KCRM പ്രതിമാസചര്‍ച്ചാപരിപാടി ഉദ്ഘാടനം (തുടര്‍ച്ച)
കവിതാഗ്രന്ഥത്തിന്റെ ചര്‍ച്ചയ്ക്കു മുന്നോടിയായി, 'മോചനകാഹള'ത്തിലെ 'തട്ടിന്‍പുറത്തെ ദൈവം''എന്ന കവിതയുടെ ആലാപനമാണ്, തുടര്‍ന്നുനടന്നത് . പുരോഹിതമതങ്ങള്‍ മനുഷ്യമനസ്സുകളില്‍ സൃഷ്ടിച്ചുവച്ചിരിക്കുന്ന കാര്‍ക്കശ്യക്കാരനായ ഒരു കാരണവ ദൈവസങ്കല്പത്തെ പരിഹസിച്ചും സര്‍വ്വത്തിലും സ്ഥിതിചെയ്യുന്ന അവര്‍ണ്ണ്യനും സച്ചിദാനന്ദസ്വരുപനുമായ ദൈവത്തെ അവതരിപ്പിച്ചും രചിച്ചിരിക്കുന്ന ഈ കവിത അതീവഹൃദ്യമായി ചൊല്ലി അവതരിപ്പിച്ചത് KCRM വൈസ് ചെയര്‍മാന്‍ കൂടിയായ ഡോ. ജോസഫ് വര്‍ഗീസ്സ് (ഇപ്പന്സാര്) ആണ്.
ഇതേത്തുടര്‍ന്ന്, 'മോചനകാഹളം' കവിതങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ ആദ്ധ്യാത്മികതലത്തെ സമഗ്രമായി പ്രതിപാദിച്ചുകൊണ്ട്, പ്രമുഖസാമൂഹികപ്രവര്ത്തകനും എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫ. മാമ്മച്ചന്‍ സംസാരിച്ചു. ജയിംസ് ഗുരുദാസച്ചന്റെ കവിതകളുടെയെല്ലാം അസ്തിവാരമായിരിക്കുന്നത്, എല്ലാം മതദര്‍ശനങ്ങളും പ്രഘോഷിക്കുന്നതും താന്‍ പങ്കുവയ്ക്കുന്നതുമായ അത്യുദാത്തമായ ദൈവദര്‍ശനവും അതുമുന്നോട്ടുവയ്ക്കുന്ന സ്‌നേഹഭാവവുമാണെന്ന് വിവിധ കവിതങ്ങള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു. അതുകൊണ്ടുതന്നെ, ഈ ദൈവദര്‍ശനത്തെ മൂടിവയ്ക്കുകയും സ്‌നേഹശൂന്യതയെയും മാത്സര്യഭാവത്തെയും ഉത്പാദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിത മതനിലപാടുകള്‍ക്കെതിരെയുളള ഗര്ജ്ജനങ്ങളുമായിത്തീരുന്നു, അദ്ദേഹത്തിന്റെ പല കവിതകളും. ഇതിനുദാഹരണമായി മഞ്ചട്ടി, നിയമക്കോട്ട, കനകക്കയ്യാമം, പോട്ട ഇഫക്ട്, അലക്കുകമ്പനി, മാത്തന്റെ മഹാലോകം,ഭക്തിയും യുക്തിയും മുതലായ കവിതകളിലെ പല ഈരടികളും അദ്ദേഹം ചൊല്ലി അവതരിപ്പിച്ചു. യഥാര്‍ത്ഥദൈവദര്‍ശനമവതരിപ്പിക്കുന്ന കവിതകള്ക്കുദാഹരണമായി, തീരമില്ലാക്കടല്‍, എന്റെ ദൈവം, എന്നിലെ ദൈവം,'സര്‍വ്വസ്വഗീതം'മുതലായ കവിതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കത്തോലിക്കാ സന്ന്യാസസഭാ പുരോഹിതനായിരുന്നുകൊണ്ട്, ആ പൗരോഹിത്യത്തെ ഇത്ര നിശിതമായി വിമര്‍ശിക്കാന്‍ ജയിംസ് ഗുരുദാസച്ചന്‍ കാണിക്കുന്ന, ഏതാണ്ട് അപകടകരംതന്നെ എന്നു വിശേഷിപ്പിക്കാവുന്ന, മഹാധീരതയെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല എന്നും ഈ ധീരത നാമെല്ലാം ഏറ്റുവാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഗ്രന്ഥവും അതിലെ കവിതകളും വ്യാപകമായി വായിക്കപ്പെടാനും ചര്‍ച്ചചെയ്യപ്പെടാനും കളമൊരുക്കുവാനുള്ള ഉത്തരവാദിത്വം നവീകരണം ലക്ഷ്യമാക്കിയിട്ടുളളവരെല്ലാം ഒരു ദൗത്യമായി ഏറ്റെടുക്കണമെന്ന ആഹ്വാനത്തോടെ അദ്ദേഹം തന്റെ അവതരണം അവസാനിപ്പിച്ചു.
തുടര്‍ന്നു സംസാരിച്ച പ്രശസ്തഗ്രന്ഥകാരനും കവിയുമായ പ്രൊഫ..സെബാസ്റ്റ്യന്‍ വട്ടമറ്റം, ശങ്കരാചാര്യരുടെയും ഫാ. . എസ്.കാപ്പന്റെയും ഡെന്‍മാര്‍ക്കുകാരനായ കീര്‍ക്കഗാര്‍ഡിന്റെയും ദൈവദര്‍ശനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് 'മോചനകാഹളം' കവിതകളുടെ ദാര്‍ശനികമാറ്റം അപഗ്രഥിക്കുകയാണ് മുഖ്യമായും ചെയ്തത്. കത്തോലിക്കാസഭയുടെ ഏറ്റവും ബാലിശവും അപക്വവുമായ ദൈവദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഉദാത്തമായ ഒരു ദൈവസങ്കല്പം അവതരിപ്പിക്കുന്ന ജയിംസ് ഗുരുദാസച്ചന്റെ രചനകള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. വേണ്ടവണ്ണം പ്രവര്‍ത്തിച്ചാല്‍ കേരളസഭാനവീകരണത്തില്‍ ഈ ഗ്രന്ഥം ശക്തമായ ഒരു ഉപകരണമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ അച്ചന്റെ ദര്‍ശനത്തിലുള്ള പല ബലഹീനതകളും പരിമിതികളും ഇതിലെ കവിതകളിലൂടെ വെളിപ്പെടുന്നുണ്ട്. ഉദാഹരണത്തിനു നാണയത്തുട്ടിനിരുവശംപോലെ വിശ്വത്തില്‍നന്മയും തിന്മയും നാം കാണണം (സര്‍വ്വം ദൈവമയം) എന്നെ ഴുതുമ്പോള്‍ യേശുവിന്റെ ദര്‍ശനത്തില്‍നിന്നു വളരെ അകന്നു പോകുന്നുണ്ട്; അതിന്, ശങ്കരാചാര്യരുടെ അദൈ്വതദര്‍ശനത്തിലൂടെ തിന്മയെ കാണുന്നതിനോടാണു കൂടുതല്‍ സാമ്യം. ഇത്തരം കാഴ്ചപ്പാട് തിന്മകളുമായും അനീതികളുമായും സമരസപ്പെടാനാണ് മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്ന് ഫാ. എസ്. കാപ്പന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് ദൈവദാനങ്ങളെയെല്ലാം ഈ ലോകത്തെ അസുന്ദരമാക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ വെല്ലുവിളികളുയര്‍ത്താനും കൂടി ഉപയോഗിക്കേണ്ടതുണ്ട് എന്നാണ്. നീതിക്കുവേണ്ടി പാടുപെടണം (മത്താ.5: 6) എന്ന ദൈവികമായ വെല്ലുവിളി ഏറ്റെടുക്കാനാണ് യേശുവും ആഹ്വാനം ചെയ്തിട്ടുള്ളത്. ദൈവരാജ്യസ്യഷ്ടി എന്ന ഈ വെല്ലുവിളി ഒഴിവാക്കി നീങ്ങുന്നത് ശരിയല്ല. യേശുവചനങ്ങളുടെ സാമൂഹികമാനം അച്ചന്റെ കവിതകളില്‍ കുറഞ്ഞുപോകുന്നത് ഇതുകൊണ്ടായിരിക്കാം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. യേശുവിന്റെ വചനങ്ങള്‍ക്കപ്പുറം ജീവിതത്തെക്കൂടി സൂക്ഷ്മമായി നോക്കിക്കണ്ടിരുന്നെങ്കില്‍, ജയിംസ് ഗുരുദാസച്ചന്റെ ദര്‍ശനം കൂടുതല്‍ വ്യക്തതയുള്ളതും മൂര്‍ച്ചയേറിയതുമായിരുന്നേനെ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേതുടര്‍ന്ന് വായനാനുഭവങ്ങളുടെ പങ്കുവയ്ക്കലായിരുന്നു. പ്രമുഖ എഴുത്തുകാരനും KCRM ഭാരവാഹിയുമായ ശ്രീ ജോണി പ്ലാത്തോട്ടം, പുരോഹിതാധിപത്യം കൊടികുത്തിവാഴുന്ന കേരളകത്തോലിക്കാ സമൂഹത്തിന്റെ നവോത്ഥാനത്തില്‍ ഈ ക്യതി ഒരു മുതല്‍കൂട്ടാണെന്ന് അഭിപ്രായപ്പെട്ടു. സ്വതന്ത്രചിന്തയോ ബുദ്ധിപരമായസത്യസന്ധയോ ആശയധീരതയോഒട്ടുമില്ലാത്ത കത്തോലിക്കാപുരോഹിതരുടെയിടയില്‍ ഒരു അപവാദമാണ് ജയിംസ് ഗുരുദാസച്ചനും അദ്ദേഹത്തിന്റെ ഈ കൃതിയും. വിശ്വാസിസമൂഹത്തില്‍ ഇന്ന് .. ഉയര്‍ന്നു തുടങ്ങിയിരിക്കുന്ന നവീകരണ-നവോത്ഥാന ചിന്തകളും ഭാവനകളും തന്നെയാണ് ജയിംസ് ഗുരുദാസ് എന്ന പുരോഹിതന്‍ ആവിഷ്‌കരിച്ചിരിക്കുന്നത് എന്നത് സന്തോഷകരമാണ്. പ്രതപാദനത്തില് പല കവിതകളിലും ആവര്‍ത്തനവിരസത ഉണ്ടായിട്ടുണ്ട് എന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി.
സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകനായിരുന്ന ശ്രീ ജോസ് തെങ്ങുംപള്ളില്‍ തന്റെ വായനാനുഭവം സരസമായി അവതരിപ്പിച്ചു. അര നൂറ്റാണ്ടിലേറെക്കാലം . . സഭയുടെ പുരോഹിതമൂശയിലിട്ടു വാര്‍ക്കാന്‍ നോക്കിയിട്ടും അതിനെയെല്ലാം അതിജീവിച്ച് തന്റെ വ്യക്തിത്വം നിലനിര്‍ത്തുകയും സ്വതന്ത്രമായ സത്യാന്വേഷണം നടത്തി യഥാര്‍ത്ഥ ആദ്ധ്യാത്മിക ഗുരുവായി മാറുകയും ചെയ്ത ജയിംസ് ഗുരുദാസച്ചനെ എത്രഅഭിനന്ദിച്ചാലും മതിയാവുകയില്ല എന്നദ്ദേഹം പറഞ്ഞു. പുരോഹിതജന്യമായി സംഭവിച്ചിട്ടുണ്ടാകാവുന്ന കുറവുകളും പരിമിതികളും കാര്യമാക്കാതെതന്നെ ഈ കവിതകളിലെ വിമോചനാശയങ്ങള്‍ നവീകരണപ്രസ്ഥാനം മുതലാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് സംസാരിച്ചത് കോതമംഗലത്തുള്ള 'സംസ്‌കാര'യുടെ ഡയറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലാണ്. ഇവിടെ നടന്ന ചര്‍ച്ചകള്‍ ഏറെ ഹ്യദ്യവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നു എന്നദ്ദേഹം പറഞ്ഞു. ഇന്നത്തെ സാമ്പ്രദായികരീതിയില്‍ പോയാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടു പോലെ കേരളകത്തോലിക്കാസഭയും അപകടകരമാംവിധം ജീര്‍ണ്ണിച്ചു ദുര്‍ബലമാകും. ബലവത്തായ മറ്റൊരണക്കെട്ട് പണിതുയര്‍ത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മുല്ലപ്പെരിയാറണക്കെട്ടിനെന്തു സംഭവിക്കുമോ അതുപോലെതന്നെ കേരളസഭയും ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിയും. അതുകൊണ്ട് മറ്റൊരണക്കെട്ട് പണിയേണ്ടതുപോലെ യേശുദര്‍ശനത്തിലധിഷ്ഠിതമായി കത്തോലിക്കാസഭയെയും നമുക്കിവിടെ പുതുക്കിപ്പണിയേണ്ടതുണ്ട്; അദ്ദേഹം പറഞ്ഞു. കോതമംഗലത്ത് 'സംസ്‌കാര'യിലും ഈ ഗ്രന്ഥം അടുത്തുതന്നെ ചര്‍ച്ചയ്ക്കു വയ്ക്കുവാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
തുടര്‍ന്നു നടന്ന പൊതുചര്‍ച്ചയില്‍ ഒ. ഡി. കുര്യാക്കോസ്, ജോസഫ് മാത്യു ചക്കാലയ്ക്കല്‍ മുതലായവര്‍ പങ്കെടുത്തു. മോചനകാഹളത്തില്‍നിന്നു തെരഞ്ഞെടുത്ത കവിതകള്‍ നന്നായി ചൊല്ലി സിഡികളാക്കി വിതരണം ചെയ്യണമെന്ന ജോസഫ് മാത്യുവിന്റെ നിര്‍ദ്ദേശം സദസ്സ് കയ്യടിച്ച് അംഗീകരിച്ചു. ഉപസംഹാരപ്രസംഗത്തില്‍ മോഡറേറ്റര്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിക്കുകയും 'മോചനകാഹള'ത്തിലെ ആശയങ്ങള്‍ക്ക് പ്രചാരണം നല്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
60-ഓളം പേര്‍ പങ്കെടുത്ത പരിപാടി 6.15 -ന് ശ്രീ ജോസാന്റണിയുടെ നന്ദിപ്രകാശനത്തോടെ പര്യവസാനിച്ചു.
ജോര്‍ജ് മൂലേച്ചാലില്‍
(സെക്രട്ടറി, KCRM)
No comments:
Post a Comment