Translate

Tuesday, December 13, 2011

തൃശ്ശൂര്‍ അതിരൂപത സര്ക്കുലര്‍ നുണകളുടെ ഘോഷയാത്ര

തലോര്‍ ആശ്രമ ഇടവക പ്രശ്‌നത്തില്‍ സീറോ-മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനായ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ആലഞ്ചേരി അനുരഞ്ജനത്തിന്റെ പാതകണ്ടെത്താന്‍ പുറപ്പെടുവിച്ച സൗമനസ്യനിര്‍ദ്ദേശത്തിനുശേഷം തൃശ്ശൂര്‍ അതിരൂപത പ്രസിദ്ധീകരിച്ച് കഴിഞ്ഞ ഞായറാഴ്ച ഇടവകപള്ളികളില്‍ കുര്‍ബാനമദ്ധ്യെ വിശുദ്ധമായ അള്‍ത്താരയില്‍നിന്ന് വായിച്ച സര്‍ക്കുലര്‍ അസത്യങ്ങളുടെ ഒരു ഘോഷയാത്രയാണ്. സര്‍ക്കുലറിലെ ഭാഷ യേശു പഠിപ്പിച്ച സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയല്ല, നിയമത്തിന്റെയും അധികാരത്തിന്റെയും ഭാഷയാണ്.
നുണ 1. ഏതാനും കുടുംബങ്ങള്‍ക്കുവേണ്ടി തലോര്‍ സി.എം.ഐ. ആശ്രമത്തില്‍ ഒരു ഇടവക സ്ഥാപിക്കണം
തലോര്‍ സി.എം.ഐ. ആശ്രമത്തില്‍ പുതിയ ഇടവക സ്ഥാപിക്കുകയല്ല, മറിച്ച് നിലവിലുണ്ടായിരുന്ന ഇടവക പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇതാണ് സത്യം.
നുണ 2 ആര്‍ച്ച്ബിഷപ്പിന്റെ നടപടിയെ എതിര്‍ക്കുന്നവര്‍ ഏതാനും പേര്‍.
ആര്‍ച്ച്ബിഷപ്പിന്റെ നടപടിയെ ആദ്യഘട്ടത്തില്‍ നടന്ന അഭിപ്രായ സര്‍വെയില്‍ പിന്തുണച്ചവര്‍ ആയിരത്തിനുമേല്‍ വീട്ടുകാരില്‍ വെറും പതിനെട്ടു വീട്ടുകാര്‍മാത്രം. പിന്നീട് പണത്തിലും പ്രലോഭനങ്ങളിലും ഭീഷണികളിലും കുടുക്കി ഏതാനുംപേരെക്കൂടി തങ്ങളുടെ വശത്താക്കി.
നുണ 3 മേജര്‍ ആര്‍ച്ച്ബിഷപ്പ് നിയമിച്ച മെത്രാന്‍സമിതിയും മേജര്‍ ആര്‍ച്ച്ബിഷപ്പും ഇടവകയെ വേര്‍പെടുത്തിയ നടപടി ശരിവച്ചു.
തലോര്‍ ഇടവക സന്ദര്‍ശിക്കാതെ വര്‍ഗസ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ മെത്രാന്‍സമിതി തങ്ങളുടെ ആസ്ഥാനത്തിരുന്ന് എഴുതിയുണ്ടാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശ്രമ ഇടവക അനുകൂലികളെ വിശ്വാസത്തിലെടുക്കാതെയും അവരുടെ പരാതികള്‍ ശ്രവിക്കാതെയുമായതിനാല്‍ ആ റിപ്പോര്‍ട്ടിന് അതെഴുതിയ കടലാസിന്റെ വിലപോലും കല്പിക്കാനാകില്ല. മരണാസന്നനായിരുന്ന അന്നത്തെ ശ്രേഷ്ഠ മെത്രപ്പോലീത്ത മാര്‍ വര്‍ക്കി വിതയത്തിലിന് ഈ വിഷയത്തില്‍ തന്റെ മനസ് ചെലുത്തുവാനുള്ള സാഹചര്യവുമില്ലായിരുന്നു.
നുണ 4 ഇപ്പോഴത്തെ ഇടവകയോട് ആയിരത്തിലധികം കുടുംബങ്ങള്‍ സഹകരിക്കുന്നു.
ഇരുപത്തഞ്ചു ശതമാനം പോലും സഹകരിക്കുന്നില്ല. ആശ്രമ ഇടവക പുനഃസ്ഥാപിച്ചാല്‍ നൂറു കുടുംബങ്ങള്‍പോലും അതിരൂപതയുടെ ഇടവകയില്‍ നില്‍ക്കാന്‍ തയ്യാറാവില്ല.
നുണ 5 ആര്‍ച്ച്ബിഷപ്പ് മാര്‍ കുണ്ടുകുളം 1977ല്‍ സ്ഥാപിച്ച ഇടവകതന്നെയാണ് ഇപ്പോഴും ഉള്ളത്.
1977ല്‍ മാര്‍ കുണ്ടുകുളവും സി.എം.ഐ.സഭയും വിശ്വാസിപ്രതിനിധികളും ഒപ്പിട്ട് അംഗീകരിച്ച കരാര്‍ അനുസരിച്ചാണ് തലോര്‍ ആശ്രമ ഇടവക നിലവില്‍വന്നത്. ഇടവക ആര്‍ച്ച്ബിഷപ്പന് ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള വ്യവസ്ഥ കരാറിലില്ല. അതിനാല്‍ ആര്‍ച്ച് ബിഷപ്പ് താഴത്തിന്റെ നടപടി കരാര്‍ ലംഘനമാണ്.
നുണ 6 സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സഹായകമായ ചര്‍ച്ചകള്‍ പല പ്രാവശ്യം നടത്തിയിട്ടുണ്ട്.
തലോര്‍ പ്രശ്‌നം ആരംഭിച്ചിട്ട് നാലരവര്‍ഷമായെങ്കിലും ഈ കാലയളവില്‍ ഒരു പ്രാവശ്യംപോലും ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇടവക സന്ദര്‍ശിക്കുകയൊ അദ്ദേഹത്തിന്റെ നടപടിയില്‍ വിയോജിപ്പുള്ളവരെ സ്വന്തം നിലയില്‍ വിളിച്ചുവരുത്തി അനുരഞ്ജനചര്‍ച്ച നടത്തുകയൊ ഉണ്ടായിട്ടില്ല.

നുണ 7  തലോര്‍ ആശ്രമത്തിന്റെ കീഴില്‍ പുതിയ ഇടവക നല്‍കാമെന്ന് അതിരൂപതയൊ ഇടവകവികാരിയൊ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല.


ഇടവക വിഭജിക്കുകമാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴി എന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സാന്നിദ്ധ്യത്തില്‍ 1-10-2011ല്‍ നടന്ന അനുരഞ്‌നചര്‍ച്ചയില്‍ ഇടവകവികാരി ഫാ. ഡേവിസ് ചക്കാലക്കല്‍ സമ്മതിച്ചിരുന്നു.

നുണ 8  അതിരൂപതയ്ക്ക് അനുവദിക്കാന്‍ സാധ്യമല്ലാത്ത കാര്യം നേടിയെടുക്കുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രമായിരുന്നു സ്വാമിയച്ചനെ ഭോപ്പാലില്‍നിന്ന് കൊണ്ടുവന്ന് തലോരില്‍ ഉപവാസസമരം നടത്തിക്കുന്നത്.

തലോര്‍ പള്ളിയിലെ പ്രശ്‌നങ്ങളെപ്പറ്റി അറിവില്ലാതിരുന്ന സ്വാമിയച്ചന്‍ കൊട്ടേക്കാട് പള്ളിയിലെ പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് കൊട്ടേക്കാട് പള്ളിയിലെ പ്രശ്‌നങ്ങളുടെ അടിവേര്‍ കിടക്കുന്നത് തലോരിലാണെന്ന് മനസ്സിലാക്കിയത്. തലോരിലെ പ്രശ്‌നങ്ങളെപ്പറ്റി പഠിച്ച അദ്ദേഹം തലോരില്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ കടുത്ത അനീതിയാണ് അരങ്ങേറിയതെന്ന് മനസ്സിലാക്കി. പ്രവാചകതുല്യനായ അദ്ദേഹം തന്റെ മനസ്സാക്ഷിയുടെ വിളിക്കനുസരിച്ച് നിരാഹാര തപസ്സിനുള്ള നോട്ടീസ് ആര്‍ച്ച്ബിഷപ്പിന് നല്‍കി.

സ്വാമിയച്ചനെ അപകീര്‍ത്തിപ്പെടുത്താന്‍ തൃശ്ശൂര്‍ അതിരൂപതയുടെ അറിവോടും ഒത്താശയോടുംകൂടി നടക്കുന്ന ഹീനമായ അപവാദപ്രചരണങ്ങള്‍ക്കും സ്വഭാവഹത്യക്കുമെതിരെ കേരള കാത്തിലിക് ഫെഡറേഷന്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. യേശുവിന്റെ പഠനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിന്‍തുടരുന്ന വന്ദ്യവൈദികനാണ് സ്വാമിയച്ചന്‍. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വൈദികര്‍ചേര്‍ന്ന് കേരളത്തിലെ സന്മനസ്സുള്ള എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് ഇറക്കിയ ആഹ്വാനത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് ദളിതരുടെ മുന്നണിപ്പോരാളിയായും നീതിയുടെ പ്രവാചകനുമായാണ്. മദ്ധ്യപ്രദേശിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം അവരിലൊരാളായി ജീവിച്ച് യേശുവിന്റെ ഉദ്‌ബോധനങ്ങളെ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ സ്വാമിയച്ചനെ മനസ്സിലാക്കാന്‍ ചെങ്കോലും കിരീടവും സ്വര്‍ണ ഉടയാടകളും അണിഞ്ഞ് അരമനയുടെ സുഖലോലുപതയില്‍ ജീവിക്കുന്ന പുരോഹിതമേലദ്ധ്യന്മാര്‍ക്ക് കഴിയില്ല. യേശുവിന്റെ പ്രതിപുരുഷന്മാര്‍ എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയാണ് സ്വാമിയച്ചന്‍. സിസ്റ്റര്‍ റാണി മരിയയെ കൊലചെയ്ത കൊടുംകുറ്റവാളിയായ സാമന്ദര്‍സിങ്ങിനെ ജയിലില്‍ സന്ദര്‍ശിച്ച് മാനസാന്തരപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനപാതയിലെ മഹാസംഭവമാണ്. അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമം ഏതു കോണില്‍നിന്നുണ്ടായാലും കേരള കാത്തലിക് ഫെഡറേഷന്‍ അതിനെ അതിശക്തമായി ചെറുക്കുമെന്ന് പ്രഖ്യാപിക്കുന്നു.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം തലോര്‍, കൊട്ടേക്കാട്, വടൂക്കര, കുരിയച്ചിറ, ഒല്ലൂര്‍ തുടങ്ങി ഏതാണ്ട് അമ്പതോളം പള്ളികളില്‍ കുഴപ്പങ്ങള്‍ നടക്കുന്നു. അദേഹത്തിന്റെ അധികാരഗര്‍വും ഭരണവൈകല്യങ്ങളുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. തലോര്‍ പ്രശ്‌നത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച അനുരഞ്ജന നിര്‍ദ്ദേശത്തിന് തുരങ്കംവെക്കാന്‍ ഇടയലേഖനമിറക്കി പള്ളികളില്‍ വായിപ്പിച്ച തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സീറോ-മലബാര്‍ സഭയുടെ പരമാധികാരസമിതിയായ സിനഡ് വിളിച്ചുകൂട്ടി സ്ഥാനഭൃഷ്ടനാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു.

ജോയ് പോള്‍ പുതുശ്ശേരി,
സംസ്ഥാനപ്രസിഡണ്ട്,
കേരള കാത്തലിക് ഫെഡറേഷന്‍.

പങ്കെടുക്കുന്ന മറ്റുള്ളവര്‍

1. ഫാ. ഡേവിസ് കാച്ചപ്പിള്ളി. സി. എം. ഐ.

2. ആന്റോ കോക്കാട്ട്, സംസ്ഥാന വൈസ്പ്രസിഡണ്ട്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

3. വി. കെ. ജോയ്, ജനറല്‍ സെക്രട്ടറി, കേരള കാത്തലിക് ഫെഡറേഷന്‍

4. ശ്രീമതി ബേബി ജോര്‍ജ്, തലോര്‍ ആശ്രമ ഇടവക വിശ്വാസി പ്രതിനിധി.