും സാറാണ്.
    പണ്ടൊക്കെ ചേട്ടാ എന്ന് വിളിച്ചിരുന്നത് ചേട്ടന്മാരേയായിരുന്നു
    എന്നാല്‍ ഇന്ന് അനിയന്മാരും ചേട്ടന്മാര്‍തന്നെ.
    അപ്പാ,പപ്പാ,ചാച്ച,ഡാഡി,അച്ഛാ,ബാപ്പ എന്നൊക്കെയാണ് അന്നും ഇന്നും തന്തമാരെ മക്കള്‍ വിളിക്കുന്നത്
    അല്ലാതെ പിതാവെന്നല്ല.
    ചിലര്‍ അപ്പനെ ഔസേപ്പ് ചേട്ടാ എന്നും വിളിച്ചേക്കാം.
    ഒരു മെത്രാനും തന്നെ പിതാവ് എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാവില്ല.
    തല കുനിക്കാന്‍ പറഞ്ഞാല്‍ മുട്ടുകുത്തി നിലത്തിഴയുന്ന കള്ളവിശ്വാസികളാണ് ഇങ്ങനെ വിളിച്ചു തുടങ്ങിയത്.
    എന്തുകൊണ്ട് ഉത്തരവാദപ്പെട്ടവര്‍ അത് തിരുത്തിയില്ല എന്ന് ചോദിക്കാം.
    ശ്രവണ സുഖം ആരുടേയും കുത്തകയല്ലല്ലോ.

    ReplyDelete